ADVERTISEMENT

നമുക്കു ലഭിക്കുന്ന ഊര്‍ജത്തെ രണ്ടായി തരം തിരിച്ചിട്ടുണ്ട്- പാരമ്പര്യ ഊര്‍ജ സ്രോതസ്സുകള്‍, പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകള്‍. ഇക്കാര്യം കൊച്ചുകൂട്ടുകാര്‍ക്ക് സ്‌കൂളിലും പഠിക്കാനുണ്ടാകും. വന്‍കിട വൈദ്യുത പദ്ധതികളും ഇന്ധനങ്ങള്‍ വഴിയുള്ള വൈദ്യുതോല്‍പാദനവുമെല്ലാം പാരമ്പര്യ സ്രോതസ്സുകളില്‍പ്പെടും. എന്നാല്‍ ഊര്‍ജോല്‍പാദനത്തിനായി പാരമ്പര്യരീതികളെ വിട്ട് പുതുരീതികളിലേക്കു മാറുമ്പോള്‍ അത് പാരമ്പര്യേതര സ്രോതസ്സായി. സൗരോര്‍ജം, കാറ്റ് തുടങ്ങിയവയില്‍നിന്നുള്ള വൈദ്യുതോല്‍പാദനമെല്ലാം അക്കൂട്ടത്തിലാണ് ഉള്‍പ്പെടുക. പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകള്‍ വഴിയുള്ള വൈദ്യുതോല്‍പാദനത്തിന് പല വഴികളും ഇപ്പോഴും ഗവേഷകര്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് തികച്ചും അമ്പരപ്പിക്കുന്ന ഒരു കണ്ടെത്തല്‍. 

പ്രകാശത്തില്‍നിന്ന് വൈദ്യുതിയുണ്ടാക്കാന്‍ നമുക്കു സാധിക്കും, പക്ഷേ ഇരുട്ടില്‍നിന്നു വൈദ്യുതോല്‍പാദനം സാധ്യമാണോ? ഇനി അതും സാധിക്കുമെന്നാണ് സിഗപ്പൂരിലെ ഗവേഷകര്‍ പറയുന്നത്. നിഴലില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള മാര്‍ഗമാണ് അവര്‍ തയാറാക്കിയിരിക്കുന്നത്. കാര്യമായ സൂര്യപ്രകാശം ഭൂമിയില്‍ പതിക്കാത്ത വിധം കെട്ടിടങ്ങളും മേല്‍ക്കൂരകളും നിറഞ്ഞ സ്ഥലത്ത് ഏറെ ഉപകാരപ്രദമാകും ഈ പുതിയ ഊര്‍ജോല്‍പാദനമെന്നാണു കരുതുന്നത്. ഇനി ഇതെങ്ങനെ സാധ്യമാകുമെന്നു നോക്കാം. സിംഗപ്പുര്‍ നാഷനല്‍ യൂണിവേഴ്‌സിറ്റി ഗവേഷകരാണ് ഷാഡോ എഫക്ട് എനര്‍ജി ജനറേറ്റര്‍ (എസ്ഇജി) എന്ന ഈ സംവിധാനം നിര്‍മിച്ചെടുത്തത്. സോളര്‍ സെല്ലുകള്‍ ഉപയോഗിച്ചാണു പ്രവര്‍ത്തനം. 

പക്ഷേ ഈ സെല്ലുകള്‍ തുറസ്സായ പ്രദേശങ്ങളില്‍ വയ്ക്കുകയോ തുടര്‍ച്ചയായി സൂര്യപ്രകാശം ലഭിക്കുകയോ ഒന്നും വേണ്ട. സൂര്യപ്രകാശവും നിഴലും ഒരുപോലെ ഉപയോഗിച്ചായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. സോളര്‍ സെല്ലുകളിലെ സിലിക്കണില്‍ സൂര്യപ്രകാശം പതിച്ച് അവയിലെ ഇലക്ട്രോണുകളെ ഉത്തേജിപ്പിച്ചാണ് സാധാരണ വൈദ്യുതി ഉല്‍പാദിപ്പിക്കാറുള്ളത്. എന്നാല്‍ സ്വര്‍ണം, വെള്ളി, പ്ലാറ്റിനം അല്ലെങ്കില്‍ ടങ്‌സ്റ്റന്‍-ഇവയില്‍ ഏതെങ്കിലുംകൊണ്ടാണ് സോളര്‍ സെല്‍ പാളി നിര്‍മിക്കുന്നതെങ്കില്‍ സൂര്യപ്രകാശം പതിക്കുന്നതിനനുസരിച്ച് നിഴല്‍പ്രദേശത്തുനിന്നും ഊര്‍ജം ഉല്‍പാദിപ്പിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. 

SINGAPORE-TECHNOLOGY-SHADOWS

അതായത് മേല്‍പ്പറഞ്ഞ ഏതെങ്കിലും ലോഹവസ്തു കൊണ്ട് സിലിക്കണ്‍ സെല്ലിനു മുകളില്‍ ഒരു പാളി തീര്‍ക്കുക. പ്രകാശം പതിക്കാത്ത മേഖലയിലെയും പ്രകാശം പതിക്കുന്ന മേഖലയിലെയും വോള്‍ട്ടേജ് വ്യത്യാസം ഉപയോഗപ്പെടുത്തിയായിരിക്കും ഊര്‍ജോല്‍പാദനം. പ്രകാശം പതിക്കുമ്പോള്‍ ആ മേഖലയും പ്രകാശം പതിക്കാത്ത നിഴല്‍ പ്രദേശവും തമ്മില്‍ ഒരു വോള്‍ട്ടേജ് വ്യത്യാസമുണ്ടാകും. അതുവഴി ഇലക്ട്രോണുകള്‍ പ്രകാശം പതിച്ച മേഖലയില്‍നിന്ന് നിഴല്‍മേഖലയിലേക്കു നീങ്ങുകയും ചെയ്യും. അങ്ങനെ വൈദ്യുതിയും ഉല്‍പാദിപ്പിക്കപ്പെടും.

നിലവില്‍ ഗവേഷകര്‍ നിര്‍മിച്ചിരിക്കുന്നത് ആറ് ചതുരശ്ര സെന്റിമീറ്റര്‍ വലുപ്പമുള്ള പാനലുകളാണ്. അവ ഉപയോഗിച്ച് 0.25 വോള്‍ട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാം. അതായത് അത്തരത്തിലുള്ള 20 പാനലുകളുണ്ടെങ്കില്‍ ഒരു ബള്‍ബ് പ്രകാശിപ്പിക്കാനോ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനോ സാധിക്കും. ഇവ ഏറ്റവും കൃത്യമായി ഉപയോഗിക്കാനാവുക നഗര പ്രദേശങ്ങളിലാണെന്നും പറയുന്നു ഗവേഷകര്‍. കെട്ടിടങ്ങളും മറ്റും നിറഞ്ഞിരിക്കുന്നതിനാല്‍ സൂര്യന്റെ സ്ഥാനം മാറുന്നതിനനുസരിച്ച് അവിടെ നിഴലുകളുടെ സ്ഥാനവും മാറിക്കൊണ്ടേയിരിക്കും. എല്ലായിടത്തും മിക്കപ്പോഴും നിഴല്‍വീണ അവസ്ഥയുമായിരിക്കും. തുടര്‍ച്ചയായി സൂര്യപ്രകാശം ലഭിക്കാത്ത ഇത്തരം സാഹചര്യങ്ങളാണ് എസ്ഇജിക്ക് ഏറ്റവും അനുയോജ്യവും. പടുകൂറ്റന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ സോളര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുണ്ട്. ഒരല്‍പം തുറസ്സായ സ്ഥലം പോലും ലഭിക്കാത്ത നഗര മേഖലകളില്‍ സോളര്‍ പാടം സ്ഥാപിക്കുന്നതിനെപ്പറ്റി ആലോചിക്കുകയും വേണ്ട. അത്തരം ഘട്ടത്തിലാണ് നിഴല്‍ വൈദ്യുതോല്‍പാദനം സാധ്യമാക്കുന്ന എസ്ഇജി ഏറെ ഫലപ്രദമെന്നും ഗവേഷകര്‍ പറയുന്നു.

 English Summary : Scientists develop device to generates electricity from shadows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com