ബഹാമാസിലെ നരഭോജികൾ; ദ്വീപിൽ കൊളംബസ് കണ്ടത് സത്യമായിരുന്നു

HIGHLIGHTS
  • അവർ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകും
  • ശത്രുക്കളെ ഭയപ്പെടുത്താൻ വേണ്ടിയായിരുന്നു
caribbean-cannibals-from-the-diaries-of-columbus
ചിത്രത്തിന് കടപ്പാട് : സമൂഹമാധ്യമം
SHARE

ഇറ്റാലിയൻ സഞ്ചാരിയായ ക്രിസ്റ്റഫർ കൊളംബസ് 1492ലാണ് കരീബിയൻ ദ്വീപുസമൂഹങ്ങളിലൊന്നായ ബഹാമാസിലെത്തുന്നത്. അവിടെ കണ്ട ഒരുകൂട്ടം മനുഷ്യരെപ്പറ്റി അദ്ദേഹം തന്റെ കുറിപ്പുകളിൽ എഴുതിയിരുന്നു. ‘നരഭോജികളായ കൊള്ളക്കാർ’ എന്നാണ് അവരെ കൊളംബസ് വിശേഷിപ്പിച്ചത്. കാനിബ എന്നും വിളിപ്പേരുള്ള അവർ കൊളംബസിനെയും സംഘത്തെയും പലയിടത്തുവച്ചും ആക്രമിച്ചതായും കുറിപ്പുകളിൽ ഉണ്ടായിരുന്നു. എന്നാൽ മത്സ്യകന്യകകളെ വരെ കണ്ടിട്ടുണ്ടെന്ന് എഴുതിയിട്ടുള്ള കൊളംബസിന്റെ മറ്റൊരു നുണയാണ് അതെന്നായിരുന്നു ചരിത്രഗവേഷകർ ഇതുവരെ കരുതിയിരുന്നത്. അങ്ങനെയല്ലെന്നു തെളിഞ്ഞിരിക്കുകയാണിപ്പോൾ. 

കൊളംബസ് വരുന്നതിനു മുൻപേതന്നെ ബഹാമാസിൽ മനുഷ്യരുണ്ടായിരുന്നു, ഒരുപക്ഷേ അവർ നരഭോജികളായിരുന്നിരിക്കാമെന്നും ഫ്ലോറിഡ മ്യൂസിയം ഓഫ് നേച്വറൽ ഹിസ്റ്ററിയുടെ പഠനത്തിൽ പറയുന്നു. കാനിബ എന്നറിയപ്പെട്ടിരുന്നത് തെക്കേ അമേരിക്കയിൽ നിന്നുള്ള ഒരു വിഭാഗമായിരുന്നു. ‘കരിബ്സ്’ എന്നാണ് അവര്‍ക്കു ചരിത്രകാരന്മാർ നൽകിയിരിക്കുന്ന പേര്. വടക്കുപടിഞ്ഞാറൻ ആമസോൺ മേഖലയിൽ നിന്നുള്ള ഇവർ എഡി 800 മുതൽ ഒട്ടേറെ കരീബിയൻ ദ്വീപുകൾ കീഴ്പ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ കരിബുകൾ അക്കാലത്തൊന്നും ബഹാമാസ് വരെ എത്തിയിരുന്നില്ലെന്നാണ് ചരിത്രം ഇതുവരെ വിശ്വസിച്ചിരുന്നത്. അതിനാലാണ് അവർ കൊളംബസിനെ അവിശ്വസിച്ചതും. 

എന്നാൽ സയന്റിഫിക് റിപ്പോർട്ട്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇപ്പോൾ ചരിത്രത്തിലേക്കു പുതിയ വെളിച്ചം വീശിയിരിക്കുന്നത്. ഇത്രയും കാലം കരീബിയൻ ദ്വീപുകളിലെ പാത്രങ്ങളും മറ്റു കരകൗശല വസ്തുക്കളുമൊക്കെ പരിശോധിച്ചായിരുന്നു കരിബുകളുടെ ദേശാടനം സംബന്ധിച്ച തെളിവ് ശേഖരിച്ചിരുന്നത്. എന്നാൽ നോർത്ത് കാരലൈന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ബയോളജിക്കൽ സയൻസസ് പ്രഫസർ ആൻ റോസ് മറ്റൊരു മാർഗമാണു തേടിയത്. അവർ കരീബിയൻ ദ്വീപുകളിൽ നിന്നും ഫ്ലോറിഡ, പാനമ എന്നിവിടങ്ങളിൽ നിന്നുമുള്ള 100 തലയോട്ടികൾ പരിശോധനയ്ക്കെടുത്തു. എഡി 800നും 1542നും ഇടയ്ക്കു പ്രായമുള്ളവയായിരുന്നു തലയോട്ടികൾ. അതിൽ നടത്തിയ അതിനൂതന ത്രീഡി സ്കാനിങ് പരിശോധനയിലാണ് എഡി 1000 മുതൽ തന്നെ കരിബുകൾ ബഹാമാസിലുണ്ടെന്നു വ്യക്തമായത്. കരിബുകളുടെ മുഖത്തിന്റെ പ്രത്യേകത തലയോട്ടിയിൽ നിന്നു മനസ്സിലാക്കിയാണ് ഈ കണ്ടെത്തലിൽ എത്തിയത്. 

അറവാക്ക് എന്നറിയപ്പെടുന്ന, സമാധാനപ്രിയരായ ജനം താമസിച്ചിരുന്ന ദ്വീപുകളായിരുന്നു ബഹാമാസിലേത്. എന്നാൽ അവരെ ഭയപ്പെടുത്താൻ ഇടയ്ക്കിടെ കരിബുകൾ എത്തിയിരുന്നതായാണ് കൊളംബസ് കുറിച്ചത്. അവർ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകും, പുരുഷന്മാരെ തിന്നുമെന്നും അദ്ദേഹം എഴുതി. ശത്രുക്കളെ ഭയപ്പെടുത്താൻ വേണ്ടിയായിരുന്നു ഈ നരഭോജി സ്വഭാവം. അതെല്ലാം സത്യമാണെന്നു വിശ്വസിക്കേണ്ടിവരുമെന്നാണിപ്പോൾ ഗവേഷകർ പറയുന്നത്. കാരണം, കരിബുകളുടെ സാന്നിധ്യം കൊളംബസിന്റെ കാലത്ത് ബഹാമാസിൽ ഉണ്ടായിരുന്നുവെന്നതു തന്നെ. 

മെയ്‌ല്ലാകോയിഡ് എന്നറിയപ്പെടുന്ന പ്രത്യേക തരം മൺപാത്രങ്ങൾ എങ്ങനെയാണ് പല കരീബിയൻ ദ്വീപുകളിൽ എഡി 800 മുതൽ എത്തിയതെന്നും ഗവേഷകർ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. എഡി 800ൽ ഹിസ്പാനിയോളയിലും എഡി 900ത്തിൽ ജമൈക്കയിലും 1000ത്തിൽ ബഹാമാസിലും ഈ പാത്രത്തിന്റെ അവശിഷ്ടം കണ്ടെത്തിയതാണു ഗവേഷകരെ കുഴക്കിയിരുന്നത്. പുതിയ കണ്ടെത്തൽ പ്രകാരം കരിബുകളുടെ ദേശാടനത്തിനൊപ്പം പ്രചാരം ലഭിച്ചതാണ് ഈയിനം മൺപാത്രങ്ങൾക്കുമെന്നും വ്യക്തമായിരിക്കുകയാണ്. 

Summary : Caribbean cannibals from the diaries of Columbus

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA