ADVERTISEMENT

കാറ്റത്ത് ഇളകിയാടുമ്പോൾ ‘ക്ണിം ക്ണിം’ ശബ്ദമുണ്ടാക്കുന്ന വിൻഡ് ചൈമുകൾ കണ്ടിട്ടില്ലേ കൂട്ടുകാർ? പ്രത്യേക തരത്തിൽ ലോഹവസ്തുക്കൾ ക്രമീകരിച്ചാണ് അവ കാറ്റടിക്കുമ്പോള്‍ കൂട്ടിമുട്ടി ശബ്ദമുണ്ടാക്കുന്നത്. എന്നാൽ ഏതെങ്കിലും കരിങ്കല്ലിൽ ചുറ്റിക കൊണ്ടടിച്ചാൽ ക്ണിം ക്ണിം ശബ്ദമുണ്ടാകുമോ? ഇല്ല, മറിച്ച് ക്ടും ക്ടും എന്ന മട്ടിൽ ആകെ തട്ടലും മുട്ടലുമായി അരോചക ശബ്ദങ്ങളേ കേൾക്കാനാവുകയുള്ളൂ. പാറമടകളിൽ അത്തരം ശബ്ദങ്ങൾ സ്ഥിരമായി കേള്‍ക്കാനാകും. പക്ഷേ കരിങ്കല്ലിൽ തട്ടുമ്പോൾ അവയും മണിയടി ശബ്ദം പുറപ്പെടുവിച്ചാൽ എങ്ങനെയുണ്ടാകും? അത്തരമൊരു അദ്ഭുതം യുഎസിലെ പെൻസിൽവാനിയയിലുണ്ട്. 

അവിടെ കാടിനു നടുവിലുള്ള റിങ്ങിങ് റോക്ക്സ് പാർക്കിലാണ് മണിയടി ശബ്ദമുണ്ടാക്കുന്ന പാറക്കൂട്ടങ്ങളുള്ളത്. അതുപയോഗിച്ച് സംഗീതജ്ഞർ  പ്രത്യേക ഗാനവിന്യാസം തന്നെ തീർത്തിട്ടുണ്ട്. ഏകദേശം 128 ഏക്കറിലായി പരന്നു കിടക്കുന്ന ഈ പാറപ്പാർക്കിനു ചുറ്റും കാടാണ്. അതിനു നടുവിൽ ഒരു കുന്നിൻപുറത്തായാണു ചിതറിക്കിടക്കുന്ന നിലയിൽ പാറക്കൂട്ടമുള്ളത്. ഏകദേശം 10 അടി കനത്തിലുള്ള ഈ പാറക്കൂട്ടം കണ്ടാൽ ആരെങ്കിലും ആകാശത്തുനിന്ന് കൂട്ടത്തോടെ ഭൂമിയിലേക്ക് എറിഞ്ഞതു പോലെയാണ്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾ ഈ പാറകൾ പരസ്പരം കൂട്ടിമുട്ടിച്ചും ചുറ്റിക കൊണ്ടിടിച്ചും മണിയടി ശബ്ദമുണ്ടാക്കാറുണ്ട്. ചിലർ പ്രത്യേകതരത്തിൽ താളം മുഴക്കി ഗാനമേളതന്നെ സൃഷ്ടിച്ചു കളയും. അത്തരം ഒട്ടേറെ വിഡിയോകളും യൂട്യൂബിൽ ലഭ്യമാണ്. 

പ്രദേശത്തുനിന്നു മാറിയുള്ള മറ്റു കല്ലുകൾക്കൊന്നും ഈ പ്രത്യേകതയില്ല. പാർക്കിൽ കൂടിക്കിടക്കുന്ന കല്ലുകൾ പുറത്തേക്കു കൊണ്ടുപോയാൽ ഇവയുടെ അദ്ഭുത ശക്തി ഇല്ലാതാകുമെന്നും പറയപ്പെടുന്നു. അതിനാൽത്തന്നെ ഗവേഷകർ‍ക്കിടയിൽ ഇന്നും അദ്ഭുതമാണ് ഈ പാറകൾ. ചുറ്റിലും കാടാണെങ്കിലും ഈ പാറക്കൂട്ടത്തിന്മേൽ ഒരു പായലു പോലും പറ്റിപ്പിടിക്കാറില്ല. ഇവയ്ക്കിടയിൽ ചെടികളും വളരില്ല! മൃഗങ്ങളൊന്നും പാറക്കൂട്ടത്തിന്റെ പരിസരത്തേക്കു പോലും വരാറില്ല. ആ പ്രത്യേക പ്രദേശത്തെ പാറകളിൽ മൂന്നിലൊന്നും ഇത്തരത്തിൽ മണിയടി ശബ്ദമുണ്ടാക്കുന്നതാണ്. ഇവയുടെ പഴക്കം പരിശോധിച്ചപ്പോൾ ഏകദേശം 20 കോടി വർ‍ഷമെന്നും കണ്ടെത്തി. 

അഗ്നിപർവത സ്ഫോടനം വഴി രൂപപ്പെടുന്ന ഡയബേസ് എന്നയിനം പാറയാണ് ഇവ. കോടിക്കണക്കിനു വർഷം മുൻപ് ഒരുപക്ഷേ ഇതൊരു വമ്പൻ പാറയായിരുന്നിരിക്കാം. ഇവയിൽ മഞ്ഞുറഞ്ഞും അലിഞ്ഞും കിടന്ന് കാലങ്ങൾ കഴിഞ്ഞപ്പോൾ പൊട്ടിപ്പിളർന്ന് പല കഷ്ണങ്ങളായി മാറിയതാകാമെന്നും കരുതപ്പെടുന്നു. 1965ൽ ജിയോളജിസ്റ്റ് റിച്ചാർഡ് ഫാസ് ഈ പാറകളിൽ ചിലത് പൊളിച്ചു പരിശോധിച്ചു. അങ്ങനെയാണു മനസ്സിലായത് എല്ലാ പാറകൾക്കും വിവിധ ശബ്ദമുണ്ടാക്കാനുള്ള ശേഷിയുണ്ടെന്ന്. എന്നാൽ ചിലതിൽ  ചുറ്റിക കൊണ്ടു തട്ടുമ്പോഴോ അല്ലെങ്കിൽ അവ പരസ്പരം കൂട്ടിമുട്ടിക്കുമ്പോഴോ രൂപപ്പെടുന്ന ശബ്ദം മനുഷ്യർക്ക് കേൾക്കാനാകുന്നതിലും കുറഞ്ഞ ഫ്രീക്വൻസിയിലാണെന്നു മാത്രം. ചില പാറകളാകട്ടെ ചുറ്റിക കൊണ്ടു തട്ടിയാൽ ഉയർന്ന, വ്യക്തമായ ശബ്ദം കേൾപ്പിക്കുകയും ചെയ്യും. 

എന്നാൽ ഭൗതികശാസ്ത്രത്തിലെ ഏതു സിദ്ധാന്തം പ്രയോഗിച്ചാലും പാറകളിൽനിന്ന് മണി ശബ്ദം എങ്ങനെയുണ്ടായി എന്നു കണ്ടെത്താൻ ഗവേഷകർക്ക് ഇതുവരെ സാധിച്ചിട്ടില്ല. അതിനാൽത്തന്നെ അദ്ഭുതസിദ്ധിയുള്ള പാറകളായാണ് ഇതിനെ സഞ്ചാരികൾ കണക്കാക്കുന്നത്. പ്രദേശത്തെ ഗോത്രവിഭാഗക്കാർക്കിടയിൽ പാറയുമായി ബന്ധപ്പെട്ട ഒരു കഥ തന്നെയുണ്ട്. പ്രദേശത്തെ രണ്ട് ശത്രുഗോത്രങ്ങളിൽപ്പെട്ട ഒരു യുവാവും യുവതിയും പ്രണയത്തിലായിരുന്നു. രാത്രികളിൽ ഇവർ ഈ പാറക്കൂട്ടത്തിൽവച്ചാണു കണ്ടുമുട്ടിയിരുന്നത്. അട്ചോക്കാത്ത എന്ന യുവാവും നമേച്ചിയെന്ന യുവതിയും അത്തരത്തിൽ ഒരു രാത്രി പരസ്പരം കാണാനിരുന്നതാണ്. 

പക്ഷേ നമേച്ചി അടുത്തെത്തും മുൻപേ പതിയിരുന്ന എതിർ ഗോത്രക്കാർ യുവാവിന്റെ നെഞ്ചില്‍ അമ്പെയ്തു വീഴ്ത്തി. നമേച്ചി ഓടിയെത്തി അട്ചോക്കാത്തെയെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. പിന്നാലെയെത്തിയത് നമേച്ചിയുടെ സഹോദരൻ എയ്ത അമ്പായിരുന്നു. അതേറ്റ് നമേച്ചിയും മരിച്ചുവീണു. അതിനിടെ ഇരുവിഭാഗവും പരസ്പരം ആക്രമണവും തുടങ്ങി. പാറക്കൂട്ടത്തിൽനിന്നു താഴേക്കു വീഴുന്നതിനിടെ അട്ചോക്കാത്തയുടെ കയ്യിലെ മഴു പാറകളിലൊന്നിൽ വീണു. അതിൽനിന്ന് അതിമനോഹരമായ ശബ്ദം ഉയരാനും തുടങ്ങി. അതോടെ ഇരു വിഭാഗവും യുദ്ധം നിർത്തി ഈ അദ്ഭുതം ശ്രവിച്ചുനിന്നു. അതിനു ശേഷമാണ് റിങ്ങിങ് റോക്ക്സിന് ഈ അദ്ഭുതസിദ്ധി ലഭിച്ചതെന്നാണു നാടോടിക്കഥ.

English Summary : Ringing rocks park in Pennsylvania

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com