കൊടുംകാട് കടന്ന് ഗവേഷകർ; ചെന്നെത്തിയത് ‘വമ്പൻ’ കാഴ്ചയ്ക്കു മുന്നിൽ!

HIGHLIGHTS
  • ആമസോൺ മഴക്കാടുകളിലെ ഏറ്റവും ഉയരമുള്ള മരം
  • ബ്രസീലിയൻ–ബ്രിട്ടിഷ് ഗവേഷക സംഘമാണ് ഈ ഉയരക്കാരനെ കണ്ടെത്തിയത്
tallest-tree-in-the-world
SHARE

ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ ഏതാണെന്നറിയാമോ? ഗുജറാത്തിൽ നർമദാ നദീതീരത്തു നിർമിച്ച സർദാർ വല്ലഭായ് പട്ടേലിന്റെ ഉരുക്കു പ്രതിമയാണത്. പ്രതിമയ്ക്കു മാത്രം 597 അടിയാണ് ഉയരം. അതിന്റെ പകുതിയേക്കാൾ അൽപം മാത്രം ഉയരക്കൂടുതലുള്ള ഒരു മരം അടുത്തിടെ ആമസോൺ മഴക്കാടുകളിൽ ഗവേഷകർ കണ്ടെത്തി. അതിനൊരു റെക്കോർഡും കിട്ടി– ആമസോൺ മഴക്കാടുകളിലെ ഏറ്റവും ഉയരമുള്ള മരം. 290.3 അടിയായിരുന്നു ഡിനിസിയ എക്സെല്‍സായിസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന മരത്തിന്റെ ഉയരം. ഏകദേശം ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ അത്രയും! 

11 ദിവസത്തെ പര്യവേക്ഷണത്തിനായി കാട്ടിലെത്തിയ ബ്രസീലിയൻ–ബ്രിട്ടിഷ് ഗവേഷക സംഘമാണ് ഈ ഉയരക്കാരനെ കണ്ടെത്തിയത്. നേരത്തേ ആമസോൺ കാട്ടിലെ ഏറ്റവും ഉയർന്ന മരമെന്ന റെക്കോർഡുണ്ടായിരുന്നതിനേക്കാൾ ഏകദേശം 100 അടി ഉയരം കൂടുതലുണ്ട് പുതിയതിന്. 197 അടിയായിരുന്നു പഴയ റെക്കോർഡ് മരത്തിന്റെ ഉയരം. മാത്രവുമല്ല, പ്രദേശത്ത് കൂടി നിന്നു വളർന്ന 400 വർഷത്തോളം പഴക്കമുള്ള മരങ്ങളിലൊന്നായിരുന്നു ഇത്. ഇക്കാലമത്രയും മനുഷ്യരുടെ ഇടപെടലൊന്നുമില്ലാതെ വടക്കൻ ബ്രസീലിലെ ഉൾക്കാട്ടിലായിരുന്നു മരം നിന്നിരുന്നത്. വലുപ്പവും പഴക്കവും നോക്കുമ്പോൾ പരിസ്ഥിതിക്ക് ഏറെ ഉപകാരങ്ങളാണു ഇതുവരെ മരം ചെയ്തിട്ടുള്ളത്. ഇക്കാലത്തിനിടെ ഏകദേശം 40 ടൺ കാർബൺ ഈ ഒറ്റ മരം മാത്രം പിടിച്ചെടുത്തിട്ടുണ്ട്. 

ആമസോണിന്റെ വടക്കു ഭാഗത്തുള്ള ജാറി നദിയുടെ തീരത്ത് ഉയരക്കാരായ മറ്റു മരങ്ങളെയും ഗവേഷകർ കണ്ടെത്തി. അവയിൽ 15 എണ്ണത്തിന് 230 അടിയിലേറെ ഉയരമുണ്ടായിരുന്നു. ഏതാനും എണ്ണത്തിന് 262 അടിയിലേറെയും. ഏകദേശം 55 ലക്ഷം ചതുരശ്ര കിലോമീറ്റർ വരുന്ന പ്രദേശത്തു നിറഞ്ഞുനിൽക്കുന്നതാണ് ആമസോൺ മഴക്കാടുകൾ. വർഷങ്ങളായി മനുഷ്യരാരും കാലുകുത്താത്ത ഇടങ്ങളുണ്ട് ഇവിടെ. അതിലൊന്നായിരുന്നു ഇപ്പോൾ ഉയരക്കാരൻ മരത്തെ കണ്ടെത്തിയ പ്രദേശവും. പര്യവേക്ഷണ സംഘത്തിലെ മരംകയറ്റത്തിൽ വൈദഗ്ധ്യമുള്ളവർ മരത്തിന്റെ മുകളിൽ കയറി താഴേക്ക് കയർ എറിഞ്ഞ് അതിന്റെ നീളമളന്നാണ് ഉയരം നിശ്ചയിച്ചത്. നദിയിലൂടെ ബോട്ടിൽ പോയി വെള്ളച്ചാട്ടങ്ങളും കൊടുംവനവും കടന്നാണ് ഗവേഷകർ ഈ സ്ഥലത്തെത്തിയതു തന്നെ. കൂടുതൽ പ്രദേശത്തേക്കു നീങ്ങിയാൽ ഇനിയും ഉയരമുള്ള മരങ്ങൾ കണ്ടെത്തിയേക്കാമെന്നും ഗവേഷകർ പറയുന്നു. 

ഇങ്ങനെയൊക്കെയാണെങ്കിലും ലോകത്തിലെ ഏറ്റവും നീളമുള്ള മരമെന്ന റെക്കോർഡ് ഇപ്പോഴും കലിഫോർണിയയിലെ ഒരു റെഡ്‌വുഡ് മരത്തിനാണ്–379.7 അടിയാണ് അതിന്റെ ഉയരം. ലിഡാർ എന്ന സാങ്കേതികത ഉപയോഗിച്ചാണിപ്പോൾ ആമസോണിൽ ഉയരക്കാരൻ മരങ്ങളുടെ സ്ഥാനം കണ്ടെത്തിത്തുടങ്ങിയിട്ടുള്ളത്. വിമാനത്തിൽ കാടിനു മുകളിലൂടെ പറന്നു താഴേക്ക് ലേസർ രശ്മികൾ പതിപ്പിച്ച് അവ തിരികെ വരാനെടുക്കുന്ന സമയം കണക്കുകൂട്ടി ഉയരക്കാരൻ മരങ്ങളെ കണ്ടെത്തുകയാണ് ലിഡാറിലൂടെ ചെയ്യുന്നത്. മഴക്കാടുകളിലെ മരംവെട്ടൽ കണ്ടെത്തുന്നതിനു വേണ്ടി ബ്രസീൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പെയ്സ് റിസർച് ഇപ്പോൾ ഈ തന്ത്രം ഉപയോഗിക്കുന്നുണ്ട്. 

Summary : Tallest tree in the world

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA