പസിഫിക് സമുദ്രത്തിന്റെ ആഴങ്ങളിൽ കണ്ടെത്തി, ‘കണ്ണുതള്ളിയ’ കുറേ ഏലിയനുകൾ!

HIGHLIGHTS
  • ഇപ്പോഴിതാ കടലിന്നടിയിലും കണ്ടെത്തിയിരിക്കുകയാണ് ഒരു അന്യഗ്രഹജീവിയെ
  • ഗ്ലാസ് സ്പോഞ്ച് എന്നറിയപ്പെടുന്ന ജീവിയായിരുന്നു അത്
advhena-magnifica-new-sponge-from-the-deep-ocean
(ഇടത്) അഡ്‌വെഹിന മാഗ്നിഫിക്ക (വലത്) ഇ.ടി ദ് എക്സ്ട്രാ ടെറസ്ട്രിയൽസ് എന്ന സിനിമയിലെ രംഗം
SHARE

നീണ്ട കഴുത്തും ഉണ്ടക്കണ്ണുകളുമായി ഒരു പറക്കും തളികയിൽ കയറി വർഷങ്ങൾക്കു മുൻപേ ഭൂമിയിൽ വന്നിറങ്ങിയ ഇ.ടിയെ കൊച്ചുകൂട്ടുകാർ അത്ര പെട്ടെന്നൊന്നും മറക്കില്ല. 1982ൽ ഇറങ്ങിയ ഇ.ടിയെന്ന ഹോളിവുഡ് ചിത്രത്തിലൂടെയാണ് സംവിധായകൻ സ്റ്റീഫൻ സ്പീൽബർഗ് അന്യഗ്രഹജീവികളെ ഇഷ്ടപ്പെടാൻ കൂടി നമ്മെ പഠിപ്പിച്ചത്. അതുവരെ സിനിമകളിലെല്ലാം ഭൂമിയെ നശിപ്പിക്കാനെത്തുന്ന ക്രൂരന്മാരായിരുന്നു ഇ.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എക്സ്ട്രാ ടെറസ്ട്രിയൽസ്. അതിനു ശേഷം പല രൂപത്തിലുള്ള അന്യഗ്രഹജീവികൾ വിവിധ സിനിമകളിലൂടെ മുന്നിലെത്തിയിട്ടുണ്ടെങ്കിലും ഇ.ടിയുണ്ടാക്കിയ അദ്ഭുതം സൃഷ്ടിക്കാൻ അധികമൊന്നിനും സാധിച്ചിട്ടില്ല. ഇത്രയും നാൾ ആകാശത്തെ ഇ.ടിയായിരുന്നു നമ്മെ അദ്ഭുതപ്പെടുത്തിയതെങ്കിൽ ഇപ്പോഴിതാ കടലിന്നടിയിലും കണ്ടെത്തിയിരിക്കുകയാണ് ഒരു അന്യഗ്രഹജീവിയെ. അതും 1982ലെ സിനിമയില്‍ കണ്ട അതേ ലുക്കിൽ. 

5c5f2f45cd184214dae3c7c32c2e69b48b64309c1
ഇ.ടി ദ് എക്സ്ട്രാ ടെറസ്ട്രിയൽസ് എന്ന സിനിമയിലെ രംഗം

2016ലായിരുന്നു ഗവേഷകർ ആദ്യമായി പസിഫിക് സമുദ്രത്തിനടിയിൽ ഇ.ടിക്ക് സമാനമായ വസ്തുവിനെ കണ്ടെത്തുന്നത്. സിനിമയിലേതു പോലുള്ള തടിച്ച ശരീരമില്ലെങ്കിലും അതിനെ കണ്ടാൽ ആദ്യം മനസ്സിലേക്കോടിയെത്തുക ഇ.ടിയായിരിക്കും എന്നത് ഉറപ്പ്. കടലിന്റെ ഏറ്റവും അടിത്തട്ടിൽ ഉറപ്പിച്ച നീണ്ടു മെലിഞ്ഞ കഴുത്തു പോലുള്ള ഒരു ഭാഗവും അതിനു മുകളിൽ ഒരുണ്ടത്തലയും അതിൽ രണ്ട് കുഴികളും–ഒറ്റ നോട്ടത്തിൽ കണ്ണുകളാണെന്നേ പറയൂ. ഗ്ലാസ് സ്പോഞ്ച് എന്നറിയപ്പെടുന്ന ജീവിയായിരുന്നു അത്. ആ വിഭാഗത്തിൽ ആദ്യമായിട്ടായിരുന്നു അത്തരമൊരു സ്പോഞ്ചിനെ കണ്ടെത്തുന്നത്. അതിനാൽത്തന്നെ അതിനൊരു പേരിടാൻ ആലോചിച്ചപ്പോൾ ഗവേഷകർക്കു രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല– അഡ്‌വെഹിന മാഗ്നിഫിക്ക. ലാറ്റിൻ ഭാഷയിൽ മാഗ്നിഫിസന്റ് ഏലിയൻ എന്നർഥം. 

അഡ്‌വെഹിന എന്നാൽ അന്യഗ്രഹത്തിൽനിന്നു വന്ന ജീവി എന്നല്ല യഥാർഥ ലാറ്റിൻ അർഥം. പുറത്തുനിന്നു വന്ന ആളെന്നേ അർഥമുള്ളൂ. എന്തായാലും ഇ.ടി സ്പോഞ്ചെന്നും പേരു വീണ ഈ ജീവി വൈകാതെതന്നെ ശാസ്ത്രവാർത്തകളിലെ താരമായി. 2016ലാണു കണ്ടെത്തിയതെങ്കിലും ഏതാനും മാസം മുൻപാണ് ഇവയെപ്പറ്റിയുള്ള വിശദമായ പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത്. പസിഫിക്കിന്റെ അടിത്തട്ടിലെ പല ഭാഗങ്ങളിലും കോടിക്കണക്കിനു വർഷങ്ങളായി അനക്കം തട്ടാതെയിരിക്കുകയാണ്. മനുഷ്യർക്കൊന്നും പല മേഖലകളിലേക്കും എത്താൻ പോലും സാധിച്ചിട്ടില്ല. വെളിച്ചം പോലുമെത്താത്ത ഭാഗമായതിനാലും ആഴമേറിയതിനാലും പലപ്പോഴും പ്രത്യേക റോബട്ടിക് വാഹനങ്ങളുപയോഗിച്ചാണ് പരീക്ഷണം. അത്തരമൊരു നിരീക്ഷണത്തിലായിരുന്നു യുഎസിലെ നാഷനല്‍ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്‍ഫറിക് അഡ്മിനസ്ട്രേഷൻ (എൻഒഎഎ) സംഘം. 

5c5f2f45cd184214dae3c7c32c2e69b48b64309c

ഹവായി തീരത്തു നിന്നു മാറി കിഴക്കൻ പസിഫിക് സമുദ്രത്തിന്റെ അടിത്തട്ടിലെ ഏകദേശം 1.5 മൈൽ വരുന്ന ഭാഗമാണ് ഒക്കിയോനോസ് എക്ല്പ്ലോനർ എന്ന കപ്പലിലിരുന്ന് സംഘം നിയന്ത്രിച്ചത്. ക്രെറ്റേഷ്യസ് കാലഘട്ടത്തോളം, അതായത് 6.5 കോടി മുതൽ 14.5 കോടി വർഷം വരെ, പഴക്കമുള്ളതാണ് കടലിലെ ആ ഭാഗം. കപ്പലിലിരുന്ന് നിയന്ത്രിക്കാവുന്ന ഒരു റോബട്ടിക് വെഹിക്കിളാണ് കടലിന്നടിയിലേക്കു പോയത്. ആ യാത്രയ്ക്കിടെയാണ് ഒരിടത്ത് കൂട്ടത്തോടെ തലനീട്ടി നിന്നിരുന്ന ഇ.ടി സ്പോഞ്ചുകളെ കണ്ടെത്തുന്നതും. 2016–17ലെ പര്യവേക്ഷണത്തിൽ 74 ജീവികളെ കടലിന്നടിയിൽ കണ്ടെത്തി. അവയിൽ ഏലിയൻ സ്പോഞ്ച് ഉൾപ്പെടെ 44 എണ്ണം അന്നേവരെ മനുഷ്യൻ കാണാത്താതായിരുന്നു. ഏകദേശം 7875 അടി താഴെയായിരുന്നു ഇവയെ കണ്ടെത്തിയത്. ‘അതിവിചിത്രമായ കാട്’ എന്നാണ് എലിയൻ സ്പോഞ്ചുകളെ കൂട്ടത്തോടെ കണ്ടെത്തിയ കടൽപ്രദേശത്തെ ഗവേഷകർ വിശേഷിപ്പിച്ചത്. സിലിക്ക കൊണ്ടു നിർമിച്ചതാണ് ഇവയുടെ ശരീരം. അങ്ങനെയാണ് ഗ്ലാസ് സ്പോഞ്ച് എന്ന പേര് ലഭിച്ചത്. സിലിക്കയുടെ സാന്നിധ്യം കാരണമാണ് ഇവയ്ക്ക് ഇത്രയേറെ വ്യത്യസ്തമായ ആകൃതി ലഭിച്ചതും. 2020 ജൂലൈയിൽ ഇവയെപ്പറ്റിയുള്ള പഠനറിപ്പോർട്ട് പുറത്തുവന്നപ്പോഴും ശാസ്ത്രീയ നാമം നൽകിയിരുന്നില്ല. ശാസ്ത്രീയനാമം പോലും തോൽക്കും വിധം അഡ്‌വെഹിന മാഗ്നിഫിക്ക എന്ന ഇരട്ടപ്പേരുള്ളപ്പോൾ എന്തിനു േവറൊരു നാമമെന്നാണ് ഗവേഷകരും ചോദിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA