ADVERTISEMENT

വർഷം 1861– ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ റെയിൽവേ നെറ്റ്‌വർക്കിന്റെ ഭാഗമായുള്ള ജോലിയിലായിരുന്നു ബ്രിട്ടിഷ് എൻജിനീയർ ഇ.ബി.ഹാരിസ്. ബിഹാറിലെ സുൽത്താൻഗഞ്ചിൽ റെയിൽവേ സ്റ്റേഷനും പാളങ്ങളും നിർമിക്കുന്നതിനായി പാറക്കൂട്ടം തകർത്തും കാടു വെട്ടിത്തെളിച്ചും മുന്നേറുകയായിരുന്നു സംഘം. വൻതോതിൽ മണ്ണെടുപ്പും പുരോഗമിക്കുകയായിരുന്നു. പത്തടി വരെ ആഴത്തിൽ കുഴിച്ചായിരുന്നു നിർമാണം. അതിനിടെയാണ് ഇഷ്ടികകൊണ്ടു നിർമിച്ച ഒരു അറ കണ്ണിൽപ്പെടുന്നത്. അതിന്റെ മുകൾഭാഗം കുറച്ചു കഷ്ടപ്പെട്ടിട്ടാണെങ്കിലും തൊഴിലാളികൾ  തകർത്തു. പുറത്തെടുത്ത പ്രതിമയാകട്ടെ ഇന്നും ലോകത്തിനു മുന്നിലൊരു അദ്ഭുതമാണ്. ശ്രീബുദ്ധന്റെ പ്രതിമയായിരുന്നു അത്. 

യാതൊരു കേടുപാടും സംഭവിക്കാതെ വർഷങ്ങളായി അതു മണ്ണിനടിയിലെ രഹസ്യ അറയിൽ കിടന്നു. ആരാണ് അത് അവിടെ സൂക്ഷിച്ചിരുന്നതെന്ന വിവരം പോലും അജ്ഞാതം. ഇന്ത്യയിലെ ബുദ്ധമത കേന്ദ്രങ്ങൾക്കു നേരെ പല കാലങ്ങളിലും ആക്രമണമുണ്ടായിട്ടുണ്ട്. അത്തരമൊരു ആക്രമണത്തിനിടെ പ്രതിമ സുൽത്താൻഗഞ്ചിൽ ഒളിപ്പിച്ചതാകാമെന്നാണു കരുതുന്നത്. ഒട്ടേറെ പേർ ആ പ്രതിമ കാണാനും അതിനു വില പറയാനും എത്തിയിരുന്നു. എന്നാൽ ഏഴര അടി ഉയരവും 500 കിലോഗ്രാം ഭാരവുമുള്ള ആ ചെമ്പു പ്രതിമയുടെ മൂല്യം ഒറ്റനോട്ടത്തിൽതന്നെ ഹാരിസിനു മനസ്സിലായിരുന്നു. അദ്ദേഹം ഏതാനും മാസങ്ങൾക്കകം അത് ഇംഗ്ലണ്ടിലെ ബിർമിങ്ങാമിലേക്ക് അയച്ചു. 

history-of-sultanganj-buddha-or-birmingham-buddha
ചിത്രത്തിന് കടപ്പാട്– യൂ ട്യൂബ്

അവിടുത്തെ ഒരു വ്യവസായി തോസൺ തോൺടൻ 200 പൗണ്ട് നൽകിയായിരുന്നു പ്രതിമ സ്വന്തമാക്കിയത്. തോംസണിന്റെ കമ്പനിയിൽനിന്ന് ഈസ്റ്റ് ഇന്ത്യ കമ്പനിക്കാവശ്യമായി റെയിൽ സാമഗ്രികള്‍ വൻതോതിൽ കയറ്റി അയച്ചിരുന്നു. അങ്ങനൊണ് ബുദ്ധ പ്രതിമയെപ്പറ്റി അദ്ദേഹം അറിയുന്നത്. ഇന്ത്യയിലെ അതിന്റെ ഫോട്ടോയ്ക്കും അന്ന് ഏറെ പ്രചാരം ലഭിച്ചിരുന്നു. പ്രതിമ തിരക്കുപിടിച്ചു വാങ്ങിയതിനു പിന്നിൽ മറ്റൊരു ലക്ഷ്യവുമുണ്ടായിരുന്നു. ബിർമിങ്ങാമിൽ പുതുതായി ഒരു മ്യൂസിയം തുടങ്ങാനിരിക്കുകയായിരുന്നു. അതിനിടെയാണ് അത്യപൂർവമായ ഈ ശ്രീബുദ്ധ പ്രതിമയെപ്പറ്റി കേള്‍ക്കുന്നതും വാങ്ങുന്നതും. മ്യൂസിയം അധികൃതരുടെ ഊഹം എന്തായാലും തെറ്റിയില്ല. ഏകദേശം 1500 വർഷത്തെ പഴക്കമുണ്ടായിരുന്നു ആ പ്രതിമയ്ക്ക്. 

ശുദ്ധമായ ചെമ്പിലായിരുന്നു നിർമാണം. ചെമ്പ് ഉരുക്കിയുള്ള അത്തരം ശിൽപവിദ്യ എങ്ങനെ ഇന്ത്യയിലുള്ളവർ 1500 വർഷം മുൻപേതന്നെ സ്വന്തമാക്കി എന്നതായിരുന്നു അവരെ അമ്പരപ്പിച്ച കാര്യം. കളിമണ്ണു കൊണ്ട് പ്രതിമയുടെ ഏകദേശം രൂപമുണ്ടാക്കി അതിൽ ഉമി ചേർത്ത്, അതിലേക്ക് ഉരുകിയ ചെമ്പൊഴിച്ചായിരുന്നു പ്രതിമയുടെ നിർമാണമെന്നു കണ്ടെത്തിയിട്ടുണ്ട്. ഉമിയുടെ പഴക്കം നോക്കിയാണ് കാർബൺ ഡേറ്റിങ്ങിലൂടെ  പ്രതിമയുടെ പഴക്കവും കണ്ടെത്തിയത്. ഗുപ്ത കാലത്തെ ശിൽപവിദ്യയിൽ നിർമിച്ച, ലോകത്ത് ഇന്ന് അവശേഷിക്കുന്ന ഒരേൊയൊരു ലോഹ പ്രതിമയും ഇതാണെന്നാണു പറയപ്പെടുന്നത്. 

ബ്രിട്ടിഷുകാർ ഇന്ത്യയിൽനിന്നു കടത്തിയ കോഹിനൂർ രത്നം തിരികെകൊണ്ടു വരാൻ 2010ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഒരു ശ്രമം നടത്തിയിരുന്നു. അന്ന് ബ്രിട്ടനിൽനിന്ന് ഇന്ത്യ ആവശ്യപ്പെട്ട അമൂല്യ വസ്തുക്കളിൽ സുൽത്താൻഗഞ്ച് ബുദ്ധ എന്നറിയപ്പെടുന്ന ഈ പ്രതിമയുമുണ്ടായിരുന്നു. എന്നാൽ അപ്പോഴേക്കും ബ്രിട്ടിഷുകാർ പ്രതിമയുടെ പേര് ബിർമിങ്ങാം ബുദ്ധ എന്നാക്കി മാറ്റിയിരുന്നു. ഇന്ത്യയ്ക്ക് അവകാശപ്പെട്ട, എന്നാൽ ബ്രിട്ടിഷുകാർ സ്വന്തമാക്കി വച്ചിരിക്കുന്ന അമൂല്യ വസ്തുക്കളിൽ ഇന്നും മുൻനിരയിലാണ് സുൽത്താൻഗഞ്ച് ബുദ്ധയുടെ സ്ഥാനം. പല ചരിത്ര ഗവേഷകരും ഇതിന്റെ നിർമാണത്തിനു പിന്നിലെ രഹസ്യം കണ്ടെത്താൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ എപ്രകാരമാണ് 1500 വർഷം മുൻപ് ഇത്തരമൊരു ശിൽപവിദ്യ ഇന്ത്യയിലുള്ളവർ പഠിച്ചെ‌ടുത്തതെന്ന് ഇനിയും അവർക്ക് കണ്ടെത്താനായിട്ടില്ല. ഇതോടൊപ്പം ശിലയിൽ നിർമിച്ച രണ്ടു ബുദ്ധവിഗ്രഹങ്ങളും 1861ൽ ലഭിച്ചിരുന്നു. അവയും യുകെയിലെ വിവിധ മ്യൂസിയങ്ങളിലുണ്ട്. 2015 വരെ ബിർമിങ്ങാം മ്യൂസിയം ആൻഡ് ആർട് ഗാലറിയിലായിരുന്നു സുൽത്താൻഗഞ്ച് ബുദ്ധയുടെ പ്രതിമ. പിന്നീട് നഗരത്തിൽത്തന്നെ ഫെയ്ത്ത് ഗാലറി എന്ന മ്യൂസിയം തയാറാക്കിയപ്പോൾ അവിടേക്ക് മാറ്റി. വർഷങ്ങളായി മ്യൂസിയത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഈ പ്രതിമ, അതിനാൽത്തന്നെ ഇന്നും അതു വിട്ടുതരാൻ ബ്രിട്ടൻ തയാറല്ലെന്നതാണു സത്യം.

English Summary : History of Sultanganj Buddha or Birmingham Buddha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com