ADVERTISEMENT

തെക്കുകിഴക്കൻ പസിഫിക്കിലെ ഈസ്റ്റർ‍ ദ്വീപുകളിൽ ലോകപ്രശസ്തമായ ചില പ്രതിമകളുണ്ട്. മൊവായ് പ്രതിമകൾ എന്നറിയപ്പെടുന്ന ഇവ കടലിനോടു മുഖം തിരിഞ്ഞാണു നിൽക്കുന്നത്. പലതരം മനുഷ്യരുടെ മുഖം കല്ലിൽ കൊത്തിയതാണു പ്രതിമകൾ. ആയിരത്തോളം വരുന്ന ഇവയുടെ പഴക്കം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും എന്തിനാണ് ഈ പ്രതിമകൾ നിർമിച്ചതെന്നത് ഇന്നും പുരാവസ്തു ഗവേഷകർക്ക് പൂർണമായും കണ്ടെത്താനായിട്ടില്ല. വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ഈസ്റ്റർ ഐലൻഡ്. പുരാവസ്തു ഗവേഷകർക്കും പ്രിയപ്പെട്ട പ്രദേശമാണിത്. പക്ഷേ അതിനു കാരണം മൊവായ് പ്രതിമകൾ മാത്രമല്ല, ചരിത്രത്തോടു പുറന്തിരിഞ്ഞു നിൽക്കുന്ന മറ്റു പല കണ്ടെത്തലുകളും അവിടെ നടന്നിട്ടുണ്ട്. 

കാത്തലിക്ക് മിഷനറിയായ യൂജിൻ എയ്റോഡാണ് ആദ്യമായി, 1864ൽ, ദ്വീപിലെ ഒരു പ്രത്യേക തരം ലിപികളെപ്പറ്റി എഴുതുന്നത്. 1864 മുതലുള്ള ദ്വീപിലെ തന്റെ അനുഭവങ്ങളാണ് അദ്ദേഹം കുറിച്ചത്. ഒരു കൂട്ടം മരപ്പലകകളിലായിരുന്നു അദ്ദേഹം ആ ഭാഷ കണ്ടെത്തിയത്. ലിപികൾക്കു പകരം ചിത്രങ്ങൾ ഉപയോഗിക്കുന്ന ഭാഷയായിരുന്നു അത്. ബിസി 3000 ആണ്ടിൽ യൂറേഷ്യയിൽ ഉടലെടുത്ത അത്തരം ഭാഷാ രീതിക്ക് പുരാവസ്തു ഗവേഷകർക്കിടയിൽ ‘പ്രോട്ടോ–റൈറ്റിങ്’ എന്നാണ് പേര്. മരപ്പലകകളിലെ എഴുത്തിന് ഗവേഷകരും ഒരു പേരിട്ടിരുന്നു– റോങ്കോറോങ്കോ. വായിച്ചു മനസ്സിലാക്കുക, ഉരുവിടുക, മന്ത്രം പോലെ ചൊല്ലുക എന്നാണ് റാപ നുയ് ഭാഷയിൽ റോങ്കോറോങ്കോയുടെ അർഥം. ഈസ്റ്റർ ഐലൻഡിൽ ജീവിച്ചിരുന്ന ഗോത്രവിഭാഗക്കാരുടെ ഭാഷയായിരുന്നു റാപ നുയ്. 

ഒന്നുകിൽ ദിവസങ്ങളും മാസങ്ങളുമെല്ലാം അടയാളപ്പെടുത്തിയ കലണ്ടർ, അല്ലെങ്കിൽ ഏതെങ്കിലും ജനവിഭാഗത്തിന്റെ പാരമ്പര്യം കുറിച്ചുവച്ച ഫലകം– ഇതാകാം റോങ്കോറോങ്കോ ലിപിയിൽ എഴുതിയിട്ടുള്ളതെന്നാണു ഗവേഷകർ കരുതുന്നത്. ഒട്ടേറെ പേർ പരിശോധിച്ചിട്ടും, യഥാർഥത്തിൽ ഈ ലിപികൾ എന്തിനെ കുറിക്കുന്നുവെന്ന് ഇന്നേവരെ കണ്ടെത്താനായിട്ടില്ലെന്നതാണു സത്യം. ലിപികളുടെ അർഥം കണ്ടെത്തിയാൽ അത് മനുഷ്യവളർച്ചയുടെ ചരിത്രത്തിലെയും നിർണായക അടയാളപ്പെടുത്തലാകും. സ്വതന്ത്രമായി ഒരു പ്രത്യേക ജനവിഭാഗം വികസിപ്പിച്ചെടുത്ത, അതും ഒരു ചെറുപ്രദേശത്തേക്കു മാത്രമായുളള, ഭാഷ വളരെ അപൂർവമായാണ് ഇതുവരെ കണ്ടെത്താനായിട്ടുള്ളൂത്. 

ദ്വീപിലെ പലയിടത്തും ഈ ലിപികളിൽ എഴുതിയ ശിലകളും കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 26 ഫലകങ്ങളാണ് പലയിടത്തുനിന്നായി ശേഖരിച്ചത്. ഫലകങ്ങളിൽ പലതും ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മ്യൂസിയങ്ങളിലാണ്. ചിലത് സ്വകാര്യ ശേഖരങ്ങളിലും. അവയിൽ പകുതി മാത്രമാണ് കൃത്യമായി സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. ശേഷിച്ചവയുടെ ആധികാരികതയിലും സംശയമുണ്ട്. ശിലകളിലും മരഫലകങ്ങളിലും കൂടാതെ വാഴയിലയിലും ഈ ലിപി പ്രയോഗിച്ചിരുന്നതായി ദ്വീപിലെ പഴമക്കാർ പറഞ്ഞതായി യൂജിൻ കുറിച്ചിട്ടുണ്ട്. കൂർത്ത അഗ്നിപർവത ശിലകളാലും സ്രാവുകളുടെ പല്ലുകൾ ഉപയോഗിച്ചുമായിരുന്നു ഇലകളിലെ എഴുത്ത്. എന്നാൽ ഇലകളിലായതിനാൽ ഇതിന്റെ തെളിവുകളൊന്നും കണ്ടെത്താനുമായിട്ടില്ല.

1860കൾ വരെ ദ്വീപിൽ ഈ ലിപി ഉപയോഗിച്ചിരുന്നുവെന്നാണു കരുതുന്നത്. കൂട്ടത്തിൽ ഏറ്റവും പഴക്കം ചെന്ന ഫലകം പതിനേഴാം നൂറ്റാണ്ടിൽ എഴുതിയതാണ്. പക്ഷികളും മത്സ്യങ്ങളും ദൈവങ്ങളുടെ ചിത്രങ്ങളും ചെടികളുമെല്ലാമായി ഏകദേശം 120 അടയാളങ്ങളാണ് ഫലകങ്ങളിലുള്ളത്. ഈസ്റ്റർ ഐലൻഡിൽ നിലനിന്നിരുന്ന നാഗരികത എങ്ങനെയാണ് തകർന്നടിഞ്ഞതെന്ന് ഇന്നേവരെ കണ്ടെത്താനായിട്ടില്ല. അതിന്റെ ഉത്തരം ഈ ഫലകങ്ങളിലുണ്ടാകുമെന്നു കരുതുന്നവരും ഏറെ. ചിലർ പറയുന്നതാകട്ടെ ഫലകത്തിലുള്ളത് ലിപികളല്ലെന്നും അലങ്കാരപ്പണികളാണെന്നുമാണ്. കടൽ കടന്നെത്തിയവർ ദ്വീപിൽ പ്ലേഗ് വിതച്ചതിനെത്തുടർന്നാണു നാഗരികത ഇല്ലാതായതെന്നു കരുതുന്നവരുമുണ്ട്. 

സ്പാനിഷ് അധിനിവേശത്തോടെ ഈ ഭാഷ നശിച്ചതാകാമെന്നും ഒരു വിഭാഗം വാദിക്കുന്നു. ഒരുപക്ഷേ ദ്വീപിലെ മുതിർന്നവർക്കോ പുരോഹിതന്മാർക്കോ മാത്രം അറിയാവുന്ന ഭാഷയാകാനും മതി. അങ്ങനെയെങ്കിൽ അവരുടെ അപ്രതീക്ഷിത മരണത്തോടെ പുതിയ തലമുറയ്ക്ക് ഭാഷ അന്യംനിന്നു പോകാനും സാധ്യതയുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇന്നും ലോകത്ത് വിശദീകരിക്കാന്‍ പറ്റാത്ത വസ്തുക്കളുടെ കൂട്ടത്തിൽ മുൻപന്തിയിലാണ് ഈസ്റ്റർ ദ്വീപിലെ മരഫലകങ്ങളും അവയിലെ എഴുത്തും.

English summary : Rongorongo script in Easter Island

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com