ADVERTISEMENT

യുഎസിലെ ഷിക്കാഗോയിലുള്ള ഫയർ ഫോഴ്സ് ഓഫിസിലെ ചില്ലുജനലുകളിലൊന്ന് തുടച്ചു വൃത്തിയാക്കുകയായിരുന്നു ഫ്രാൻസിസ് ലെവിയെന്ന അഗ്നിരക്ഷാ സേനാംഗം. സമയം ഏകദേശം വൈകിട്ട് ഏഴരയോടടുത്തിരിക്കുന്നു. അപ്പോഴാണ് ഒരു ഫോൺ കോൾ. സൗത്ത് ബ്ലൂ ഐലന്റ് അവന്യൂവിൽ ഒരു നാലു നില കെട്ടിടത്തിൽ തീപിടിത്തം. പഴക്കം ചെന്ന ഇഷ്ടികക്കെട്ടിടമാണ്. ഉടൻതന്നെ അഗ്നിരക്ഷാ സേനാംഗങ്ങൾ സംഭവസ്ഥലത്തേക്കു കുതിച്ചു. പോകുംമുൻപ് ഫ്രാൻസിസ് പറഞ്ഞു– ‘തിരിച്ചെത്തിയാലുടൻ ആ ജനൽ ഞാൻ വൃത്തിയാക്കിയേക്കാം...’ തൊഴിലിനൊട് അത്രയേറെ ആത്മാർഥതയുള്ള വ്യക്തിയായിരുന്നു അദ്ദേഹം. പക്ഷേ വാക്കുപാലിക്കാൻ ലെവിക്കായില്ല. ആ തീപിടിത്തത്തിൽപ്പെട്ട് അദ്ദേഹം മരിച്ചു. 

1924 ഏപ്രിൽ 18നായിരുന്നു സംഭവം. ചെറിയൊരു തീയും പുകയും മാത്രമാണെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ ആരംഭത്തിലെ ശക്തമായ തീപിടിത്തത്തിൽ കെട്ടിടത്തിലെ ചുമരുകളിലൊന്നിന് ബലക്ഷയം സംഭവിച്ചിരുന്നു. തീ പ്രശ്നമായിരുന്നില്ലെങ്കിലും എട്ട് അഗ്നിരക്ഷാസേനാംഗങ്ങളുടെ ജീവനെടുത്തത് ആ ചുമരായിരുന്നു. അവരുടെ മേൽ അതു തകർന്നു വീഴുകയും ചുറ്റിലും പുക നിറഞ്ഞതോടെ രക്ഷാപ്രവർത്തനം ദുഷ്കരമാവുകയും ചെയ്തു. കെട്ടിടത്തിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതും തിരിച്ചടിയായി. കെട്ടിടാവശിഷ്ടത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനെത്തിയ ഒരു പ്രദേശവാസിയും മരിച്ചു. സംഭവം അവിടം കൊണ്ടൊന്നും തീർന്നില്ല. കറൻ ഹാൾ എന്ന ആ കെട്ടിടം ഇൻഷുറൻസിനു വേണ്ടി മനഃപൂർവം തീയിട്ടതാണെന്നു വാർത്തകൾ വന്നു. അതിന്റെ ഉടമസ്ഥർ ശിക്ഷിക്കപ്പെട്ടു. 

എന്നാൽ ദുരൂഹമായത് അതൊന്നുമായിരുന്നില്ല. ലെവി മരിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് സഹപ്രവർത്തകരിൽ ഒരാൾ അദ്ദേഹം പാതിവഴിയിൽ വൃത്തിയാക്കൽ നിർത്തിവച്ച ജനൽ ശ്രദ്ധിച്ചത്. അവിടെ ഒരു കൈപ്പത്തി പതിഞ്ഞിരിക്കുന്നു. അയാൾ അത് തുടച്ചു നോക്കി, പോകുന്നില്ല. വെള്ളവും സോപ്പും അമോണിയയും ആസിഡും വരെ ചില്ലിൽ പ്രയോഗിച്ചു നോക്കി. അഞ്ചു വിരലുകളുമായി കൈപ്പത്തി അടയാളം അതേപടി നിന്നു. റേസർ ബ്ലേഡ് ഉപയോഗിച്ച് ചുരണ്ടി നോക്കി, ഒന്നും ഫലിച്ചില്ല. ജനൽച്ചില്ല് നിർമിച്ച പിറ്റ്സ്ബർഗ് പ്ലേറ്റ് ഗ്ലാസ് കമ്പനിയിലേക്കു വിളിച്ചു കാര്യം പറഞ്ഞു. അവരുടെ കയ്യിലെ ഏറ്റവും ശക്തിയേറിയ രാസവസ്തുക്കൾ വരെ പ്രയോഗിച്ചിട്ടും രക്ഷയുണ്ടായില്ല. അതിനിടെ റെക്കോർഡുകളിൽ സൂക്ഷിച്ചിരുന്ന ലെവിയുടെ കൈവിരൽപ്പാടുമായി താരതമ്യം ചെയ്തപ്പോൾ അസാധാരണമായ സാമ്യം ആ കൈപ്പത്തിയുമായുണ്ടായെന്നും വാർത്തകൾ പരന്നു. 

തന്റെ ഓഫിസിനെയും സുഹൃത്തുക്കളെയും വിട്ടു പോകാൻ മടിച്ച ലെവിയുടെ ആത്മാവിന്റെ അടയാളമാണതെന്നും ജനം പറഞ്ഞു പരത്തി. എല്ലായിപ്പോഴും മുഖത്ത് ഒരു ചിരി സൂക്ഷിച്ച്, എല്ലാവരോടും സൗമ്യനായി പെരുമാറിയിരുന്ന വ്യക്തിയായിരുന്നു ലെവി. എന്നാൽ അദ്ദേഹത്തിന്റെ മരണത്തിനിടയാക്കിയ തീപിടിത്തം നടന്ന ദിവസം ആ മുഖത്ത് വല്ലാത്ത ഗൗരവമായിരുന്നെന്ന് സഹപ്രവർത്തകർ ഓർക്കുന്നു. എന്തുകൊണ്ടാണ് ലെവി അങ്ങനെ പെരുമാറിയതെന്ന് ആർക്കും മനസ്സിലായില്ല. പിന്നീട് അതേപ്പറ്റി ചോദിക്കാൻ അദ്ദേഹം ഈ ലോകത്ത് അവശേഷിച്ചതുമില്ല. കൈപ്പത്തി സംഭവം പതിയെ എല്ലാവരും അതു മറന്നു. 1946ൽ ആ ചില്ല് പൊട്ടി, അതോടെ കൈപ്പത്തിയുടെ അടയാളവും അപ്രത്യക്ഷമായി. 1944 ഏപ്രിൽ 18ന് ലെവിയുടെ മരണത്തിന്റെ 20–ാം വാർഷികത്തിനാണ് ആ ചില്ലു പൊട്ടിയതെന്നും കഥകളുണ്ട്. എന്തായാലും ലോകത്ത് ഇന്നും ചുരുളഴിയാത്ത ദുരൂഹതകളുടെ കൂട്ടത്തിൽ, അൽപം അസ്വാഭാവികത കലർന്നിട്ടാണെങ്കിലും, ലെവിയുടെ മരണവും ചില്ലുജാലകത്തിലെ കൈപ്പത്തിയും അവശേഷിക്കുന്നുണ്ട്.

English Summary : The Mystery of Phantom Leavy's Hand print

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com