ഈജിപ്തിനെ ആക്രമിച്ച ഹൈക്ക്‌സോസ് സത്യമായിരുന്നോ? പല്ലുകളില്‍ ഒളിച്ചിരുന്ന ആ സത്യം ഒടുവില്‍ പുറത്ത്..

HIGHLIGHTS
  • ശ്മശാനങ്ങളില്‍നിന്നു ശേഖരിച്ച മൃതദേഹങ്ങളാണ് പരിശോധിച്ചത്
  • കണ്ടെത്തിയ മൃതദേഹങ്ങളില്‍ ഏറെയും സ്ത്രീകളുടേതായിരുന്നു
archaeologists-debunk-3000-year-old-fake-news
SHARE

ഭൂമിയിലും ആകാശത്തും പാതാളത്തിലും ഒരുപോലെ സ്വാധീനമുള്ളവരെന്നായിരുന്നു പുരാതന ഈജിപ്ഷ്യന്‍ ഫറവോമാര്‍ അറിയപ്പെട്ടിരുന്നത്. അതായത് ഭൂമിയിലെ മനുഷ്യരെയും ആകാശത്തെയും പാതാളത്തിലെയും ദൈവിക ശക്തികളെയും ഒരുപോലെ സ്വാധീനിക്കാന്‍ കഴിവുള്ളവര്‍. ഫറവോമാരെ തോല്‍പിച്ച് ഈജിപ്തിന്റെ ചെറിയ ഭാഗമെങ്കിലും പിടിച്ചടക്കാന്‍ സാധിച്ചവര്‍തന്നെ ആദ്യകാലത്ത് കുറവായിരുന്നു. എന്നാല്‍ ബിസി 1650-1550 കാലത്ത് അത്തരമൊരു അധിനിവേശവും സംഭവിച്ചിരുന്നു. ഹൈക്ക്‌സോസ് എന്ന വിഭാഗക്കാരായിരുന്നു അന്ന് ഈജിപ്തിന്റെ വടക്കന്‍ പ്രദേശത്തെ ആക്രമിച്ചു കീഴ്‌പ്പെടുത്തിയത്. 

ഒരു കൂട്ടം വിദേശ ശക്തികള്‍ ഈജിപ്തിനെ ആക്രമിച്ച്, വടക്കന്‍ മേഖലയില്‍ സമാന്തര ഭരണകൂടം ആരംഭിച്ചതായി ചരിത്ര രേഖകളിലുണ്ട്. കുതിര സവാരിയിലും രഥങ്ങളും അരിവാൾ പോലുള്ള ആയുധങ്ങളും നിര്‍മിക്കുന്നതിലും അഗ്രഗണ്യരായിരുന്നു അവര്‍. ഈജിപ്തിന് ഇതു രണ്ടും പഠിപ്പിച്ചുകൊടുത്തതും ഹൈക്ക്‌സോസ് ആയിരുന്നുവെന്നാണു കരുതുന്നത്. എന്നാല്‍ ഈ വിഭാഗക്കാര്‍ ഒരു കഥ മാത്രമാണെന്നും സത്യത്തില്‍ അത്തരമൊരു അധിനിവേശം നടന്നിട്ടില്ലെന്നും വിശ്വസിക്കുന്ന ചരിത്രകാരന്മാരുണ്ട്. ഈജിപ്തിനെ ആദ്യമായി ആക്രമിച്ച് ഭരണകൂടം സ്ഥാപിച്ച വിദേശശക്തികൾ ഹൈക്ക്‌സോസ് അല്ലെന്നും അവര്‍ വാദിക്കുന്നു. അതിനൊരു ശാസ്ത്രീയ തെളിവും ഗവേഷകര്‍ക്ക് ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്. 

ഹൈക്ക്‌സോസ് ഈജിപ്തിനെ ആക്രമിച്ചു എന്നു പറയുന്ന കാലത്തു രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ ജീവിച്ചിരുന്നവരുടെ മൃതദേഹങ്ങളുടെ പരിശോധനയില്‍നിന്നാണു ഗവേഷകര്‍ക്ക് തെളിവ് ലഭിച്ചത്. അവരുടെ പല്ലിലായിരുന്നു ഹൈക്ക്‌സോസ് വിദേശ ശക്തികളല്ലെന്നും വര്‍ഷങ്ങളായി ഈജിപ്തില്‍തന്നെ താമസിച്ചിരുന്നവരാണെന്നുമുള്ളതിന്റെ തെളിവുകള്‍. ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തി നൈല്‍ നദീതീരത്ത് ജീവിച്ചുപോന്ന അഭയാര്‍ഥികളാണ് അവസാനം ഭരണകൂടത്തിനെതിരെ പോരാട്ടത്തിനൊരൂങ്ങിയതെന്നാണു ഗവേഷകര്‍ പറയുന്നത്. അവര്‍ അധികാരം പിടിച്ചെടുക്കുകയും വര്‍ഷങ്ങളോളം വടക്കന്‍ മേഖല ഭരിക്കുകയും ചെയ്തു. 

archaeologists-debunk-3000-year-old-fake-news

ബിസി 1638ല്‍ ഈജിപ്തിനെ ആക്രമിച്ച് ബിസി 1530ല്‍ ഫറവോയാല്‍ തോല്‍പിക്കപ്പെട്ട് അധികാരം ഇല്ലാതായി എന്നാണ് ചരിത്രരേഖകളില്‍ ഉള്ളത്. എന്നാല്‍ ഹൈക്ക്‌സോസ് എവിടെനിന്നു വന്നവരാണ് എന്നതിന് ഉള്‍പ്പെടെ യാതൊരു ഉത്തരവും ഇതുവരെ ലഭിച്ചിട്ടില്ല. ഹൈക്ക്‌സോസിന്റെ തലസ്ഥാനമായിരുന്ന അവാരിസിലെ ശ്മശാനങ്ങളില്‍നിന്നു ശേഖരിച്ച മൃതദേഹങ്ങളാണ് ഗവേഷണത്തിന്റെ ഭാഗമായി പരിശോധിച്ചത്. 75 മൃതദേഹങ്ങളുടെ പല്ലിന്റെ ഇനാമലിലെ സ്‌ട്രോണ്‍ഷ്യം ഐസോടോപ്പാണ് ഗവേഷകര്‍ ആധുനിക സാങ്കേതികതയുടെ സഹായത്താല്‍ പരിശോധിച്ചത്. 

വെള്ളത്തിലും മണ്ണിലും പാറകളിലുമെല്ലാം കാണുന്ന ഒരു തരം ലോഹമാണ് സ്‌ട്രോണ്‍ഷ്യം. എന്നാല്‍ ഇവ ശരീരത്തിന് കാര്യമായ യാതൊരു ദ്രോഹവും ചെയ്യാറില്ല. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഇവ പ്രധാനമായും മനുഷ്യശരീരത്തിലെത്തുക. ഇവ പിന്നീട് എല്ലിലും പല്ലിലുമെല്ലാം അടിഞ്ഞുകൂടുകയും ചെയ്യും. 3-8 വയസ്സിനിടയിലാണ് പല്ലിന്റെ ഇനാമലില്‍ സ്‌ട്രോണ്‍ഷ്യം അടിഞ്ഞു കൂടുക. ആ സമയത്ത് നാം ഓരോരുത്തരും എവിടെയായിരുന്നു ജീവിച്ചിരുന്നുവെന്നതു വരെ ഈ സ്‌ട്രോണ്‍ഷ്യം പരിശോധനയിലൂടെ മനസ്സിലാക്കാനാകും. ഏതെങ്കിലും പ്രത്യേക പ്രദേശത്തുള്ള സ്‌ട്രോണ്‍ഷ്യം നമ്മുടെ ശരീരത്തിലുള്ളവയുമായി ചേരുന്നുണ്ടോയെന്നു നോക്കിയാല്‍ മതി.

ഹൈക്ക്‌സോസ് വിഭാഗക്കാരുടെ ഇനാമലിലെ സ്‌ട്രോണ്‍ഷ്യം പരിശോധിച്ചപ്പോഴായിരുന്നു ഒരു കാര്യം മനസ്സിലായത്. വര്‍ഷങ്ങളായി നൈല്‍ നദീതീരത്ത് താമസിച്ചിരുന്ന ഈജിപ്തിലെ മറ്റു വിഭാഗക്കാരുടെ ഇനാമലില്‍ കണ്ടെത്തിയ അതേ സ്‌ട്രോണ്‍ഷ്യംതന്നെയായിരുന്നു ഇവരിലും. അതായത് ഹൈക്ക്‌സോസ് വിഭാഗക്കാരും ചെറുപ്പം മുതല്‍ നൈല്‍ നദീ തീരത്തു വളര്‍ന്നവരായിരുന്നു! എന്നാല്‍ അവരെല്ലാം മറ്റു വിദേശരാജ്യങ്ങളില്‍നിന്ന് ഈജിപ്തിലേക്കു പലായനം നടത്തിയവരുമായിരുന്നു. അവാരിസ് അക്കാലത്ത് ശരിക്കുമൊരു ‘ഇന്റര്‍നാഷനല്‍ സിറ്റി’യായിരുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് അത്രയേറെ പേരാണ് അവിടേക്ക് എത്തിയിരുന്നത്. 

തെക്കുപടിഞ്ഞാറന്‍ ഏഷ്യയില്‍ നിലവിലുണ്ടായിരുന്ന തരം പേരുകളായിരുന്നു അന്ന് ഈജിപ്തിന്റെ വടക്കന്‍ മേഖലയില്‍ ഏറെയും. അവരുടെ വസ്ത്രരീതിയിലും ഈജിപ്തുകാരുടേതില്‍നിന്നു വ്യത്യാസമുണ്ടായിരുന്നു. ഈജിപ്തുകാരില്‍നിന്നു വ്യത്യസ്തമായ മൃതദേഹ സംസ്‌കാര രീതിയുമായിരുന്നു അവരുടേത്. അവാരിസില്‍ കണ്ടെത്തിയ മൃതദേഹങ്ങളില്‍ ഏറെയും സ്ത്രീകളുടേതായിരുന്നു. അതും പടിഞ്ഞാറന്‍ ഏഷ്യയില്‍നിന്നുള്ളവരുടെ. അക്കാലത്ത് കരുത്തരായ ഈജിപ്ഷ്യരുമായി ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഒട്ടേറെ പെണ്‍കുട്ടികളെ ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് അവിടേക്ക് വിവാഹം കഴിപ്പിച്ചയച്ചിരുന്നുവെന്നാണു കരുതുന്നത്. അതിനിടെ എങ്ങനെയോ ഈ ദേശാടകര്‍ക്കിടയില്‍ ഫറവോമാര്‍ക്കെതിരെ വിദ്വേഷം നിറയുകയും യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തതാകണം. 

എന്തായാലും 100 വര്‍ഷത്തോളം അവര്‍ ഭരിക്കുകയും ചെയ്തു. പിന്നീട് ഈ ഭൂപ്രദേശം തിരിച്ചുപിടിച്ച ഫറവോമാര്‍ ഹൈക്ക്‌സോസ് വിഭാഗക്കാരെ തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലേക്കാണ് നാടു കടത്തിയതും. ബിസി മൂന്നാം നൂറ്റാണ്ടില്‍ മാനിത്തോ എന്ന പുരോഹിതന്‍ രേഖപ്പെടുത്തിയ വിവരങ്ങളാണ് നിലവില്‍ ഹൈക്ക്‌സോസിനെപ്പറ്റി ഏറ്റവും ആധികാരികമായുള്ളത്. അതിന്മേലാണ് ഇപ്പോള്‍ ആധുനിക ശാസ്ത്രം പുതിയ വിവരങ്ങളുടെ വെളിച്ചം വീശിയിരിക്കുന്നത്.

 English Summary : Archaeologists debunk 3,000 year old fake news

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA