ADVERTISEMENT

‘വിട്രിയം ഫ്ലെക്‌സൈൽ’– ഹാരി പോട്ടർ സീരീസുകളിൽ മന്ത്രവടി ചുഴറ്റി ഹാരിയും കൂട്ടുകാരുമെല്ലാം പ്രയോഗിക്കുന്ന രസകരമായ മന്ത്രം പോലുണ്ടല്ലേ! പക്ഷേ മന്ത്രവിദ്യകള്‍ കൊണ്ടു സാധിക്കുന്നതിനേക്കാൾ ഗംഭീരമായി ഒരാൾ വർഷങ്ങൾക്കു മുൻപ് നിർമിച്ചതാണ് ഈ വസ്തു. പേര് ഒരൽപം നീണ്ടുപോയെങ്കിലും ഇന്നത്തെ കാലത്തെ ഭാഷയിൽ നമ്മുടെ ഗ്ലാസാണു സംഗതി. ഗ്ലാസ് നിലത്തു വീണാൽ പൊട്ടിച്ചിതറില്ലേ, പക്ഷേ വിട്രിയം ഫ്ലെക്സൈൽ പൊട്ടില്ല. മാത്രവുമല്ല, ഇതിന്മേൽ ബലപ്രയോഗം നടത്തിയാൽ പലതരം ആകൃതികളിലേക്കു മാറ്റാനാകും. വൈകാതെതന്നെ തിരികെ പഴയതു പോലെയാകുമെന്നു മാത്രം.

പുരാതന റോമ സാമ്രാജ്യത്തിൽ ഈ കണ്ടുപിടിത്തം അവതരിപ്പിക്കപ്പെട്ടപ്പോൾ വലിയ അദ്ഭുതമായിരുന്നു. പ്രകൃതിദത്തമായും കൃത്രിമമായും ഗ്ലാസ് രൂപപ്പെടാറുണ്ട്. അഗ്നിപർവത സ്ഫോടനത്തിലൂടെ രൂപപ്പെടുന്ന ഒബ്‌സിഡിയൻ പോലുള്ള ധാതുക്കളാണ് പ്രകൃതിദത്ത ഗ്ലാസിന് ഉദാഹരണം. മനുഷ്യർ പല രാസവസ്തുക്കൾ ചേർത്തു നിർമിക്കുന്നതാണ് കൃത്രിമ ഗ്ലാസ്. പുരാതന കാലം മുതൽക്കുതന്നെ കൃത്രിമമായി ഗ്ലാസ് നിർമിച്ചെടുക്കാറുണ്ട്. ഇന്നത്തെ ലെബനനിൽ ബിസി 1100നും 200നും ഇടയിൽ ജീവിച്ചിരുന്ന ഫിനിഷ്യൻ ജനതയാണ് ആദ്യമായി കൃത്രിമ ഗ്ലാസ് നിർമിച്ചതെന്നാണു കരുതുന്നത്. പിന്നീടു പലപ്പോഴായി പല തരം പരീക്ഷണങ്ങൾ നടത്തി പലയിനം ഗ്ലാസുകളും ഉൽപാദിപ്പിക്കപ്പെട്ടു. 

പുരാതന റോമാക്കാർ ഗ്ലാസ് നിർമാണത്തിൽ അഗ്രഗണ്യരായിരുന്നു. അക്കാലത്ത് ആഡംബരത്തിന്റെയും ലക്ഷണമായിരുന്നു ഗ്ലാസ്. അതിനാൽത്തന്നെ ധനികർക്കു വേണ്ടി പ്രത്യേകമായി ഗ്ലാസ് പാത്രങ്ങൾ നിർമിച്ചെടുത്തിരുന്നു. അത്തരത്തിൽ ഒരു കരകൗശല വിദഗ്ധൻ നിർമിച്ചെടുത്തതായിരുന്നു വിട്രിയം ഫ്ലെക്സൈൽ എന്ന വസ്തു. ബിസി 42നും എഡി 37നും ഇടയിൽ ജീവിച്ചിരുന്ന റോമൻ രാജാവ് ടൈബീരിയസ് സീസറിന്റെ കാലത്തായിരുന്നു ഈ കണ്ടെത്തൽ. എന്നാൽ ഈ വസ്തു യഥാർഥ രൂപത്തിൽ ഇന്നേവരെ കണ്ടെത്താനായിട്ടില്ലെന്നതാണു സത്യം. അക്കാലത്തു ജീവിച്ചിരുന്ന തത്വചിന്തകനായ പ്ലീനിയുടെ ‘നേച്വറൽ ഹിസ്റ്ററി’ എന്ന പുസ്തകത്തിൽ ഉൾപ്പെടെ ഈ കണ്ടെത്തലിനെപ്പറ്റി പറയുന്നുണ്ട്. 

ടൈബീരിയസിനെ ഞെട്ടിച്ച ഈ കണ്ടുപിടിത്തത്തിന് അർഹിക്കുന്ന പരിഗണന ലഭിച്ചില്ല. മാത്രവുമല്ല അതു നിർമിച്ചയാളുടെ സ്ഥാപനം വരെ പൂട്ടേണ്ടി വന്നു. കരുതിയതിലും ഏറെ വേഗത്തിൽ ഈ വാർത്ത രാജ്യം മുഴുവൻ പരന്നത് രാജാവിനെ വിറളി പിടിപ്പിച്ചതായി പ്ലീനി വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു കുറിപ്പിൽ, കൊട്ടാരത്തിൽ ഈ കരകൗശല വിദഗ്ധൻ വിട്രിയം ഫ്ലെക്സൈൽ കൊണ്ടുള്ള പാത്രം രാജാവിനു സമ്മാനിച്ചതിനെപ്പറ്റി ഏറെ നാടകീയമായാണു വിവരിക്കുന്നത്. പാത്രം പരിശോധിച്ച രാജാവ് അത് നിർമാതാവിനുതന്നെ നൽകി നിലത്തേക്ക് ആഞ്ഞെറിയാൻ പറഞ്ഞു. ശിൽപി അതുപോലെ ചെയ്തു. പാത്രത്തിൽ ചെറിയൊരു അടയാളമുണ്ടായി എന്നല്ലാതെ യാതൊരു കുഴപ്പവും പറ്റിയില്ല. 

ഒരു ചുറ്റികയെടുത്ത് പാത്രത്തിലടിച്ചപ്പോൾ അത് ചളുങ്ങിപ്പോയി, പക്ഷേ നിമിഷങ്ങൾക്കകം പഴയ രൂപത്തിലേക്കു തിരിച്ചെത്തി. രാജാവ് തന്നെ സമ്മാനങ്ങൾകൊണ്ടു മൂടുമെന്നായിരുന്നു ആ ശിൽപി കരുതിയത്. എന്നാൽ ആ വസ്തു നിർമിക്കാൻ വേറെ ആർക്കെങ്കിലും അറിയാമോയെന്നായിരുന്നു രാജാവിന്റെ ചോദ്യം. ഇല്ലെന്ന ഉത്തരത്തിനു പിന്നാലെ ശിൽപിക്കു വധശിക്ഷ നൽകിയെന്നും കുറിപ്പിൽ പറയുന്നു. അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന സ്വർണം, വെള്ളി, ചെമ്പ് എന്നിവയുടെ മൂല്യം ഈ പുതിയ വസ്തു കാരണം നഷ്ടപ്പെട്ടു പോകുമെന്ന പേടിയിലായിരുന്നത്രേ രാജാവ് ഈ കടുംകൈ ചെയ്തത്.  

വിട്രിയം ഫ്ലെക്സൈലിനെപ്പറ്റി പുരാതന ഗ്രീക്ക് കുറിപ്പുകളിൽ പലയിടത്തും സൂചനയുണ്ടെങ്കിലും അക്കാലത്ത് ഇതെങ്ങനെ നിർമിച്ചു എന്ന് ഇന്നേവരെ കണ്ടെത്താനായിട്ടില്ല. പ്രകൃതിദത്തമായി ലഭിക്കുന്ന ബോറിക് ആസിഡ് അഥവാ ബൊറാക്‌സ് ഗ്ലാസ് നിർമാണത്തിനുപയോഗിക്കുന്ന കൂട്ടിൽ ചേർത്താൽ, പൊട്ടാത്ത ഗ്ലാസ് നിർമിക്കാനാകും. അതുപക്ഷേ ആധുനിക യുഗത്തിന്റെ കണ്ടെത്തലാണ്. പുരാതന കാലത്തെ ആ ശിൽപി അത്തരമൊരു പരീക്ഷണം നടത്തിനോക്കിയതാകാം. അക്കാലത്ത് കിഴക്കൻ രാജ്യങ്ങളിൽനിന്ന് യൂറോപ്പിലേക്കു ബൊറാക്സ് ഇറക്കുമതി ചെയ്തിരുന്നു. സ്വർണപ്പണിക്കാർക്കു വേണ്ടിയായിരുന്നു അത്. വടക്കൻ റോമിലെ ചില നീരുറവകളിലും ബോറിക് ആസിഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഒരുപക്ഷേ അപ്രതീക്ഷിതമായി ശിൽപി കണ്ടെത്തിയതാകാം ഈ ബോറിക് ആസിഡ് തന്ത്രം, അത് അദ്ദേഹത്തിന്റെ ജീവൻതന്നെ നഷ്ടമാകാൻ കാരണമായെന്നു മാത്രം. റോമാക്കാർ കണ്ടെത്തിയതായി പുരാതന കുറിപ്പുകളിൽ മാത്രം പരാമര്‍ശിക്കുന്ന ഒട്ടേറെ വസ്തുക്കളുണ്ട്. അവയിലൊന്നായി ഇന്നും ഈ പൊട്ടാത്ത ഗ്ലാസ് തുടരുകയാണ്. 

 English Summary : Story of lost Roman invention flexible glass

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com