ADVERTISEMENT

ലോകത്തിലെ ഏറ്റവും ദുരൂഹത നിറഞ്ഞ നദി ഏതാണെന്നറിയാമോ കൂട്ടുകാർക്ക്? ആമസോൺ എന്നാണ് ഉത്തരമെങ്കില്‍ തെറ്റി. ഇനി ആ പദവി ആഫ്രിക്കയിലെ കോംഗോ നദിക്കു നൽകേണ്ടി വരും. അത്രയേറെ നിഗൂഢമായ കണ്ടെത്തലുകളാണ് നദിയുടെ ആഴങ്ങളിൽ നിന്നു ഗവേഷകർ തിരിച്ചറിഞ്ഞിരിക്കുന്നത്. ലോകത്തിലെ ഏറ്റവും നീളമുള്ള ഒൻപതാമത്തെ നദിയാണ് കോംഗോ. ഏകദേശം 2920 മൈൽ വരും നീളം. ആഫ്രിക്കയിലെ ഏറ്റവും നീളമുള്ള രണ്ടാമത്തെ നദിയും കോംഗോയാണ്. ഏറ്റവും നീളമുള്ള നദി കൂട്ടുകാർക്കെല്ലാം ഏറെ പരിചിതമായ നൈലും. 

കോംഗോ നദിക്ക് ഇപ്പോൾ പുതിയൊരു റെക്കോർഡ് കൂടി സ്വന്തമായിരിക്കുകയാണ്– ലോകത്തിലെ ഏറ്റവും ആഴമുള്ള നദി. ചില ഭാഗങ്ങളിൽ 700 അടി വരെയാണ് ഇതിന്റെ ആഴം കണ്ടെത്തിയിരിക്കുന്നത്. ഇതിലേക്കു നയിച്ചതാകട്ടെ ഏതാനും കുഞ്ഞൻ മീനുകളുടെ മരണവും. ഏതാനും വർഷം മുൻപാണ് കോംഗോ നദിയിലെ ഒരു പ്രത്യേക തീരമേഖലകളിൽ ഒരുതരം മീനുകൾ ചത്തുപൊങ്ങാൻ തുടങ്ങിയതു കണ്ടെത്തിയത്. ദേഹമാകെ വെളുത്ത നിറമായിരുന്നു അവയ്ക്ക്. കാഴ്ചയും ഇല്ലായിരുന്നു. കടലിലും നദികളിലുമെല്ലാം ഏറെ ആഴങ്ങളിൽ കഴിയുന്ന മീനുകളുടെ സ്വഭാവഗുണങ്ങളായിരുന്നു ഈ വെളുത്ത നിറവും കാഴ്ചശക്തിയില്ലാത്തതും.  

വെള്ളത്തിനടിയിലെ ഗുഹകളിലും മറ്റും താമസിക്കുന്നതിനാൽ ഇത്തരം മീനുകൾക്ക് ‘കേവ് ഫിഷ്’ എന്നും വിളിപ്പേരുണ്ട്. ലക്ഷക്കണക്കിനു വർഷം വെയിലേൽക്കാതെ ജീവിച്ചാണ് ഇവ ഇരുട്ടിൽ കഴിയാൻ സഹായിക്കുന്ന നിറവും മറ്റും ആർജിച്ചെടുത്തത്. പക്ഷേ കോംഗോ നദിക്കടിയിൽ ഗുഹകളൊന്നുമില്ല. മാത്രവുമല്ല വൻ അടിയൊഴുക്കുകളുമാണ്. വെള്ളത്തിനടിയിൽ വച്ചല്ല തീരത്തേക്കെത്തും മുൻപാണ് മീനുകളെല്ലാം ചത്തതെന്ന് ഒരു ഗവേഷക തിരിച്ചറിഞ്ഞു. അതായത് പെട്ടെന്ന് ആഴങ്ങളിൽ നിന്ന് മുകളിലേക്ക് കുതിച്ചപ്പോഴുണ്ടായ മർദവ്യതിയാനം കാരണം ചത്തതാണ്. ഈ പ്രശ്നം പലപ്പോഴും ആഴങ്ങളിലേക്കു കൂപ്പുകുത്തി തിരികെ വരുന്ന ഡൈവർമാർക്കും സംഭവിക്കാറുണ്ട്. പെട്ടെന്ന് മുകളിലേക്കു കുതിക്കുമ്പോൾ മർദവ്യത്യാസം കാരണം മരണം വരെ മനുഷ്യനും സംഭവിക്കാമെന്നു ചുരുക്കം. അതുതന്നെയാണ് കേവ് ഫിഷിനും സംഭവിച്ചിരിക്കുന്നത്. 

അത്രയേറെ ആഴമുണ്ടോ കോംഗോ നദിക്ക്? പരിശോധനയ്ക്ക് ഒരുകൂട്ടം ഡൈവർമാരെ അയച്ചു മെലാനി സ്റ്റിയാസ്നി എന്ന ഗവേഷക. ഞെട്ടിക്കുന്ന വിവരങ്ങളുമായിട്ടായിരുന്നു അവർ തിരികെയെത്തിയത്. നദിക്കടിയിൽ കണ്ടെത്തിയത് ഒരു നിഗൂഢലോകമായിരുന്നു. ചിലയിടത്ത് വെള്ളം കുത്തനെ താഴേക്ക് ഒഴുകുന്നു. ചിലയിടത്ത് മുകളിലേക്കും. ഒരു വെള്ളച്ചാട്ടം കൊണ്ട് അതിരു വരച്ച പോലെയായിരുന്നു ചില മേഖലകൾ. ചിലയിടത്ത് അതിശക്തമായ ചുഴികളായിരുന്നു. അതിനപ്പുറത്തേക്കു കടക്കാൻ പോലുമാകാത്ത അവസ്ഥ. ഇങ്ങനെ നദിക്കടിയിൽ പലതരം ആവാസവ്യവസ്ഥകൾ ചുഴികളാലും അടിയൊഴുക്കുകളാലും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ലോകത്ത് ഇന്നേവരെ കണ്ടെത്താത്ത ജീവികളായിരുന്നു ഓരോയിടത്തും. ഒരു പ്രത്യേക ‘പോക്കറ്റിൽ’ കാണുന്ന ജലജീവികൾ മറ്റെവിടെയും കാണാത്ത അവസ്ഥ. കോംഗോ നദിക്കടിയിൽ ഒളിച്ചിരിക്കുന്ന അസാധാരണ ജീവികളെപ്പറ്റി കൂടുതൽ ഗവേഷണം നടത്താനുള്ള ശ്രമമാണ് ഇനി നടക്കാനിരിക്കുന്നത്. വരുംനാളുകളിൽ അത്യപൂർവ ജീവികളെ കണ്ടെത്തിയെന്ന വാർത്തകളുടെ ഒഴുക്കായിരിക്കുമെന്നു ചുരുക്കം. 

Summary : Dying fish revealed Congo is world's deepest river

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com