ADVERTISEMENT

2002ലിറങ്ങിയ ഹോളിവുഡ് ഹൊറർ സിനിമയാണ് ‘ഗോസ്റ്റ് ഷിപ്’. 1962ൽ പസിഫിക് സമുദ്രത്തിൽ കാണാതെ പോകുന്ന എസ്എസ് അന്റോണിയ ഗ്രാസ എന്ന കപ്പലിനെ ചുറ്റിപ്പറ്റിയാണു കഥ. ക്യാപ്റ്റനും സകല യാത്രക്കാരുമടക്കം ഒറ്റയടിക്ക് കടലിൽ അപ്രത്യക്ഷമാവുകയായിരുന്നു. എല്ലാവരും കരുതിയത് കപ്പൽ മുങ്ങിപ്പോയതാണെന്നാണ്. എന്നാൽ 40 വർഷത്തിനിപ്പുറം ഒരു കൂട്ടം പര്യവേക്ഷകർ കപ്പൽ കണ്ടെത്തുന്നതും തുടർന്നു നടക്കുന്ന ഭീതിപ്പെടുത്തുന്ന സംഭവങ്ങളുമാണ് ‘ഗോസ്റ്റ് ഷിപ്’ പറയുന്നത്.

എന്നാൽ ഈ സിനിമ പുറത്തിറങ്ങുന്നതിനും 130 വർഷം മുൻപേതന്നെ സമാനമായ ഒരു സംഭവം യഥാർഥത്തിൽ നടന്നിട്ടുണ്ട്. 1872– കടലിൽ ഒട്ടേറെ കപ്പലുകൾ കൊടുങ്കാറ്റിലും ചുഴികളിലും പെട്ട് കാണാതാകുന്ന നാളുകളായിരുന്നു അത്. ഇന്നത്തെപ്പോലെ സാങ്കേതികത വികസിച്ചിട്ടില്ലാത്തതിനാൽ ഓരോ കപ്പൽ യാത്രയും ജീവനും കയ്യിൽപ്പിടിച്ചുള്ളതായിരുന്നു. അത്തരമൊരു യാത്രയിലായിരുന്നു മേരി സെലസ്റ്റ് എന്ന കപ്പലും. നവംബർ ഏഴിന് ന്യൂയോർക്കിൽനിന്ന് ഇറ്റലിയിലേക്കായിരുന്നു ആ ചരക്കു കപ്പലിന്റെ യാത്ര. കപ്പലിലുണ്ടായിരുന്നത് ക്യാപ്റ്റൻ ബെഞ്ചമിന്‍ എസ്. ബ്രിഗ്സ്, ഭാര്യ സാറ, മകൾ രണ്ടു വയസ്സുകാരി സോഫിയ, ഒപ്പം എട്ട് സഹായികളും. 

യാത്ര തുടങ്ങി ഒരു മാസം തികയും മുൻപേ അധികൃതർക്ക് ഒരു സന്ദേശം ലഭിച്ചു. മേരി സെലസ്റ്റിനു സമീപത്തു കൂടി പോയ ഒരു ബ്രിട്ടിഷ് കപ്പലിൽനിന്നായിരുന്നു സന്ദേശം. ഞെട്ടിക്കുന്ന വിവരമായിരുന്നു അവർക്ക് പങ്കുവയ്ക്കാനുണ്ടായിരുന്നത്. മേരി സെലസ്റ്റ് യാതൊരു കുഴപ്പവുമില്ലാതെ നടുക്കടലിലൂടെ ഒഴുകി നടക്കുന്നു. അതിനകത്തേക്കു കയറി നോക്കിയപ്പോഴാകട്ടെ യാത്രക്കാരിൽ ഒരാളു പോലുമില്ല. മാത്രവുമല്ല ആറു മാസത്തേക്കുള്ള ഭക്ഷണവും വെള്ളവും അതിൽ സുരക്ഷിതമായുണ്ടായിരുന്നു! 

അങ്ങനെയാണ് മേരി സെലസ്റ്റിന്റെ ചരിത്രത്തെപ്പറ്റി അന്വേഷമുണ്ടാകുന്നത്. ആദ്യം ഈ കപ്പലിന്റെ പേര് ആമസോണ്‍ എന്നായിരുന്നു. എന്നാൽ കടലിലേക്കിറങ്ങി നാളുകൾക്കം ഇത് കുപ്രസിദ്ധമായി. കപ്പലിന്റെ ആദ്യ ക്യാപ്റ്റൻ രോഗം ബാധിച്ചു മരിച്ചു. പെട്ടെന്നുണ്ടായ അസുഖത്തിലായിരുന്നു മരണം. പിന്നീടൊരിക്കല്‍ ഇംഗ്ലിഷ് ചാനലിൽ ഒരു കപ്പലുമായി മേരി സെലസ്റ്റ് ക‌ൂ‌ട്ടിയി‌ടിക്കുകയും ചെയ്തു. 12 വർഷത്തോളം വ്യത്യസ്ത ഉടമകൾക്കു കീഴിലായിരുന്നു കപ്പൽ. അതിനിടെ ഇൻഷുറൻസ് തട്ടിപ്പ് നടത്തിയതിന്റെ പേരിലും അതിന്റെ ഉടമകളിലൊരാൾ കേസിൽ കുടുങ്ങി. പക്ഷേ ക്യാപ്റ്റന്‍ ബ്രിഗ്സിന്റെ കയ്യിൽ കപ്പൽ സുരക്ഷിതമായിരുന്നു. 

എന്തിനാണ് അദ്ദേഹത്തെപ്പോലെ കടലിനെ ഇത്രയേറെ അടുത്തറിയാവുന്ന ഒരു ക്യാപറ്റൻ അതിനെ ഉപേക്ഷിച്ചത്? കപ്പലിലുള്ളവർ ക്യാപ്റ്റനെയും കുടുംബത്തെയും വകവരുത്തിയതാകാം, അല്ലെങ്കിൽ കടൽക്കൊള്ളാർ ആക്രമിച്ചതാകാം എന്നെല്ലാം തിയറികളേറെയുണ്ടായിരുന്നു. എന്നാൽ കപ്പലിൽ അക്രമത്തിന്റെ യാതൊരു ലക്ഷണവുമുണ്ടായിരുന്നില്ലെന്നതാണു സത്യം. മാത്രവുമല്ല തന്റെ സഹായികളെ ക്യാപ്റ്റൻതന്നെയാണു തിരഞ്ഞടുത്തതും. കപ്പലിലെ എല്ലാവരുടെയും വസ്ത്രങ്ങൾ പോലും വൃത്തിയാക്കി മടക്കിവച്ചിരുന്നു. ഏകദേശം 1700 ബാരൽ ക്രൂഡ് ആൽക്കഹോളുണ്ടായിരുന്നു കപ്പലിൽ. അത് പൊട്ടിത്തെറിച്ച് അപകടമുണ്ടായതാകാമെന്നും പറയപ്പെടുന്നു. അവ സൂക്ഷിച്ചിരുന്ന അറയിലെ ചില വസ്തുക്കൾക്ക് കേടുപാടു സംഭവിക്കുകയും ചെയ്തിരുന്നു. 

കപ്പലിനെ കടലിലെ ഏതോ ഭീകര ജീവി ആക്രമിച്ചതാകാമെന്ന് വിശ്വസിക്കുന്നവരും ഏറെ! എന്നാൽ കാലാവസ്ഥ മോശമായതിനെത്തുടർന്ന് ക്യാപ്റ്റൻ കപ്പൽ ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും കഥകളുണ്ട്. കപ്പലിന്റെ ഏറ്റവും താഴത്തെ അറയിൽ ഏതാനും അടി ഉയരത്തിൽ വെള്ളവുമുണ്ടായിരുന്നു. നവംബർ 25ന് അദ്ദേഹം ദൂരെ കരയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് കപ്പലിൽനിന്ന് രക്ഷപ്പെടുകയായിരുന്നത്രേ! കപ്പലിലെ ഒരു ലൈഫ് ബോട്ട് കാണാതായതും ഈ സംശയം ശക്തമാക്കി. കപ്പലിന്റെ യാത്രാ വിവരങ്ങൾ രേഖപ്പെടുത്തുന്ന ലോഗ് ബുക്കിലും അന്നു രാവിലെ അസോർസ് ദ്വീപിനു സമീപമെത്തിയതായും സാന്റാ മരിയയിലെ ആ ദ്വീപ് സമീപത്തുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

പിന്നെയും 9 ദിവസം കഴിഞ്ഞ് ‘ദെയ് ഗ്രാഷ്യ’ എന്ന ബ്രിട്ടിഷ് കപ്പൽ കണ്ടെത്തുമ്പോൾ പക്ഷേ മേരി സെലസ്റ്റ് അസോർസ് ദ്വീപിൽനിന്ന് ഏകദേശം 400 മൈൽ അകലെയായിരുന്നു! അറ്റ്ലാന്റിക് സമുദ്രത്തിൽ പോർച്ചുഗലിനു പടിഞ്ഞാറായി ഏകദേശം 1000 മൈൽ ദൂരെയായിരുന്നു ഈ ദ്വീപ്. അക്കാലത്തെ നിയമമനുസരിച്ച് കപ്പല്‍ സുരക്ഷിതമായി എത്തിച്ചാൽ നിശ്ചിത തുക ലഭിക്കുമായിരുന്നു. അങ്ങനെ ദെയ് ഗ്രാഷ്യയിലെ അംഗങ്ങൾ രണ്ടായി പിരിഞ്ഞ് കപ്പലിനെ ജിബ്രാൾട്ടറിൽ ചരക്കുകൾ സഹിതം എത്തിച്ചിരുന്നു. തുടക്കത്തിൽ അധികൃതർ കരുതിയത് ബ്രിട്ടിഷ് കപ്പലിലുള്ളവർ സ്വത്ത് ആഗ്രഹിച്ച് മേരി സെലസറ്റിലുള്ളവരെ കൊലപ്പെടുത്തിയെന്നാണ്. എന്നാൽ മൂന്നു മാസത്തോളം അതിനെപ്പറ്റി അന്വേഷിച്ചിട്ടും തെളിവൊന്നും ലഭിച്ചില്ല. 

അക്കാലത്ത് ഏകദേശം 46,000 ഡോളർ മൂല്യമുണ്ടായിരുന്നു കപ്പലിലെ ചരക്കിന്. അതിന്റെ ആറിലൊന്ന് ദെയ് ഗ്രാഷ്യയ്ക്കു കൈമാറി. അപ്പോഴും അധികൃതർക്ക് സംശയം വിട്ടുമാറിയിരുന്നില്ല. 1884ൽ അപസർപ്പക നോവലുകളുടെ തമ്പുരാന്‍ സർ ആർതർ കോനൻ ഡോയ്‌ൽ ഈ കപ്പലുമായി ബന്ധപ്പെട്ട് ഒരു കഥയെഴുതി. അതോ‌ടെ വിഷയം വീണ്ടും  ചർച്ചയായി, അന്വേഷണമായി. പക്ഷേ അതും എവിടെയും എത്താതെ അവസാനിച്ചു. 2002ൽ ഡോക്യുമെന്റേറിയൻ ആൻ മക്ഗ്രിഗറാണ് ഏകദേശം യാഥാർഥ്യത്തോട് അടുത്ത ഒരു കണ്ടെത്തൽ നടത്തുന്നത്. കടലിൽ സമയമറിയുന്നതിനു സഹായിക്കുന്ന ക്രോണോമീറ്ററിലെ പാളിച്ചയാണ് മേരി സെലസ്റ്റിലെ രഹസ്യത്തിനു പിന്നിലെന്നാണ് അവർ പറയുന്നത്. അതു കേടായ നിലയിലായിരുന്നു. അതിനാൽത്തന്നെ വഴി തെറ്റി, ഏകദേശം 120 മൈൽ മാറി സഞ്ചരിക്കുകയായിരുന്നു കപ്പൽ. 

ക്രോണോമീറ്ററിലെ വിവരം പ്രകാരം നേരത്തേ കരുതിയതിനേക്കാൾ 3 ദിവസം മുൻപേ കര കണ്ടെത്താനാകുമെന്ന് ക്യാപ്റ്റൻ പ്രതീക്ഷിച്ചു. അതിനിടെ കടൽക്ഷോഭം ശക്തമായി. കപ്പലിലേക്കു വെള്ളം കയറിത്തുടങ്ങി. രക്ഷാതീരം തേടി സാന്റ മരിയ ദ്വീപിലേക്കു കപ്പൽ തിരിക്കുകയായിരുന്നു ക്യാപ്റ്റന്‍. അതിനിടെയാണ് കപ്പലിന്റെ അടിത്തട്ടിൽ വെള്ളം കയറിയത്. അത് പമ്പ് ചെയ്തു കളയാനുള്ള സംവിധാനം പ്രവർത്തനരഹിതമാവുകയും ചെയ്തു. അതോടെ ഭയന്ന ക്യാപ്റ്റനും സംഘവും കര അടുത്തു തന്നെയുണ്ടല്ലോ എന്ന ക്രോണോമീറ്ററിലെ വിവരത്തെ വിശ്വസിച്ച് ലൈഫ് ബോട്ടുമായി പുറത്തിറങ്ങുകയായിരുന്നു. എന്നാൽ ക്രോണോമീറ്റർ ചതിച്ചു, കര അടുത്തെങ്ങുമുണ്ടായിരുന്നില്ല. മാത്രവുമല്ല കപ്പലിൽ വെളളം കയറിയതുമില്ല. അപ്പോഴേക്കും ലൈഫ് ബോട്ടുമായി ആ സംഘം അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. പക്ഷേ എവിടേക്ക്? ചരിത്രത്തിലെ ഏറ്റവും വലിയ കപ്പൽ നിഗൂഢതയായി, 148 വർഷമായി ആ ചോദ്യം ഇപ്പോഴും ബാക്കിയാണ്.

English Summary: What Happened to the Mary Celeste, the mysterious Ghost Ship?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com