കരിങ്കൽ കോട്ടയുടെ മതിലിൽ ഒളിപ്പിച്ച തുകൽ സഞ്ചി; അതിൽ കാലങ്ങളോളം മറഞ്ഞിരുന്ന രഹസ്യം!

HIGHLIGHTS
  • എല്ലാം നിർമിച്ചത് 14, 22 കാരറ്റ് സ്വർണത്തിലായിരുന്നു
  • 170 തരത്തിലുള്ള ആഭരണങ്ങളും കൗതുകവസ്തുക്കളുമാണ്
preslav-gold-treasure
ചിത്രത്തിന് കടപ്പാ‌‌ട് : വിക്കിപീഡിയ
SHARE

ഇന്നത്തെ കാലത്തെ കണക്കനുസരിച്ചു നോക്കിയാൽ കോടിക്കണക്കിനു രൂപ മൂല്യം വരുന്ന നിധി. പക്ഷേ അതു കണ്ടെത്തിയത് ഒരു രഹസ്യ കേന്ദ്രത്തിൽനിന്നാണ്. ബൾഗേറിയയിലെ ഗ്രേറ്റ് പ്രെ‌സ്‌ലാഫ് എന്നറിയപ്പെട്ടിരുന്ന നഗരത്തിലെ ഒരു കോട്ടമതിലിന്റെ കല്ലിലുണ്ടാക്കിയ ദ്വാരത്തിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു ഈ നിധി ശേഖരം. ഒരു തുകൽ സഞ്ചിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. കൊട്ടാരത്തിൽനിന്നു കടത്തിക്കൊണ്ടു പോകുന്നതിനിടയിലോ രക്ഷപ്പെടുന്നതിനിടയിലോ പാതിവഴിയിൽ ഒളിപ്പിച്ചു വച്ചതാകാം അതെന്നാണു കരുതുന്നത്. ഈ കോട്ട മതിൽ പിന്നീട് തകർന്നടിഞ്ഞു. 

1977ൽ പ്രദേശത്തു നിലമുഴുന്നതിനിടെയായിരുന്നു തുകൽ സഞ്ചി പൊട്ടി സ്വർണം–വെള്ളി ആഭരണങ്ങൾ പുറംലോകത്തെത്തുന്നത്. തുടക്കത്തിൽ ഇത് ആർക്കും കണ്ടെത്താനായിരുന്നില്ല. 1977–78 സമയത്ത് വയലിൽ പലയിടത്തും ആഭരണങ്ങൾ കാണാൻ തുടങ്ങിയതോടെയാണ് പുരാവസ്തു ഗവേഷകരും ഇക്കാര്യം ശ്രദ്ധിക്കുന്നത്. ഇങ്ങനെ ആഭരണം ലഭിച്ചവരിൽ ചിലർ ഗ്രേറ്റ് പ്രെ‌സ്‌ലാഫ് മ്യൂസിയത്തിലും അവ എത്തിച്ചിരുന്നു. തുടരന്വേഷണത്തിൽ തുകൽ സഞ്ചി ഒളിപ്പിച്ചു വച്ചിരുന്ന കരിങ്കല്ലിനിടയിലെ ദ്വാരം കണ്ടെത്തിയെങ്കിലും സഞ്ചിയിലുണ്ടായിരുന്ന മുഴുവൻ ആഭരണങ്ങളും ഇന്നേവരെ കണ്ടെത്താനായിട്ടില്ല. 

കണ്ടെത്തിയ ആഭരണങ്ങളുടെ വൈവിധ്യത്താലും ചരിത്രപ്രാധാന്യത്താലും പ്രശസ്തമാണ് പ്രെസ്‌ലാഫ് നിധി. കൃത്യതയാർന്ന മെറ്റൽ ഡിറ്റക്റ്ററുകൾ അക്കാലത്ത് ഉണ്ടായിരുന്നില്ല എന്ന കാരണത്താൽത്തന്നെ ടോട്യു തോത്തെവ് എന്ന പുരാവസ്തു ഗവേഷകന്റെ നേതൃത്വത്തിൽ ഓരോ ഇഞ്ച് പ്രദേശത്തെ മൺതരികളും അരിച്ച് ഏകദേശം 400 ചതുരശ്ര മീറ്റർ പ്രദേശം അന്നു പരിശോധിച്ചിരുന്നു. ഒരു ചെറു പുരാവസ്തു പോലും നഷ്ടപ്പെടാതിരിക്കാനായിരുന്നു അത്. അത്രയേറെ പ്രാധാന്യമാണ് പ്രെസ്‌ലാഫ് നിധിക്ക് അതിനോടകം വന്നുചേർന്നത്.

എഡി 632 മുതൽ 1018 വരെ ബൾഗേറിയ ഭരിച്ച ആദ്യ രാജ്യവംശത്തിന്റെ കാലത്ത് പ്രെസ്‌ലാഫ് ആയിരുന്നു തലസ്ഥാനം. മെഡീവൽ കാലഘട്ടത്തിലെ ഈ രാജവംശത്തിലെ ഒരാളുടെ ഉടമസ്ഥതയിലുള്ളതായിരിക്കണം നിധിശേഖരമെന്നാണു കരുതുന്നത്. കാരണം ആഭരണങ്ങളുടെ അഴകും നിർമാണത്തിലെ വൈദഗ്ധ്യവും സാധാരണക്കാർക്ക് അപ്രാപ്യമാണ്. അത്തരം ആഭരണങ്ങൾ തയാറാക്കാനുള്ള സ്വർണത്തിനും രത്നക്കല്ലുകള്‍ക്കും അക്കാലത്ത് അത്രയേറെയായിരുന്നു വില. മാത്രവുമല്ല അതിവിദഗ്ധമായുള്ള ഇത്തരം നിർമിതികൾ രാജകുടുംബങ്ങൾക്കു വേണ്ടി മാത്രമേ അക്കാലത്തു നടത്തിയിരുന്നുമുള്ളൂ. 

170 തരത്തിലുള്ള ആഭരണങ്ങളും കൗതുകവസ്തുക്കളുമാണ് നിധിശേഖരത്തിലുണ്ടായിരുന്നത്. എല്ലാം നിർമിച്ചത് 14, 22 കാരറ്റ് സ്വർണത്തിലായിരുന്നു. ചിലതിൽ മാത്രം സ്വർണം പൂശിയ നിലയിലും. സ്വര്‍ണ മാലകൾ, കമ്മലുകൾ, മോതിരങ്ങൾ, വസ്ത്രങ്ങളിൽ പതിപ്പിക്കുന്ന അലങ്കാരങ്ങൾ, വിലയേറിയ രത്നങ്ങൾ, റൂബി, മുത്തുകൾ, സ്വർണം പൂശിയ ബട്ടണുകൾ, വെള്ളി സ്പൂണുകൾ, വെള്ളിപ്പാത്രങ്ങൾ, ബൈസാന്റൈൻ നാണയങ്ങൾ തുടങ്ങി അമൂല്യങ്ങളിൽ അമൂല്യമായ വസ്തുക്കളായിരുന്നു എല്ലാംതന്നെ. അക്കാലത്തെ ബൈസാന്റൈൻ രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന കോൺസ്റ്റാന്റിനോപ്പിളിലാണ് ചില ആഭരണങ്ങൾ നിർമിച്ചതെന്നു ചരിത്ര രേഖകളിൽനിന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ബൾഗേറിയയുടെ അയൽരാജവംശമായിരുന്നു ഇവർ. 

എന്നാൽ ആഭരണങ്ങൾക്കൊപ്പം പള്ളികളിൽ ഉപയോഗിക്കുന്ന തരം പാത്രങ്ങളും പല തരം നാണയങ്ങളും ഉണ്ടായിരുന്നു. അതിനാൽത്തന്നെ ഏറെ രഹസ്യാത്മകമാണ് ഈ നിധിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കാര്യങ്ങൾ. നിധി കണ്ടെത്തിയ പ്രദേശം വൈദേശിക ശക്തികൾ അധിനിവേശകാലത്ത് ചുട്ടെരിച്ചതാണ്. തകർന്നടിഞ്ഞ പ്രദേശം വൃത്തിയാക്കി മുന്തിരിത്തോട്ടങ്ങൾക്കായി പാകപ്പെടുത്തിയെടുക്കുന്നതിനിടെയായിരുന്നു നിധി കണ്ടെത്തുന്നത്. അതോടെ, ഒരുകാലത്ത് ഉപേക്ഷിച്ച നിലയിലായിരുന്ന പ്രദേശം പുരാവസ്തു ഗവേഷകരുടെ പ്രിയപ്പെട്ട ഇടമായി മാറുകയും ചെയ്തു. 

English Summary : Preslav Gold Treasure

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA