ADVERTISEMENT

1912 ഏപ്രില്‍ 15നാണ് ലോകത്തിലെ ഏറ്റവും വലിയ കപ്പലായിരുന്ന ടൈറ്റാനിക് മുങ്ങിയത്. അന്നു മരിച്ചതാകട്ടെ ഏകദേശം 1500 പേരും. ഒരിക്കലും മുങ്ങില്ലെന്നു നിര്‍മാതാക്കള്‍ വമ്പു പറഞ്ഞ ആ കപ്പല്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്കു മറഞ്ഞപ്പോള്‍ രക്ഷപ്പെട്ടത് എഴുനൂറോളം പേര്‍ മാത്രം. കൂറ്റന്‍ മഞ്ഞുമലയില്‍ ഇടിച്ചായിരുന്നു ടൈറ്റാനിക് ദുരന്തം സംഭവിച്ചത്. എന്നാല്‍ 1838ലെ ടൈറ്റാനിക് ദുരന്തം എന്നൊരു സംഭവം കേട്ടിട്ടുണ്ടോ? ടൈറ്റാനിക് മുങ്ങുന്നതിന് 74 കൊല്ലം മുന്‍പു സംഭവിച്ചതാണത്. അക്കാലത്തെ ടൈറ്റാനിക് എന്നു വിശേഷിപ്പിക്കാവുന്ന പുലാസ്‌കി എന്ന കപ്പലാണ് ജൂണ്‍ 14 രാത്രി 11ഓടെ നോര്‍ത്ത് കാരലൈനയ്ക്ക് 30 മൈല്‍ മാറി മുങ്ങിപ്പോയത്. അന്നു വൈകിട്ട് യാത്ര ആരംഭിച്ച കപ്പലായിരുന്നു അത്. 37 ക്രൂ അംഗങ്ങളും 150-160 യാത്രക്കാരുമുണ്ടായിരുന്നു അതില്‍. 

ടൈറ്റാനിക്കിനെ മഞ്ഞുമല ഇടിച്ചു താഴ്ത്തിയതാണെങ്കില്‍ പുലാസ്‌കിയിലെ ദുരന്തത്തിനു കാരണമായത് ആവി എന്‍ജിനിലെ ബോയിലറുകളിലൊന്ന് പൊട്ടിത്തെറിച്ചതായിരുന്നു. നടുക്കടലിലുണ്ടായ ആ സ്‌ഫോടനം നടന്നയുടനെ ഒട്ടേറെ പേര്‍ മരിച്ചു. രക്ഷപ്പെടാന്‍ ആകെ അഞ്ച് ബോട്ടുകളേ ഉണ്ടായിരുന്നുള്ളൂ. അതില്‍ത്തന്നെ രണ്ടെണ്ണം സൂര്യതാപമേറ്റ് നശിച്ച നിലയിലായിരുന്നു. മൂന്നു ബോട്ടുകളില്‍ 59 പേര്‍ ഒരുവിധത്തില്‍ കയറിപ്പറ്റി. അവര്‍ തുഴഞ്ഞു നീങ്ങുമ്പോഴേക്കും പിന്നില്‍ മുക്കാല്‍ മണിക്കൂര്‍കൊണ്ട് കപ്പല്‍ പൂര്‍ണമായും മുങ്ങിപ്പോയിരുന്നു. 128 പേരാണ് അന്നു മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. ടൈറ്റാനിക്കിനു സമാനമായി കപ്പലിന്റെ മധ്യഭാഗം തകര്‍ന്നാണ് പുലാസ്‌കിയും ആഴങ്ങളിലേക്കു മറഞ്ഞത്. ധനികര്‍ മാത്രം യാത്രക്കാരായുണ്ടായിരുന്ന കപ്പലായിരുന്നു പുലാസ്‌കി. അതിനാല്‍ത്തന്നെ കപ്പലിനൊപ്പം മുങ്ങിപ്പോയ വിലയേറിയ ആഭരണങ്ങളും മറ്റു വസ്തുക്കളും പില്‍ക്കാലത്തു നിധിവേട്ടക്കാര്‍ നോട്ടമിട്ടിരുന്നു. 

steamship-pulaski-disaster1

വര്‍ഷങ്ങളോളം ആര്‍ക്കും പിടികൊടുക്കാതെ ഈ കപ്പല്‍ ആഴങ്ങളില്‍ മറഞ്ഞിരുന്നു. 2018 ജനുവരിയിലാണ് പിന്നീട് പുലാസ്‌കിയുടെ വിശേഷം ലോകം അറിയുന്നത്. വടക്കന്‍ കാരലൈന തീരത്തുനിന്ന് ഏകദേശം 40 മൈല്‍ മാറി ചില നാണയങ്ങള്‍ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തി. 14 സ്വര്‍ണനാണയങ്ങളും 24 വെള്ളി നാണയങ്ങളുമാണു കണ്ടെത്തിയത്. കാര്‍ബണ്‍ ഡേറ്റിങ്ങിലൂടെ പരിശോധിച്ചപ്പോള്‍ എല്ലാം 1838നേക്കാള്‍ മുന്‍പുള്ളതാണെന്നും തെളിഞ്ഞു. ഒരു നാണയത്തിനു മാത്രം ഏകദേശം 75 ലക്ഷം രൂപ വില വരുമായിരുന്നു. മറ്റുള്ളവയ്ക്കും 75-90 ലക്ഷം രൂപയ്ക്കിടയില്‍ മൂല്യമുണ്ടായിരുന്നു. കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയില്ലെങ്കിലും നാണയങ്ങള്‍ അതില്‍നിന്നുള്ളതാണെന്ന് ഏറെക്കുറെ കണ്ടെത്തിയിരുന്നു. ധനികര്‍ ഉപയോഗിക്കുന്ന പ്രത്യേകതരം പെട്ടിയിലായിരുന്നു നാണയങ്ങള്‍. പെട്ടിയുടെ താക്കോലും മുങ്ങല്‍ വിദഗ്ധര്‍ക്കു ലഭിച്ചിരുന്നു. പലരും ഇത്തരത്തില്‍ കപ്പലില്‍ പണം സൂക്ഷിച്ചിരുന്നതായി അപകടത്തില്‍നിന്നു രക്ഷപ്പെട്ട ചാള്‍സ് റിജ് എന്ന വ്യക്തി പിന്നീട് പുരാവസ്തു ഗവേഷകരോടു പറഞ്ഞിട്ടുണ്ട്. ചാള്‍സിന്റെ ഏകദേശം 15 ലക്ഷം രൂപ മൂല്യമുള്ള നാണയങ്ങള്‍ അന്നു നഷ്ടപ്പെട്ടിരുന്നു. 

steamship-pulaski-disaster2

2018 ജൂണില്‍ മറ്റൊരു വസ്തുവും ഡൈവര്‍മാര്‍ ഇതേ പ്രദേശത്തുനിന്നു കണ്ടെത്തിയിരുന്നു. സ്വര്‍ണച്ചങ്ങലയില്‍ കോര്‍ത്ത ഒരു വാച്ചായിരുന്നു അത്. അക്കാലത്തെ ധനികരുടെ പ്രൗഢിയുടെ അടയാളങ്ങളിലൊന്നായിരുന്നു അത്തരം വാച്ച്. അതില്‍ നിശ്ചലമായിരുന്ന സമയമാകട്ടെ 11.05ഉം. അതായത് പുലാസ്‌കി മുങ്ങി നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വാച്ചും നിശ്ചലമായിട്ടുണ്ടാകണം! യുഎസിലെ ജോര്‍ജിയയിലെ സാവന്നയില്‍നിന്ന് മേരിലാന്‍ഡിലെ ബാള്‍ട്ടിമോറിലേക്കായിരുന്നു പുലാസ്‌കിയുടെ അന്ത്യയാത്ര. ബോയിലര്‍ പൊട്ടിത്തെറിച്ചതിന്റെ ആഘാതത്തില്‍ ഒട്ടേറെ പേര്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലേക്കു തെറിച്ചു വീണിരുന്നു. പലരും നാലു ദിവസത്തോളം കപ്പലിന്റെ അവശിഷ്ടങ്ങളില്‍ പിടിച്ചിരുന്നാണു രക്ഷപ്പെട്ടത്. ഇപ്പോഴും കപ്പല്‍ കണ്ടെത്താത്തതിനു പല കാരണങ്ങളുണ്ട്. അതിലൊന്ന് കപ്പലിന്റെ യഥാര്‍ഥ സ്ഥാനം പിടികിട്ടാത്തതാണ്. കരുതിയതിലും 10 മൈല്‍ അകലെയാണ് കപ്പല്‍ മുങ്ങിയതെന്നാണു ചരിത്രകാരന്മാര്‍ കരുതുന്നത്. ഏകദേശം 115 അടി ആഴത്തിലാണു കപ്പല്‍. ആ ഭാഗത്തേക്ക് പോകാമെന്നും കരുതേണ്ട, കാരണം മനുഷ്യരെ കണ്ടാല്‍ കടിച്ചുകീറുന്ന സ്രാവുകളാണു ചുറ്റിലും! കപ്പലിന്റേതെന്നു കരുതുന്ന നങ്കൂരവും വിവിധ സ്വര്‍ണ വസ്തുക്കളുമെല്ലാം പല കാലത്തായി പ്രദേശത്തുനിന്നു കണ്ടെത്തിയിരുന്നു. പക്ഷേ 1838ലെ ഈ 'ടൈറ്റാനിക്കിന്റെ' യഥാര്‍ഥ സ്ഥാനം മാത്രം ഇന്നും അജ്ഞാതം. 

English Summary : Steamship Pulaski disaster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com