ADVERTISEMENT

ലോകത്തിലെ ഏറ്റവും മാരക ആണവ ചോര്‍ച്ച എവിടെയായിരുന്നു? അന്നും ഇന്നും ഒരൊറ്റ ഉത്തരമേയുള്ളൂ- യുക്രെയ്‌നിലെ ചെര്‍ണോബില്‍ ആണവനിലയത്തില്‍. ഇപ്പോഴും ഈ പ്രദേശത്തേക്ക് ഒരാളെപ്പോലും കടത്തിവിടുന്നില്ല. ശക്തിയേറിയ ആണവവികിരങ്ങള്‍ ചെര്‍ണോബില്‍ നിലയത്തിന്റെ പരിസരത്ത് ഇപ്പോഴും തുടരുന്നുണ്ട്. 1986ലെ ദുരന്തം മുതല്‍ ശരിക്കുമൊരു പ്രേതഭൂമിയായി തുടരുകയാണ് ഈ പ്രദേശം. ചെര്‍ണോബില്‍ എന്ന പേരില്‍ പുറത്തിറങ്ങിയ വെബ് സീരീസും സൂപ്പര്‍ ഹിറ്റായിരുന്നു. ഈ ആണവനിലയവുമായി ബന്ധപ്പെട്ടു വരുന്ന ഏതു കാര്യവും ഇപ്പോഴും ജനം ഏറെ പ്രാധാന്യത്തോടെയാണ് ശ്രദ്ധിക്കുന്നത്. അപ്പോള്‍പ്പിന്നെ ചെര്‍ണോബിലിനു മുകളില്‍ കൂറ്റന്‍ കൂണ്‍ മേഘം പ്രത്യക്ഷപ്പെട്ടാലുള്ള കാര്യം പറയാനുണ്ടോ? അതും ജപ്പാനിലെ ഹിരോഷിമയില്‍ യുഎസ് അണുബോംബ് വര്‍ഷിച്ചപ്പോള്‍ രൂപപ്പെട്ടതിനു സമാനമായ ഒരു കൂണ്‍ മേഘം. 

ദൂരെനിന്ന് അതു കണ്ട പലരും കരുതിയത് ചെര്‍ണോബിലില്‍ വീണ്ടും എന്തോ അപകടം സംഭവിച്ചുവെന്നായിരുന്നു. ജൂണ്‍ അവസാന വാരമായിരുന്നു അത്. വളരെ പെട്ടെന്നുതന്നെ ആ മേഘത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ചെര്‍ണോബിലിന് സമീപം പ്രത്യക്ഷപ്പെട്ട മഹാമേഘം എന്ന പേരില്‍ ഈ ചിത്രം അടുത്തിടെ ഇന്ത്യയിലും പ്രചരിക്കപ്പെട്ടു. എന്നാല്‍ സത്യത്തില്‍ എന്താണീ ചിത്രം? കൂട്ടുകാര്‍ പലതരം മേഘങ്ങളെപ്പറ്റി കേട്ടിട്ടില്ലേ. ആകൃതിയുടെയും മറ്റു സവിശേഷതകളുടെയും അടിസ്ഥാനത്തില്‍ ക്യുമുലസ്, നിംബസ് എന്നെല്ലാം മേഘങ്ങളെ തരംതിരിച്ചിട്ടുണ്ട്. ഇവയെപ്പറ്റി സ്‌കൂളില്‍ പഠിക്കാനുമുണ്ട്. അത്തരമൊരു മേഘമായിരുന്നു ചെര്‍ണോബിലിലെ ആണവ കൂണ്‍ മേഘമായി പലരും തെറ്റിദ്ധരിച്ചത്. 

giant-mushroom-shaped-cloud-forms-over-ukraine

സത്യത്തില്‍ ആ കൂണ്‍ കണ്ടത് ചെര്‍ണോബിലിലും അല്ലായിരുന്നു. അവിടെനിന്ന് ഏകദേശം 60 മൈല്‍ മാറി യുക്രെയ്‌നിന്റെ തലസ്ഥാനമായ കീവിലായിരുന്നു മേഘം പ്രത്യക്ഷപ്പെട്ടത്. ചിലര്‍ കരുതിയത് ശക്തി പ്രകടനത്തിന്റെ ഭാഗമായി പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ അണുബോംബ് പരീക്ഷണം നടത്തിയതാണെന്നായിരുന്നു. മറ്റു ചിലര്‍ കരുതിയതാകട്ടെ അതൊരു പറക്കുംതളികയാണെന്നും! എന്നാല്‍ പ്രകൃതിയില്‍ അപൂര്‍വമായി സംഭവിക്കുന്ന പ്രതിഭാസമാണ് അതെന്നായിരുന്നു കാലാവസ്ഥാ ഗവേഷകരുടെ മറുപടി. നീലാകാശത്തില്‍ നിറഞ്ഞുനിന്ന വെളള മേഘപടലത്തിന്റെ ചിത്രം യുക്രേനിയന്‍ സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് വിഭാഗം സമൂഹമാധ്യമത്തില്‍ ഷെയറും ചെയ്തു- ‘സത്യം പറയണം, ആരാണിത് കണ്ടു പേടിക്കാത്തത്?’ എന്നൊരു ചോദ്യവും ഒപ്പമുണ്ടായിരുന്നു. 

giant-mushroom-shaped-cloud-forms-over-ukraine2

ആന്‍വില്‍ ക്ലൗഡ് എന്നറിയപ്പെടുന്ന മേഘമായിരുന്നു അത്. കീവില്‍ അല്ലാതെ മറ്റു ചില പ്രദേശങ്ങളിലും ഇത്തരം മേഘങ്ങള്‍ നേരത്തേ പ്രത്യക്ഷപ്പെട്ടിരുന്നു. ക്യുമുലോനിംബസ് ഇന്‍കസ് എന്നും ഇവയ്ക്കു പേരുണ്ട്. അതിശക്തമായ കാറ്റില്‍ അന്തരീക്ഷ ബാഷ്പം ആകാശത്തേക്കുയര്‍ന്ന് രൂപപ്പെടുന്നവയാണിവ. അന്തരീക്ഷത്തിലെ പാളികളായ സ്ട്രാറ്റോസ്ഫിയറിനും ട്രോപ്പോസ്ഫിയറിനും ഇടയിലുള്ള ഭാഗം വരെ എത്താന്‍ ഇവയ്ക്കു ശേഷിയുണ്ട്. ചുട്ടുപഴുത്ത ലോഹത്തെ അടിച്ചുപരത്താന്‍ ഉപയോഗിക്കുന്ന ആന്‍വില്‍ എന്ന ഉപകരണത്തിന്റെ രൂപത്തിനോട് സാദൃശ്യമുള്ളതിനാലാണ് മേഘത്തിന് ആ പേര്. മിക്ക സമയത്തും ഇവയ്ക്ക് കൃത്യമായ ഒരു ആകൃതിയുണ്ടാകാറില്ല. എന്നാല്‍ അപൂര്‍വമായി കൂണിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടും. 

ചുറ്റിലും എത്ര ശക്തിയേറിയ കാറ്റ് വീശിയാലും ഈ മേഘക്കൂൺ അനങ്ങാതെ നില്‍ക്കും. ദീര്‍ഘനേരം അങ്ങനെ നിന്നതിനു ശേഷം പതിയെ അന്തരീക്ഷത്തില്‍ അലിഞ്ഞില്ലാതാകും. എന്നാല്‍ ആണവ സ്‌ഫോടനമുണ്ടായാല്‍ രൂപപ്പെടുന്ന കൂണ്‍മേഘം അധികം താമസിയാതെ അന്തരീക്ഷത്തില്‍ അലിഞ്ഞു ചേരുകയാണ് പതിവ്. സ്‌ഫോടനം ഒന്നുമല്ലെങ്കിലും വരാനിരിക്കുന്ന വലിയൊരു പ്രശ്‌നത്തെ സൂചിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് ഇത്തരം മേഘങ്ങള്‍. ഇടിവെട്ടി കനത്ത മഴ വരുന്നതിന്റെ സൂചനയാണ് ആൻവിൽ മേഘങ്ങള്‍ നല്‍കുന്നത്. 

English Summary : Giant mushroom shaped cloud forms over Uukraine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com