ADVERTISEMENT

ആകാശത്തിന്റെയും ഇടിമിന്നലിന്റെയും ദേവനായ തോറിനെ കൊച്ചുകൂട്ടുകാർക്കു പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അതു പോലെ മരണത്തിന്റെ ദേവനാണ് ഓഡിൻ. ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് ഇവരെ ആരാധിക്കാൻ ലോകത്തിന്റെ പല ഭാഗങ്ങളിലും ക്ഷേത്രങ്ങളും നിർമിച്ചിരുന്നു. അത്തരമൊരു ക്ഷേത്രത്തിന്റെ അവശിഷ്ടം അടുത്തിടെ ഗവേഷകർ കണ്ടെത്തി. നോർവെയിലാണ് 1200 വർഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ അവശിഷ്ടം പുരാവസ്തു ഗവേഷകർ കണ്ടെത്തിയത്. തോറിനെയും ഓഡിനെയും ആരാധിക്കാൻ മാത്രമല്ല അവർക്കുള്ള ബലികർമങ്ങൾക്ക് ഉൾപ്പെടെ നിർമിച്ച ക്ഷേത്രമാണു കണ്ടെത്തിയതെന്നത് ഇതിന്റെ ചരിത്രപ്രാധാന്യവും വ്യക്തമാക്കുന്നു.

ഇരുമ്പുയുഗത്തിന്റെ തുടക്ക കാലത്തെ അവശിഷ്ടങ്ങൾ ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട് നോർവെയുടെ പടിഞ്ഞാറൻ ഭാഗത്ത്. അതായത് ഏകദേശം 2500 വർഷം പഴക്കമുള്ളവ. അവിടെ നിലനിന്നിരുന്ന ഒരു ഫാമിന്റെ വിവരങ്ങൾ പുരാതന കാലത്തെ വിവിധ കുറിപ്പുകളിൽനിന്നും കണ്ടെത്തിയിട്ടുണ്ട്. അതിന്റെ ചുവടു പിടിച്ച് ഫാമിനെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താനായിരുന്നു ഗവേഷകരുടെ ശ്രമം. എന്നാൽ പരിശോധനയിൽ കണ്ടെത്തിയതാകട്ടെ ക്ഷേത്രത്തിന്റെ മരത്തൂണുകൾ കുഴിച്ചിടാൻ ഉപയോഗിച്ചിരുന്ന കൃത്യമായ ആകൃതിയിലുള്ള കുഴികളും മറ്റ് ആരാധനാവസ്തുക്കളും ഉൾപ്പെടെയും. പ്രദേശത്തെ മണ്ണിന് അസിഡിക് സ്വഭാവം ഏറിയതിനാൽ പുരാതനകാല വസ്തുക്കളൊന്നും അധികകാലം നിലനില്‍ക്കാതെ ദ്രവിച്ചു പോകുന്നതായിരുന്നു പതിവ്. 

ക്ഷേത്രത്തിന് ഏകദേശം 45 അടി നീളവും 26 അടി വീതിയുമുണ്ടായിരുന്നു. ഏകദേശം 40 അടി ഉയരവും. സമീപത്തെ മത്സ്യത്തൊഴിലാളികളാണ് കൂടുതലായും ഇവിടെ എത്തിയിരുന്നത്. സൂര്യന്റെ വിവിധ അയനങ്ങൾക്കിടയിലെ പ്രധാന ദിവസങ്ങളിലായിരുന്നു ആരാധനയെന്നും കരുതപ്പെടുന്നു. സമുദ്രയാത്രയ്ക്കിടെ കുഴപ്പങ്ങളൊന്നുമുണ്ടാകാതെയിരിക്കാനായിരുന്നു പ്രധാനമായും പ്രാർഥന. മൃഗങ്ങളെയായിരുന്നു ബലി നൽകിയിരുന്നത്. ഇതിന്റെ ഇറച്ചി ക്ഷേത്രത്തിലെത്തുന്നവർ എല്ലാവരും പാകം ചെയ്തു ഭക്ഷിക്കുകയും ചെയ്യും. മരം കൊണ്ടുള്ള വിഗ്രഹങ്ങളായിരുന്നു ക്ഷേത്രത്തിലുണ്ടായിരുന്നത്. സാധാരണ ദിവസങ്ങളിൽ ജനംതന്നെ ബലി നിർവഹിക്കുമ്പോൾ പ്രധാന ദിവസങ്ങളിൽ മുഖ്യ പുരോഹിതന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. 

1200-year-old-temple-to-thor-and-odin-unearthed-in-norway1
ക്ഷേത്രാവശിഷ്ടങ്ങൾ-ഉദ്ഖനനം-ചെയ്തെടുക്കുന്നു. ചിത്രത്തിന് കടപ്പാട് സമൂഹമാധ്യമം

ക്ഷേത്രാവശിഷ്ടങ്ങളിൽ റേഡിയോ കാർബൺ പരിശോധനയൊന്നും നടത്തിട്ടില്ലെങ്കിലും വൈക്കിങ്ങുകളുടെ കാലത്തിനു മുൻപുള്ളതാണ് ക്ഷേത്രമെന്നത് അതിന്റെ നിർമിതിയിൽനിന്നു വ്യക്തമായിട്ടുണ്ട്. എഡി 800നും 1050നും ഇടയ്ക്കുള്ളതാണ് വൈക്കിങ് കാലഘട്ടം എന്നറിയപ്പെടുന്നത്. നേരത്തേ ഇവിടെനിന്ന് പലതരം ശിൽപങ്ങളും കരകൗശല വസ്തുക്കളും കണ്ടെത്തിയിരുന്നെങ്കിലും ക്ഷേത്രത്തിന്റെ സൂചന ലഭിക്കുന്നത് ഇതാദ്യം. വൈക്കിങ് കാലഘട്ടത്തെ ക്ഷേത്രമായതിനാൽത്തന്നെ പരിസരത്ത് സ്വർണത്തിന്റെ സാന്നിധ്യമുണ്ടാകാനിടയില്ലെന്നും ഗവേഷകർ പറയുന്നു. യൂറോപ്പിലെ പല ഭാഗത്തും തോറിന്റെയും ഓഡിന്റെയുമെല്ലാം ക്ഷേത്രം കണ്ടെത്തിയിട്ടുണ്ട്, അവയുടെ പരിസരത്തുനിന്ന് സ്വർണംകൊണ്ടുള്ള വസ്തുക്കളും ലഭിച്ചിരുന്നു. ക്ഷേത്രത്തിൽ ബലിക്കു പകരമായി നൽകിയിരുന്നതായിരുന്നു അവ. എന്നാൽ വൈക്കിങ്ങുകളുടെ കാലമായതോടെ സ്വർണത്തിനു പകരം മൃഗങ്ങളെ ബലി നൽകുന്നതായി പതിവ്. മൃഗങ്ങളുടെ ചോര ചുറ്റിലും വീഴ്‍‌ത്തിയായിരുന്നു ബലി. അതിന്റെ ഇറച്ചി കഴിക്കുന്നതിലൂടെ ബലി സ്വീകരിച്ചുവെന്നും കരുതപ്പെട്ടുപോന്നു. ബലിക്ക് ഉപയോഗിച്ചിരുന്ന കുന്തങ്ങളും പ്രദേശത്തുനിന്നു കണ്ടെത്തിയിരുന്നു. ആവശ്യമുള്ള വിവരങ്ങളെല്ലാം ഉദ്ഖനനത്തിലൂടെ ലഭിച്ചുകഴിഞ്ഞാൽ ഈ പ്രദേശം ഒരു ഹൗസിങ് പ്രോജക്ടിനു വേണ്ടി വിട്ടുകൊടുക്കാനിരിക്കുകയാണ് ഗവേഷകർ.

 English Summary : 1,200 year old temple of Thor and Odin unearthed in Norway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com