ADVERTISEMENT

ചൊവ്വയിൽ ജീവനുണ്ടോ? വെള്ളമുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ മനുഷ്യർ ചൊവ്വയെ ആദ്യമായി കണ്ടനാൾ മുതൽ തുടങ്ങിയതാകും. ഏതായാലും ഇടയ്ക്കൊന്നു തണുത്ത ഈ ചോദ്യങ്ങൾക്കെല്ലാം വീണ്ടും ചൂടുപിടിപ്പിച്ച് വളരെ പ്രധാനപ്പെട്ട ഒരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ്. ചൊവ്വയിൽ മൂന്നു തടാകങ്ങളുണ്ടെന്നതാണ് ഇത്.

രണ്ടു വർഷം മുൻപു തന്നെ ചൊവ്വയുടെ ദക്ഷിണധ്രുവത്തിൽ മഞ്ഞുപാളികൾക്കടിയിൽ ഒരു വലിയ വെള്ളം നിറഞ്ഞ തടാകമുണ്ടെന്നു ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് ഉറപ്പിക്കാനാകില്ല എന്നായിരുന്നു അന്ന് ശാസ്ത്രജ്ഞർ പറഞ്ഞത്.

അതിനു ശേഷം ഈ സ്ഥലത്ത് ശാസ്ത്രജ്ഞൻമാർ, മാഴ്സ് എക്സ്പ്രസ് എന്ന പേടകം ഉപയോഗിച്ചു കൂടുതൽ നിരീക്ഷണങ്ങൾ നടത്തി.നേരത്തെ കണ്ട തടാകം യഥാർഥത്തിലുണ്ടെന്ന് തെളിഞ്ഞു. നിരീക്ഷണത്തിനിടെ 3 പുതിയ തടാകങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. 75000 ചതുരശ്ര കിലോമീറ്ററുകളോളം സ്ഥലത്തു വ്യാപിച്ചു കിടക്കുകയാണത്രേ ഈ തടാകങ്ങൾ. ഏകദേശം കേരളസംസ്ഥാനത്തിന്റെ രണ്ടിരട്ടി വിസ്തീർണം.

∙ജീവനുണ്ടോ ജീവൻ?

ചൊവ്വയുടെ അന്തരീക്ഷം നേർത്തതാണ്. വായുമർദ്ദമൊക്കെ വളരെക്കുറവ്, ഇതു മൂലം ഗ്രഹത്തിന്റെ ഉപരിതലത്തിൽ വെള്ളമുണ്ടാകാൻ ചാൻസ് വളരെ കുറവാണ്. എന്നാൽ ഐസിന്റെ അടിയിൽ വെള്ളമുണ്ടാകാം. നമ്മുടെ അന്റാർട്ടിക്കയിലൊക്കെ ഉള്ളതുപോലെ. ഒരുകാലത്ത് ചൊവ്വയിൽ ജലാശയങ്ങളൊക്കെ ഉണ്ടായിരുന്നിരിക്കാം എന്നു ചില ശാസ്ത്രജ്ഞർ വിശ്വസിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ അന്നത്തെ വെള്ളമാകാം ഇങ്ങനെ ട്രാപ് ചെയ്തു കിടക്കുന്നത്. പഴയകാലത്ത് ജീവാണുക്കളും സൂക്ഷ്മാണുക്കളുമൊക്കെയുണ്ടായിരുന്നെങ്കിൽ ഇപ്പോഴും അതവിടെയുണ്ടാകാം.

researchers-found-evidence-of-existing-body-of-water-on-mars
Photo Credit : Pike-28

എന്നാൽ പറയുന്നതു പോലെ അത്ര നിസാരമല്ല കാര്യങ്ങൾ.ചൊവ്വയിൽ വെള്ളമുണ്ടെങ്കിൽ പോലും അതിൽ ഉപ്പുരസം വളരെക്കൂടുതൽ ആയിരിക്കുമെന്നാണു ശാസ്ത്രജ്ഞരുടെ ചിന്ത. നമ്മുടെ കടൽവെള്ളത്തിലും ഉപ്പുരസമുണ്ടല്ലോ. അതുപോലെയാണെങ്കിൽ കുഴപ്പമില്ല, അതിന്റെ അഞ്ചിരട്ടിയാണെങ്കിലും കുഴപ്പമില്ല. പക്ഷേ അതിനുമപ്പുറം വലിയ അളവുകളിലാണ് ഉപ്പു കലർന്നിരിക്കുന്നതെങ്കിൽ പണിയാണ്. ജീവൻ ഉണ്ടാകാനുള്ള സാധ്യത കുറയും.

∙ചുവപ്പൻ ചൊവ്വ

ഭൂമിയുടെ അയൽഗ്രഹമായതുകൊണ്ടും ചുവപ്പൻ നിറമുള്ളതുകൊണ്ടും ഭൂമി കഴിഞ്ഞാൽ മനുഷ്യർക്ക് ഏറ്റവും പരിചിതമായ ഗ്രഹം. ഭൂമിയുടെ പകുതി വലുപ്പം. ചുവന്ന നിറം കണ്ട് റോമാക്കാരാണ് ചൊവ്വയ്ക്ക് മാഴ്സ് എന്നു പേരുകൊടുത്തത്, അവരുടെ യുദ്ധദേവതയാണ് മാഴ്സ്. ഇരുമ്പ് ധാരാളമടങ്ങിയ ചെമന്ന മണ്ണാണ് ചൊവ്വയിലുള്ളത്. കാണാനൊരു ചൂടൻ ലുക്കുണ്ടെങ്കിൽ ചൊവ്വയിലെ അന്തരീക്ഷം വളരെ തണുത്തതാണ്.–60 ഡിഗ്രിയൊക്കെയാണ് സാധാരണ താപനില. എന്തൊരു തണുപ്പായിരിക്കും അല്ലേ?

കാർബൺ ഡയോക്സൈഡാണ് ചൊവ്വയുടെ അന്തരീക്ഷത്തിൽ കൂടുതൽ. ഭൂമിക്ക് ഒരു ചന്ദ്രൻ ആണെങ്കിൽ ചൊവ്വയ്ക്ക് രണ്ടെണ്ണം ഉണ്ട്. ഫോബോസും ഡീമോസും. ഇവ ചൊവ്വയിൽ നിന്ന് ഉണ്ടായതാണെന്നും അതല്ല, വഴിയെ പോയ ഏതോ ചിന്നഗ്രഹങ്ങളെ ചൊവ്വ പിടിച്ചെടുത്തതാണെന്നും പല വാദങ്ങൾ ശാസ്ത്രജ്ഞർക്കിടയിലുണ്ട്. ഏതായാലും അനേക കോടി വർഷം കഴിഞ്ഞാൽ ചൊവ്വയിലേക്കു ഫോബോസ് ഇടിച്ചിറങ്ങും. സൗരയൂഥത്തിലെ ഏറ്റവും ഉയരമുള്ള പർവതം ചൊവ്വയിലുണ്ട്. ഒളിംപസ് മോൺസ് എന്നറിയപ്പെടുന്ന ഇതിന് എവറസ്റ്റിന്റെ മൂന്നു മടങ്ങാണ് ഉയരം.

നമ്മുടെ തൊട്ടടുത്ത ഗ്രഹമായതുകൊണ്ടും ജീവനു സാധ്യതയുള്ളതുകൊണ്ടും മനുഷ്യർക്ക് ഏറെ താൽപര്യമുള്ള ഗ്രഹമാണു ചൊവ്വ. നമ്മുടെ ഇസ്റോ മുതൽ നാസ വരെ പല ചൊവ്വാ പര്യവേക്ഷണ ദൗത്യങ്ങളും വിട്ടിട്ടുണ്ട്. ഇലോൺ മസ്കിനെ പോലെ ശതകോടീശ്വരൻമാരായ പലർക്കും ചൊവ്വാ പര്യവേക്ഷണം താൽപര്യമാണ്. തന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് നിർമിച്ച ബിഎഫ്ആർ എന്ന വലിയ റോക്കറ്റ് ചൊവ്വയിലേക്കു മനുഷ്യനെ കൊണ്ടുപോകുന്നതിൽ നിർണായകമാകുമെന്നാണു മസ്കിന്റെ പ്രതീക്ഷ. ചൊവ്വാക്കോളനികളും പല കമ്പനികളും ലക്ഷ്യമിടുന്നു.

ചൊവ്വയെ ശക്തമായിട്ടൊന്നു നിരീക്ഷിക്കാൻ നമ്മൾ പല ബഹിരാകാശ പദ്ധതികളും വിട്ടിട്ടുണ്ട്. മംഗൽയാൻ പോലുള്ളവയൊക്കെ ഉദാഹരണം.ചൊവ്വയുടെ ഉപരിതലത്തിലിറങ്ങി പരിശോധിക്കാനായി ഓപ്പർച്യൂണിറ്റി, സ്പിരിറ്റ് എന്നീ റോവറുകളെ നാസ വിട്ടിരുന്നു. 2018ൽ ഇവ പണിമുടക്കി. ഇപ്പോൾ എവിടെയാണെന്ന് അറിയില്ല. 2011ൽ വിട്ട ക്യൂരിയോസിറ്റി ഇപ്പോഴും ചൊവ്വയിൽ കറങ്ങിനടക്കുന്നുണ്ട്. ഇടയ്ക്ക് ചൊവ്വയുടെ കിടിലൻ ചിത്രങ്ങളും ഈ ചങ്ങാതി പകർത്തി അയയ്ക്കും.2021 പെഴ്സിവറൻസ് എന്നൊരു റോവറും ചൊവ്വയിലിറങ്ങുന്നുണ്ട്.

 English Summary : Researchers found evidence of existing body of water on Mars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com