130 മില്യൺ വർഷം പഴക്കം ചെന്ന ദിനോസറിന്റെ കാൽപ്പാടുകൾ കണ്ടെത്തി അഞ്ചു വയസ്സുകാരൻ ; ഇവൻ ശാസ്ത്രലോകത്തിന് വാഗ്ദാനം

HIGHLIGHTS
  • ചെറു പ്രായത്തിൽ ഒരു വൻ കണ്ടെത്തൽ നടത്തിയിരിക്കുകയാണ് യാങ്
  • തെറോപോട്സ് എന്ന ദിനോസർ ഇനത്തിന്റെ കാൽപ്പാടുകളാണ്
five-year-old-boy-identifies-130million-year-old-dinosaur-footprints
ചിത്രത്തിന് കടപ്പാട് : യുട്യൂബ്
SHARE

പുറത്തിറങ്ങിയാൽ കൊച്ചുകുട്ടികൾക്ക് എപ്പോഴും കൗതുകം കാറുകളും പൂക്കളും ഒക്കെയാണ്. എന്നാൽ  ചൈനയിൽ നിന്നുള്ള യാങ് സെര്വി എന്ന അഞ്ച് വയസ്സുകാരൻ ഇവരിൽ നിന്നെല്ലാം വ്യത്യസ്തനാണ്. ശാസ്ത്ര ലോകത്തെ കൗതുകങ്ങൾ കണ്ടു മനസ്സിലാക്കാനാണ് അവന് എപ്പോഴും താല്പര്യം. അങ്ങനെ നേടിയെടുത്ത അറിവുകൊണ്ട് ഈ ചെറു പ്രായത്തിൽ ഒരു വൻ കണ്ടെത്തൽ നടത്തിയിരിക്കുകയാണ് യാങ് . 130 ദശലക്ഷത്തിൽ പരം വർഷങ്ങൾ പഴക്കംചെന്ന ദിനോസറിന്റെ കാൽപ്പാടുകൾ ആണ് യാങ് കണ്ടെത്തിയത്.

കുടുംബവുമൊത്ത് ഒരു ഉൾഗ്രാമത്തിലേക്കു നടത്തിയ യാത്രയ്ക്കിടയിലാണ് യാങ് സുപ്രധാനമായ ഈ കണ്ടെത്തൽ നടത്തിയത്. മുൻപ് തന്നെ പാറയ്ക്കു മുകളിൽ പാടുകൾ കണ്ടിരുന്നുവെങ്കിലും അതെന്താണെന്ന് കൃത്യമായ തിരിച്ചറിവ് ഗ്രാമവാസികൾക്ക് ഉണ്ടായിരുന്നില്ല. യാത്രയ്ക്കിടെ യാങിന്റെ മാതാപിതാക്കളും ഈ പാടിനെക്കുറിച്ച്  സംസാരിക്കുന്നത് കേട്ടതിനെ തുടർന്ന് യാങ് തനിക്ക് അവിടെ പോകണം എന്ന വാശിയിലായി. അങ്ങനെ മാതാപിതാക്കൾ തെക്കുപടിഞ്ഞാറൻ ചൈനയിലെ സിഷ്വാൻ മേഖലയിൽ ഒരു കൂറ്റൻ പാറയ്ക്ക് മുകളിലുള്ള പാടുകൾ കാട്ടിക്കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.

സ്ഥലത്തെത്തി ഉടൻതന്നെ തന്റേതായ രീതിയിൽ യാങ് പരിശോധനകൾ ആരംഭിച്ചു. ഒടുവിൽ പക്ഷികളുടേതിനു സമാനമായ രൂപസാദൃശ്യമുള്ള ദിനോസറിന്റെ കാൽപ്പാടുകളാണ് ഇതെന്ന നിഗമനത്തിൽ എത്തിച്ചേർന്നു. ശാസ്ത്രത്തോടുള്ള താല്പര്യം മൂലം ദിനോസറുകളെ കുറിച്ചുള്ള ക്ലാസുകളിൽ ഈ മിടുക്കൻ പങ്കെടുത്തിരുന്നു.അതിൽ നിന്നും ലഭിച്ച അറിവുകളുടെ അടിസ്ഥാനത്തിലാണ് ദിനോസറിന്റെ കാൽപ്പാട് യാങ് തിരിച്ചറിഞ്ഞത്. ആദ്യം മകൻ പറഞ്ഞത് കുട്ടിക്കളിയായി മാത്രമാണ് മാതാപിതാക്കളും കരുതിയത്. എന്നാൽ കാൽപ്പാടുകളെ കുറിച്ചുള്ള മകന്റെ വിശദീകരണം കേട്ടപ്പോൾ കാര്യത്തിൽ വ്യക്തത വരുത്താൻ തന്നെ അവർ തീരുമാനിച്ചു.

അങ്ങനെ ചൈന സർവകലാശാലയിലെ ജിയോ സയൻസ് വിഭാഗത്തിലെ പ്രൊഫസറും ദിനോസറുകളെ കുറിച്ച് പഠനം നടത്തുന്ന വിദഗ്ധനുമായ ക്സിംഗ് ലിഡയുമായി അവർ  ബന്ധപ്പെടുകയായിരുന്നു. എന്നാൽ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് യാങിന്റെ കണ്ടെത്തൽ പൂർണ്ണമായും ശരിയാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. പക്ഷികളുമായി രൂപസാദൃശ്യമുള്ള തെറോപോട്സ് എന്ന ദിനോസർ ഇനത്തിന്റെ കാൽപ്പാടുകളാണ് ഇത് എന്ന് ക്സിംഗ് പറയുന്നു.

നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ പാറയ്ക്കു മുകളിൽ കാൽപാടുകൾ കണ്ടിരുന്നു എങ്കിലും ഇത്രയധികം ചരിത്രപ്രാധാന്യമുള്ള ഒന്നായിരുന്നു അതെന്ന് ഗ്രാമവാസികൾ പോലും തിരിച്ചറിഞ്ഞിരുന്നില്ല. യാങിന്റെ കണ്ടെത്തലിനെ തുടർന്ന്  ഫോസിലിനെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്താനുള്ള ഒരുക്കത്തിലാണ് ക്സിംഗും സംഘവും.

 English Summary  : Five year old boy identifies 130million year old dinosaur footprints

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA