ADVERTISEMENT

തന്റെ രണ്ടു നായ്ക്കുട്ടികളുമായി നടക്കാനിറങ്ങിയതായിരുന്നു ആന്തണി പ്ലാറൈറ്റ് എന്ന ബ്രിട്ടിഷുകാരന്‍. ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരത്തുള്ള ഐല്‍ ഓഫ് വൈറ്റ് എന്ന ദ്വീപിലെ ബീച്ചിലൂടെയായിരുന്നു നടത്തം. ബീച്ചുകള്‍ക്കു പ്രശസ്തമാണ് ഐല്‍ ഓഫ് വൈറ്റ്. മാത്രവുമല്ല ഫോസില്‍ ഗവേഷകര്‍ക്കും ഏറെ ഇഷ്ടമാണ് ഇവിടത്തെ പല പ്രദേശങ്ങളും. പലപ്പോഴായി ദിനോസറുകളുടെയും മറ്റു പ്രാചീനകാല ജീവികളുടെയും ഫോസിലുകള്‍ ഏറെ കണ്ടെത്തിയിട്ടുള്ളതിനാലാണത്. എന്നാല്‍ ആന്തണിയെ കാത്തിരുന്നത് ഇതൊന്നുമായിരുന്നില്ല.

പുള്ളിക്കാരനിങ്ങനെ ബീച്ചിലൂടെ നടക്കുമ്പോഴുണ്ട്, പാതി മുറിച്ച ഫുട്‌ബോള്‍ പോലെന്തോ ഒന്ന് തീരത്തു കിടക്കുന്നു. അതും തട്ടിത്തട്ടി കുറച്ചു ദൂരം നടന്നു. അപ്പോഴാണ് ഒരു സംശയം- ഫുട്‌ബോളിനെന്താണ് ഇത്രയേറെ കാഠിന്യം. കയ്യിലെടുത്തു പരിശോധിച്ചപ്പോഴാണു മനസ്സിലായത്. ഇത്രയും ദൂരം തട്ടി നടന്നത് ഒരു തലയോട്ടിയായിരുന്നു. അതായത് തലയോട്ടിയുടെ മുകള്‍ ഭാഗം. ക്രേനിയം എന്നറിയപ്പെടുന്ന ഈ ഭാഗമാണു നമ്മുടെ തലച്ചോറിന്മേല്‍ ക്ഷതമേല്‍ക്കാതെ സംരക്ഷിക്കുന്നത്. എന്തായാലും സംഗതി പൊലീസ് കേസാണ്. തലയോട്ടിയെടുത്ത് ഒരു ബാഗിലാക്കി ആന്തണി വീട്ടിലെത്തി. ഇക്കാര്യം വിശദീകരിച്ച് പൊലീസിന് ഇമെയിലും അയച്ചു. അവര്‍ എത്തി അതു പരിശോധനയ്ക്കും അയച്ചു. അജ്ഞാത മൃതദേഹങ്ങളും തലയോട്ടികളുമൊക്കെ പരിശോധിച്ച് ഓരോരുത്തരെയും തിരിച്ചറിയാന്‍ സംവിധാനമുള്ള വിഭാഗത്തിലേക്കാണ് അയച്ചത്. 

ഈ സംഭവം നടക്കുന്നത് 2018 ജൂലൈയിലാണ്. പക്ഷേ അടുത്തിടെയാണ് ഇതിന്റെ പരിശോധനാഫലം പുറത്തുവന്നത്. ആന്തണി തന്നെ അന്തംവിട്ടുപോയ ഒരു കണ്ടെത്തലായിരുന്നു അത്. ബ്രിട്ടിഷ് സര്‍ക്കാരിന്റെ ഡേറ്റയില്‍പ്പെട്ട ആളല്ല മരിച്ചിരിക്കുന്നത്. ഈയടുത്ത കാലത്തൊന്നും ജീവിച്ചിരുന്ന ആളുമായിരുന്നില്ല അത്. ഏകദേശം 2800 വര്‍ഷത്തെ പഴക്കമുണ്ടായിരുന്നു ആ തലയോട്ടിക്ക് എന്നാണ് കാര്‍ബണ്‍ ഡേറ്റിങ് പരിശോധനയില്‍ തെളിഞ്ഞത്. അതായത് ബ്രിട്ടനില്‍ ഇരുമ്പ് യുഗമായിരുന്ന സമയത്തു ജീവിച്ചിരുന്നയാള്‍. ഏകദേശം ബിസി 800നും 540നും ഇടയ്ക്കായിരുന്നു ബ്രിട്ടനിലെ ഇരുമ്പ് യുഗം. പേരു സൂചിപ്പിക്കും പോലെ നിര്‍മാണത്തിനും മറ്റും വ്യാപകമായി ഇരുമ്പ് ഉപയോഗിക്കുന്ന കാലമായിരുന്നു അത്. ബ്രിട്ടനില്‍ അതു വന്‍മാറ്റങ്ങള്‍ക്കുമിടയാക്കി. ബ്രിട്ടിഷ് ജനസംഖ്യ 10 ലക്ഷം കടക്കുന്നതും ഇക്കാലത്താണ്.

മറ്റു പ്രദേശങ്ങളുമായി വാണിജ്യ ബന്ധവും ഐല്‍ ഓഫ് വൈറ്റിനുണ്ടായിരുന്നു. കപ്പലുകള്‍ വഴിയുള്ള ചരക്കുകൈമാറ്റത്തിന്റെ ഒരു സുപ്രധാന കേന്ദ്രവുമായിരുന്നു ഈ ദ്വീപ്. ഇരുമ്പു യുഗത്തിനു പിന്നാലെയാണ് വെങ്കലം കണ്ടുപിടിക്കുന്നതും ബ്രിട്ടനില്‍ വെങ്കലയുഗത്തിനു തുടക്കമിടുന്നതും. എന്തായാലും ആന്തണി കണ്ടെത്തിയ തലയോട്ടി വെളിച്ചം വീശിയത് ബ്രിട്ടന്റെ ചരിത്രത്തിലേക്കായിരുന്നു. അതോടെ തലയോട്ടിയുമായി ബന്ധപ്പെട്ട കേസിന്റെ കാര്യത്തിലും തീരുമാനമായി. തലയോട്ടിയാകട്ടെ കൂടുതല്‍ പഠനത്തിനായി ഐല്‍ ഓഫ് വൈറ്റ് മ്യൂസിയത്തിനും കൈമാറി. ഇതിന്മേല്‍ കൂടുതല്‍ പഠനത്തിനൊരുങ്ങുകയാണു ഗവേഷകര്‍.

Summary : Skull of iron age found in Isle of Wight

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com