ADVERTISEMENT

പാതി മൃഗവും പാതി മനുഷ്യനുമായവയെ വിശേഷിപ്പിക്കുന്നത് തീറിയൻത്രോപ്സ് എന്നാണ്. ഗ്രീക്ക് ഭാഷയിൽ നിന്നാണ് ഈ വാക്കുണ്ടായത്. അതു പ്രകാരം തീറിയൻ എന്നാൽ മൃഗം എന്നാണർഥം. ആന്ത്രോപ്പോസ് എന്നാൽ മനുഷ്യൻ എന്നും. ഇത്തരം ജീവികൾ ലോകത്തില്ലെന്നതാണു സത്യം. പക്ഷേ പല കഥകളിലും ഇന്നും ഇവ ഭാവനാസൃഷ്ടികളായി ചുറ്റിയടിക്കാറുണ്ട്. സിനിമകളിലും കൂട്ടുകാർ ഇത്തരം ജീവികളെ കണ്ടിട്ടുണ്ടാകും. 2017ൽ ഇന്തൊനീഷ്യയിലെ ഒരു ഗുഹയിൽ നിന്ന് ഗവേഷകര്‍ ഒരുകൂട്ടം തീറിയൻത്രോപ്സിന്റെ ചിത്രങ്ങൾ കണ്ടെത്തി. ഇവ പന്നികളെയും കാളകളെയും കുന്തം കൊണ്ട് ആക്രമിക്കുന്നതായിരുന്നു ചിത്രം. 

ലോകത്തിന്റെ പല ഭാഗത്തു നിന്നും ആദിമ മനുഷ്യർ ഇത്തരത്തിൽ വരച്ച ഗുഹാചിത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ഇന്തൊനീഷ്യൻ ഗുഹയിലേതിന് ഒരു പ്രത്യേകതയുണ്ട്. എകദേശം 43,900 വർഷം പഴക്കമുള്ളതായിരുന്നു അത്. വേട്ടയാടൽ വിഷയമാക്കി വരച്ച ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഗുഹാചിത്രവും ഇതുതന്നെയാണ്. മനുഷ്യന്റെ ഭാവന അന്നേതന്നെ ചിറകു വിരിച്ചിരുന്നുവെന്നാണു ഗവേഷകർ പറയുന്നത്. ഭൂമിയിൽ ഇല്ലാത്ത കാഴ്ചകൾ വരെ സങ്കല്‍പിച്ചു വരയ്ക്കാനാകുന്ന വിധം അക്കാലത്തു തന്നെ മനുഷ്യ മസ്തിഷ്കം വികസിച്ചിരുന്നുവെന്ന അറിവും ഇതുവഴി ഗവേഷകർക്കു ലഭിച്ചു. 

അതല്ല പണ്ടുകാലത്ത് ഇത്തരം തീറിയൻത്രോപ്സ് ഭൂമിയിൽ ജീവിച്ചിരുന്നുവെന്നു വാദിക്കുന്നവരും ഉണ്ട്. പക്ഷേ ഗവേഷകർ ആ വാദത്തെ മാത്രം തള്ളിക്കളയുന്നു. മനുഷ്യനു ചിന്തിക്കാൻ മാത്രമല്ല കഥ പറയാനും അക്കാലത്തു സാധിച്ചിരുന്നുവെന്നാണ് ചിത്രത്തിലൂടെ വ്യക്തമാകുന്നത്. അത്തരമൊരു കഥാചിത്രമായിരിക്കാം ഇന്തൊനീഷ്യയിൽ കണ്ടെത്തിയതെന്നും ഗവേഷകർ പറയുന്നു. ഇന്തൊനീഷ്യയിലെ ബോർണിയോയിൽ സുലവേസി ദ്വീപിലെ ഒരു ചുണ്ണാമ്പുകല്ല് ഗുഹയിലാണു ഗവേഷകർ രണ്ടു വർഷം മുൻപ് ചിത്രം കണ്ടെത്തിയത്. 

അക്ഷരങ്ങൾക്കു സമാനമായ രൂപങ്ങൾ കൈകൊണ്ട് കൊത്തിയുണ്ടാക്കിയ തകിടുകൾ ഗവേഷകർ നേരത്തേ കണ്ടെത്തിയതും ഇതേ സ്ഥലത്തു നിന്നായിരുന്നു. ഏകദേശം 40,000 വർഷം പഴക്കമുള്ള ഇവ കണ്ടെത്തിയത് 2014ലും. ഇത്രയും കാലം തന്നെ പഴക്കമുള്ള പലതരം രൂപങ്ങൾ വരച്ചിട്ടത് കണ്ടെത്തിയതും ബോർണിയോയിലെ ഈ മേഖലയിലെ ഗുഹകളിൽ നിന്നുതന്നെയായിരുന്നു. സമാനമായ രൂപങ്ങൾ മുൻപ് യൂറോപ്പിലും പലയിടത്തു നിന്നും ഗുഹകളിൽ കണ്ടെത്തിയിട്ടുണ്ട്. അവയ്ക്കു പക്ഷേ 35,000–40000 വർഷമായിരുന്നു പഴക്കം. പക്ഷേ പുതിയ കണ്ടെത്തലോടെ യൂറോപ്പായിരുന്നു ആദ്യകാല മനുഷ്യന്റെ സർഗപരമായ കഴിവുകളുടെ കേന്ദ്രമെന്ന വാദവും തെറ്റുകയാണ്. 

എട്ട് തീറിയൻത്രോപ്സുകൾ ചേർന്ന് ആറ് മൃഗങ്ങളെ വേട്ടയാടുന്ന ചിത്രമായിരുന്നു ഇന്തൊനീഷ്യയിൽ കണ്ടെത്തിയത്. രണ്ട് പന്നികളും നാല് കാളകളുമായിരുന്നു വേട്ടമൃഗങ്ങൾ. കടുംചുവപ്പ് നിറത്തിലുള്ള ചായമുപയോഗിച്ചായിരുന്നു വര. തീറിയൻത്രോപ്സുകളുടെ ശരീരം മനുഷ്യനു സമാനമായിരുന്നു. ബാക്കി ശരീരഭാഗങ്ങൾ മൃഗങ്ങൾ, പക്ഷികൾ, ഉരഗങ്ങൾ എന്നിവയുടെയും. സുലവേസിയിൽ അക്കാലത്തു കാണപ്പെട്ടിരുന്ന ജീവികളുമായിരുന്നു ഇവ. ചിലർ വേട്ടമൃഗങ്ങളെ കയ്യിലെ കയറു കൊണ്ട് വരിഞ്ഞുമുറുക്കിയിട്ടുമുണ്ടായിരുന്നു. ചിത്രം വിശദമായി പഠിക്കുന്നതിലൂടെ മനുഷ്യന്റെ സർഗാത്മകതയുടെ വികസനവും എപ്രകാരമായിരുന്നുവെന്നു കണ്ടെത്താനൊരുങ്ങുകയാണ് ഗവേഷകർ. 

Summary : Earliest hunting scene in prehistoric cave

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com