ADVERTISEMENT

പതിനായിരക്കണക്കിനു പടയാളികളുമായി ആദ്യമായി ബ്രിട്ടനെ കീഴ്‌പ്പെടുത്താനെത്തിയ റോമൻ രാജാവാണ് ജൂലിയസ് സീസർ. ആദ്യ ശ്രമങ്ങൾ പരാജയപ്പെട്ടെങ്കിലും വൈകാതെ അദ്ദേഹം വിജയം കണ്ടുവെന്നതാണു ചരിത്രം. അദ്ദേഹത്തിന്റെ കാലത്താണ് റോമാസാമ്രാജ്യത്തിന്റെ ഗാംഭീര്യം യൂറോപ്പിലാകമാനം കൊടുമ്പിരിക്കൊണ്ടത്. ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം ലണ്ടനിൽ വീണ്ടും ജൂലിയസ് സീസറിന്റെ പേര് ചർച്ചയാവുകയാണ്. അതിനു കാരണമായതാകട്ടെ ഒരു നാണയവും. 

സീസറിനെ കൊലപ്പെടുത്തിയതിന്റെ ‘ആഘോഷമായി’ നിർമിച്ച ഒരു സ്വർണനാണം ലണ്ടനിൽ ലേലത്തിനു വയ്ക്കുകയാണ്. ഒക്ടോബർ 29നു നടക്കുന്ന ലേലത്തിൽ നാണയത്തിനു പ്രതീക്ഷിക്കുന്നത് ഏകദേശം 4.75 കോടി രൂപയാണ്. അതൊരു കണക്കുകൂട്ടൽ മാത്രം, നാണയത്തിന്റെ ചരിത്രപരമായ പ്രാധാന്യം നോക്കുമ്പോൾ തുക അതിലും കൂടിയേക്കാം. ഒരുപക്ഷേ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയ്ക്കു വിറ്റ റോമൻ നാണയമായും അതു മാറിയേക്കാമെന്ന് വിദഗ്ധർ പറയുന്നു. 

ബിസി 44ലാണ് റോമൻ സെനറ്റ് അംഗങ്ങൾ ഗൂഢാലോചന നടത്തി സീസറെ കൊലപ്പെടുത്തുന്നത്. അക്കാലത്ത് സ്വന്തം ചിത്രം ആലേഖനം ചെയ്ത നാണയം വരെയിറക്കി സെനറ്റിനെയും മറികടന്ന് അധികാരം കയ്യേറാനൊരുങ്ങുകയായിരുന്നു സീസർ. വിശ്വസ്തനായ ബ്രൂട്ടസിന്റെ ഉൾപ്പെടെ പിന്തുണയോടെ കൊലപാതകം നടത്തി രണ്ടു വർഷം കഴിഞ്ഞപ്പോഴാണ് അതിന്റെ ആഘോഷമായി പലതരം റോമിൽ നാണയങ്ങൾ പുറത്തിറക്കിയത്. അതായത് ഇപ്പോൾ ലേലത്തിനു വയ്ക്കുന്ന നാണയത്തിന് ഏകദേം 2000 വർഷത്തെ പഴക്കമുണ്ട്! ഒരു വശത്ത് ബ്രൂട്ടസിന്റെ ചിത്രവും മറുവശത്ത് രണ്ട് കഠാരകളും ആലേഖനം ചെയ്തതായിരുന്നു നാണയം. 

കഠാര സീസറിന്റെ കൊലപാതത്തിന് ഉപയോഗിച്ച ആയുധങ്ങളെ പ്രതിനിധീകരിക്കുന്നതായിരുന്നു അതിനൊപ്പം ഒരു തൊപ്പിയുടെ ചിത്രവുമുണ്ടായിരുന്നു. റോമൻ സാമ്രാജ്യത്തിൽ അടിമകളെ മോചിപ്പിക്കുമ്പോൾ നൽകിയതായിരുന്നു ആ തൊപ്പി. സീസറിന്റെ മരണത്തോടെ അടിമത്തത്തിൽനിന്ന് റോം മോചിതമായി എന്നായിരുന്നു അത് സൂചിപ്പിച്ചത്. Ides of March എന്നതിന്റെ ലാറ്റിൻ പരിഭാഷയായ EID MAR എന്ന വാക്കും അതോടൊപ്പമുണ്ടായിരുന്നു. റോമൻ കലണ്ടർ പ്രകാരം മാർച്ച് 15നെ സൂചിപ്പിക്കുന്നതായിരുന്നു അത്. കടങ്ങളെല്ലാം വീട്ടാനുള്ള ദിനമെന്നായിരുന്നു അതിനെ റോമാക്കാർ വിശേഷിപ്പിച്ചിരുന്നത്. 

Ides of March നാണയങ്ങൾ എന്ന പേരിൽ നൂറോളം വെള്ളി–സ്വർണ നാണയങ്ങളാണ് പണ്ടു പുറത്തിറക്കിയിരുന്നത്. ഇവയിൽ ഇന്നു ലോകത്ത് ബാക്കിയുള്ളത് മൂന്ന് സ്വർണനാണയങ്ങൾ മാത്രം. അതിലൊന്ന് ബ്രിട്ടിഷ് മ്യൂസിയത്തിലാണ്. രണ്ടാമത്തേത് ജർമനിയുടെ മുഖ്യ ധനകാര്യ സ്ഥാപനമായ സെൻട്രൽ ബാങ്ക് ഓഫ് ഫെഡറൽ റിപബ്ലിക് ഓഫ് ജർമനിയിലും.

മൂന്നാമത്തേത് ഇതുവരെ അജ്ഞാതനായ ഒരാളുടെ സ്വകാര്യ ശേഖരത്തിലായിരുന്നു. മൂല്യം നിർണയിക്കാനായി യുഎസ് ആസ്ഥാനമായുള്ള ന്യൂമിസ്‌മാറ്റിക് ഗാരന്റി കോർപറേഷനിൽ ഈ നാണയമെത്തിയപ്പോഴാണ് സംഭവം ലോകമറിയുന്നത്. നാണയത്തിന് ഇപ്പോഴും കാര്യമായ കേടുപാടൊന്നും സംഭവിച്ചിട്ടില്ല. അതോടൊപ്പം സംഗതി സ്വർണം കൂടിയാകുന്നതോടെ വില ഇനിയും കൂടാനാണു സാധ്യത. 

അടിസ്ഥാന വിലയായി അഞ്ചു ലക്ഷം പൗണ്ടാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ നാണയപ്രേമികള്‍ക്ക് ഇതിന്റെ ചരിത്ര പ്രാധാന്യം കൃത്യമായി അറിയാവുന്നതിനാൽ തുക അതിലും കൂടുതലായിരിക്കുമെന്ന് കോർപറേഷൻ ചെയർമാൻ മാർക്ക് സാൽസ്‌ബർഗ് പറയുന്നു. ലണ്ടൻ ആസ്ഥാനമായുള്ള റോമ ന്യൂമിസ്മാറ്റിക്സ് കേന്ദ്രത്തിലായിരിക്കും ലേലം. 

English Summary : Julius Caesar assassination coin may worth millions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com