ADVERTISEMENT

മെയ്ഡ് ഇൻ ചൈന– നാം വാങ്ങുന്ന ഒട്ടുമിക്ക സാധനങ്ങളിലും ഇങ്ങനെയൊരു എഴുത്ത്  സുപരിചിതമാണ്. മൊബൈൽ ഫോണിലും ലാപ്‌ടോപ്പിലുമെല്ലാം പ്രത്യേകിച്ച്. എന്നാൽ ഇതൊന്നും കണ്ടുപിടിക്കാത്ത കാലത്തും മെയ്ഡ് ഇൻ ചൈന എന്ന എഴുത്ത് പ്രശസ്തമായിരുന്നു. അതിന്റെ തെളിവ് നാലു പതിറ്റാണ്ടു മുൻപാണ് പുരാവസ്തു ഗവേഷകർക്ക് ലഭിച്ചത്, അതും കടലിന്നടിയിൽ നിന്ന്! 1980കളിൽ ഒരു കൂട്ടം മത്സ്യത്തൊഴിലാളികളാണ് ഇന്തൊനീഷ്യയിലെ ജാവ കടൽത്തീരത്തുനിന്നു മാറി ഒരു കപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയത്. ആയിരക്കണത്തിന് കൗതുകവസ്തുക്കളും സെറാമിക് പാത്രങ്ങളും ഇരുമ്പു കൊണ്ടുള്ള വസ്തുക്കളും കുന്തിരിക്കവും ആനക്കൊമ്പും തുടങ്ങിയ വിലയേറിയ സാധനങ്ങളുമായിരുന്നു കപ്പലിൽ. 

1980കളിൽ കണ്ടെത്തിയെങ്കിലും കടലിൽനിന്ന് ഈ വസ്തുക്കൾ പുരാവസ്തു ഗവേഷകര്‍ പുറത്തെടുത്തത് 1996ലായിരുന്നു. പുറത്തെടുക്കും മുൻപ് എത്രയും പെട്ടെന്ന് ഇവയുടെ പഴക്കം പരിശോധിക്കണം. ചരിത്രപ്രാധാന്യം ഉണ്ടെങ്കിൽ മാത്രമേ കടലിൽനിന്ന് തിരിച്ചെടുക്കാനുള്ള പണം അധികൃതർ അനുവദിക്കുകയുള്ളൂ. സമയം വൈകുന്നതിനനുസരിച്ച് കടൽക്കൊള്ളക്കാർ ഇത്തരം പ്രദേശങ്ങൾ നോട്ടമിടും. ആരുമറിയാതെ വന്ന് വിലപിടിച്ചതെല്ലാം അടിച്ചോണ്ടു പോവുകയും ചെയ്യും. 

800-year-old-label-may-rewrite-the-history-of-java-sea-shipwreck1

ഒരു ആനക്കൊമ്പും കുന്തിരിക്കവുമാണ് ഗവേഷകർ കാർബൺ ഡേറ്റിങ്ങിനായി ശേഖരിച്ചത്. അതിൽനിന്നാണ് കപ്പൽ 12–13 നൂറ്റാണ്ടിലേതെന്നു വ്യക്തമായത്. തെക്കൻ ചൈനയിലെ ക്വാങ്ഷുവിൽനിന്ന് ജാവ ദ്വീപിലെ ടുബാനിലേക്കുള്ള യാത്രയിലായിരുന്നു കപ്പലെന്നാണു കരുതുന്നത്. 15,000ത്തോളം പുരാവസ്തുക്കളാണ് കപ്പലിൽ കണ്ടെത്തിയത്. സെറാമിക് പ്ലേറ്റുകളിൽ നടത്തിയ തുടർ പരിശോധനയിലാണ് അവ 11, 12 നൂറ്റാണ്ടുകളിൽ നിർമിക്കപ്പെട്ടതാണെന്നു കണ്ടെത്തിയത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ചില പാത്രങ്ങളിലാണ് ആ എഴുത്ത് കണ്ടെത്തിയത്– ‘മെയ്ഡ് ഇൻ ജിയാനിങ് ഫു’ എന്നായിരുന്നു അത്.  അതോടെ ചൈനീസ് പ്രാചീന സംസ്കാരവുമായി ബന്ധപ്പെടുത്തിയായി അന്വേഷണം. 

12–ാം നൂറ്റാണ്ടിലാണ് വിവിധ രാജ്യങ്ങൾ തമ്മിൽ വ്യാപകമായി വ്യാപാരബന്ധം ആരംഭിച്ചത്. തെക്കൻ ചൈനയിലെ സങ് രാജവംശം അക്കാലത്ത് ചൈനയിലേക്കു വിദേശികള്‍ വരുന്നതിനു പകരം ചൈനയിൽനിന്നു പര്യവേക്ഷകർ മറ്റു രാജ്യങ്ങളിലേക്കു പോകുന്നതിനാണു പ്രാധാന്യം നൽകിയത്. ചൈനീസ് നിർമിത വസ്തുക്കളുമായിട്ടായിരുന്നു യാത്ര. അതിനാലാണ് ജാവ തീരത്തു കണ്ടെത്തിയ ‘മെയ്ഡ് ഇൻ ചൈന’ പാത്രങ്ങൾ ഏറെ വിലപ്പെട്ടതാകുന്നതും. പാത്രങ്ങളിലുള്ള ജിയാനിങ് ഫു എന്ന പ്രദേശം എഡി 1162 മുതൽ 1278 വരെ ചൈന ഭരിച്ച സങ് രാജവംശത്തിനു കീഴിലുള്ളതാണ്. ഇതിനു ശേഷം വന്ന യുവാൻ രാജവംശം പ്രദേശത്തിന്റെ പേര് ജിയാനിങ് ലു എന്നു മാറ്റിയിരുന്നു. അതിനാൽത്തന്നെ കപ്പലിലെ വസ്തുക്കളുടെ പ്രായം കൃത്യമായി തിരിച്ചറിയാൻ പാത്രത്തിലെ ഈ അടയാളപ്പെടുത്തൽതന്നെ ധാരാളം. 

എന്നാൽ പാത്രങ്ങളിലെ ഇത്തരം അടയാളപ്പെടുത്തലുകൾ ആദ്യമായല്ല കണ്ടെത്തുന്നത്. ബിസി 206 മുതൽ എഡി 220 വരെ നിലനിന്ന ചൈനയിലെ ഹാൻ രാജവംശത്തിലും ഈ രീതി നിലനിന്നിരുന്നു. അന്നു പാത്രങ്ങളിൽ രേഖപ്പെടുത്തിയത് കുടുംബപ്പേരുകളും അക്കങ്ങളും പാത്രത്തിന്റെ ഉപയോഗവുമൊക്കെയായിരുന്നു. ജാവയിലെ കണ്ടെത്തലിൽനിന്ന് ഒരു കാര്യം വ്യക്തം– ഇന്നത്തേതു പോലെ വർഷങ്ങൾക്കു മുൻപും ലോകത്ത് നിർമാണ മേഖലയിൽ മുൻപന്തിയിൽ ചൈന തന്നെയായിരുന്നു. ഏകദേശം 12,000 സെറാമിക് പാത്രങ്ങളാണ് കപ്പലിലുണ്ടായിരുന്നത്. വിൽപനയ്ക്കായി ചൈന അവ വൻതോതിൽ ഉൽപാദിപ്പിച്ചിരുന്നെന്നു ചുരുക്കം. ഏകദേശം ഒരു ലക്ഷം പ്ലേറ്റുകളെങ്കിലും കപ്പലിൽ ഉണ്ടായിരുന്നിരിക്കാമെന്നും അടിയൊഴുക്കിൽ നഷ്ടപ്പെട്ടതാകാമെന്നും ഗവേഷകർ കരുതുന്നു. ചൈനീസ് ഉൽപന്നങ്ങൾക്കു ലോകത്ത് എത്രമാത്രം സ്വീകാര്യതയുണ്ടായിരുന്നെന്നും ഇതു വ്യക്തമാക്കുന്നു. ഫിലിപ്പീൻസ് തീരത്തു തകർന്ന കപ്പലിൽനിന്നും നേരത്തേ സമാനമായ വസ്തുക്കൾ കണ്ടെത്തിയിരുന്നു. വില കുറച്ച് ലോകം മുഴുവൻ ചൈനീസ് ഉൽപന്നങ്ങളുടെ വൻ തോതിലുള്ള വിൽപനതന്ത്രം ചൈന ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും ചുരുക്കം. 

 English Summary : 800 year old label may rewrite the history of java sea shipwreck

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com