ADVERTISEMENT

ചുരുളഴിയാത്ത രഹസ്യങ്ങളെ ഇഷ്ടപ്പെടുന്നവരുടെ മനസ്സിലെന്നും നിറഞ്ഞുനിൽക്കുന്ന പേരാണ് ബർമുഡ ട്രയാംഗിൾ. ഇത്രയേറെ നിഗൂഢമായതും ചർച്ച ചെയ്യപ്പെട്ടതുമായ ഒരു പ്രദേശം ലോകത്ത് അപൂർവമാണെന്നുതന്നെ പറയാം. പക്ഷേ ബർമുഡ ട്രയാംഗിളിലെ കുപ്രസിദ്ധമാക്കിയ സംഭവത്തെപ്പറ്റി കേട്ടിട്ടുണ്ടോ? 1945 ഡിസംബർ അഞ്ചിന് നടന്ന ഒരു സംഭവത്തിനു പിന്നാലെയാണ് ബർമുഡ ട്രയാംഗിളിലെ ശാപത്തെപ്പറ്റിയുള്ള കഥകൾക്ക് ഏറെ പ്രചാരം ലഭിച്ചത്. കപ്പലുകളുടെ ശവപ്പറമ്പെന്നാണ് അറ്റ്ലാന്റിക് സമുദ്രത്തിലെ ഈ ഭാഗം അറിയപ്പെടുന്നത്. അതിനു മുകളിലൂടെ പറക്കുന്ന വിമാനങ്ങൾ വരെ കടലിലേക്കു വലിച്ചെടുക്കപ്പെടുന്നുവെന്നായിരുന്നു വാദം. അതിനു ബലം പകരുന്ന സംഭവമാണ് 1945ലുണ്ടായത്.

അന്ന് ഉച്ചയ്ക്ക് 2.10ന് ഫ്ലോറിഡയിലെ വ്യോമതാവളത്തിൽനിന്ന് അഞ്ച് വിമാനങ്ങൾ പറന്നുയർന്നു. നാവികസേനയുടെ പരീക്ഷണപ്പറക്കലിന്റെ ഭാഗമായ അഞ്ച് ടിബിഎം അവഞ്ചർ ടോർപിഡോ ബോംബർ വിമാനങ്ങളായിരുന്നു അവ. ഒരു വിമാനത്തിൽ മാത്രം രണ്ടു പേർ, ബാക്കിയെല്ലാത്തിലും 3 പേർ വീതവും. ഫ്ലൈറ്റ് 19 എന്നായിരുന്നു വിമാനങ്ങളുടെ ആ വിന്യാസം അറിയപ്പെട്ടിരുന്നത്. നയിച്ചതാകട്ടെ രണ്ടാം ലോകമഹായുദ്ധത്തിൽ ഉൾപ്പെടെ ആകാശ പോരാട്ടങ്ങൾ നടത്തി പേരെടുത്ത ലഫ്. ചാൾസ് സി.ടെയ്‌ലറും. മറ്റു വിമാനങ്ങളിലെ വൈമാനികരെല്ലാം 300 മണിക്കൂറിലേറെ ആകാശത്തു പറന്ന് പരിചയം നേടിയവരായിരുന്നു. 3 മണിക്കൂറായിരുന്നു പറക്കൽ. 

bermuda-triangle-facts-theories-and-mystery

ആദ്യഘട്ടത്തിൽ ഫ്ലോറിഡയ്ക്കു കിഴക്കോട്ടു പറന്ന് ഹെൻസ് ആൻഡ് ചിക്കൻസ് ഷോൽസ് എന്നറിയപ്പെടുന്ന പവിഴപ്പുറ്റിൽ ബോംബിടണം. യഥാർഥ ബോംബല്ല, പരിശീലനത്തിന് ഉപയോഗിക്കുന്ന ഡമ്മി ബോംബുകൾ. അവിടെനിന്ന് വടക്കോട്ടു പറന്ന് ഗ്രാന്റ് ബഹാമസ് ദ്വീപിനു മുകളിലൂടെ നിരീക്ഷണം നടത്തി തിരികെ വ്യോമതാളത്തിലേക്ക് പോകണമെന്നതായിരുന്നു വിമാനങ്ങൾക്കു നൽകിയ നിർദേശം. 2.30ന് സംഘം ഹെൻസ് ആൻഡ് ചിക്കൻസ് ദ്വീപിനു മുകളിലൂടെ പറന്നു. എന്നാൽ അവിടെനിന്ന് വടക്കോട്ടുള്ള യാത്രയിലാണ് അജ്ഞാതമായതെന്തോ സംഭവിച്ചത്. ചാൾസിന്റെ വിമാനത്തിലെ ദിശാസൂചികൾ ഭ്രാന്തുപിടിച്ചതു പോലെ കറങ്ങി. വിമാനം തെറ്റായ ദിശയിലേക്കു പറക്കാൻ തുടങ്ങി. പിന്നാലെ കനത്ത മഴയും കാറ്റും ആരംഭിച്ചു. ഇരുണ്ട മേഘങ്ങൾ കാഴ്ച മറച്ചു. 

‘എനിക്കറിയില്ല നമ്മൾ എവിടെയാണെന്ന്.. നമുക്ക് ദിശ തെറ്റിയിരിക്കുന്നു..’ പൈലറ്റുമാരിലൊരാളുടെ ഈ സന്ദേശം സമീപത്തു കൂടി പറന്നിരുന്ന മറ്റൊരു നാവികസേന പരിശീലകനായ ലഫ്. റോബർട്ട് എഫ്.കോക്സിന്റെ വിമാനത്തിൽ ലഭിച്ചു. അദ്ദേഹം ഉടൻതന്നെ അത് ഫ്ലോറിഡയിലെ വ്യോമതാവളത്തിലും എത്തിച്ചു. താൻ സഹായിക്കണമോയെന്ന് ചാൾസിന് റേഡിയോ സന്ദേശമയയ്ക്കുകയും ചെയ്തു. എന്നാൽ താൻ ഫ്ലോറിഡ കീസ് ദ്വീപിനു മുകളിലുണ്ടെന്നായിരുന്നു ചാൾസിന്റെ മറുപടി. അതായത് വ്യോമതാവളത്തിനു സമീപം. എന്നാൽ കമാൻഡർ നയിക്കുന്നത് തെറ്റായ ദിശയിലേക്കാണെന്നായിരുന്നു സഹപൈലറ്റുമാർ പറഞ്ഞത്. ഒരു വിമാനം മാത്രം ചാൾസിനെ പിന്തുടരാതെ ദിശ മാറ്റി പറന്നെങ്കിലും മറ്റുള്ളവർ ചാൾസിനെ അനുഗമിച്ചു.

the-mysterious-disappearance-of-flight-19-and-bermuda-triangle1

ഗ്രാന്റ് ബഹാമാസിനെ ഫ്ലോറിഡ കീസ് ദ്വീപായി ചാൾസ് തെറ്റിദ്ധരിച്ചതാകാമെന്നാണു കരുതുന്നത്. അവസാനമായി ചാൾസിൽനിന്നു ലഭിച്ച സന്ദേശം താൻ ക്രാഷ് ലാന്‍ഡിങ്ങിനൊരുങ്ങുന്നു എന്നായിരുന്നു. പിന്നാലെ റേഡിയോ സ്റ്റേഷനിലെത്തിയത് അവ്യക്ത ശബ്ദങ്ങൾ മാത്രം. രാത്രി ഏഴരയോടെ തിരച്ചിൽ വിമാനങ്ങളും ഫ്ലയിങ് ബോട്ടുകളും അറ്റ്ലാന്റിക്കിനു മുകളിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു. എന്നാൽ 13 പേരുമായി പറന്നുയർന്ന ഒരു ഫ്ലയിങ് ബോട്ട് നിമിഷങ്ങൾക്കകം റഡാറിൽനിന്ന് അപ്രത്യക്ഷമായി. പിറ്റേന്നും മുന്നൂറിലേറെ വിമാനങ്ങളും ഫ്ലയിങ് ബോട്ടുകളും കാണാതായവരെ തേടിയിറങ്ങി. അഞ്ചു ദിവസംകൊണ്ട് അറ്റ്ലാന്റിക്കിലെ ഏകദേശം മൂന്നു ലക്ഷം ചതുരശ്ര മൈൽ പ്രദേശമാണ് തിരച്ചിൽ സംഘം പരിശോധിച്ചത്. ദ്വീപുകളിലും കടലിലും പരിശോധിച്ചു, പക്ഷേ മനുഷ്യരുടെയോ വിമാനങ്ങളുടെയോ യാതൊരു ശേഷിപ്പുമുണ്ടായിരുന്നില്ല. 

ടേക്ക് ഓഫിനു പിന്നാലെ ഫ്ലയിങ് ബോട്ട് പൊട്ടിത്തെറിച്ചതാകാമെന്നാണു കരുതുന്നത്. ഫ്ലോറിഡയ്ക്കു സമീപത്തുകൂടെ പോയ ഒരു ചരക്കുകപ്പലിലെ യാത്രക്കാർ ആകാശത്ത് തീഗോളം കണ്ടിരുന്നതായി പറഞ്ഞിരുന്നു. മാത്രവുമല്ല, വെള്ളത്തിൽ എണ്ണപ്പാടയും കണ്ടെത്തി. പക്ഷേ അതിലെ യാത്രക്കാരും ഫ്ലൈറ്റ് 19ലെ സംഘവും എവിടെ? ഒരു ചെറിയ സൂചന പോലുമില്ലാതെ അപ്രത്യക്ഷമായത് 27 പേർ! പിന്നീട് പലപ്പോഴായി നടത്തിയ തിരച്ചിലുകളും ഫലം കണ്ടില്ല. 1960–70കളിലിറങ്ങിയ ചില മാഗസിനുകളാണ് ഫ്ലൈറ്റ് 19 തിരോധാനത്തെ ബർമുഡ ട്രയാംഗിളുമായി കൂട്ടിക്കെട്ടിയത്. 1977ൽ ‘ക്ലോസ് എൻകൗണ്ടേഴ്സ് ഓഫ് ദ് തേഡ് കൈൻഡ്’ എന്ന ഹോളിവുഡ് ചിത്രം കൂടി പുറത്തിറങ്ങിയതോടെ നിഗൂഢ സിദ്ധാന്തങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വരാന്‍ തുടങ്ങി. ഫ്ലൈറ്റ് 19ലെ യാത്രികരെ അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയി വർഷങ്ങൾക്കു ശേഷം മെക്സിക്കോയിലെ മരുഭൂമിയിൽ ഉപേക്ഷിക്കുന്നതായിരുന്നു ചിത്രത്തിന്റെ കഥ. 

അതിനിടെ പരിശീലപ്പറക്കലിനു മുൻപ്, അന്നേദിവസം തന്നെ ഒഴിവാക്കണമെന്ന് ചാൾസ് ആവശ്യപ്പെട്ടതായുള്ള വിവരം പുറത്തുവന്നു. അപകടം നടക്കുമെന്ന് അദ്ദേഹത്തിന് മുൻകൂട്ടി അറിയാവുന്നതിന്റെ സൂചനയായിരുന്നു അത്. മാത്രവുമല്ല അപകടം നടക്കുമ്പോൾ രക്ഷയ്ക്കായി അയയ്ക്കുന്ന റേഡിയോ സന്ദേശങ്ങളൊന്നും നാവികസേനയുടെ ടവറുകളിലേക്ക് ആരും അയച്ചില്ല. വിമാനങ്ങളുടെ ലൊക്കേഷൻ കണ്ടെത്താനുള്ള സംവിധാനം പോലും പ്രവർത്തിപ്പിച്ചിരുന്നില്ല. പരിചയ സമ്പന്നരായ പൈലറ്റുമാരുടെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കവും ഇന്നും ലോകത്തിന്റെ മനസ്സിലെ സംശയമാണ്. 1991ൽ ഏതാനും അവഞ്ചർ വിമാനങ്ങളുടെ അവശിഷ്ടം അറ്റ്ലാന്റിക്കിൽനിന്നു കണ്ടെത്തിയെങ്കിലും അവ ഫ്ലൈറ്റ് 19ന്റേത് അല്ലെന്നു തെളി‍ഞ്ഞു. അതോടെ ആ ദുരൂഹത ഇനിയും തെളിയാതെ ബാക്കി...

 English Summary : The Mysterious Disappearance of Flight 19 and Bermuda Triangle 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com