ADVERTISEMENT

മനുഷ്യൻ ചന്ദ്രനിൽ വരെ കാലുകുത്തി, എന്നിട്ടും ഭൂമിയിലെ ചില രഹസ്യങ്ങളുടെ ചുരുളഴിക്കാൻ മനുഷ്യന് കഴിഞ്ഞിട്ടില്ല. കൂട്ടുകാർക്ക് അറിയാമോ അത്തരത്തിലൊരു ഭീകര രഹസ്യമാണ് ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിലെ ബെർമുഡ ട്രയാംഗിൾ എന്ന പ്രദേശത്തു ഒളിപ്പിച്ചിരുന്നത്. ഡെവിള്‍സ് ട്രയാംഗിള്‍ എന്ന പേരു കൂടി ഇതിനുണ്ട്. കാരണമെന്തെന്നല്ലേ?  ഈ പ്രദേശത്ത് കൂടി യാദൃശ്ചികമായി കടന്നു പോകുന്ന വിമാനങ്ങളും കപ്പലുകളും പിന്നീട് ആരും കാണാറില്ല.

ഒരു പ്രത്യേക ഭൂഗുരുത്വബലം കൊണ്ട് കപ്പലുകളും വിമാനങ്ങളും ഈ ഭാഗത്തുള്ള ഒരു ചുഴിയിലേക്ക് ആകര്‍ഷിക്കപ്പെടുകയാണെന്ന ശാസ്ത്രവാദവുമുണ്ടെങ്കിലും വിശദീകരണമില്ലാത്ത ഒരു ദുരൂഹതയായി ഇതിപ്പോഴും നില നില്‍ക്കുന്നു. എന്താണ് ഈ പ്രദേശത്തിന് പിന്നിലെ യഥാർത്ഥ സത്യമെന്നു ആർക്കും കണ്ടു പിടിക്കാനായിട്ടില്ല. 

ബെര്‍മുഡ ട്രയാംഗിള്‍ എന്ന പേര് തന്നെ കൗതുകമാണ്. ബെര്‍മുഡ, പോര്‍ട്ടോ റിക്കോ, ഫ്ലോറിഡ എന്നീ പ്രദേശങ്ങള്‍ ഒരു കോണാകൃതിയില്‍ സൃഷ്ടിച്ച സാങ്കല്പിക ത്രികോണത്തിനുള്ളിലെ പ്രദേശമാണ് ബെര്‍മുഡ ട്രയാംഗിള്‍ എന്നറിയപ്പെടുന്നത്. വ്യോമ ഗതാഗതം പൂർണമായി നിരോധിക്കപ്പെട്ട മേഖലയാണിത്.

bermuda-triangle-facts-theories-and-mystery1

ഈ നിഗൂഢ പ്രദേശത്തെക്കുറിച്ച് ഏറ്റവും പുരാതനമായ വാദം ക്രിസ്റ്റഫര്‍ കൊളംബസിന്റേതാണ്. യാത്രകളുടെ ഭാഗമായി ഈ പ്രദേശത്ത് എത്തിയപ്പോൾ,  തീഗോളങ്ങള്‍ കടലില്‍ വീഴുന്നതു കണ്ടു എന്നും വടക്കുനോക്കി യന്ത്രത്തിന്റെ സൂചി ദിശയറിയാതെ വട്ടം കറങ്ങിയെന്നും അദ്ദേഹം പറയുന്നു. 

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽക്ക് കാണതായ കപ്പലുകളും വിമാനങ്ങളും അനേകമാണ്. 1918-ല്‍ അമേരിക്കന്‍ നേവിയുടെ യുഎസ്എസ് സൈക്ലോപ്‌സ് എന്ന ചരക്കു കപ്പല്‍ ഈ പ്രദേശത്ത് കാണാതായി. കാണാതാകുന്ന സമയത്ത് ഈ കപ്പലിൽ 300 ഓളം ജീവനക്കാരും ഏതാണ്ട് 10,000 ടൺ മാംഗനീസുമുണ്ടായിരുന്നു എന്നാൽ എന്താണ് ഈ കപ്പലിന് സംഭവിച്ചത് എന്ന് ആർക്കും വ്യക്തമല്ല.കഴിഞ്ഞ നൂറ് വര്‍ഷത്തിനിടയ്ക്ക് അയിരത്തോളം ജീവനുകള്‍ ബെര്‍മുഡ ട്രയാംഗിള്‍ എടുത്തിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

കാണാതായ ഫ്ലൈറ്റ് 19 എന്ന വിമാനത്തെ അന്വേഷിച്ചു പോയ അമേരിക്കയുടെ അഞ്ച് ബോംബര്‍ വിമാനങ്ങളും ഈ പ്രദേശത്ത് വച്ച് കാണാതായിട്ടുണ്ട്. കാന്തികശക്തി ഈ മേഖലയിൽ വളരെ കൂടുതലാണ് എന്നതാണ് ബെർമുഡ ട്രയാംഗിളിനെപ്പറ്റി പ്രധാനമായും പറയപ്പെടുന്നത്. എന്നാൽ ഇത് ശാസ്ത്രീയമായി തെളിയിക്കാനും കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. വെള്ളത്തിന്റെ സാന്ദ്രത കുറയ്ക്കുന്ന മീഥേന്‍ ഹൈഡ്രേറ്റ് വാതകസാന്നിധ്യമാണ് ബെർമുഡ ട്രയാംഗിളിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതയുടെ കാരണമെന്നും പറയപ്പെടുന്നുണ്ട്. 

അമ്പരിപ്പിക്കുന്ന മറ്റൊരു കാര്യം, ഇവിടെ ഇടയ്ക്കിടെ കണ്ടെത്തുന്ന ആളില്ലാത്ത പ്രേതകപ്പലുകളാണ്. പല നാവികരും ഇത്തരം കപ്പലുകളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. മനുഷ്യവാസമില്ലാതെ, യന്ത്രങ്ങളുടെ മുരൾച്ചയില്ലാതെ രാത്രിയും പകലും ഇവയിങ്ങനെ ഒഴുകി നടക്കും. കപ്പൽ യാത്രികളെ ഭയപ്പെടുത്തുന്ന ഒരു കാഴ്ചയാണിത്. 

അഞ്ചുലക്ഷത്തോളം ചതുരശ്ര മൈൽ വിസ്താരത്തിൽ പടർന്നുകിടക്കുന്ന സാങ്കൽപ്പിക ത്രികോണാകൃതിയിലുള്ള ഈ ജലപ്പരപ്പിനെ സംബന്ധിച്ചപഠനങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. ബെർമൂഡ ട്രയാംഗിളിനോട് ചേർന്നുള്ള വലയത്തിൽ അകപ്പെട്ടിട്ട് പുറത്ത് വന്നത് ബ്രൂസ് ജൂനിയറെന്ന പൈലറ്റ് മാത്രമാണ്. അതിസാഹസികമായി വിമാനവുമായി കാർമേഘക്കൂട്ടങ്ങൾക്കിടയിൽ നിന്നും പുറത്ത് കടന്ന ബറൂസിനും പക്ഷെ എന്താണ് യഥാർത്ഥത്തിൽ അവിടെ സംഭവിച്ചതെന്ന് പറയാനായില്ല. 

English Summary : Bermuda Triangle facts theories and mystery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com