ADVERTISEMENT

നിറയെ അപ്പൂപ്പൻതാടികൾ, അതുമല്ലെങ്കില്‍ തൂവെള്ള നിറത്തിലൊരു പഞ്ഞിക്കെട്ട്... ഒറ്റനോട്ടത്തിൽ അങ്ങനെയൊക്കെയാണ് ആ കാഴ്ച കാണുമ്പോൾ തോന്നുക. മരച്ചില്ലകളിലാണിവ പ്രധാനമായും കാണുക. അടുത്തുചെന്ന് അതിന്മേലൊന്നു തൊടുമ്പോൾ കയ്യിൽ നിറയെ തണുപ്പ് പടരും. അപ്പോഴാണ് മനസ്സിലാവുക അത് അപ്പൂപ്പൻ താടി ആയിരുന്നില്ലെന്നും മഞ്ഞാണെന്നും. വെളുത്ത മുടിനാരിഴ പോലെ കാണപ്പെടുന്ന അത്തരം മഞ്ഞിനെയാണ് ‘ഹെയർ ഐസ്’ എന്നു വിളിക്കുന്നത്. കാട്ടിലെ മഞ്ഞിൻകമ്പിളിയെന്നും മരങ്ങളുടെ മഞ്ഞിൻതാടിയെന്നുമൊക്കെ വിളിപ്പേരുണ്ട് ഇതിന്. 

പ്രകൃതിയിലെ അപൂർവ കാഴ്ചകളിലൊന്നായാണ് ഈ ‘മുടിമഞ്ഞിനെ’ ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇതു കാണുന്നതു ഭാഗ്യമായി കരുതുന്ന ഗോത്രവിഭാഗക്കാരും ഏറെ. ഏകദേശം 100 വർഷം മുൻപാണ് ഇവയെ ആദ്യമായി രേഖപ്പെടുത്തുന്നത്. പക്ഷേ പിന്നെയും ഏറെ കഴിഞ്ഞ് 2015 വരെ കാത്തിരിക്കേണ്ടി വന്നു എങ്ങനെയാണ് ഇവ രൂപപ്പെടുന്നുവെന്നു മനസ്സിലാക്കാൻ. ഒരു തരം ഫംഗസ് ആണ് ഹെയർ ഐസ് രൂപപ്പെടുന്നതിനു പിന്നിലെന്നായിരുന്നു കണ്ടെത്തൽ. കൊടുംതണുപ്പുകാലത്ത് കാട്ടിൽ സൂര്യപ്രകാശമെത്താത്തയിടങ്ങളിലാണ് ഈ മഞ്ഞുരൂപം പ്രധാനമായും കാണപ്പെടുന്നത്. മരത്തടികളുടെയും മറ്റു നിഴലു പറ്റിയായിരിക്കും പലപ്പോഴും വളർച്ച. സൂര്യപ്രകാശം വരുന്നതോടെ ഇവ ഇല്ലാതാകുകയും ചെയ്യും. 

പ്രദേശത്ത് സാധാരണ രീതിയിൽ രൂപപ്പെടുന്ന മഞ്ഞ് ചുറ്റിലും നിറഞ്ഞാലും ഇവയ്ക്ക് നിലനിൽപുണ്ടാകാറില്ല. മഞ്ഞിൻകട്ടയെന്നു പറയാമെങ്കിലും പൂർണമായ തോതിൽ ഇവയെ അങ്ങനെ വിശേഷിപ്പിക്കാനാകില്ല. മഞ്ഞ് സാധാരണ ഗതിയിൽ രൂപപ്പെടുമെങ്കിലും ഇവയ്ക്ക് മുടിനാരു പോലുള്ള രൂപമുണ്ടാകുന്നതിനു കാരണം നേരത്തേ പറഞ്ഞ ഫംഗസാണ്. അതിന്റെ പേരാകട്ടെ എക്സിഡിയോപ്സിസ് എഫൂസ എന്നും. ഫംഗസ് ഇല്ലാത്ത മരങ്ങളിലും ചിലപ്പോൾ ഇതേ അളവിൽ മഞ്ഞുകട്ടകൾ രൂപപ്പെടാറുണ്ട്. പക്ഷേ അവയ്ക്കൊന്നും മുടിനാരിഴയുടെ ആകൃതിയുണ്ടാകില്ല. സാധാരണ മഞ്ഞുകട്ടയായി നിൽക്കുകയും ചെയ്യും. വൈകാതെ തന്നെ ഉരുകിയൊലിക്കുകയും ചെയ്യും.

എന്നാല്‍ ഇവയേക്കാളും കൂടുതൽ നേരം ക്രിസ്റ്റൽ രൂപത്തില്‍ നിലനിൽക്കാൻ ഹെയർ ഐസിനെ സഹായിക്കുന്നത് ഫംഗസുകളാണ്. ചിലപ്പോഴൊക്കെ മഞ്ഞിൻമുടിക്ക് 20 സെന്റിമീറ്റർ വരെ നീളമുണ്ടാകാറുണ്ട്. കനമാകട്ടെ പലപ്പോഴും മനുഷ്യന്റെ മുടിയുടെ അത്രതന്നെയും. കടപുഴകിയും മുറിഞ്ഞും വീഴുന്ന മരങ്ങളിൽ പറ്റിപ്പിടിച്ചു വളരുന്ന ഫംഗസ് അതിലേക്കാഴ്ന്നിറങ്ങി ലിഗ്നിൻ, ടാനിൻ എന്നീ രാസവസ്തുക്കൾ വിഘടിപ്പിച്ചു പുറത്തുവിടും. ഇവയാണു മുടിനാരു രൂപത്തിലേക്ക് മഞ്ഞിനെ മാറ്റാൻ സഹായിക്കുന്നതെന്നാണു കരുതുന്നത്. പക്ഷേ ഇപ്പോഴും ഇതിന്റെ പൂര്‍ണമായ രഹസ്യം കണ്ടെത്താൻ ഗവേഷകർക്കായിട്ടില്ല. ചില പ്രത്യേക മരങ്ങളിൽ മാത്രമേ ഹെയർ ഐസ് രൂപപ്പെടാറുള്ളൂവെന്നതിന്റെ കാരണവും പിടികിട്ടിയിട്ടില്ല. ഇക്കാര്യമെല്ലാം കണ്ടെത്താനുള്ള ശ്രമത്തിലാണവർ. 

Summary : Mysterious hair ice is formed by fungus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com