ADVERTISEMENT

സന്ധ്യ മയങ്ങി നേരം ഇരുട്ടിനോ‌‌ടടുക്കുന്നു. നോർവെയിലെ ഹെസ്സ്‌ഡാലെൻ താഴ്‌വരയാണു സ്ഥലം. ആകാശത്തേക്കു നോക്കിനിൽക്കെ പെട്ടെന്നതാ ഒരു മഞ്ഞ വെളിച്ചം. തൊട്ടുപിന്നാലെ ഗോളാകൃതിയിൽ പച്ചയും നീലയും വെളിച്ചങ്ങൾ. അവയതാ താഴ്‌വരയ്ക്കു മുകളിലുടെ പതിയെ സഞ്ചരിക്കുന്നു. അന്തരീക്ഷത്തിൽനിന്നു പ്രത്യക്ഷപ്പെട്ട് അന്തരീക്ഷത്തിൽത്തന്നെ അപ്രത്യക്ഷമാകുന്ന ആ അജ്ഞാത പ്രതിഭാസം ഒരു നൂറ്റാണ്ടിലേറെയായി നോർവെയിലെ ആ തണുപ്പൻ താഴ്‌വരയിലുണ്ട്. നാലു പതിറ്റാണ്ടിലേറെയായി ഗവേഷകർ അതിനെപ്പററി പഠിക്കുന്നു. പറക്കുംതളികാ പ്രതിഭാസം മുതൽ സമീപത്തെ തടാകത്തിലെ പ്രത്യേക തരം വാതകങ്ങൾ വരെ ഇതിനോടകം ഹെസ്സ്ഡാലെൻ ലൈറ്റ്സ് എന്നു പേരുവീണ ആ പ്രകാശവിന്യാസത്തിനുള്ള കാരണമായി വിശദീകരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ‘എന്നെക്കുറിച്ച് ഇനിയും പഠിക്കാനേറെയുണ്ട്’ എന്നു വെല്ലുവിളിക്കും വിധം ഇന്നും തുടരുകയാണ് നോർവെയിലെ ഈ അദ്ഭുതം. എന്താണു സത്യത്തില്‍ ഹെസ്സ്‌ഡാലെൻ ലൈറ്റ്സ്

ഒട്ടേറെ തവണ വിഡിയോയിലും പതിഞ്ഞിട്ടുണ്ട് ഈ വെളിച്ച പ്രതിഭാസം. ചിലപ്പോൾ ഈ പ്രകാശ ഗോളങ്ങള്‍ക്ക് ഒരു കാറോളം വലുപ്പമുണ്ടാകും. രണ്ടു മണിക്കൂർ വരെ അവ ആകാശത്തു തുടരുകയും ചെയ്യും. മറ്റു ചില പ്രകാശ ഗോളങ്ങൾ താഴ‌വരയിലൂടെ തെന്നി നീങ്ങി പെട്ടെന്ന് അപ്രത്യക്ഷമാകും ചിലത് കണ്ണടച്ചു തുറക്കുമ്പോഴേക്കും അപ്രത്യക്ഷമാകും. നീലയും വെളുപ്പും നിറത്തിലുള്ള പ്രകാശഗോളങ്ങളാണ് അത്തരത്തിൽ പെട്ടെന്ന് അപ്രത്യക്ഷമാകുന്നത്. ചിലപ്പോൾ വലിയ ഗോളങ്ങൾ പലതായി പിരിയുന്നതും കാണാം. രാവിലെയും ഈ പ്രതിഭാസം കാണാം. അപ്പോൾ പക്ഷേ ആകാശത്ത് ചില ലോഹവസ്തുക്കള്‍ നിൽക്കുന്ന പ്രതീതിയാണപ്പോൾ.

mystery-of-hessdalen-lights-norway
ഹെസ്സ്ഡാലെൻ ലൈറ്റ്സ്. ചിത്രത്തിന് കടപ്പാട് – യു ട്യൂബ്

1980കളുടെ ആരംഭത്തിൽ ആഴ്ചയിൽ ഇരുപതിലേറെ തവണ ഹെസ്സ്‌ഡാലെൻ ലൈറ്റിസിന്റെ സാന്നിധ്യമുണ്ടായിരുന്നു. അക്കാലത്ത് യുഎഫ്ഒ അഥവാ പറക്കുംതളികാ പ്രേമികളുടെ ആസ്ഥാനമായിരുന്നു നോർവെ. ‘ഞങ്ങൾ വാദിക്കുന്നതു സത്യമാണെന്നു വിശ്വസിക്കാൻ ഹെസ്സ്‌ഡാലെൻ താഴ്‌വരയിലേക്കു വരൂ..’ എന്നായിരുന്നു യുഎഫ്ഒ ഫാൻസിന്റെ ആഹ്വാനം. എന്നാൽ ഗവേഷകരെ സംബന്ധിച്ചിടത്തോളം, തെളിയിക്കാൻ മറ്റൊരു ശാസ്ത്ര രഹസ്യം മാത്രമായിരുന്നു അത്. അവരതിന് ഏറെ ശ്രമിക്കുകയും ചെയ്തു. 

നേരത്തേ ഒരു ഖനി പ്രദേശായിരുന്നു ഹെസ്സ്‌ഡാലെൻ താഴ്‌വര. പിന്നീട് ഖനനം നിർത്തി, പ്രദേശത്ത് ആളനക്കങ്ങളുമില്ലാതായി. അതോടെയായിരുന്നു പ്രകാശ ഗോളങ്ങളുടെയും വരവ്. ഭൂമിയിൽനിന്നുയരുന്ന റാഡൺ എന്ന റേഡിയോ ആക്ടിവ് മൂലകത്തിന്റെ സാന്നിധ്യമാണിതെന്ന് ഒരു കൂട്ടർ പറയുന്നു. പ്രത്യേകതരം ഇടിമിന്നലാണെന്നു പറയുന്നവരുമുണ്ട്. ഒരു ബാറ്ററിയിൽ വൈദ്യുതി ഉൽപാദിപ്പിക്കപ്പെടുന്നതു പോലെ ഹെസ്സ്ഡാലെൻ പ്രദേശത്തും സാഹചര്യമുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ലോഹങ്ങളടങ്ങിയ പാറ താഴ്‌വരയിലുണ്ടെന്നും അവയ്ക്കിടയിലൂടെ സൾഫർ ഒഴുകുന്നുണ്ടെന്നും ഇക്കൂട്ടർ വാദിക്കുന്നു. അങ്ങനെ ഒരു പ്രകൃതിദത്ത ബാറ്ററി അവിടെ രൂപപ്പെടുന്നു. അത്തരം സാഹചര്യത്തിൽ ആകാശത്തു പ്രകാശഗോളങ്ങൾ സാധാരണമാകും. താഴ്‌വരയില്‍നിന്നു ശേഖരിച്ച വസ്തുക്കൾ പരിശോധിച്ചാണ് ഒരു ഇറ്റാലിയൻ ഗവേഷക സംഘം ഈ നിഗമനത്തിലെത്തിയത്. 

അന്തരീക്ഷത്തിലെ ‘അയണൈസ്ഡ്’ വാതങ്ങളിൽനിന്നാണ് പ്രകാശഗോളം രൂപപ്പെടുന്നതെന്ന് മറ്റൊരു വാദം. താഴ്‌‍‌വരയിലെ ഹെസ്ജ എന്ന നദിയിൽനിന്ന് സൾഫർ വാതകം ഉയരുന്നുണ്ടെന്നാണ് ഇക്കൂട്ടർ പറയുന്നത്. ഇത് അന്തരീക്ഷത്തിലെ ഈർപ്പംനിറഞ്ഞ വായുവുമായി ചേരുമ്പോഴാണ് അയണൈസ്ഡ് വാതകക്കുമിളകൾ രൂപപ്പെടുന്നത്. അതാണു പ്രകാശ ഗോളങ്ങളെന്നും അവർ വാദിക്കുന്നു. 2010നു ശേഷം വർഷത്തിൽ പത്തോ ഇരുപതോ തവണ എന്ന നിലയിലേക്ക് ഈ പ്രതിഭാസം കുറഞ്ഞു. അതോടെ കാത്തിരുന്നു ഭാഗ്യമുണ്ടെങ്കിൽ മാത്രം ഈ പ്രകാശാദ്ഭുതത്തെ കാണാമെന്ന അവസ്ഥയുമായി.

 English Summary : Mystery of Hessdalen lights Norway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com