ADVERTISEMENT

ബ്രിട്ടിഷ് രാജചരിത്രത്തിൽ നല്ല കുപ്രസിദ്ധിയുള്ള ഒരു രാജാവാണ് കിങ് ജോൺ. ഇദ്ദേഹത്തെ നമ്മളെല്ലാം അറിയും. പ്രശസ്ത ഇംഗ്ലിഷ് നാടോടിക്കഥയായ റോബിൻഹുഡിലെ വില്ലനായ ജോൺ രാജാവ് യഥാർഥത്തിൽ ഇദ്ദേഹമാണ്. വർഷങ്ങൾക്കു മുൻപ് ഇതേ പോലെ ഒരു ഒക്ടോബറിലാണു ജോൺ രാജാവിന്റെ ആഭരണങ്ങൾ കളഞ്ഞുപോയത്. വെറുമൊരു കളഞ്ഞുപോക്കല്ലായിരുന്നു അത്. ലോകത്തിന്റെ ചരിത്രത്തിൽ തന്നെ അടയാളപ്പെടുത്തപ്പെട്ട, പിൽക്കാലത്ത് ഒരുപാടുപേരുടെ ഉറക്കം നഷ്ടമാക്കാനിടയാക്കിയ ഒരു ഒന്നൊന്നര കളഞ്ഞുപോക്ക്.

വിഖ്യാത യുദ്ധവീരനായ റിച്ചഡ് ദ ലയൺഹാർട്ട് എന്ന രാജാവിന്റെ സഹോദരനായിരുന്നു ജോൺ.റിച്ചഡിനു ശേഷം ബ്രിട്ടന്റെ ഭരണം ഇദ്ദേഹത്തിനു വന്നു ചേർന്നു. ക്രൂരനും ദയയില്ലാത്തവനുമായ ജോണിനെ പ്രജകളെല്ലാം നന്നായി വെറുത്തിരുന്നു. ഫ്രാൻസുമായുള്ള യുദ്ധത്തിൽ ഗംഭീരമായി തോറ്റ ജോണിന് അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ നല്ലൊരു പങ്ക് നഷ്ടമാകുകയും ചെയ്തു. തുടർന്ന് ഇദ്ദേഹത്തിന്റെ കിരീടം തെറിച്ചു. 1215ൽ മാഗ്നാ കാർട്ട ഉടമ്പടിയിൽ ഇദ്ദേഹം ഒപ്പു വച്ചതോടെ ബ്രിട്ടനിൽ രാജകുടുംബത്തിന്റെ ഏകാധിപത്യത്തിനും മങ്ങലേറ്റു.

1216 ആയപ്പോഴേക്കും ജോൺ ഭരണത്തിൽ തീരെ ദുർബലനായി. ബ്രിട്ടന്റെ കീഴിലുള്ള സ്കോട്‌ലൻഡ് ഫ്രാൻസുമായി കൂട്ടുകൂടിത്തുടങ്ങി. ഇതിനിടെ ജോൺ ഒരുവട്ടം കൂടി പോരാട്ടത്തിനിറങ്ങി. ഇംഗ്ലണ്ടിന്റെ കിഴക്കൻ മേഖലകൾ റിബലുകളിൽ നിന്നു മോചിപ്പിക്കാനായിരുന്നു ശ്രമം. ആ ശ്രമത്തിൽ നോർഫോക്സ് പ്രവിശ്യയിലെ കിങ്സ് ലിൻ എന്ന പട്ടണത്തിലെത്തിയ ജോണിന് ഒരു ഞെട്ടിപ്പിക്കുന്ന വിവരം കിട്ടി. സ്കോട്‌ലൻഡിലെ രാജാവായ അലക്സാണ്ടർ രണ്ടാമൻ വൻപടയുമായി തന്നെ ആക്രമിക്കാൻ വരുന്നു. ഫ്രഞ്ച് പടയുമായി ചേർന്ന് ആക്രമിക്കാനാണു പദ്ധതി.

ഇനിയവിടെ നിന്നാൽ തടികേടാകുമെന്നു ജോണിന് ഉറപ്പായി. ലിങ്കൺഷയർ എന്ന പ്രവിശ്യയിലെത്തുക മാത്രമാണു രക്ഷാമാർഗം. അതും നേരായ വഴി പോയാൽ പണി പാളാൻ സാധ്യതയുണ്ട്. ബ്രിട്ടനിലെ നോർഫോക്, ലിങ്കൺഷയർ മേഖലകളിലായി പടർന്നു കിടക്കുന്ന കടൽത്തീരമാണ് ‘വാഷ്’. ഒട്ടേറെ ചതുപ്പുകളും പുതയുന്ന മണ്ണും ഇടയ്ക്കിടെ വലിയുന്ന കടൽത്തീരവുമൊക്കെയുള്ള ഒരു വശപ്പിശക് സ്ഥലമാണിത്. ശത്രുക്കളിൽ നിന്നു രക്ഷപ്പെടാൻ ഈ വഴി തന്നെ ജോൺ തിരഞ്ഞെടുത്തു. വാഷിലെ പുതഞ്ഞ മണ്ണിലൂടെ ഒരു കുതിരപ്പുറത്തു ജോൺ കുതിച്ചുപാഞ്ഞു. പിന്നിൽ കാള വണ്ടികളിൽ വിലപിടിപ്പുള്ള ആഭരണങ്ങളും രാജകീയമായ മറ്റ് ആഢംബരവസ്തുക്കളും രത്നങ്ങളുമൊക്കെ കുത്തി നിറച്ച് ഭടൻമാർ കൂടെ.വാഷിലെ കടൽത്തീരം നന്നായി ഉള്ളിലേക്കു വലിഞ്ഞു നിൽക്കുന്ന സമയമായിരുന്നു അത്.

‌എന്നാൽ ജോണിന്റെ കഷ്ടകാലമെന്നു പറയട്ടെ, ഉടൻ തന്നെ വേലിയിറക്കം ആരംഭിച്ചു. തിരകൾ തീരത്തേക്ക് അടിച്ചുകയറി. കാളവണ്ടികളും സാധനങ്ങളും ചെളിയിലേക്ക് ആണ്ടു പോയെങ്കിലും ജോൺ എങ്ങനെയോ രക്ഷപ്പെട്ട് ലിങ്കൺഷയറിലെത്തി. അവിടെ അൽപം വിശ്രമിച്ച ശേഷം കളഞ്ഞുപോയ സമ്പത്ത് കണ്ടെത്താനായി തന്റെ സേവകരെ അയച്ചെങ്കിലും നിരാശയായിരുന്നു ഫലം. നിധിയുടെ പൊടിപോലുമുണ്ടായിരുന്നില്ല. ഇതോടെ ജോൺ രാജാവിന് അസുഖം വർധിച്ചു കിടപ്പിലായി. ഒടുവിൽ 1216 ഒക്ടോബർ 18ന് അദ്ദേഹം അന്ത്യശ്വാസം വലിച്ചു. 49 വയസ്സായിരുന്നു അദ്ദേഹത്തിന് അപ്പോൾ പ്രായം.

അതിനു ശേഷം കിങ് ജോണിന്റെ ആഭരണങ്ങൾ നിധിവേട്ടക്കാരുടെ ഉറക്കം കെടുത്താൻ തുടങ്ങി. ബ്രിട്ടീഷ് കിരീടത്തിൽ ഉപയോഗിക്കുന്ന രത്നങ്ങൾ, സ്വർണ ലോക്കറ്റുകൾ, അസംഖ്യം സ്വർണനാണയങ്ങൾ എന്നിവയെല്ലാം അതിൽ ഉൾപ്പെട്ടിരുന്നു. ഇതിനെല്ലാം ഉപരിയായി ഏറ്റവും അമൂല്യമായ ട്രീസ്ട്രാം വാളും ഇതിലടങ്ങിയിരുന്നു. ബ്രിട്ടിഷ് രാജകുടുംബാംഗങ്ങൾ കിരീടധാരണം നടക്കുമ്പോൾ മാത്രം പുറത്തെടുക്കുന്നതായിരുന്നു ഒരുപാടു ചരിത്രമുള്ള ഈ വാൾ. ജോണിന്റെ നിധിനഷ്ടത്തിനു ശേഷം ഒറിജിനൽ ട്രീസ്ട്രാം വാളിന്റെ മാതൃകയിലുള്ള ഒരു ഡ്യൂപ്ലിക്കേറ്റ് വാളാണ് കിരീടധാരണങ്ങൾക്ക് ഉപയോഗിച്ചു വന്നത്.

ഏതായാലും ജോൺ രാജാവിന്റെ നിധി ഒരു മിത്തായി ലോകമെമ്പാടും വ്യാപിച്ചു. ഇവയെല്ലാം തിരികെയെടുക്കാനായി ലോകത്തിന്റെ പലസ്ഥലങ്ങളിൽ നിന്നുള്ള നിധിവേട്ടക്കാർ  വർഷങ്ങളായി നോർഫോക്സിലും വാഷിലും വിയർപ്പൊഴുക്കുന്നുണ്ട്. 1930ൽ ഒരു അമേരിക്കക്കാരൻ ഫെൻ റിസർച് കമ്പനി എന്നൊരു കമ്പനി തന്നെ രൂപീകരിച്ചു. വൻകിട യന്ത്രങ്ങളൊക്കെ കൊണ്ട് വന്ന് കടൽത്തീരം ഉഴുതു മറിച്ചെങ്കിലും ഒന്നും കിട്ടിയില്ല. ഉപഗ്രഹ മാപ്പുകൾ ഉപയോഗിച്ചും ലേസർ ഉപയോഗിച്ചുമൊക്കെ തിരച്ചിൽ തകൃതിയായി നടന്നെങ്കിലും നിധി മാത്രം കിട്ടിയില്ല.

 English Summary : Lost treasure of King John

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com