അന്റാർട്ടിക്കയിൽ പതിച്ച ചൊവ്വയിലെ ഉൽക്കാശില; ഒടുവിൽ കണ്ടു, അതിലൊളിച്ച ജീവന്റെ രഹസ്യം

HIGHLIGHTS
  • ഭൂമിയിലേക്കു പതിച്ച ഒരു ഉൽക്കാശിലയായിരുന്നു
  • ഏകദേശം 400 കോടി വർഷത്തെ പഴക്കമുണ്ടായിരുന്ന
 Evidence for ancient martian life in alh84001
ചിത്രത്തിന് കടപ്പാട് : യുട്യൂബ്.
SHARE

മഞ്ഞുമൂടിക്കിടക്കുന്ന അന്റാർട്ടിക്കയിലെ, അലൻ ഹിൽസ് എന്ന പ്രദേശത്തുനിന്ന് 1984 ഡിസംബർ 27ന് അമേരിക്കൻ ഉല്‍ക്കാ ഗവേഷകർക്ക് ഒരു അമൂല്യ വസ്തു ലഭിച്ചു. ചൊവ്വയിൽനിന്ന് അടർന്നുമാറി, കാലങ്ങളോളം ബഹിരാകാശത്തു സഞ്ചരിച്ച്, ഭൂമിയിലേക്കു പതിച്ച ഒരു ഉൽക്കാശിലയായിരുന്നു അത്. ഗവേഷകർ അതിന് എഎൽഎച്ച്84001 എന്നു പേരിട്ടു. ഓറഞ്ച് നിറത്തിലുള്ള കാർബണേറ്റ് ഘടകങ്ങളുണ്ടായിരുന്നു അതിൽ. ചൊവ്വയിലുണ്ടായിരുന്ന ഉപ്പുതടാകത്തിന്റെയോ മറ്റോ അവശിഷ്ടമാണതെന്നാണു ഗവേഷകർ കരുതുന്നത്. ഏകദേശം 400 കോടി വർഷത്തെ പഴക്കമുണ്ടായിരുന്ന ആ ശിലയ്ക്ക് ശാസ്ത്രലോകത്ത് ഇന്നും ആരാധകരേറെയാണ്. സൗരയൂഥം രൂപപ്പെടാൻ തുടങ്ങിയതുതന്നെ 460 കോടി വർഷം മുൻപാണെന്നു പറയുമ്പോഴറിയാം അതിന്റെ പ്രാധാന്യം. 

ഏകദേശം 1.6 കോടി വർഷം മുൻപ് മറ്റൊരു ഉൽക്ക വന്നിടിച്ചപ്പോൾ ചൊവ്വയിൽനിന്നു തെറിച്ചു പോയ കഷ്ണമാകാം ഇതെന്നാണു ഗവേഷകർ കരുതുന്നത്. ഇക്കഴിഞ്ഞ 36 വർഷത്തിനിടെ ഗവേഷകർ തലങ്ങും വിലങ്ങും ആ ശില പരിശോധിച്ചു. ചിലർ പറഞ്ഞു അതിൽ ബാക്ടീരിയങ്ങളുടെ ഫോസിൽ കണ്ടെത്തിയെന്ന്. അതുപക്ഷേ ചൊവ്വയിൽനിന്നാണെന്ന് ഉറപ്പിക്കാനാകില്ലായിരുന്നു . ഒരുപക്ഷേ അന്റാർട്ടിക്കിൽനിന്നു രൂപപ്പെട്ട് ശിലയോടു ചേർന്നതായിരിക്കാം. ചൊവ്വയെക്കുറിച്ച് അറിയാനുള്ള ഏറ്റവും മികച്ച വഴികളിലൊന്നാണ് ഇത്തരം ശിലകൾ. പക്ഷേ പലയിടത്തും സഞ്ചരിക്കുകയും പലതിനോടും കൂട്ടിയിടിക്കുകയും ചെയ്യുന്നതിനാൽ പൂർണമായും ചൊവ്വയുടെ ‘സ്വഭാവ’മായിരിക്കില്ല ഭൂമിയിലെത്തുന്ന ഉൽക്കാശിലയ്ക്ക്. ഭൂമിയിൽ പതിക്കുന്നിടത്തും കാലങ്ങളോളം കിടന്ന് അവയ്ക്കു മാറ്റം വന്നേക്കാം. എന്നാൽ അത്യാധുനിക സാങ്കേതിക സൗകര്യങ്ങൾവന്നതോടെ അതുപയോഗിച്ചു നടത്തിയ പരിശോധനയിലാണ് ചൊവ്വയിൽനിന്നു തന്നെയാണെന്ന് ഉറപ്പിക്കാവുന്ന ഒരു ജൈവഘടകത്തിന്റെ സാന്നിധ്യം അടുത്തിടെ ഗവേഷകർ ഈ ഉൽക്കാശിലയിൽ കണ്ടെത്തിയത്. 

നമ്മുടെ ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം എന്താണെന്നറിയാമോ? നൈട്രജനാണത്. അന്തരീക്ഷത്തിന്റെ ഏകദേശം 78% വരും. ഭൂമിയിൽ ജീവന്റെ അടിസ്ഥാന ഘടകം കൂടിയാണത്. നൈട്രജനില്ലായിരുന്നെങ്കിൽ ഭൂമിയിൽ ജീവനുണ്ടാകില്ലായിരുന്നെന്നു ചുരുക്കം. ചൊവ്വയിൽ ജീവനുണ്ടോയെന്നു കുറേ നാളുകളായി മനുഷ്യർ അന്വേഷിച്ചുകൊണ്ടിരിക്കുകയാണല്ലോ! നൈട്രജന്റെ സാന്നിധ്യമുണ്ടെങ്കിൽ അവിടെ ജീവനുണ്ടെന്ന് ഗവേഷകർക്ക് ഉറപ്പാണ്. അത്തരമൊരു കണ്ടെത്തലാണ് ഇപ്പോൾ ടോക്കിയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ നടത്തിയിരിക്കുന്നത്. അതിനുവേണ്ടി അവരെ സഹായിച്ചതാകട്ടെ എഎൽഎച്ച്84001 ഉൽക്കാശിലയും. ഈ ഉശിലയിൽ നൈട്രജൻ അടങ്ങിയ ജൈവ സംയുക്തങ്ങളെ കണ്ടെത്തിയെന്നാണു ഗവേഷകർ പറയുന്നത്. 

ചൊവ്വയിൽ നൈട്രജൻ തന്മാത്രകളുണ്ട് എന്നതിന്റെ ഏറ്റവും ആദ്യത്തെ വ്യക്തമായ തെളിവാണിത്. ഇത് ജീവനുള്ള ഏതെങ്കിലും വസ്തുവിൽനിന്നുള്ളതാണെന്നു വ്യക്തമായിട്ടില്ല, പക്ഷേ ഗവേഷകർക്ക് ഒരു കാര്യം ഉറപ്പ്– ഒരുകാലത്ത് ചൊവ്വ ഒന്നുകിൽ സസ്യലതാദികളൊക്കെ നിറഞ്ഞ പ്രദേശമായിരുന്നു, അവിടെ നദികളുണ്ടായിരുന്നു. അല്ലെങ്കിൽ അത് സമുദ്രങ്ങളൊക്കെയുള്ള ഇന്നത്തെ ഭൂമിക്കു സമാനമായ പ്രദേശമായിരുന്നു. രണ്ടാണെങ്കിലും ജീവനുള്ളവയ്ക്കു കഴിയാനുള്ള സാഹചര്യം ചൊവ്വയിലുണ്ടായിരുന്നുവെന്നതു സത്യം. ഏകദേശം 460 കോടി വർഷം മുൻപാണ് ഭൂമിയും ചൊവ്വയുമെല്ലാം ഉൾപ്പെട്ട നമ്മുടെ സൗരയൂഥം രൂപപ്പെട്ട് തുടങ്ങുന്നത്. ആ സമയത്ത് ചൊവ്വയിലേക്കു ജൈവ മൂലകങ്ങൾ പലയിടത്തുനിന്നും വന്നിരുന്നെന്നാണു ഗവേഷകർ പറയുന്നത്. ഉൽക്കകളും വാൽനക്ഷത്രവും പൊടിപടലങ്ങളുമൊക്കെ ഉദാഹരണം. ഇവ വന്നിടിക്കുമ്പോഴും കടന്നു പോകുമ്പോഴും കാർബൺ ഉൾപ്പെടെയുള്ള മൂലകങ്ങൾ ആവശ്യത്തിനു ലഭ്യമാകും. മിക്ക മൂലകങ്ങളും ഉപ്പുപാറകൾക്കിടയിലോ ചുണ്ണാമ്പുകല്ല് പോലുള്ള കാർബണേറ്റുകൾക്കിടയിലോ പെട്ടുപോകുന്നതും പതിവാണ്. 

പക്ഷേ എഎൽഎച്ച്84001 ഉൽക്കാശിലയിലെ നൈട്രജന്റെ സാന്നിധ്യം എപ്രകാരം വന്നതാണെന്നെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഗതി ചൊവ്വയിൽനിന്നുള്ളതാണെന്ന് ഉറപ്പ്. നൈട്രജൻ വിഘടിച്ച് പല ഘടകങ്ങളായി മണ്ണിലും അന്തരീക്ഷത്തിലുമൊക്കെ നിറയുന്ന ഒരു ചാക്രിക പ്രക്രിയ ഭൂമിയിൽ നടക്കുന്നുണ്ട്. നൈട്രജൻ സൈക്കിൾ എന്നാണതിനു പേര്. അത്തരത്തിലൊരു പ്രവർത്തനം ഒരുകാലത്ത് ചൊവ്വയിലും നടന്നിട്ടുണ്ടാകാമെന്നാണു പുതിയ തെളിവുകൾ ചൂണ്ടിക്കാട്ടുന്നത്. നാസയുടെ ക്യൂരിയോസിറ്റി റോവറും നേരത്തേ നൈട്രജന്റെ സാന്നിധ്യം ചൊവ്വയിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഭൂമിയിൽനിന്ന് ഏകദേശം17.09 കോടി കിലോമീറ്റർ അകലെ ചൊവ്വയിൽ പ്രവർത്തിക്കുന്ന റോവറിന്റെ പരിശോധനയ്ക്കു പരിമിതികളുണ്ട്. പരിശോധനയ്ക്ക് ആവശ്യമായ സാങ്കേതികതയും അന്ന് കുറവായിരുന്നു. എന്നാൽ എഎൽഎച്ച്84001 ശിലയുടെ അടരുകൾവരെ, ഏറ്റവും പുതിയ സാങ്കേതികത ഉപയോഗിച്ച് സസൂക്ഷ്മം പരിശോധിച്ചാണ് ഗവേഷകർ ചൊവ്വയിലെ നൈട്രജന്റെ സാന്നിധ്യം ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്. നേച്ചർ കമ്യൂണിക്കേഷൻസ് ജേണലിൽ വായിക്കാം സമ്പൂർണ പഠനം.

English summary : Evidence for ancient martian life in alh84001

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA