ADVERTISEMENT

ലോകത്ത് ഏറ്റവും അച്ചടക്കമുള്ള സേനാവിഭാഗങ്ങളിലൊന്നാണു നാവികസേന. ലോകത്തെ ഒന്നാം നമ്പർ നാവികസേനയായ യുഎസ് നേവി പ്രഫഷണലിസത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്തവരുമാണ്. എന്നിട്ടും കറുത്ത തുണിയിൽ തലയോട്ടിയും എല്ലുകളും പ്രദർശിപ്പിച്ചിരിക്കുന്ന കടൽക്കൊള്ളക്കാരുടെ കൊടിവച്ചാണ് അമേരിക്കയുടെ ഒരു സൈനിക കപ്പൽ കടലിൽ കറങ്ങി നടക്കുന്നത്. യുഎസ്എസ് കിഡ് എന്നാണ് ആ കപ്പലിന്റെ പേര്. ഈയടുത്ത് ഈ കപ്പൽ കൊള്ളക്കൊടിയുമായി ഒരു തുറമുഖത്തടുക്കുന്നതിന്റെ ചിത്രങ്ങൾ ലോകമെങ്ങും പ്രചരിച്ചിരുന്നു.

ലോകത്ത് കടൽക്കൊള്ളക്കാരുടെ കൊടി വച്ചിരിക്കുന്ന അപൂർവം കപ്പലുകളിലൊന്നാകും ഇത്. സർക്കാരിന്റെ കീഴിലുള്ള ഒരു പ്രതിരോധസംവിധാനത്തിൽ ഇത്തരം കൊടിയൊക്കെ വയ്ക്കാമോ എന്ന് അതിലെ നാവികരോടു ചോദിച്ചാൽ അവർ ഒരു ചരിത്രം പറഞ്ഞുതരും. കടൽക്കൊള്ളക്കാരുടെ കൊടി കപ്പലി‍ൽ കയറാനുണ്ടായ ചരിത്രം.

പേൾ ഹാർബറിലെ കിഡ്

അഡ്മിറൽ ഐസക്  കിഡ് എന്ന ഉയർന്ന അമേരിക്കൻ സൈനികന്റെ ഓർമയയ്ക്കായാണ് ഈ കപ്പൽ നിർമിച്ചത്. അമേരിക്കൻ ഗവൺമെന്റിന്റെ മെഡൽ ഓഫ് ഓണർ തുടങ്ങിയ അത്യുന്നത സൈനിക ബഹുമതികൾ നേടിയ സൈനികനാണ് കിഡ്. 1941ൽ ജപ്പാൻ‍ അമേരിക്കൻ ദ്വീപായ പേൾ ഹാർബറിലെ അമേരിക്കൻ നാവികത്താവളത്തിൽ വലിയൊരു ആക്രമണം നടത്തിയതറിയാമല്ലോ (ഇതിന്റെ പ്രതികാരമായാണ് അമേരിക്ക ജപ്പാനിൽ ആറ്റംബോംബിട്ടത്). 

William-kidd
കടൽക്കൊള്ളക്കാരൻ വില്യം കിഡ്. ചിത്രത്തിന് കടപ്പാട് : വിക്കിപീഡിയ

പേൾ ഹാർബർ ആക്രമണം നടക്കുമ്പോൾ അമേരിക്കയുടെ അക്കാലത്തെ വിഖ്യാത സൈനികക്കപ്പലായ യുഎസ്എസ് അരിസോണയിലേറി കിഡ് പ്രത്യാക്രമണത്തിനു നേതൃത്വം വഹിച്ചു. എന്നാൽ ഒരു ജാപ്പനീസ് വിമാനത്തിൽ നിന്നുള്ള ബോംബ് വിമാനത്തിൽ വീഴുകയും അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ട അമേരിക്കയുടെ ആദ്യ ജനറൽ ആയിരുന്നു കിഡ്. അദ്ദേഹത്തിന്റെ മൃതശരീരം ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഐസക് കിഡിന്റെ സ്മരണാർഥം പിന്നീട് മൂന്നു യുഎസ് നേവി കപ്പലുകൾ നാമകരണം ചെയ്യപ്പെട്ടു. ഇതിലൊന്നിനെക്കുറിച്ചാണു നാം പറഞ്ഞു വന്നത്. കാര്യമെന്തൊക്കെയായാലും സൈനികന്റെ പേരുള്ള കപ്പലിനെന്തിനാണു കൊള്ളക്കാരുടെ കൊടി? ‌

അത് വില്യം കിഡിന്റെ പേരിന് പണ്ടുണ്ടായിരുന്ന ഒരു കടൽക്കൊള്ളക്കാരനുമായുള്ള സാമ്യവുമായി ബന്ധപ്പെട്ടുണ്ടായതാണ്.

ക്യാപ്റ്റൻ കിഡ്

ഐസക് കിഡിനെ നേവിയിൽ വിളിച്ചിരുന്ന ചെല്ലപ്പേര് ക്യാപ്റ്റൻ കിഡ് എന്നാണ്. ഇതേ പേരിൽ പണ്ടൊരു ലോകപ്രശസ്ത കടൽക്കൊള്ളക്കാരനുണ്ടായിരുന്നു. സ്കോടൻലൻഡിൽ നിന്നുള്ള ക്യാപ്റ്റൻ വില്യം കിഡ്.

Isaac-kidd
അഡ്മിറൽ ഐസക് കിഡ്. ചിത്രത്തിന് കടപ്പാട് : വിക്കിപീഡിയ

കൊളോണിയൽ കാലം, ലോകത്തെ പല രാജ്യങ്ങളും ബ്രിട്ടനു കീഴിൽ. നിരന്തരം പോകുന്ന ബ്രിട്ടിഷ് കപ്പലുകൾക്ക് കടൽക്കൊള്ളക്കാർ ഒരു വലിയ തലവേദനയായിരുന്നു. ഇങ്ങനെ ബ്രിട്ടിഷ് സാമ്രാജ്യത്തിനു ഭീഷണിയായിരുന്ന ചില കടൽക്കൊള്ളസംഘങ്ങളെ ഒതുക്കാനുള്ള ദൗത്യവുമായാണ് വില്യം കിഡ് കടലിലേക്കു രംഗപ്രവേശം ചെയ്യുന്നത്. എന്നാൽ ഈ ജോലിയിൽ കിഡ് വൻ പരാജയമായിരുന്നു. തൊട്ടതെല്ലാം പാളി വശംകെട്ടതോടെ കിഡിന്റെ സംഘാംഗങ്ങൾ അദ്ദേഹത്തിനെതിരെ തിരിഞ്ഞു. അവരെ നിലയ്ക്കു നിർത്താനും സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനുമായി സ്വയം ഒരു കടൽക്കൊള്ളക്കാരനാകുകയല്ലാതെ കിഡിനു മറ്റു വഴിയില്ലായിരുന്നു. ഇന്ത്യൻ മഹാസമുദ്രമുൾപ്പെടെയുള്ള സാഗരങ്ങളെ കിടുകിടാ വിറപ്പിച്ച ക്യാപ്റ്റൻ കിഡ് എന്ന കൊള്ളക്കാരന്റെ ജനനമായിരുന്നു അത്.

കിഡിന്റെ സാഹസികതകൾ കുറച്ചുനാൾ തുടർന്നു. ഒടുവിൽ ബ്രിട്ടൻ 1701ൽ ഇദ്ദേഹത്തെ പിടികൂടി തൂക്കിക്കൊന്നു. കിഡ് യുഗം അവസാനിച്ചു. എന്നാൽ കിഡ് കൊള്ളയിലൂടെ നേടിയ അളവറ്റ സമ്പത്ത് എവിടെയോ കുഴിച്ചിട്ടിരിക്കുകയാണെന്നും മറ്റുമുള്ള പ്രചാരണം അദ്ദേഹത്തിന്റെ മരണശേഷം ഉണ്ടായി. പലയാളുകളും ഇതു തേടി കപ്പലുമെടുത്ത് ഇറങ്ങി. റോബർട് ലൂയി സ്റ്റീവൻസൺ ഈ പശ്ചാത്തലങ്ങളൊക്കെ ഉപയോഗിച്ച് ട്രഷർ ഐലൻഡ് എന്ന വിശ്വവിഖ്യാത കൃതി കൂടി രചിച്ചതോടെ വില്യം കിഡ് അനശ്വരത നേടി.

ക്യാപ്റ്റൻ കിഡിന്റെ കപ്പലിൽ എപ്പോഴും കറുത്ത, തലയോട്ടിപ്പടമുള്ള കൊടിയുണ്ടായിരുന്നു. ഏതായാലും ആ കൊടി കൂടി നമ്മുടെ സൈനിക ഓഫിസർ ഐസക് കിഡിന്റെ പേരുള്ള കപ്പലിലേക്ക് അങ്ങെടുത്തു.കാര്യം സൈനികരാണെങ്കിലും ഈ കപ്പലിലെ നാവികരെ ‘പസഫിക്കിലെ കടൽക്കൊള്ളക്കാർ’ എന്നാണു വിശേഷിപ്പിക്കുന്നത്. ഒട്ടേറെ യുദ്ധങ്ങളിലും സഹായ ദൗത്യങ്ങളിലുമൊക്കെ സ്തുത്യർഹ സേവനം നടത്തിയിട്ടുണ്ട് ഇവർ.

English Summary : Captain Kidd the pirate facts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com