ADVERTISEMENT

യുഎസിലെ സൗത്ത് കാരലൈന കടലിലെ ഒരു ഭാഗത്ത് രാവിലെ കാലാവസ്ഥയ്ക്കൊന്നും യാതൊരു പ്രശ്നവുമുണ്ടാകാറില്ല. കടലെല്ലാം തെളിഞ്ഞ്, നല്ല ശാന്തമായ അന്തരീക്ഷം. പക്ഷേ ഉച്ചയായിക്കഴിഞ്ഞാൽ പ്രശ്നമാണ്. കടലിൽ കൊടുങ്കാറ്റ് വീശാൻ തുടങ്ങും. ഇങ്ങനെ കാലാവസ്ഥ മാറിമറിഞ്ഞു കിടക്കുന്ന ആ പ്രദേശത്തു കടലിനടിയിൽ കാലങ്ങളായി ഒരു കപ്പൽ ഒളിച്ചിരിപ്പുണ്ട്. കടലിൽ ഏകദേശം 60–80 അടി ആഴത്തിലാണത്. ആ കപ്പലിലുള്ളതാകട്ടെ, വമ്പൻ നിധിയും. അതായത്, കോടിക്കണക്കിനു രൂപ വില വരുന്ന സ്വർണനാണയങ്ങൾ

കൊടുങ്കാറ്റിനെയും കടൽത്തിരകളെയുമൊക്കെ കടന്ന് ഒരു കൂട്ടം പര്യവേക്ഷകർ അടുത്തിടെ ആ നിധിയിലേക്കുള്ള വാതിൽ തുറന്നു. സ്വർണനാണയങ്ങളും ലഭിച്ചു. പക്ഷേ കപ്പലിലെ സകല നിധിയും കിട്ടിയിട്ടില്ല. കടലിനടിയിലെ മണലിൽ പുതഞ്ഞ് ഏകദേശം 5–10 അടി താഴെയാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ കിടക്കുന്നത്. അവ ഓരോന്നായി ഉയർത്തിയെടുക്കേണ്ടതുണ്ട്. പക്ഷേ അവിടെ കാത്തിരിക്കുന്നത് വമ്പൻ നിധിയാണെന്നത് ഉറപ്പ്. 1840 ജൂലൈ 25നാണ് ആവി എൻജിനിൽ പ്രവർത്തിക്കുന്ന യുഎസിന്റെ ചരക്കുകപ്പലുകളിലൊന്ന് കാരലൈനയില്‍ മുങ്ങിപ്പോകുന്നത്. 

മറ്റൊരു ചരക്കു കപ്പലായ ഗവർണർ ഡഡ്‌ലിയുമായി കൂട്ടിയിടിച്ചായിരുന്നു കപ്പൽ മുങ്ങിയത്. പക്ഷേ കപ്പലിലുള്ളവരെയെല്ലാം രക്ഷപ്പെടുത്തി. കപ്പലിലെ ചരക്കുകളാകട്ടെ പൂർണമായും കടലിൽ മുങ്ങിപ്പോവുകയും ചെയ്തു. കപ്പലിലെ പലതരം വസ്തുക്കൾക്കൊപ്പം പല പെട്ടികളിലായി സൂക്ഷിച്ചിരുന്ന സ്വർണനാണയങ്ങളും ആഴങ്ങളിൽ മറഞ്ഞു. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതായിരുന്നു ആ നാണയങ്ങൾ. യുഎസ് സർക്കാർ ഔദ്യോഗികമായി നിർമിച്ചു വിതരണത്തിനെത്തിച്ച നാണയങ്ങളായിരുന്നു എല്ലാം. അത്തരത്തിലുള്ള നാണയങ്ങൾക്ക് ഇന്നത്തെ പുരാവസ്തുക്കളിൽ നിർണയിക്കാനാകാത്തത്ര മൂല്യമാണുള്ളത്. അതിനാലാണ് മറൈൽ ആര്‍ക്കിയോളജിസ്റ്റുകൾ ബ്ലൂ വാട്ടർ വെഞ്ച്വേഴ്സ് ഇന്റർനാഷനൽ എന്ന ഡൈവിങ് കമ്പനിയുമായി ചേർന്ന് എന്തുവില കൊടുത്തും കപ്പൽ കണ്ടെത്താൻ തീരുമാനിച്ചത്. 

ഇതുവരെ ആകെ മൂന്നു സ്വർണ നാണയങ്ങൾ കണ്ടെത്താൻ മാത്രമേ സാധിച്ചിട്ടുള്ളൂ. അഞ്ചു ഡോളറിന്റെയായിരുന്നു ആ നാണയങ്ങൾ. അതിൽ ഒരെണ്ണം 1836ലും രണ്ടെണ്ണം നിർമിച്ചത് 1838ലുമായിരുന്നു. മൂന്നു നാണയങ്ങളും യാതൊരു കുഴപ്പവുമില്ലാതെ സംരക്ഷിക്കപ്പെട്ട നിലയിലുമായിരുന്നു. നാണയങ്ങൾ കൂടാതെ പലതരം സ്ഫടിക വസ്തുക്കളും പാത്രങ്ങളും പിച്ചളയിൽ തീർത്ത കപ്പലിന്റെ ഭാഗങ്ങളുമെല്ലാം ഡൈവർമാർ കരയിലെത്തിച്ചു. രണ്ടു നൂറ്റാണ്ടു മുൻപുള്ള യുഎസ് ജീവിതം എങ്ങനെയായിരുന്നുവെന്നതിന്റെ തെളിവുകളാണ് അതോടൊപ്പം കരയ്ക്കെത്തുന്നതെന്നും ഗവേഷകർ പറയുന്നു. കണ്ടെത്തിയ മൂന്നു സ്വർണനാണയങ്ങൾ പോലും ലക്ഷങ്ങൾ വിലവരുന്നതാണ്. കാലാവസ്ഥയും ഡൈവർമാരുടെ സുരക്ഷയുമൊക്കെ നോക്കി നവംബറിലും ഇവിടെ പര്യവേക്ഷണം തുടരാനാണു തീരുമാനം. ഇതിനു ശേഷം മറ്റൊരു ആവിക്കപ്പലായ പുലസ്‌കിയാണ് പര്യവേക്ഷകരുടെ ലക്ഷ്യം. 1938 ജൂൺ 14നു മുങ്ങിയ ഈ കപ്പലിന്റെ സ്ഥാനം 2018ൽ കണ്ടെത്തിയിരുന്നു. അതിനകത്തും വിലമതിക്കാനാകാത്ത അമൂല്യവസ്തുക്കളുണ്ടെന്നാണു കരുതപ്പെടുന്നത്.

 English Summary : Gold treasure found shipwreck off South Carolina

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com