ADVERTISEMENT

ലോകത്തിൽ പലതരം രത്നക്കല്ലുകളുണ്ട്. ആമ്മൊലൈറ്റ് എന്നയിനം കല്ലിനെപ്പറ്റി കേട്ടിട്ടുണ്ടോ? വളരെ വിലപിടിച്ചതാണ്. ദശലക്ഷക്കണക്കിനു വർഷങ്ങൾക്കു മുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന ആമ്മൊണൈറ്റ് എന്നയിനം ജീവികളുടെ മൃതദേഹം ഭൂമിക്കടിയിൽ കിടന്ന് ഫോസിലായി, അവയ്ക്കു രൂപമാറ്റം സംഭവിച്ചാണ് ആമ്മൊലൈറ്റുകളുണ്ടാകുന്നത്. ‘മൊളസ്ക്’ വിഭാഗത്തിൽപ്പെട്ട ജീവികളായിരുന്നു ആമ്മൊണൈറ്റ്. ഇന്നത്തെ കാലത്തെ ഒച്ചിനെപ്പോലെ പുറന്തോടൊക്കെയുള്ള ജീവികളായിരുന്നു മൊളസ്കുകകൾ. പക്ഷേ മിക്കതിനും വൻ വലുപ്പമായിരുന്നെന്നു മാത്രം.

കാനഡയിലെ ആൽബർട്ട എന്ന പ്രദേശത്ത് ഒട്ടേറെ ആമ്മൊലൈറ്റ് രത്നക്കല്ലുകൾ കണ്ടെത്തിയിട്ടുണ്ട്. ലക്ഷക്കണക്കിനു വർഷം മുൻപ് കടൽ കയറിക്കിടന്ന പ്രദേശമായിരുന്നു ഇത്. അന്നു മൊളസ്കുകൾ വെള്ളത്തിലായിരുന്നു ജീവിച്ചിരുന്നത്. വർഷങ്ങൾ കഴിഞ്ഞപ്പോൾ വെള്ളമിറങ്ങി പ്രദേശം വറ്റിവരണ്ടതോടെ ആമ്മൊലൈറ്റ് കല്ലുകൾ നിറഞ്ഞ ഖനികളും ഇവിടെ പലയിടത്തും കണ്ടെത്തുകയായിരുന്നു. അതിന്റെ ചുവടു പിടിച്ച് ഖനനത്തിലായിരുന്നു ഒരു കൂട്ടം തൊഴിലാളികൾ. പക്ഷേ രത്നം അന്വേഷിച്ചു ചെന്ന അവർക്കു ലഭിച്ചത് ശാസ്ത്രലോകത്തിനു മുതൽക്കൂട്ടാകുന്ന ഒരു സമ്മാനമായിരുന്നു. ഏകദേശം ഏഴു കോടി വർഷം മുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന ഭീകരൻ ജീവിയുടെ ഫോസിലായിരുന്നു അവർ കണ്ടെത്തിയത്.

കടലിൽ കഴിയുന്ന ഉരഗവർഗത്തിൽപ്പെട്ട മോസസോറസുകളിലൊന്നിന്റെ ഫോസിലായിരുന്നു അത്. പണ്ടുകാലത്ത് കടലിലെ ‘ടെറർ’ ആയിരുന്നു മോസസോറസുകൾ. 2015ലിറങ്ങിയ ‘ജുറാസിക് വേൾഡ്’ സിനിമയിൽ ഈ ജീവിയെ പുനഃസൃഷ്ടിച്ചിരുന്നു. കൃത്രിമ തടാകത്തിനു മുകളിൽ വമ്പനൊരു മത്സ്യത്തെ തൂക്കിയിടുകയും ചുറ്റിലും എല്ലാവരും നോക്കിനിൽക്കുമ്പോൾ മുതലയെപ്പോലെ ഒരു വമ്പൻ ജീവി ഉയർന്നു വന്ന് അതിനെ കടിച്ചെടുത്ത് വെള്ളത്തിൽ മറയുകയും ചെയ്യുന്ന രംഗമില്ലേ, അതാണ് മോസസോറസ്. കാഴ്ചയിൽ വമ്പനൊരു മുതലയെപ്പോലെയിരിക്കും.

മാംസഭോജികളായ ഇവ വംശമറ്റു പോയെങ്കിലും ഇന്നു കാണപ്പെടുന്ന പാമ്പുകളിലും പല്ലികളിലും പലതിന്റെയും പൂർവികർ മോസസോറസുകളാണ്. തല മുതല്‍ വാൽ വരെ ഏകദേശം 20–23 അടി നീളമുണ്ടായിരുന്നു കാനഡയിൽ കണ്ടെത്തിയ ഫോസിലിന്. അതായത് ഒത്ത നാലു മനുഷ്യരെ ചേർത്തു വച്ചാലുള്ളത്ര നീളം. വർഷങ്ങളിത്രയായിട്ടും ഫോസിലിനു കാര്യമായ കുഴപ്പങ്ങളൊന്നും സംഭവിച്ചിരുന്നില്ല. പക്ഷേ കൈകാലുകൾ നഷ്ടപ്പെട്ട നിലയിലായിരുന്നു. ഒന്നുകിൽ ഇത് അഴുകിപ്പോയതോ അല്ലെങ്കിൽ മറ്റേതെങ്കിലും ജീവികൾ കടിച്ചെടുത്തതോ ആകാമെന്നാണു ഗവേഷകർ പറയുന്നത്.

ബെയർപോ ഫോർമേഷൻ എന്നറിയപ്പെടുന്ന മേഖലയിലെ ഖനനത്തിനിടെയാണ് ഫോസിൽ കണ്ടെത്തിയത്. ഏഴു കോടി വർഷം മുൻ‍പുള്ള ക്രെറ്റേഷ്യസ് കാലത്ത് ഈ പ്രദേശം പൂർണമായും വെള്ളത്തിനടിയിലായിരുന്നു. അതിനാൽത്തന്നെ ഇപ്പോഴും പ്രാചീന കാലത്തെ കടൽജീവികളുടെ ഫോസിലുകൾ പല ഖനികളിൽ നിന്നും ലഭിക്കാറുണ്ട്. പക്ഷേ ഇപ്പോൾ ലഭിച്ചതു പോലെ പൂർണമായും സംരക്ഷിക്കപ്പെട്ട നിലയിലുള്ളവ വളരെ അപൂർവം മാത്രം. ഖനി ഉടമകളായ എൻചാന്റഡ് ഡിസൈൻസ് കമ്പനി ഫോസിൽ കാനഡയിലെ റോയൽ ടൈറെൽ മ്യൂസിയം ഓഫ് പാലിയന്റോളജിക്കു കൈമാറുകയും ചെയ്തു. ഭൂമിയിൽ പണ്ടുകാലത്ത് 38 തരം മോസസോറുകളുണ്ടായിരുന്നുവെന്നാണു ഗവേഷകർ കരുതുന്നത്. ഇതിനെ സാധൂകരിക്കുന്ന പല ഫോസിൽ തെളിവുകളും ലഭിച്ചിട്ടുമുണ്ട്. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന മോസസോറസ്, ടൈലോസോറസ് ജീനസിൽപ്പെട്ടതാണെന്നാണു നിഗമനം. 

 English Summary : Mosasaur fossils found in manitoba

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com