സ്വർണക്കട്ടികളുമായി കടലിൽ താഴ്ന്നത് 11 കപ്പൽ; ഇന്നു കടൽത്തീരത്ത് നിധിക്കൊയ്ത്ത്!

HIGHLIGHTS
  • കോടിക്കണക്കിനു രൂപയുടെ നിധിയുമായാണ് അന്നു കപ്പലുകൾ മുങ്ങിയത്
  • നിധിവേട്ടക്കാർ ഇങ്ങോട്ടേക്ക് ഒഴുകാൻ തുടങ്ങി
port-st-lucie-man-find-shipwreck-treasures-off-treasure-coast
ചിത്രത്തിന് കടപ്പാട് : യുട്യൂബ്
SHARE

ക്യൂബയിൽനിന്നു കവർന്നെടുത്ത സ്വർണക്കട്ടികളും വെള്ളി നാണയങ്ങളും ആഭരണങ്ങളും ഉൾപ്പെടെയുള്ള വിലപിടിച്ച വസ്തുക്കളുമായി പോവുകയായിരുന്നു സ്പെയിനിന്റെ 12 കപ്പലുകൾ. എന്നാല്‍ യുഎസിലെ ഇന്നത്തെ വെറോ ബീച്ചിന്റെ സമീപത്തെത്തിയപ്പോൾ ഒരു വമ്പൻ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. അതിൽപ്പെട്ട് 11 കപ്പലുകളും കടലിൽ താഴ്ന്നു. ഒരു കപ്പൽ മാത്രം എങ്ങനെയോ തീരത്തെത്തി. കപ്പലുകളിലെ നാവികർക്കും സൈനികർക്കും ഇതേ അവസ്ഥയായിരുന്നു. 1500ഓളം പേരുണ്ടായിരുന്നതിൽ വളരെ കുറച്ചു പേർ മാത്രമാണ് ലൈഫ് ബോട്ടുകളിൽ കരയ്ക്കെത്തിത്. 1715 ജൂലെ 31നായിരുന്നു സംഭവം. 

കടലിൽ കോടിക്കണക്കിനു രൂപയുടെ നിധിയുമായാണ് അന്നു കപ്പലുകൾ മുങ്ങിയത്. അതോടു കൂടി നിധിയുടെ തീരം (ട്രഷർ കോസ്റ്റ്) എന്ന് വെറോ ബീച്ചും പരിസരവും അറിയപ്പെടാനും തുടങ്ങി. 1961ലാണ് ആദ്യമായി കടൽത്തീരത്തുനിന്നു പലതരം നാണയങ്ങളും മറ്റ് അമൂല്യ വസ്തുക്കളും ലഭിക്കാന്‍ തുടങ്ങിയത്. അതോടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് നിധിവേട്ടക്കാർ ഇങ്ങോട്ടേക്ക് ഒഴുകാൻ തുടങ്ങി. അക്കൂട്ടത്തിലൊരാളായിരുന്നു നാൽപത്തിമൂന്നുകാരനായ ജോന മാർട്ടിനെസ്. കഴിഞ്ഞ 24 വർഷമായി അദ്ദേഹം ഫ്ലോറിഡയിലെ ഈ നിധിയുടെ തീരത്ത് മെറ്റൽ ഡിറ്റക്ടറുമായി നടക്കുന്നു. മണൽത്തരികൾക്കടിയിൽ ഒളിച്ചിരിക്കുന്ന സ്വർണം, വെള്ളി നാണയങ്ങളും മറ്റു വിലയേറിയ ലോഹവസ്തുക്കളുമാണു ലക്ഷ്യം. 

ഇതുവരെ ഏകദേശം 100 കോടിയോളം രൂപ മൂല്യം വരുന്ന നിധി പലയിടത്തു നിന്നായി കണ്ടെത്തിയിട്ടുണ്ടെന്നാണ് ജോനയുടെ അവകാശവാദം. അഞ്ചുവർഷം മുൻപ് നിധിയുടെ തീരത്തുനിന്നു തന്നെ ഏകദേശം 33 കോടി രൂപ മൂല്യം വരുന്ന മുന്നൂറോളം സ്വർണനാണയങ്ങളും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയിരുന്നു. നിയമമനുസരിച്ച് കടൽത്തീരത്തു നിന്നു ലഭിക്കുന്ന നിധിയുടെ അവകാശം അതു കണ്ടെത്തിയയാൾക്കാണ്. പല നാണയങ്ങളും ജോന വിൽക്കാതെ കയ്യില്‍വച്ചു. ചിലത് സുഹൃത്തുക്കൾക്കു കൊടുത്തു. മറ്റു ചിലത് മ്യൂസിയങ്ങൾക്കും. 1715ൽ തകർന്ന കപ്പലിൽ നിന്നു കണ്ടെത്തുന്ന വസ്തുക്കൾക്കായി ഫ്ലോറിഡയിൽ മെൽ ഫിഷർ എന്ന പേരിൽ ഒരു ട്രഷർ മ്യൂസിയവുമുണ്ട്. 

അടുത്തിടെ ജോന വീണ്ടും വാർത്തകളിൽ നിറഞ്ഞു. 305 വർഷം മുൻപ് കടലിൽത്താണ കപ്പലിലെ ഏതാനും വെള്ളി നാണയങ്ങളാണ് അദ്ദേഹം ട്രഷർ കോസ്റ്റിന്റെ ഭാഗമായ ടർട്ടിൽ ട്രെയിൽ ബീച്ചിൽ കണ്ടെത്തിയത്. 22 വെള്ളി നാണയങ്ങൾക്ക് ഇന്നത്തെ മൂല്യം അഞ്ചു ലക്ഷത്തിലേറെ രൂപ വരും. സുഹൃത്ത് കോൾ സ്മിത്തുമൊന്നിച്ചായിരുന്നു ഈ കണ്ടെത്തൽ. ഇവ 1715ൽ തകർന്ന കപ്പലിൽ നിന്നുള്ളതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ താൻ കണ്ടെത്തിയ സ്വര്‍ണനാണയംവച്ചു നോക്കുമ്പോൾ ‘ഇതൊക്കെ ചെറുത്’ എന്ന മട്ടിലാണ് ജോനയുടെ നിലപാട്. പോളിഷ് ചെയ്തും മറ്റും കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെ ഈ നാണയങ്ങളും സൂക്ഷിക്കുമെന്നും ഇദ്ദേഹം പറയുന്നു. ട്രഷർ കോസ്റ്റിൽ കടലിനടിയിൽ മറഞ്ഞ കപ്പലിൽ നാണയങ്ങളും കൗതുകവസ്തുക്കളും കൂടാതെ സ്വർണക്കട്ടികളുമുണ്ടെന്നാണു പറയുന്നത്. ഇവയൊന്നും ഇന്നേവരെ കണ്ടെത്താനുമായിട്ടില്ല. അതിനാൽത്തന്നെ കണ്ണഞ്ചിപ്പിക്കുന്ന നിധിയൊളിപ്പിച്ചു വച്ചിരിക്കുന്ന കടൽത്തീരത്തേക്കു സഞ്ചാരികളുടെ വരവിനും യാതൊരു കുറവുമില്ല.

 English Summary : Port St Lucie man find shipwreck treasures off treasurecoast

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA