ADVERTISEMENT

മമ്മികള്‍ക്ക് ലോകപ്രശസ്തമാണ് ഈജിപ്ത്. അവിടെ കണ്ടെത്തിയിരുന്ന മമ്മികളെ ഒരു കാലത്ത് വില്‍പന നടത്തിയിരുന്നെന്നു പറഞ്ഞാല്‍ കൊച്ചുകൂട്ടുകാര്‍ വിശ്വസിക്കുമോ? അങ്ങനെയും സംഭവിച്ചിട്ടുണ്ട്. അതുവഴിയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മ്യൂസിയങ്ങളിലേക്ക് ഈജിപ്ഷ്യന്‍ മമ്മികളെത്തിയത്. മമ്മികള്‍ മാത്രമല്ല ഈജിപ്തിലെ അമൂല്യങ്ങളായ പല പുരാവസ്തുക്കളും ഇത്തരത്തില്‍ വില്‍പന നടത്തി കടല്‍ കടന്നിട്ടുണ്ട്. ചില മമ്മികള്‍ പക്ഷേ ഈജിപ്ഷ്യന്‍ സര്‍ക്കാര്‍തന്നെ കൈമാറ്റം ചെയ്തിട്ടുള്ളതുമാണ്. 

1896ല്‍ ഈജിപ്തിലെത്തിയ ആര്‍ക്കിയോളജിസ്റ്റ് സര്‍ ഇ.എ.വാലിസ് ബഡ്ജിനു മുന്നില്‍ ഒരു മമ്മി വില്‍പനയ്‌ക്കെത്തി. ബ്രിട്ടിഷ് മ്യൂസിയത്തിനു വേണ്ടി പുരാവസ്തുക്കള്‍ ശേഖരിക്കാനെത്തിയതായിരുന്നു അദ്ദേഹം. ഈജിപ്ഷ്യന്‍ ആര്‍ക്കിയോളജിസ്റ്റുകളാണ് ഒരു പ്രത്യേക ഇനം മമ്മിയെ അദ്ദേഹത്തിനു മുന്നിലെത്തിച്ചത്. ‘ജിഞ്ചറെല്ല’ എന്ന് അദ്ദേഹം പേരിട്ട ആ മമ്മി പില്‍ക്കാലത്ത് ജിഞ്ചര്‍ മമ്മി എന്നറിയപ്പെട്ടു. മമ്മിയുടെ തലയിലെ മുടിയുടെ ചുവപ്പുനിറം കാരണമായിരുന്നു ആ പേര്. സത്യത്തില്‍ അത് മുടിയായിരുന്നില്ല. ലിനന്‍ കൊണ്ട് വില്‍പനക്കാര്‍ അലങ്കാരം നടത്തിയതായിരുന്നു. ഈജിപ്തിലെ രാജാവിന്റെയോ രാജ്ഞിയുടെയോ ഒന്നുമല്ലായിരുന്നു ആ മമ്മി.സത്യം പറഞ്ഞാല്‍ ആ മനുഷ്യശരീരം കൃത്രിമമായി മമ്മിവല്‍ക്കരിക്കപ്പെട്ടതു പോലുമല്ലായിരുന്നു. പക്ഷേ ചരിത്രപരമായി ഏറെ പ്രധാനപ്പെട്ടതാണ് അതെന്ന് ഒറ്റനോട്ടത്തില്‍തന്നെ സര്‍ ഇ.എ.വാലിസിനു മനസ്സിലായി. പിന്നീട് കാര്‍ബണ്‍ ഡേറ്റിങ് നടത്തിയപ്പോള്‍ ബിസി 3400ല്‍ ഈജിപ്തില്‍ ജീവിച്ചിരുന്ന ഒരാളുടെ മൃതദേഹമാണ് അതെന്നും മനസ്സിലായി. 

life-and-death-of-gebelein-man-exploring-natural-mummy-from-early-egypt

നൈല്‍ നദീ തീരത്തെ ജെബെലൈൻ എന്ന നഗരത്തിലെ ശ്മശാനത്തില്‍നിന്നായിരുന്നു മൃതദേഹം ലഭിച്ചത്. തീബ്‌സില്‍നിന്ന് 40 കിലോമീറ്റര്‍ തെക്കുമാറിയുള്ള ഈ ശ്മശാനം ഒരു മണല്‍ പ്രദേശമായിരുന്നു, ഒപ്പം കൊടുംചൂടും. ഗുഹ പോലുള്ള പ്രദേശത്താണ് ജിഞ്ചര്‍ മമ്മിയുടെ മൃതദേഹം അടക്കം ചെയ്തത്. ‘വാട്ടർ‌ലസ് സീ’ എന്നറിയപ്പെടുന്ന പ്രദേശമായിരുന്നു അത്. അതിനാല്‍ത്തന്നെ മണലും ചൂടും ചേര്‍ന്ന് ശരീരത്തിലെ ജലാംശമെല്ലാം വലിച്ചെടുത്തു. അതോടെ സൂക്ഷ്മജീവികളൊന്നും തിന്നു നശിപ്പിക്കാതെ പ്രകൃതിദത്തമായ മമ്മിഫിക്കേഷന്‍ നടക്കുകയായിരുന്നു. ആയിരത്തിലേറെ വര്‍ഷം യാതൊരു കേടുപാടുമില്ലാതെ മമ്മി നിലനിന്നു. ഒടുവില്‍ സര്‍ വാലിസ് വാങ്ങി ബ്രിട്ടിഷ് മ്യൂസിയത്തിലെത്തിക്കുകയും ചെയ്തു. മ്യൂസിയത്തിലെ ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് ആകര്‍ഷണങ്ങളെടുത്താല്‍ അവയിലൊന്ന് ജിഞ്ചര്‍ മമ്മിയാണ്. 

1901ല്‍ ചില്ലുകൂട്ടില്‍ സ്ഥാപിച്ചതിനു ശേഷം പിന്നീടൊരിക്കലും ഈ മമ്മിയെ അവിടെനിന്നു മാറ്റിയിട്ടില്ല. എന്നാല്‍ 2012ല്‍ ഇതിനെ ഒരു ദിവസത്തേക്ക് വെസ്റ്റ് ലണ്ടനിലെ ഒരു ആശുപത്രിയിലേക്കു കൊണ്ടുപോയി. 30 സെക്കന്‍ഡ് നേരം ഇതിനെ ഒരു സിഎടി സ്‌കാന്‍ യന്ത്രം ഉപയോഗിച്ച് നിരീക്ഷിച്ചു. സംഗതി ഏതാനും സെക്കന്‍ഡ് മാത്രമേ നീണ്ടുള്ളൂവെങ്കിലും ജിഞ്ചര്‍ മമ്മിയുടെ ജീവിതകാലം മുഴുവന്‍ പഠിച്ചെടുക്കാന്‍ അതു മതിയായിരുന്നു. മമ്മിയുടെ ത്രീഡി ചിത്രം ഇന്ററാക്ടിവ് ഇൻസ്റ്റിറ്റ്യൂട്ട് തയാറാക്കിയ ഒരു പ്രത്യേക സോഫ്റ്റ്‌വെയറിലേക്ക് അപ്‌ലോഡ് ചെയ്തു. അതുവഴി തിരിച്ചും മറച്ചും പാളികളായും വരെ മമ്മിയെ നിരീക്ഷിക്കാന്‍ സാധിച്ചു. മമ്മിയുടെ അന്തരികാവയവങ്ങളുടെ സ്‌കാന്‍ ഡേറ്റയും യാതൊരു കേടുപാടും സംഭവിക്കാതെ ലഭിച്ചു. 

പക്ഷേ ഏറ്റവുമാദ്യം ഗവേഷകര്‍ പരിശോധിച്ചത് മമ്മിയുടെ ഇടതു ചുമലിന്റെ സമീപമുണ്ടായിരുന്ന ദ്വാരം എങ്ങനെ രൂപപ്പെട്ടതാണെന്നായിരുന്നു. വര്‍ഷങ്ങളായി മമ്മിയെ കാണുന്നവരുടെ മനസ്സിലുണ്ടായിരുന്ന സംശയമായിരുന്നു അത്. അപ്രതീക്ഷിതമായ ഒരു ആക്രമണത്തിന്റെ ബാക്കിപത്രമായിരുന്നു ആ മുറിവ്്. യുദ്ധത്തിലായിരുന്നില്ല ആക്രമണം, കാരണം ശരീരത്തില്‍ മറ്റെവിടെയും പരുക്കുണ്ടായിരുന്നില്ല. മൂര്‍ച്ചയേറിയ ഒരു ലോഹായുധം ഉപയോഗിച്ച് ആരോ കുത്തിയതായിരുന്നു അത്. ചെമ്പോ മറ്റെതെങ്കിലും ലോഹംകൊണ്ടുള്ള മൂര്‍ച്ചയേറിയ ആയുധമായിരുന്നിരിക്കണം അതെന്നും ഗവേഷകര്‍ പറയുന്നു. ഏകദേശം 12 സെന്റിമീറ്റര്‍ നീളവും രണ്ടു സെന്റിമീറ്റര്‍ വീതിയുമുള്ള ആയുധമായിരുന്നു അതെന്നും മുറിവ് വിശകലനം ചെയ്ത് ഗവേഷകര്‍ പറഞ്ഞു. അതിശക്തമായ പ്രഹരവും കുത്തുന്നതിനു മുന്‍പ് ജിഞ്ചറിനു മേല്‍ ഏറ്റിരുന്നു. അതുവഴി എല്ലെല്ലാം തകര്‍ന്ന അവസ്ഥയിലായിരുന്നു. മരണത്തിനു ശേഷമല്ല മുറിവുണ്ടായതെന്നും വ്യക്തമായി. 

ഒരു കാര്യം ഉറപ്പ്, ജിഞ്ചറിനെ ആരോ കൊലപ്പെടുത്തിയതാണ്. അതും വളരെ ക്രൂരമായി! 18-20 വയസ്സ് പ്രായമുള്ളപ്പോഴായിരുന്നു ജിഞ്ചറിന്റെ മരണം. പേശികള്‍ നിറഞ്ഞ ശരീരവുമായിരുന്നു ആ യുവാവിന്റേത്. അതിനാല്‍ത്തന്നെ പിന്നില്‍നിന്നു കുത്തിവീഴ്ത്തിയതാകാമെന്നും ഗവേഷകര്‍ പറയുന്നു. ജിഞ്ചറിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനു വേണ്ടി ഫൊറന്‍സിക് വിദഗ്ധര്‍ക്കും ഡോക്ടര്‍മാര്‍ക്കും അസ്ഥി വിദഗ്ധര്‍ക്കുമെല്ലാം സ്‌കാന്‍ ഡേറ്റ നല്‍കിയിരുന്നു. മമ്മിയുടെ മുടിയും നഖങ്ങളുമെല്ലാം പരിശോധിച്ചതില്‍നിന്ന് അവസാനത്തെ മൂന്നു മാസം ജിഞ്ചര്‍ കഴിച്ച ഭക്ഷണം പോലും കണ്ടുപിടിക്കാനായ. മ്യൂസിയത്തില്‍ ‘ജെബെലൈൻ മാന്‍’ എന്നാണ് ഔദ്യോഗികമായി ജിഞ്ചര്‍ മമ്മിയുടെ പേര്. പക്ഷേ ജിഞ്ചര്‍ മമ്മിയെന്നു പറഞ്ഞാലാണ് ആർക്കിയോളജിസ്റ്റുകള്‍ക്കു പോലും കൃത്യമായി ഇതാണു കക്ഷിയെന്നു മനസ്സിലാകുകയുള്ളൂവെന്നു മാത്രം!

 English Summary : Life and death of Gebelein man

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com