ഗഞ്ചി സവായ് ; ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ കടൽക്കൊള്ള !

HIGHLIGHTS
  • ക്രൂരനായ ഒരു കടൽക്കൊള്ളക്കാരനായിരുന്നു ഹെൻറി എവ്റി
  • ഇന്ത്യയുടെ ടൈറ്റാനിക് എന്നു വിശേഷിപ്പിക്കാവുന്ന കപ്പൽ
henry-avery-the-pirate-and-ganj-i-sawai
Representitive image. Photo Credit : Proslgn / shutterstock.com
SHARE

നിങ്ങളിൽ പലരും ‘പൈറേറ്റ്സ് ഓഫ് ദ കരീബിയൻ’ എന്ന പേരിലുള്ള സിനിമകൾ കണ്ടിട്ടുണ്ടാകും. അതിലെ നായകനായ ജാക്ക് സ്പാരോ പലരുടെയും ഇഷ്ടകഥാപാത്രവുമാകും. എന്നാൽ ജാക്ക് സ്പാരോയെ വെല്ലുന്ന നിരവധി കടൽക്കൊള്ളക്കാർ യഥാർഥത്തിൽ ജീവിച്ചിരുന്നിട്ടുണ്ടെന്നറിയുമോ. ബ്ലാക്ക് ബേർഡ്, ബാർത്തലോമിയോ റോബട്സ് തുടങ്ങി ഒട്ടേറെ ഉദാഹരണങ്ങൾ. ഇക്കൂട്ടത്തിൽപ്പെടുന്ന ക്രൂരനായ ഒരു കടൽക്കൊള്ളക്കാരനായിരുന്നു ബ്രിട്ടീഷുകാരനായ ഹെൻറി എവ്റി. ഇയാൾ കൊള്ളയടിച്ച കപ്പലുകളിൽ ഏറ്റവും പ്രശസ്തമായത് ഇന്ത്യയിൽ നിന്നുള്ള മുഗൾ ചക്രവർത്തി ഔറംഗസീബിന്റേതായിരുന്നു എന്നതും ചരിത്രം. ഗഞ്ചി സവായ് എന്ന ഇന്ത്യയുടെ ടൈറ്റാനിക് എന്നു വിശേഷിപ്പിക്കാവുന്ന കപ്പൽ. ബ്രിട്ടിഷ് ഈസ്റ്റിന്ത്യ കമ്പനിയെപ്പോലും പിടിച്ചു കുലുക്കിയ ആ വമ്പൻ കടൽക്കൊള്ളയുടെ കഥ.

∙ഫാൻസിയുടെ കപ്പിത്താൻ

ഹെൻറി എവ്‌രിയുടെ കടൽക്കൊള്ളക്കാരനായുള്ള വളർച്ച വളരെ പെട്ടെന്നായിരുന്നു. ബ്രിട്ടിഷ് നാവികസേനയിൽ ഉദ്യോഗസ്ഥനായിരുന്ന ഇയാൾ, ആ സമയത്തു തന്നെ  അടിമക്കച്ചവടത്തിലും മറ്റും ഏർപ്പെടുകയും ചെയ്തു.1694ൽ കരീബിയൻ ദ്വീപുകളിൽ ഫ്രഞ്ച് സൈന്യത്തെ അമർച്ച ചെയ്യാനയച്ച ബ്രിട്ടിഷ് നാവികക്കപ്പലായ ചാൾസിൽ ഒരു ജീവനക്കാരനായി എവ്റിയും കയറിപ്പറ്റി. എന്നാൽ പ്രതികൂലസാഹചര്യങ്ങളിൽ പെട്ട് ഈ കപ്പൽ ആഴക്കടലി‍ൽ പതറി. കിട്ടിയ തക്കം മുതലാക്കിയ എവ്റി, നാവികർക്കിടയിൽ ഒരു കലാപമുണ്ടാക്കി കപ്പലിന്റെ നിയന്ത്രണം പിടിച്ചെടുത്തു. 

‘ഫാൻസി’ എന്ന പേരിൽ പേരുമാറ്റപ്പെട്ട ഈ കപ്പലിന്റെ ഡെക്കിൽ കയറി നിന്ന് സ്വയം കപ്പിത്താനായി പ്രഖ്യാപിച്ച എവ്റി കൂടെയുള്ള നാവികരോട് ഒരു കാര്യം കൂടി പറഞ്ഞു. ‘ഇനിയിതൊരു സൈനിക കപ്പലല്ല, മറിച്ച്  കൊള്ളക്കപ്പലാണ്, ഇനി മുതൽ നാമെല്ലാവരും കടൽക്കൊള്ളക്കാരും’.

ഹെൻറിയും സംഘങ്ങളും തുടർന്ന് ആഫ്രിക്കയുടെ തെക്കൻ മുനമ്പിലും മഡഗാസ്ക്കർ ദ്വീപുകളിലും താവളമുറപ്പിച്ചു. മാസങ്ങൾക്കുള്ളിൽ പല ഇംഗ്ലിഷ്, ഫ്രഞ്ച് കപ്പലുകളും എവ്റിയുടെ കൊള്ളയ്ക്കിരയായി. ഈ വിജയം എവ്റിക്കു നല്ല പ്രശസ്തി നാവികർക്കിടയിൽ നേടിക്കൊടുത്തു. അയാളുടെ സംഘം ഒരുപാടു വലുതായി. 150 പേരോളമുണ്ടായിരുന്നു ആ കടലിലെ കരുണ തൊട്ടു തീണ്ടിയിട്ടില്ലാത്ത തെമ്മാടിക്കൂട്ടത്തിന്റെ അംഗബലം.

ഔറംഗസീബിന്റെ കപ്പൽവ്യൂഹം

വർഷം 1695. ചെങ്കടലിന്റെ തീരത്തുള്ള യെമനിലെ മോച്ച തുറമുഖത്തു നിന്ന് തിരിച്ച് ഇന്ത്യയിലേക്കു മടങ്ങുകയായിരുന്നു, മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ അധീനതയിലുള്ള  കപ്പൽ വ്യൂഹം. 25 കപ്പലുകൾ അടങ്ങിയിയതായിരുന്നു വ്യൂഹം. അറബിനാടുമായി നടന്ന കച്ചവടത്തിന്റെ വലിയ പണശേഖരവും അമൂല്യവസ്തുക്കളുമൊക്കെ ഈ കപ്പലുകളിലുണ്ടായിരുന്നു. ഹജ് നിർവഹിച്ചു മടങ്ങുന്ന ഏതാനും വിശ്വാസികളും  യാത്രക്കാരായുണ്ടായിരുന്നു. ഗുജറാത്തിലെ സൂറത്ത് തുറമുഖത്തിലേക്കായിരുന്നു കപ്പലുകൾക്ക് എത്തേണ്ടിയിരുന്നത്. അക്കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നാണു സൂറത്ത്.

മോച്ചയിൽ നിന്നു കപ്പൽവ്യൂഹം പുറപ്പെടുന്ന വാർത്ത ഹെൻറി എവ്റിയുടെ കാതിലുമെത്തി. കപ്പലുകൾ വഹിക്കുന്ന വമ്പിച്ച സമ്പത്തിനെക്കുറിച്ചുള്ള കഥകൾ അയാളുടെ ഉറക്കം കെടുത്തി. എങ്ങനെയും ഇവയെ ആക്രമിക്കണമെന്ന് എവ്റി തീരുമാനമെടുത്തു.‌ ദൗത്യം നിർവഹിക്കുന്നതിനായി എവ്റിയും സംഘവും ചെങ്കടലിലേക്കു കുതിച്ചു. കപ്പലുകളെ ആക്രമിക്കാൻ വേണ്ട വെടിമരുന്ന് സംഭരിച്ചായിരുന്നു യാത്ര. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ബാബേൽ മാൻഡെബ് എന്ന കടലിടുക്കിൽ വച്ച് എവ്റിയുടെ കൊള്ളസംഘം മുഗൾ കപ്പൽ വ്യൂഹത്തെ കണ്ടെത്തി.

∙കടലിലെ യുദ്ധം

എവ്റിയും സംഘവും താമസിയാതെ ആക്രമണം തുടങ്ങി. എന്നാൽ ഇവർക്കു പിടികൊടുക്കാതെ വിദഗ്ധമായി മുഗൾ കപ്പൽ പട മുന്നോട്ടു നീങ്ങി. ആക്രമണം നീണ്ടു നിന്നു. ഒടുവിൽ കപ്പൽക്കൂട്ടത്തിൽപ്പെട്ട ഫാത് മഹ്മമാദി എന്ന കപ്പലിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചായി കൊള്ളക്കാരുടെ ആക്രമണം. കൊള്ളക്കാരെ വെട്ടിച്ചു കടക്കാൻ ശ്രമിച്ചെങ്കിലും ഫാത്ത് മഹ്മമാദി പരാജയപ്പെട്ടു. എവ്റിയുടെ കപ്പലായി ഫാൻസി വളരെ വേഗമേറിയതായിരുന്നതിനാൽ അതിനോടു പിടിച്ചു നിൽക്കുക പാടായിരുന്നു. നീണ്ട നേരത്തെ ചെറുത്തു നിൽപ്പിനും പോരാട്ടത്തിനും ശേഷം ഫാത്ത് മഹ്മമാദി എവ്റിയുടെ പിടിയിലായി. വെട്ടുക്കിളിക്കൂട്ടത്തെ പോലെ കൊള്ളക്കാർ കപ്പലിലേക്കു കയറി. 

ഫാത്ത് മഹ്മമാദിയുടെ ഓരോ ഇഞ്ചും പരിശോധിച്ച കൊള്ളക്കാർക്ക് വലിയ നിധിയാണ് ലഭിച്ചത്. കോടിക്കണക്കിനു രൂപ വിലവരുന്ന സ്വർണ, വെള്ളി നാണയങ്ങൾ. ഇത്രയും സമ്പത്ത് അവർ ജീവിതകാലത്തു കണ്ടിട്ടുണ്ടായിരുന്നില്ല.

∙ഗഞ്ചി സവായ്

ഫാത്ത് മഹ്മമാദിയിലെ സ്വത്തുക്കൾ കൊണ്ട് തൃപ്തരാകാൻ എവ്റിയും സംഘവും ഒരുക്കമായിരുന്നില്ല. കാരണം, അവരുടെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്നായ ഗഞ്ചി സവായ് എന്ന കപ്പൽ കടലിലോടുന്നുണ്ടായിരുന്നു. അന്നത്തെ കാലത്തെ ഇന്ത്യൻ നാവികമേഖലയുടെ തിലകക്കുറിയായിരുന്നു ഗഞ്ചി സവായ്. മുഗൾ കപ്പൽനിർമാണകലയുടെ ഏറ്റവും മനോഹരമായ ഉദാഹരണം. ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ.

ഫാത്ത് മഹ്മമാദിയിൽ നിന്ന് ഇത്രയും നിധി ലഭിച്ചെങ്കിൽ ഗഞ്ചി സവായിയിൽ എത്രത്തോളം സമ്പത്തുണ്ടാകുമെന്നായിരുന്നു എവ്റിയുടെ ചിന്ത. അവർ ഈ കപ്പലിനെ പിന്തുടർന്നു. ഒടുവിൽ സൂറത്തിലെത്താൻ എട്ടു ദിവസം ശേഷിക്കേ എവ്റിയുടെ ‘ഫാൻസി’ കപ്പൽ ഗഞ്ചി സവായിയെ വളഞ്ഞു. എന്നാൽ ഫാത്ത് മഹ്മമാദിയെ കീഴ്പ്പെടുത്തിയത്ര എളുപ്പത്തിൽ ഗഞ്ചി സവായി കീഴടങ്ങില്ലെന്ന് എവ്റിക്കു മനസ്സിലായി. ഈ കപ്പലിനു ശക്തമായ പ്രതിരോധ സംവിധാനങ്ങളുണ്ടായിരുന്നു. കപ്പലിനു ചുറ്റും ഡസൻ കണക്കിനു പീരങ്കികൾ, ഉള്ളിൽ തോക്കുധാരികളായ 400 പടയാളികൾ.

∙നിർഭാഗ്യം 

എവ്റിയെയും സംഘത്തിനെയും നേരിടാനുള്ള എല്ലാ ശക്തിയും ഗഞ്ചിയിലുണ്ടായിരുന്നു, പക്ഷേ ഭാഗ്യം അവർക്കൊപ്പമുണ്ടായിരുന്നില്ല. ഹെൻറി എവ്റിയുടെ കപ്പലിൽ നിന്നുള്ള ആദ്യ പീരങ്കി വെടിയിൽ തന്നെ ഗഞ്ചി സവായിയുടെ പ്രധാന പായ്മരം നശിച്ചു. കൂനിന്മേൽ കുരുവെന്ന പോലെ കപ്പലിന്റെ ഡെക്കിലുണ്ടായിരുന്ന ഒരു പീരങ്കി പൊട്ടിത്തെറിക്കുകയും ചെയ്തു. ഇതോടെ ഗഞ്ചിയിലെ യാത്രക്കാരുടെയും സൈനികരുടെയും മനോധൈര്യത്തിനു മങ്ങലേറ്റു.

ഈ സമയം കൊണ്ട് എവ്റിയുടെ സംഘാംഗങ്ങൾ ഗഞ്ചി സവായിയുടെ ഡെക്കിലേക്കു ചാടിക്കയറി. തുടർന്ന് സൈനികരുമായി പൊരിഞ്ഞ പോരാട്ടം നടന്നു. ഒടുവിൽ കപ്പലിലെ പ്രതിരോധം പൂർണമായി നശിച്ചു. പിന്നീടവിടെ അരങ്ങേറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ കടൽക്കൊള്ളയാണ്. ഇന്നത്തെ കാലത്ത് ദശകോടികൾ വിലമതിക്കുന്ന സമ്പത്ത് എവ്റിയും സംഘവും കപ്പലിൽ നിന്നെടുത്തു. നിരപരാധികളായ അനേകം യാത്രികർ കൊള്ളക്കാരുടെ ക്രൂരകൃത്യങ്ങൾക്ക് ഇരയായി. ഇതിൽ നിന്നു രക്ഷനേടാനായി പലരും കടലിൽ ചാടി ആത്മഹത്യ ചെയ്തു.

കൊള്ളയടിച്ച സമ്പത്ത് എവ്റിയും സംഘവും പങ്കിട്ടെടുത്തു. തുടർന്ന് ഇവർ യാത്രതിരിച്ചത് ബഹാമസ് ദ്വീപിലേക്കാണ്. അവിടെ എവ്‌രി തന്റെ  കപ്പലായ ‘ഫാൻസിയെ’ നല്ല വിലയ്ക്കു വിറ്റു. 

∙മുഗൾ രോഷം

ഗഞ്ചി സവായ് കൊള്ളയടിക്കപ്പെട്ടതും യാത്രികർ അനുഭവിച്ച ക്രൂരതകളും അറിഞ്ഞ മുഗൾ ചക്രവർത്തിയായ ഔറംഗസീബ് രോഷാകുലനായി. ഇതിന്റെ ഫലമായി സൂറത്തിലുള്ള എല്ലാ ബ്രിട്ടിഷ് ഉദ്യോഗസ്ഥരും അറസ്റ്റു ചെയ്യപ്പെട്ടു. മുഗൾ രാജകുടുംബത്തിന്റെ അധീനതയിലുള്ള പ്രദേശങ്ങളിലെ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കേന്ദ്രങ്ങൾ പൂട്ടാനും വ്യാപാരക്കരാറുകൾ റദ്ദു ചെയ്യാനും തീരുമാനമായി. ആകെ വെട്ടിലായ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി കടലിലെ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചു.എന്നാൽ ഹെൻറി എവ്റിയെ പിടികൂടുന്നതു വരെ വ്യാപാരത്തിനില്ലെന്നായിരുന്നു ഔറംബസീബിന്റെ നിലപാട്.

തുടർന്ന് ബ്രിട്ടൻ എവ്റിയുടെ തലയ്ക്ക് വൻതുക ഇനാം പ്രഖ്യാപിച്ചു. ഇയാളെ കണ്ടെത്തുന്നതിനായി ലോകമെങ്ങും വിവിധ സൈനികരും നാവികരും തിരച്ചിൽ തുടങ്ങി. രാജ്യാന്തര തലത്തിൽ  ഒരു വ്യക്തിക്കായി ഇത്രയും വ്യാപകമായ തിരച്ചിൽ നടത്തുന്നത് ആദ്യത്തെ സംഭവമായിരുന്നു. തിരച്ചിലിൽ എവ്റിയുടെ കൂട്ടാളികളിൽ ചിലർ പിടിയിലായെങ്കിലും എവ്റിയെ കിട്ടിയില്ല. 

ബഹാമസിലെത്തിയ ശേഷം എവ്റിക്ക് എന്താണു സംഭവിച്ചതെന്നുള്ളത് കൂട്ടാളികൾക്കു പോലും അറിയാത്തകാര്യമായിരുന്നു. അയർലൻഡിലേക്കു പോയെന്ന് ഒരു കഥയുണ്ട്. മഡഗാസ്കറിൽ താവളമുറപ്പിച്ചെന്നു മറ്റൊന്ന്. കൊളളയടിച്ച പണം മുഴുവൻ നഷ്ടപ്പെട്ട് ഇംഗ്ലണ്ടിൽ തിരിച്ചെത്തി ദുരിതപൂർണമായ ജീവിതം നയിച്ച് എവ്റി മരണമടഞ്ഞെന്ന് മറ്റൊരു കഥയും പിന്നീട് പ്രചരിച്ചു. ചുഴികളും തിമിംഗലങ്ങളും നിറഞ്ഞ ആഴക്കടൽ പോലെ ദുരൂഹമായി ഇന്നും തുടരുകയാണ് ഹെൻറി എവ്റി എന്ന കടൽക്കൊള്ളത്തലവന്റെ ദുരൂഹമായ പിൽക്കാലജീവിതം.

 English Summary : Henry avery the pirate and Ganj I Sawai

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA