ടിന്നിലടച്ച നിധി; ഉടമസ്ഥൻ അറിഞ്ഞത് എൺപതാം വയസ്സിൽ !

HIGHLIGHTS
  • 670 കൊല്ലം പഴക്കമുള്ള മോതിരമാണത്
  • ലാറ്റിൻ ഭാഷയിൽ എഴുത്തുകളുണ്ടായിരുന്നു മോതിരത്തിൽ
medieval ring | fourteenth century treasure
SHARE

എട്ടര ലക്ഷം രൂപ വിലയുള്ള ഒരു വസ്തു 40 കൊല്ലം ചുമ്മാതിരിക്കുന്നു. അതിന്റെ യഥാർഥ വിലയെപ്പറ്റി ഉടമസ്ഥൻ അറിയുന്നതാകട്ടെ തന്റെ എൺപതാം വയസ്സിലും. എത്രമാത്രം സങ്കടമായിരിക്കും അല്ലേ ഉണ്ടാവുക! ഇംഗ്ലണ്ടിലാണു സംഭവം. 1979ലാണു ടോം ക്ലർക്ക് എന്ന വ്യക്തിക്കു യുകെയിലെ കൃഷിയിടത്തിൽ നിന്ന് ഒരു മോതിരം ലഭിക്കുന്നത്. അവിടങ്ങളിൽ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു ഭൂമിക്കടിയിലെ ലോഹവസ്തുക്കൾ തിരയുന്ന ഒരു തരം വിനോദമുണ്ട്. നിധിവേട്ടക്കാരാണ് ഇത്തരക്കാർ. ഒട്ടേറെ പേർക്ക് അങ്ങനെ പലതരം നാണയങ്ങളും ആയുധങ്ങളും ആഭരണങ്ങളുമൊക്കെ മണ്ണിനടിയിൽ നിന്നു ലഭിച്ചിട്ടുണ്ട്. ഇതു പിന്നീടു ലേലത്തിനു വച്ചു പണം സ്വന്തമാക്കാം. 

ബക്കിങ്ങാംഷെറിലായിരുന്നു ടോമിന്റെ കൃഷിയിടം. കൃഷിയിടത്തിൽ നിന്നു കണ്ടെത്തിയപ്പോൾ മോതിരത്തിനു വലിയ പ്രാധാന്യമൊന്നും തോന്നിയില്ല. അങ്ങനെയത് ഒരു ടിന്നിലടച്ച് അമ്മവീട്ടിലെ ഗരാഷിൽ സൂക്ഷിച്ചു. 8 വർഷം മുൻപ് അമ്മ മരിച്ചു. അങ്ങനെ വീട്ടിലെ വസ്തുക്കളെല്ലാം തരംതിരിക്കുന്നതിനിടെയായിരുന്നു ഈ ടിൻ ശ്രദ്ധയിൽപ്പെടുന്നത്. മോതിരം കണ്ടപ്പോൾ അതിന്റെ മൂല്യം പരിശോധിക്കാൻ ഒരാഗ്രഹം– അന്വേഷിച്ചു ചെന്നപ്പോഴാണറിഞ്ഞത്. 670 കൊല്ലം പഴക്കമുള്ള മോതിരമാണത്. അതായത് എഡി 1350ൽ നിർമിച്ചത്. ലാറ്റിൻ ഭാഷയിൽ എഴുത്തുകളുണ്ടായിരുന്നു മോതിരത്തിൽ– യഥാർഥ സന്ദേശങ്ങൾ ഞാൻ മറച്ചുവയ്ക്കുന്നു എന്നായിരുന്നു എഴുത്തിന്റെ അർഥം. മോതിരത്തിൽ ഒരാളുടെ ചിത്രവും കൊത്തിവച്ചിരുന്നു. എന്തായാലും സംഗതി ലേലത്തിനു വയ്ക്കാൻ തന്നെ തീരുമാനിച്ചു. 8.5 ലക്ഷം രൂപ വരെയാണു വിലയിട്ടിരിക്കുന്നത്. 

തുകൽ ഉപയോഗിച്ചുള്ള വസ്തുക്കൾ നിർമിക്കുന്നതായിരുന്നു ടോമിന്റെ ജോലി. ഇപ്പോൾ ജോലിയെല്ലാം നിർത്തി വിശ്രമത്തിലാണ്. മോതിരം കണ്ടെത്തിയ കൃഷിഭൂമിയിൽ ഇപ്പോൾ വമ്പൻ വീടുകൾ നിറഞ്ഞു. അതിനാൽത്തന്നെ കൂടുതൽ നിധിക്കുള്ള സാധ്യതയും നഷ്ടമായി. മോതിരം പുറത്തെടുക്കുന്ന സമയത്ത് അതു വളഞ്ഞു പോയതിനാൽ കാര്യമായി ശ്രദ്ധിച്ചിരുന്നില്ലെന്നു പറയുന്നു ടോം. മാത്രവുമല്ല മെറ്റൽ ഡിറ്റക്ടർ വഴിയുള്ള നിധിവേട്ട പരിചയപ്പെട്ടു വരുന്നതേയുണ്ടായിരുന്നുള്ളൂ–10 കൊല്ലത്തെ പരിചയം മാത്രം. അതിനാൽത്തന്നെ അതിന്റെ ചരിത്രപ്രാധാന്യം തിരിച്ചറിയാനുമായില്ല. 

അന്നു കിട്ടിയ പല മോതിരങ്ങളും ഒരു മ്യൂസിയത്തിലെത്തിച്ചു പരിശോധിച്ചെങ്കിലും അവയെല്ലാം പുതിയ കാലത്തെയാണെന്നായിരുന്നു മറുപടി. അങ്ങനെയാണ് എല്ലാം എടുത്തു ടിന്നിലടച്ചിട്ടത്. അതിനോടകം ടോം മെറ്റൽ ഡിറ്റക്ടർ ഉപയോഗത്തിലും പഴയകാല വസ്തുക്കൾ തിരിച്ചറിയുന്നതിലും കൂടുതൽ മിടുക്കനായിരുന്നു. ഏകദേശം 50 കൊല്ലത്തെ പരിചയസമ്പത്തായി. 

അടുത്തിടെ ടിൻ തുറന്നു നോക്കിയപ്പോഴാണ് ഒരു മോതിരത്തിനു മാത്രം അൽപം പ്രത്യേകതയുണ്ടെന്നു തോന്നിയത്. സമീപത്തെ മ്യൂസിയത്തിൽ പരിശോധന നടത്തി. ടോമിന്റെ ഊഹം തെളിയുകയും ചെയ്തു. ഉയർന്ന തോതിൽ സ്വർണമുണ്ടായിരുന്നു മോതിരത്തിൽ. അക്കാലത്ത് ഉന്നതപദവിയിലിരുന്ന ആരുടെയോ ആണ് മോതിരമെന്നതും വ്യക്തം. 

എന്തുകൊണ്ടാണ് ഇത്രയും കാലം മോതിരം പുറംലോകത്തിനു മുന്നിലെത്തിക്കാതിരുന്നതെന്ന ചോദ്യവും ടോമിനു നേരെയുണ്ടായി– ‘ഞാനക്കാര്യം പൂർണമായി മറന്നു പോയി’ എന്നായിരുന്നു ചിരിയോടെ അദ്ദേഹത്തിന്റെ മറുപടി.

English Summary : Medieval ring fourteenth century treasure

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.