ADVERTISEMENT

ഒരു പൂവിൽനിന്നു പൂമ്പൊടി മറ്റൊന്നിലെത്തിച്ചു കൃത്യമായി പരാഗണം നടന്നാലേ ചെടികളിൽ പുതിയ പൂക്കളും പഴങ്ങളുമൊക്കെയുണ്ടാവുകയുള്ളൂ. ഇതിനു സഹായിക്കുന്നതാകട്ടെ കുഞ്ഞൻ വണ്ടുകളും തേനീച്ചകളുമൊക്കെയും. പരാഗണത്തിന് തേനീച്ചകളെ ആകർഷിക്കാൻ പലയിടത്തും ഒരു തന്ത്രം പ്രയോഗിക്കാറുണ്ട്. ‘ബീ കോണ്ടോ’ എന്നു പേരുള്ള ഒരു കൃത്രിമ തേനീച്ചക്കൂട് നിർമിക്കും. അവയിൽ കൂടുകൂട്ടുന്ന തേനീച്ചകൾ സമീപത്തെ തോട്ടങ്ങളിൽ പറന്നുനടന്ന് പരാഗണത്തിനു സഹായിക്കുകയും ചെയ്യും. 

തനതു തേനീച്ചകളുടെ സംരക്ഷണ പ്രോജക്ടിന്റെ ഭാഗമായി ഫ്ലോറിഡയിലെ ലെയ്ക്ക് വെയ്ൽസ് റിജ് എന്ന പ്രദേശത്ത് അത്തരം ബീ കോണ്ടോകൾ സ്ഥാപിക്കുകയായിരുന്നു ഫ്ലോറിഡ മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററിയിലെ ഗവേഷകനായ ചെയ്സ് കിമ്മെൽ. അപ്പോഴാണ് അദ്ദേഹത്തിന്റെ കണ്ണിൽ ഒരു കാഴ്ച പെടുന്നത്. നീല നിറത്തിലുള്ള ഒരു കുഞ്ഞൻതേനീച്ച പൂവിനു മുകളിലിരുന്ന് അതിന്മേൽ കാലിറുക്കിവച്ച് തല പൂവിലേക്ക് മൂന്നോ നാലോ തവണ മുക്കിയെടുക്കുന്നു. എന്നിട്ട് അടുത്ത പൂവിലേക്ക് പറക്കുന്നു, അവിടെയും ഇതുതന്നെ തുടരുന്നു. നേരത്തേ എവിടെയോ ഇത്തരം തേനീച്ചകളെപ്പറ്റി ചെയ്സ് വായിച്ചിട്ടുണ്ടായിരുന്നു. 

സാധാരണ തേനീച്ചകളിൽനിന്നു വ്യത്യസ്തമായുള്ള ഈ രീതി കണ്ട ചെയ്സ് തേനീച്ചയെ പിടികൂടി വിശദമായി പഠിച്ചു. അതിന്റെ ചിത്രങ്ങളെടുത്ത് മറ്റു ഗവേഷകരുമായും പങ്കുവച്ചു. അങ്ങനെയാണു കണ്ടെത്തുന്നത്, ഏകദേശം നാലു വർഷം മുൻപ് ഭൂമിയിൽനിന്ന് എന്നന്നേക്കുമായി യാത്ര പറഞ്ഞു പോയെന്നു കരുതിയിരുന്ന ഒരിനം തേനീച്ചയായിരുന്നു അത്. ഫ്ലോറിഡയിലെ നാലിടത്തു മാത്രം കണ്ടിരുന്ന അവയെ പരിസ്ഥിതി വകുപ്പ് സംരക്ഷിത ജീവിയായും പ്രഖ്യാപിച്ചിരുന്നു. നീല കാലമിന്ത തേനീച്ച (Blue calamintha bee) എന്നായിരുന്നു അതിന്റെ പേര്. ഇതെന്താണ് ഈ കാലമിന്ത എന്ന സംശയം സ്വാഭാവികമായും. ആഷസ് കാലമിന്ത് എന്ന ചെടിയിൽനിന്നാണ് തേനീച്ചയ്ക്ക് ഈ പേരു ലഭിച്ചത്. ഇപ്പോൾ കണ്ടെത്തിയ നീലത്തേനീച്ച പ്രധാനമായും പരാഗണം നടത്തിയിരുന്നത് ഈ ചെടിയിലായിരുന്നു. 

നീലത്തേനീച്ച ഫ്ലോറിഡയിൽനിന്നു പോയതോടെ വംശനാശം വന്ന ചെടി കൂടിയായിരുന്നു ആഷസ് കാലമിന്ത്. സെൻട്രൽ ഫ്ലോറിഡയിലെ ലെയ്ക്ക് വെയ്ൽസ് റിജ് പ്രദേശത്തെ ഏകദേശം 16 മൈൽ വരുന്ന പ്രദേശത്തു മാത്രമായിരുന്നു ഗവേഷകർ ഈ തേനീച്ചയെ കണ്ടെത്തിയിരുന്നത്. യുഎസിൽ ആവാസവ്യവസ്ഥയ്ക്ക് ഏറ്റവും ദോഷം സംഭവിച്ചുകൊണ്ടിരിക്കുന്ന സ്ഥലങ്ങളിലൊന്നു കൂടിയാണ് ലെയ്ക്ക് വെയ്ൽസ് റിജ് പ്രദേശം. അതിനാൽത്തന്നെ ഫ്ലോറിഡ സ്റ്റേറ്റ് വൈൽഡ്‌ലൈഫ് ആക്‌ഷൻ പ്ലാനിൽ ഉൾപ്പെടുത്തി, വളരെയധികം സംരക്ഷണം വേണ്ട ജീവിയിനത്തിന്റെ പട്ടികയിലാക്കിയിരിക്കുകയാണ് ഈ നീലത്തേനീച്ചയെ. 

മാർച്ചിലാണ് ആദ്യമായി ചെയ്സ് കിമ്മെൽ ഇവയെ കണ്ടെത്തിയത്. പിന്നീട് ഫ്ലോറിഡയിലെ പുതിയ ഏഴിടത്തും ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. അതോടെ ഇവയുടെ സംരക്ഷണത്തിനുള്ള സാധ്യതയും വർധിച്ചു. പക്ഷേ ദിവസങ്ങളെടുത്താണ് ഓരോ തേനീച്ചയെയും കണ്ടെത്തുന്നത്. അതിനാൽത്തന്നെ സംരക്ഷണം വലിയ വെല്ലുവിളിയുമാണ്. അതിനു മുൻപ് ഇവയുടെ ജീവിതരീതിയും അറിയേണ്ടതുണ്ട്. അവയുടെ സ്വഭാവം, ശരീരഘടന, ഭക്ഷണം, താമസം എന്നിവയെപ്പറ്റിയൊന്നും ഗവേഷകർക്ക് ഇപ്പോഴും കാര്യമായറിയില്ല. അവയെല്ലാം കണ്ടെത്തി എത്രമാത്രം സംരക്ഷണം ഇവയ്ക്ക് ഉറപ്പാക്കണമെന്നു പഠിക്കാനായി രണ്ടു വർഷം നീളുന്ന ഒരു പ്രോജക്ടും ആരംഭിച്ചുകഴിഞ്ഞു. 

ഇവ എങ്ങനെ കൂടുവയ്ക്കുന്നു, ഭക്ഷണം തേടുന്നു, ഇവയുടെ എണ്ണമെത്ര എന്നെല്ലാമറിയാനുള്ള ഗവേഷണത്തിൽ ചെയ്സും പങ്കാളിയാണ്. മറ്റു തേനീച്ചകളെപ്പോലെ കോളനികളുണ്ടാക്കിയല്ല ഇവ ജീവിക്കുന്നത്. പെൺ തേനീച്ചകളാണ് കൂടുണ്ടാക്കുന്നത്. അമ്മത്തേനീച്ച കുഞ്ഞുങ്ങളെ കാര്യമായി പരിചരിക്കുക പോലുമില്ല–ഇത്രയും കാര്യങ്ങളാണ് ഗവേഷകർക്ക് ആകെ അറിയുക. നീലത്തേനീച്ചകൾ പരാഗണം നടത്തുന്നതിലൂടെ നിലനിന്നുപോകുന്ന ചെടികളെപ്പറ്റിയും ഗവേഷകർ പഠിക്കാനിരിക്കുകയാണ്. ഈ കുഞ്ഞൻ തേനീച്ച പ്രകൃതിക്ക് എത്രമാത്രം സഹായകരമാണെന്നു കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കാനും എളുപ്പമാണല്ലോ! വംശനാശ ഭീഷണിയുള്ള മൃഗങ്ങളെ സംരക്ഷിക്കാനുള്ള യുഎസിലെ എൻഡേഞ്ചേഡ് സ്പീഷീസ് ആക്ട് പ്രകാരം ഇവയുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യാം.

English Summary :  Rare blue metallic calamintha bees spotted in Florida

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com