ADVERTISEMENT

മൈതാനത്തു ചേച്ചിയുടെ ടീമിന്റെ ഫുട്ബോൾ പ്രകടനം തകർക്കുകയാണ്. പക്ഷേ കൊച്ചു നവോമിക്ക് എന്ത് ഫുട്ബോൾ? കുറച്ചു നേരം മത്സരം കണ്ട് ബോറടിച്ചപ്പോൾ ആ ആറു വയസ്സുകാരി മൈതാനത്തിനു സമീപത്തെ കുറ്റിക്കാടിനടുത്തേക്കു പോയി. അവിടെ ചുമ്മാ മണ്ണില്‍ കുത്തി നടക്കാൻ തുടങ്ങി. ഇടയ്ക്ക് ചില ചെറിയ ഉരുളൻ കല്ലുകളൊക്കെ കിട്ടി. അതോടൊപ്പം ദാ കിടക്കുന്നു നിറയെ പിരിയൻ വരകളുള്ള ഒരു കുഞ്ഞൻ കല്ല്. നവോമിക്ക് അതു കണ്ടപ്പോൾ ഓർമ വന്നത് ഡിസ്നിയുടെ ‘മൊവാന’ എന്ന സിനിമയായിരുന്നു. അതിലെ കഥാപാത്രങ്ങളുടെ കഴുത്തിലെ ആഭരണത്തിൽ തന്റെ കയ്യിലിരിക്കുന്ന തരം കല്ല് കണ്ടിട്ടുണ്ട് അവൾ. 

എന്തായാലും സംഗതി കളയാൻ തോന്നിയില്ല, സൂക്ഷിച്ചു കയ്യിൽ വച്ചു. 2017 ഒക്ടോബറിലായിരുന്നു സംഭവം. ആറു മാസം കഴിഞ്ഞപ്പോഴാണ് അദ്ഭുതപ്പെടുത്തിയ ആ സംഭവം. നവോമിയുടെ കയ്യിൽ കിട്ടിയ കല്ല് ആഭരണമൊന്നുമായിരുന്നില്ല, ഏകദേശം 6.5 കോടി വർഷം മുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന അമനൈറ്റ് എന്ന വിഭാഗം ജീവിയുടെ ഫോസിലായിരുന്നു. ഇന്നത്തെ കാലത്തെ ചിപ്പിയും ശംഖും പോലെ പുറന്തോടുള്ളതായിരുന്നു ആ കടൽ ജീവി. ദിനോസറുകൾക്കൊപ്പം ജീവിച്ചിരുന്ന ആ ജീവിയുടെ ഫോസിലിനെപ്പറ്റി ആദ്യം സൂചന നൽകിയത് നവോമിയുടെ അമ്മയായിരുന്നു. തുടർന്ന് യുഎസിലെ ഒറിഗോണിലുള്ള മ്യൂസിയം ഓഫ് നേച്വറൽ ആൻഡ് കൾചറൽ ഹിസ്റ്ററിയിൽ പരിശോധിച്ചപ്പോഴാണു കല്ലിന്റെ പ്രാധാന്യം വെളിപ്പെടുന്നത്. 

30–40 ലക്ഷം രൂപ വരെ വിലയുള്ള അമനൈറ്റ് ഫോസിലുകളും പലരും ലേലത്തിൽ സ്വന്തമാക്കിയിട്ടുണ്ട്. ലോകത്തു മിക്കയിടത്തുനിന്നും അമനൈറ്റ് ഫോസിലുകൾ ലഭിച്ചിട്ടുമുണ്ട്. പക്ഷേ ഒറിഗോണിൽ ഇതെങ്ങനെ എത്തിയെന്നതാണ് ഗവേഷകരെ കുഴക്കിയത്. മാത്രവുമല്ല, നവോമിക്കു ലഭിച്ച ഫോസിലിനെപ്പറ്റി കൂടുതൽ വിവരങ്ങളും കണ്ടെത്താനായിട്ടില്ല. മ്യൂസിയം അധികൃതർ പരിശോധനയ്ക്കു ശേഷം ഫോസിൽ നവോമിക്കുതന്നെ തിരികെ നൽകിയിരുന്നു. രാജ്യാന്തര മാധ്യമങ്ങൾ ഉൾപ്പെടെ സംഭവം വാർത്തയാക്കുകയും ചെയ്തു. ചരിത്രപരമായ കണ്ടെത്തലാണു നവോമി നടത്തിയതെന്ന് മ്യൂസിയം അധികൃതർ പറയുന്നു. നേരത്തേ ഇത്തരമൊരു ഫോസിൽ ഒറിഗോണിൽ എവിടെയും കണ്ടെത്തിയിട്ടില്ല. അതോടെ നാട്ടിലും വീട്ടിലും സ്കൂളിലുമെല്ലാം ഈ കൊച്ചുമിടുക്കി സ്റ്റാറാവുകയും ചെയ്തു. 

 

ലോകത്തു പലയിടത്തും കടലോരത്തെ പാറക്കെട്ടുകളിൽ അമനൈറ്റുകളുടെ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. പാമ്പ് ചുരുണ്ടു കിടക്കുന്നതു പോലെയാണ് ആദ്യ കാഴ്ചയിൽ തോന്നുക. എന്നാൽ ദിനോസറുടെ കാലത്ത് കടലിൽ നിറഞ്ഞിരുന്ന അമനൈറ്റുകളാണ് അത്തരത്തിൽ ഫോസിലായി മാറിയത്. 40 കോടി വർഷം മുൻപു വരെ ജീവിച്ചിരുന്ന അമനൈറ്റുകളുടെ ഫോസിലുകൾ നേരത്തേ കണ്ടെത്തിയിട്ടുണ്ട്. ചുരുണ്ടു കിടക്കുന്ന ഒരു ‘ഷെല്ലിനുള്ളിൽ’ ഒളിച്ചിരിക്കാൻ സാധിക്കുന്നതിനാൽ കടലിലും കരയിലുമുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങൾക്കു പോലും ഇവയെ നശിപ്പിക്കാനായിരുന്നില്ല. അതിനാൽത്തന്നെ കാലങ്ങളോളം ഈ മാംസഭോജികൾ കടൽ അടക്കിവാണു. 

 

വിരലിനോളം പോന്ന അമനൈറ്റ് ഫോസിലാണ് നവോമിക്കു ലഭിച്ചതെങ്കിൽ മനുഷ്യനേക്കാൾ മൂന്നിരട്ടി വലുപ്പമുള്ള ഫോസിലുകൾ വരെ നേരത്തേ കണ്ടെത്തിയിട്ടുണ്ട്. ജൂറാസിക് കാലഘട്ടത്തിൽ ആരംഭത്തിൽ വൻതോതിൽ വളർന്ന ഇവ ഏതാനും ദശലക്ഷം വർഷങ്ങൾക്കപ്പുറം പതിയെ ഇല്ലാതാവുകയായിരുന്നു. ഒരു നിശ്ചിത കാലഘട്ടത്തിനപ്പുറം ഇവയെ പൂർണമായി കാണാതാവുകയും ചെയ്തു. പാലിയന്റോളജിസ്റ്റുകൾക്ക് ഇന്നും കണ്ടെത്താനായിട്ടില്ല ഇവയുടെ പെട്ടെന്നുള്ള വംശനാശത്തിന്റെ കാരണം!

 

 English Summary : Six year old oregon child finds ancient an ammonite fossil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com