മൃഗങ്ങള്‍ വേണ്ട; അന്തരീക്ഷത്തില്‍ നിന്ന് ഇനി ഇറച്ചിയും ‘മുറിച്ചെടുക്കാം’! ​​

HIGHLIGHTS
  • നല്ല 'ശാസ്ത്ര ഇറച്ചി' കഴിക്കാനാകുമെന്നും ഗവേഷകര്‍ പറയുന്നു
  • പ്രൊബയോട്ടിക് പ്രൊഡക്‌ഷന്‍ എന്നാണിതിനെ വിളിക്കുന്ന പേര്
Air protein | creating meat from-air.
SHARE

അന്തരീക്ഷത്തില്‍ നിന്നു പലതരം വസ്തുക്കൾ മാജിക്കിലൂടെ കണ്ടെടുക്കുന്ന പതിവുണ്ട്. പക്ഷേ അന്തരീക്ഷത്തില്‍ നിന്ന് ഇറച്ചി ഉല്‍പാദിപ്പിക്കുന്നതിനെപ്പറ്റി കേട്ടിട്ടുണ്ടോ? സംഗതി മൃഗങ്ങളുടെ ഇറച്ചിയല്ലെന്നു മാത്രം. ബഹിരാകാശത്തേക്കു പോകുന്ന യാത്രികരുടെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് അവര്‍ക്ക് ഭക്ഷണം ലഭ്യമാക്കുകയെന്നതാണ്. അങ്ങനെയിരിക്കെ, പണ്ടൊരിക്കല്‍ ചിലര്‍ ഒരു സിദ്ധാന്തം മുന്നോട്ടു വച്ചു. ബഹിരാകാശത്തു വച്ച് യാത്രികര്‍ ശ്വസനത്തിനൊടുവില്‍ പുറത്തുവിടുന്നത് കാര്‍ബണ്‍ ഡയോക്‌സൈഡാണല്ലോ, അതിനെത്തന്നെ ഭക്ഷണാക്കി ചവച്ചു തിന്നാലെങ്ങനെയുണ്ടാകും? കേട്ടാല്‍ വട്ടാണെന്നു തോന്നുമെങ്കിലും ഇതിനുള്ള വഴികളും ഗവേഷകര്‍ അന്ന് ആലോചിച്ചിരുന്നുവെന്നതാണു സത്യം. അന്നു പരാജയപ്പെട്ട സംഗതിയാണ് ഇപ്പോള്‍ കലിഫോര്‍ണിയ ആസ്ഥാനമായുള്ള ഒരു കമ്പനി പരീക്ഷിച്ചു വിജയിച്ചിരിക്കുന്നത്. വൈകാതെ തന്നെ ഈ സാങ്കേതികവിദ്യയിലൂടെ നല്ല ‘ശാസ്ത്ര ഇറച്ചി’ കഴിക്കാനാകുമെന്നും ഗവേഷകര്‍ പറയുന്നു.

നാള്‍ക്കു നാള്‍ ലോകത്തിലെ ജനസംഖ്യ കൂടി വരികയാണ്. മാംസഭക്ഷണത്തോടുള്ള മനുഷ്യന്റെ താല്‍പര്യവും കൂടിവരുന്നു. ഇതു കാരണമുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ കുറച്ചൊന്നുമല്ല. അതും പോരാതെ ആവശ്യത്തിന് ഇറച്ചി ലഭിക്കാത്ത പ്രശ്‌നവും. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായാണ് എയര്‍ പ്രോട്ടിന്‍ എന്ന കമ്പനി തങ്ങളുടെ പുത്തന്‍ സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുന്നത്. സൂക്ഷ്മജീവികളെ ഉപയോഗിച്ച് അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിനെ ഒരു തരം പ്രോട്ടിനാക്കി മാറ്റുകയാണു ഗവേഷകര്‍ ചെയ്യുന്നത്. പ്രൊബയോട്ടിക് പ്രൊഡക്‌ഷന്‍ എന്നാണിതിനെ വിളിക്കുന്ന പേര്. അതീവ സൂക്ഷ്മതയോടെയും ‌പ്രത്യേകം തയാറാക്കിയ അത്യാധുനിക ഉപകരണങ്ങളുടെയും സഹായത്തോടെ മാത്രമേ ഇതു സാധിക്കുകയുള്ളൂ. പക്ഷേ ഉല്‍പാദിപ്പിക്കപ്പെടുന്ന പ്രോട്ടിന്‍ മൃഗങ്ങളുടെ ഇറച്ചിയില്‍ നിന്നു ലഭിക്കുന്നതിനു തുല്യമായിരിക്കും. 

ഹൈഡ്രോജനട്രോഫ്‌സ് എന്നറിയപ്പെടുന്ന സൂക്ഷ്മജീവികളെയാണ് ഇതിനു വേണ്ടി ഉപയോഗപ്പെടുത്തുക. ഇവയെ പ്രത്യേകമായി വളര്‍ത്തിയെടുക്കുന്നതാണ്. അതിനു വേണ്ടി ഫെര്‍മന്റേഷന്‍ ടാങ്കുകളുമുണ്ട്. അപ്പമുണ്ടാക്കാന്‍ മാവ് പുളിപ്പിക്കുന്നതിന് യീസ്റ്റ ചേര്‍ക്കുന്നതു കണ്ടിട്ടില്ലേ? ഫെര്‍മന്റേഷന്‍ പ്രക്രിയകളിലൊന്നാണ് അത്. കാര്‍ബണ്‍ ഡയോക്‌സൈഡും വെള്ളവും മറ്റു ചില പോഷകവസ്തുക്കളുമാണ് ഈ സൂക്ഷ്മജീവികള്‍ക്കു ഭക്ഷണമായി ടാങ്കില്‍ നല്‍കുക. ഇതെല്ലാം ഉപയോഗിച്ച് അവ തവിട്ടു നിറത്തിലുള്ള ഒരു പൊടി ഉല്‍പാദിപ്പിക്കും. ഈ ‘ധാന്യത്തിൽ’ 80 ശതമാനവും പ്രോട്ടിനായിരിക്കും. ഏകദേശം ഇറച്ചിയുടെ രുചിയായിരിക്കും ഇതിന്. എന്നാല്‍ പൂര്‍ണമായും ഇതിനെ ഇറച്ചിയെന്നു വിളിക്കാനുമാകില്ല. പകരം മറ്റു ചില വസ്തുക്കളുമായി ചേര്‍ക്കുന്നതോടെ യഥാര്‍ഥ ഇറച്ചിയുടെ ഗുണവും രുചിയും ലഭിക്കുമെന്നു മാത്രം.

ഇതുപയോഗിച്ച് ബര്‍ഗറോ പീത്‌സയോ എന്നു വേണ്ട, ഇറച്ചി ഉപയോഗിക്കേണ്ട ഏതുതരം ഭക്ഷ്യവസ്തുവും പാകം ചെയ്‌തെടുക്കാമെന്നും ഗവേഷകര്‍ പറയുന്നു. ഇതുപക്ഷേ പരീക്ഷണ ഘട്ടമാണ്. ഘട്ടംഘട്ടമായി ഈ ഇറച്ചി വിപണിയിലെത്തിക്കാനാണു നീക്കം. അന്തരീക്ഷത്തെയും പരിസ്ഥിതിയെയൂം അധികം ദ്രോഹിക്കാതെ മികച്ച രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ ജനങ്ങളിലേക്കെത്തിക്കാനാണു തങ്ങളുടെ ലക്ഷ്യമെന്നും എയര്‍ പ്രോട്ടിന്‍ പറയുന്നു. മണിക്കൂറുകള്‍ക്കകം ഈ പ്രോട്ടിന്‍ ഉല്‍പാദിപ്പിക്കാമെന്ന ഗുണവുമുണ്ട്. മാസങ്ങളോളം മൃഗങ്ങളെ വളര്‍ത്തുകയും വേണ്ട. ഉല്‍പാദനത്തിനാവശ്യമായ സ്ഥലവും കുറവ്. കീടനാശിനികളോ മറ്റോ പ്രയോഗിക്കേണ്ടിയും വരില്ല. ആകെമൊത്തം പരിസ്ഥിതി സൗഹാര്‍ദ പ്രോട്ടിന്‍ കൂടിയാവുകയാണ് ഈ ശാസ്ത്ര ഇറച്ചി.

Summary : Air protein, creating meat from air,

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA