നിഗൂഢതയുടെ സ്റ്റോണ്‍ഹെഞ്ച്; ആ രഹസ്യത്തിലേക്ക് ഒരു അജ്ഞാത വലയവും!

HIGHLIGHTS
  • ചിലര്‍ പറയുന്നത് ഇത് അന്യഗ്രഹ ജീവികള്‍ നിര്‍മിച്ചതാണെന്നാണ്
  • സൂര്യന്റെ ചലനങ്ങള്‍ക്ക് അനുസൃതമായാണ് ഓരോ കല്ലിന്റെയും സ്ഥാനം
huge-neolithic-circle-of-deep-shafts-found-near-stonehenge
SHARE

ഏകദേശം 10 ആനയുടെ ഭാരമുള്ള ഒരു കൂട്ടം കല്ലുകള്‍ വൃത്താകൃതിയില്‍ ചേര്‍ത്തു വച്ചിരിക്കുന്നു. ഓരോന്നിനും 13 അടിയോളം വരും ഉയരം. വീതിയാകട്ടെ ഏഴടിയും. ഇന്നും ലോകത്തിനു മുന്നിലെ ചോദ്യ ചിഹ്നമാണ് നിഗൂഢതകള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഈ കല്‍വൃത്തം. പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത് ഇതിന് ഏകദേശം ബിസി 2000-3000 വര്‍ഷം വരെ പഴക്കമുണ്ടെന്നാണ്. സ്‌റ്റോണ്‍ഹെഞ്ച് എന്നു പേരിട്ടിരിക്കുന്ന ഈ സ്മാരകം ആരു നിര്‍മിച്ചു, എന്തിനു നിര്‍മിച്ചു എന്നത് ഇന്നും ദുരൂഹമായി തുടരുന്നു. ഇംഗ്ലണ്ടിലെ ഈ സ്മാരകം അവരുടെ സംസ്‌കാരത്തിന്റെ അഭിമാന അടയാളം കൂടിയാണിന്ന്.

യുനെസ്‌കോയുടെ പൈതൃക സ്മാരകങ്ങളുടെ പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. സ്റ്റോണ്‍ഹെഞ്ചിനു സമീപത്തു നടത്തിയ ഉദ്ഖനനത്തില്‍ പലപ്പോഴായി മനുഷ്യരുടെ അസ്ഥികള്‍ ലഭിച്ചിട്ടുണ്ട്. ചിലര്‍ പറയുന്നത് ഇത് അന്യഗ്രഹ ജീവികള്‍ നിര്‍മിച്ചതാണെന്നാണ്. അവര്‍ ഭൂമിയിലുള്ളവര്‍ക്ക് ഒരു വലിയ സന്ദേശം കുറിച്ചുവച്ചു പോയതാണത്രേ! പക്ഷേ പുരാവസ്തു ഗവേഷകര്‍ അതിനെ ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള വസ്തുവായാണു കാണുന്നത് സൂര്യന്റെ ചലനങ്ങള്‍ക്ക് അനുസൃതമായാണ് ഓരോ കല്ലിന്റെയും സ്ഥാനം. അതിനാല്‍ത്തന്നെ വാനനിരീക്ഷകരുടെ ഉള്‍പ്പെടെ പ്രധാന കേന്ദ്രമാണിവിടം. 

അടുത്തിടെ സ്‌റ്റോണ്‍ഹെഞ്ച് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. ഇതിനു ചുറ്റിലുമായി, വൃത്താകൃതിയിലുള്ള ഒട്ടേറെ ചാലുകള്‍ (ഷാഫ്റ്റ്) കണ്ടെത്തിയതാണു സംഭവം. വിട്ടുവിട്ടായിരുന്നു ഇവയുടെ സ്ഥാനം. പക്ഷേ അവ ചേര്‍ത്തുവച്ചാല്‍ നീളം ഏകദേശം രണ്ടു കിലോമീറ്റര്‍ വരും. വൃത്തത്തിന്റെ 40 ശതമാനം ഭാഗം ഇതുവരെ കണ്ടെത്താനായിട്ടില്ല. വര്‍ഷങ്ങളായുള്ള മനുഷ്യന്റെ ഇടപെടലില്‍ അവ നശിച്ചു പോയതുമാകാം. ഓരോ ഷാഫ്റ്റിന്റെയും വീതി 10 മീറ്റര്‍. 5 മീറ്റര്‍ ആഴത്തിലായിരുന്നു ഇവ. നിരനിരയായി നിലനിന്ന ഇവയുടെ പഴക്കവും ഗവേഷകര്‍ പരിശോധിച്ചു- സ്‌റ്റോണ്‍ഹെഞ്ചിനോളം തന്നെ വരും. ബിസി 2500ല്‍ നിര്‍മിച്ചതാണിതെന്നാണു കരുതുന്നതത്. സ്‌റ്റോണ്‍ഹെഞ്ചിനു ചുറ്റും ഒരു സംരക്ഷിതവലയം പോലെയായിരുന്നു ഷാഫ്റ്റുകളുടെ സ്ഥാനം. ആചാരപരമായ ചടങ്ങുകള്‍ നടത്താന്‍ വേണ്ടിയാണ് സ്‌റ്റോണ്‍ഹെഞ്ച് നിര്‍മിച്ചതെന്ന പുരാവസ്തു ഗവേഷകരുടെ വാദത്തിനു ബലം പകരുന്നതാണ് ഈ വലയത്തിന്റെ കണ്ടെത്തല്‍. ഒരു പ്രത്യേക വിഭാഗക്കാരുടെ ആചാരത്തിന്റെ ഭാഗമായി നിര്‍മിച്ചതാകാം സ്‌റ്റോണ്‍ഹെഞ്ച്. അവര്‍ക്കു മാത്രമേ വൃത്താകൃതിയിലുള്ള അടയാളപ്പെടുത്തല്‍ കടന്ന് അകത്തേക്കു പോകാന്‍ അനുവാദമുണ്ടായിരുന്നുള്ളൂവെന്നും ഗവേഷകര്‍ അനുമാനിക്കുന്നു. 

നിയോലിതിക് കാലത്താണ് ഇംഗ്ലണ്ടില്‍ കൃഷി ഒരു വിഭാഗത്തിന്റെ തൊഴിലെന്ന രീതിയില്‍ ആരംഭിക്കുന്നത്. അതിനോടനുബന്ധിച്ച് വിശ്വാസങ്ങളും വളര്‍ന്നുവന്നു. വിള സംരക്ഷിക്കാന്‍ നടത്തുന്ന ചടങ്ങുകള്‍ക്കു വേണ്ടി നിര്‍മിച്ചതാകാം സ്‌റ്റോണ്‍ഹെഞ്ചും ചുറ്റിലുമുള്ള വലയമെന്നുമുള്ള വാദവും ഉയര്‍ന്നിട്ടുണ്ട്. സ്‌റ്റോണ്‍ഹെഞ്ചിന്റെ വടക്കുകിഴക്ക് ഏകദേശം രണ്ടു മൈല്‍ മാറിയാണ് വൃത്താകൃതിയിലുള്ള നിര്‍മാണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഇവിടെനിന്നു മറ്റു പുരാവസ്തുക്കളും ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

മരങ്ങളും കല്ലും എല്ലും മാത്രം ഉപയോഗിച്ച് ഇത്രയേറെ വലിയ ചാലുകള്‍ എങ്ങനെ കൃത്യമായ അകലത്തില്‍ കുഴിക്കാനായി എന്നും ഗവേഷകര്‍ അമ്പരക്കുന്നു. എന്നാല്‍ സ്റ്റോണ്‍ഹെഞ്ച് നിര്‍മിച്ച ജനവിഭാഗത്തിന് ഇതൊക്കെ വളരെ എളുപ്പം എന്നു പറയേണ്ടിവരും. കാരണം 150 മൈല്‍ ദൂരം താണ്ടിയായിരുന്നു നിര്‍മാണത്തിനാവശ്യമായ കൂറ്റന്‍ കല്ലുകള്‍ അന്ന് അവരെത്തിച്ചത്. അതും യാതൊരുതരത്തിലുള്ള ഗതാഗത സൗകര്യങ്ങളുമില്ലാത്ത കാലത്ത്! പ്രദേശത്തുനിന്നുള്ള മണ്ണുള്‍പ്പെടെ ശേഖരിച്ച് ഷാഫ്റ്റുകളെപ്പറ്റി കൂടുതല്‍ ഗവേഷണത്തിനൊരുങ്ങുകയാണ് യൂണിവേഴ്‌സിറ്റി ഓഫ് വാര്‍വിക്കിലെ പ്രഫസര്‍ റോബിന്‍ അലബിയുടെ നേതൃത്വത്തിലുള്ള സംഘം. സ്‌റ്റോണ്‍ഹെഞ്ച് ഒളിച്ചുവച്ചിരിക്കുന്ന രഹസ്യങ്ങള്‍ കണ്ടെത്താനായി രൂപീകരിച്ചിരിക്കുന്ന സ്‌റ്റോണ്‍ഹെഞ്ച് ഹിഡന്‍ ലാന്‍ഡ് സ്‌കെയ്പ് പ്രോജക്ടിലെ പുരാവസ്തു ഗവേഷകരും ഇതിന്റെ ഭാഗമായിട്ടുണ്ട്.

English Summary : Huge neolithic circle of deep shafts found near Stonehenge

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA