ADVERTISEMENT

ഗ്രീക്ക് ഇതിഹാസ കാവ്യമായ ഒഡീസിയെപ്പറ്റി കൂട്ടുകാരില്‍ പലരും പഠിച്ചിട്ടുണ്ടാകും. ഹോമർ ആണ് അതെഴുതിയതെന്നാണു കരുതുന്നത്. ആ ഇതിഹാസത്തിൽ പ്രതിപാദിക്കുന്ന ഒരു കൊട്ടാരമാണ് തെക്കൻ ഗ്രീസിലെ പെലൊപോണിസോസ് മേഖലയിലുള്ള പീലോസിന്റേത്. മൈസിനിയൻ കാലഘട്ടത്തിൽ നിർമിച്ചതാണ് കൊട്ടാരം. ഏകദേശം ബിസി 1600 മുതൽ 1100 വരെയുള്ള കാലഘട്ടമാണിത്. ട്രോജൻ യുദ്ധമുൾപ്പെടെയുള്ള ഗ്രീക്ക് പുരാണത്തിലെ സുപ്രധാന സംഭവങ്ങൾ മൈസിനിയൻ കാലഘട്ടത്തിലായിരുന്നു. 

കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾക്കു സമീപം ഉദ്ഘനനത്തിലായിരുന്നു പുരാവസ്തു ഗവേഷകർ. അങ്ങനെ മുന്നോട്ടു പോകുന്നതിനിടെയായിരുന്നു രണ്ടു ശവക്കല്ലറകൾ കണ്ടെത്തിയത്. തുറന്നു പരിശോധിച്ചപ്പോഴാകട്ടെ അദ്ഭുതപ്പെടുത്തുന്ന കാഴ്ചകളും. 3500 വർഷത്തിലേറെയായി ഒരാളു പോലും അറിയാതെ ആ കല്ലറയിൽ കിടക്കുകയായിരുന്നു നിറയെ സ്വർണം. കല്ലറയിൽ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു സ്വർണം. എന്നാൽ ‌ഒരുകാലത്ത് കല്ലറയുടെ ചുമരുകളെ പൊതിഞ്ഞിരുന്ന സ്വർണപാളികൾ ഇളകി വീണതാണെന്നാണു ഗവേഷകർ പറയുന്നത്. 

കല്ലറയുടെ നിർമാണ രീതിയുടെ പ്രത്യേകത കൊണ്ട് ഒരു കാര്യം മനസ്സിലായി–അതു നിർമിച്ചത് മൈസിനിയൻ കാലഘട്ടത്തിലെ രാജകുടുംബാംഗങ്ങൾക്കു വേണ്ടിയാണ്. സ്വർണം കൊണ്ടും തീർന്നില്ല. കല്ലറ നിറയെ പലതരം കൊത്തുപണി നടത്തിയ ആഭരണങ്ങളും കൗതുകവസ്തുക്കളുമായിരുന്നു. കണ്ടെത്തിയ രണ്ടു കല്ലറകളിൽ ഏറ്റവും വലുതിന് തറയിൽ ഏകദേശം 40 അടി വ്യാസമുണ്ടായിരുന്നു. 15 അടി വരെ ഉയരത്തിൽ ചുമരുകൾക്ക് കേടുപാടുകളൊന്നുമുണ്ടായിരുന്നില്ല. ശേഷിച്ച 15 അടിയിലേറെ ഉയരത്തിലെ ചുമരുകൾ ഇടിഞ്ഞു വീണ നിലയിലും. രണ്ടാമത്തെ കല്ലറയ്ക്ക് വലുതിനേക്കാൾ മൂന്നിൽ രണ്ടു വലുപ്പമേ ഉണ്ടായിരുന്നുള്ളൂ. ചുമരാകട്ടെ ആറര അടി ഉയരം വരെ തകർന്നു വീഴാതെ നിന്നു. 

കല്ലറകളുടെ, കുംഭഗോപുരത്തിന്റെ ആകൃതിയിലുള്ള മേൽക്കൂര പൂർണമായും തകർന്നിരുന്നു. അതിനാൽത്തന്നെ കല്ലറയിൽ നിറയെ കല്ലും മണ്ണുമായിരുന്നു. സ്വർണവും മറ്റ് ആഭരണങ്ങളും അതില്‍ മൂടിപ്പോയതോടെ കല്ലറകളിൽ മോഷണം നടത്താനെത്തുന്നവർക്ക് അതു കണ്ടെത്താനും പറ്റിയില്ല. പക്ഷേ ബിസി 1000 മുതൽ പലരും കല്ലറയിലേക്ക് കടന്നിട്ടുണ്ടെന്നതിന്റെ തെളിവ് ലഭിച്ചിട്ടുണ്ട്. സ്വര്‍ണമോതിരം, ഈജിപ്ഷ്യൻ ദൈവം ഹത്തോറിന്റെ മുദ്ര പതിപ്പിച്ച സ്വർണത്തകിട്, വെങ്കല വസ്തുക്കൾ എന്നിവയും ഇവിടെ നിന്നു കണ്ടെടുത്തു. 

ആകാശത്തിന്റെയും വനിതകളുടെയും ദൈവമാണ് പശുവിന്റെ തലയുള്ള ഹത്തോർ. ഗ്രീക്ക് പുരാണങ്ങളിൽ പലയിടത്തും ഈ ദൈവത്തെ പരാമർശിച്ചിട്ടുണ്ട്. വിലയേറിയ കല്ലുകളാല്‍ നിർമിച്ച ആഭരണങ്ങളുമുണ്ടായിരുന്നു കല്ലറയിൽ. ഇതുകൊണ്ടൊക്കെത്തന്നെ ഏറെ പ്രധാന്യമുള്ള വ്യക്തിത്വമാണു കല്ലറയിൽ അടക്കപ്പെട്ടിട്ടുള്ളതെന്നും ഗവേഷകർ പറയുന്നു. പുരാതന ഗ്രീക്ക് സംസ്കാരത്തെപ്പറ്റി അറിയപ്പെടാതെ കിടക്കുന്ന വിവരങ്ങളിലേക്കു വെളിച്ചം വീശുന്നതാണ് ഈ കണ്ടെത്തലെന്നും ഗവേഷകരുടെ വാക്കുകൾ. 

Summary : 3,500 year old gold lined tombs found Greece

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com