ADVERTISEMENT

മൗഗ്ലി സിനിമ കണ്ടിട്ടുള്ള കൊച്ചുകൂട്ടുകാരൊന്നും ബാലുക്കരടിയുടെ പ്രശസ്തമായ ‘ഹൈബർനേഷൻ’ ഡയലോഗ് മറക്കാനിടയില്ല. മൗഗ്ലിയെക്കൊണ്ട് കിട്ടാവുന്നിടത്തോളം തേൻകൂടുകൾ ശേഖരിപ്പിച്ച്, അതിലെ തേൻ മുഴുവൻ കുടിച്ചും തേനട തിന്നും നടക്കുമ്പോൾ മൗഗ്ലി ചോദിക്കുന്നുണ്ട്– ഇതെന്തിനാണ് ഇങ്ങനെ ആർത്തി കാണിക്കുന്നതെന്ന്. വയറുനിറയെ ഭക്ഷണം കഴിച്ച് പിന്നീട് ഒരിടത്ത് കുറേക്കാലം കിടന്നുറങ്ങുന്ന ഹൈബർനേഷൻ പ്രക്രിയയ്ക്കു വേണ്ടിയാണ് അതെന്നാണ് ബാലുക്കരടിയുടെ മറുപടി. 

മഞ്ഞുകാലം വരുമ്പോൾ പടിഞ്ഞാറൻ–വടക്കൻ ജപ്പാനിലെ കരടികളും ഇത്തരത്തിൽ നല്ല പോലെ ഭക്ഷണം കഴിച്ച് ഉറങ്ങാൻ പോകാറുണ്ട്. ശിശിരനിദ്ര എന്നാണിതിനു പേര്. അതിനാൽത്തന്നെ സെപ്റ്റംബർ മാസമാകുമ്പോഴേക്കും ജപ്പാനിൽ പലയിടത്തും ജനവാസമേഖലയിൽ കരടിയിറങ്ങുന്നതും പതിവാണ്. ഭക്ഷണം തേടിയുള്ള നടപ്പാണെങ്കിലും കരടികളെ കണ്ടാലുടൻ മനുഷ്യർ ആക്രമിക്കുകയോ അല്ലെങ്കിൽ തിരിച്ചോ സംഭവിക്കുക പതിവാണ്. ഹൊക്കൈഡോ ദ്വീപിനു വടക്ക് സ്ഥിതി ചെയ്യുന്ന ടക്കിനാവ പട്ടണത്തിലും സെപ്റ്റംബർ മാസമാകുമ്പോഴേക്കും കൂട്ടത്തോടെ കരടികളിറങ്ങുന്നത് പതിവായിരുന്നു. പക്ഷേ ഇത്തവണ ജനവാസ മേഖലയിലേക്കെത്തിയ കരടികൾ ജീവനും കൊണ്ടോടി. ആകാശത്ത്, തീ പോലെ ചുവന്ന കണ്ണുകളും പേടിപ്പെടുത്തുന്ന അലർച്ചയുമായി ഒരു ചെന്നായ നില്‍ക്കുന്നതു കണ്ടാൽ കരടിയെന്നല്ല കാട്ടാന വരെ ജീവനും കൊണ്ടോടില്ലേ? 

രാക്ഷസച്ചെന്നായകളെ ഉപയോഗിച്ച് കരടിയെ തുരത്തിയ ജാപ്പനീസ് കഥയും ഈ ചെന്നായ്ക്കളുടെ വിഡിയോകളും വൈറലാണിപ്പോൾ. പക്ഷേ കണ്ണുരുട്ടലും അലർച്ചയും മാത്രമേയുള്ളൂ, വെറും പാവകളാണ് ഈ ചെന്നായ്ക്കൾ. മോൺസ്റ്റർ വൂൾഫ് എന്നു പേരിട്ട് ടക്കിനാവ ടൗൺ അധികൃതർ നിർ‌മിച്ച ഈ റോബട്ടിക് പാവകളുടെ വരവോടെ കരടികളുടെ കടന്നു കയറ്റം വൻതോതിൽ കുറഞ്ഞെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ അഞ്ചു വർഷമായി ജനങ്ങളെ പേടിപ്പിച്ചുകൊണ്ടിരുന്ന പ്രശ്നത്തിന് അതോടെ അവസാനമായി. 2019ൽ മാത്രം 159 പേരെയാണ് ഇവിടെ കരടി ആക്രമിച്ചത്. ഏതാനും പേർ മരിക്കുകയും ചെയ്തു. കാട്ടിൽ തീറ്റ കുറഞ്ഞതോടെയാണ് ഇവ വ്യാപകമായി നാട്ടിലെ കൃഷിയിടങ്ങളിലേക്കിറങ്ങിയതെന്നാണു കരുതുന്നത്. മനുഷ്യന്റെ കടന്നു കയറ്റവും ആഗോളതാപനവുമൊക്കെ കാരണമാണ് കാട്ടിൽ തീറ്റ കുറഞ്ഞത്. അതിനാൽത്തന്നെ നാട്ടിലേക്കിറങ്ങുന്ന കരടികളെ കൊന്നൊടുക്കാൻ അധികൃതർക്കു മടിയായിരുന്നു. അങ്ങനെയാണ് ഇലയ്ക്കും മുള്ളിനും കേടില്ലാതെ റോബട്ടിക് ചെന്നായ്ക്കളെ എത്തിച്ചത്. 

ഓഹ്‌ട്ട സെയ്ക്കിയെന്ന നിർമാണക്കമ്പനിയും ഹൊക്കൈഡോ സർവകലാശാലയും ടോക്കിയോ കാർഷിക സർവകലാശാലയും സംയുക്തമായാണ് ഈ ആശയം വികസിപ്പിച്ചെടുത്തത്. 2016ലാണ് ആദ്യത്തെ ചെന്നായയെ പരീക്ഷിച്ചത്. അതു വലിയ വിജയമായി. അതോടെ പടിപടിയായി ചെന്നായ്ക്കളുടെ എണ്ണം ഉയർത്തി നിലവിൽ പലയിടത്തായി അറുപതിലേറെ മോൺസ്റ്റർ വൂൾഫുകളുണ്ട്. ഏകദേശം മൂന്നു ലക്ഷം രൂപയാണ് ഒരു റോബട്ടിന്റെ വില. ഇത്രയും തുക ഇല്ലെങ്കിൽ കർഷകർക്ക് ചെന്നായ്ക്കളെ ഏതാനും മാസത്തേക്ക് വാടകയ്ക്കെടുക്കാനും സാധിക്കും. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇവയെ വലിയ പ്ലാറ്റ്ഫോമിൽ കയറ്റി നിർത്തുകയാണ് പതിവ്. ചിലയിടത്ത് വയൽച്ചെടികൾക്കിടയിൽ ഒളിപ്പിക്കുകയും ചെയ്യും. സമീപത്തേക്ക് എന്തെങ്കിലും വന്നാൽ അവയുടെ ചലനം സെൻസർ വഴി തിരിച്ചറിഞ്ഞാണ് ചെന്നായ്ക്കൾ പ്രവർത്തിക്കുക. ഇവയ്ക്ക് ചുറ്റിലേക്കും തിരിയാനുമാകും. ഒപ്പം കണ്ണുകൾ ചുവന്നു തിളങ്ങുകയും ചെയ്യും. 

ഏകദേശം അറുപതോളം മൃഗങ്ങളുടെ ശബ്ദമാണ് ഇവയിൽ റിക്കാർഡ് ചെയ്തു വച്ചിരിക്കുന്നത്. അതിൽ ഓരിയിടൽ മുതൽ കൃത്രിമമായി തയാറാക്കിയ പേടിപ്പെടുത്തുന്ന ശബ്ദങ്ങൾ വരെയുണ്ട്. ദേഹത്ത് ചെന്നായ്ക്കൾക്കു സമാനമായി രോമങ്ങളും പിടിപ്പിച്ചിട്ടുണ്ട്. ജപ്പാനിൽ യഥാർഥത്തിൽ നേരത്തേ ഒട്ടേറെ ചെന്നായ്ക്കളുണ്ടായിരുന്നു. പക്ഷേ അനധികൃത വേട്ടയാടലിനൊടുവിൽ 1900ത്തിന്റെ തുടക്കത്തിൽ ഇവയ്ക്കു വംശനാശം സംഭവിച്ചു. എങ്കിലും ചിലരെങ്കിലും പലയിടത്തും ചെന്നായ്ക്കളെ കണ്ടതായി റിപ്പോർട്ട് ചെയ്തിരുന്നു. അങ്ങനെ കാണപ്പെട്ടത്, വംശമറ്റു പോയ ചെന്നായ്ക്കളുടെ പ്രേതങ്ങളാണെന്നു വരെ കഥകളുണ്ടായി. അങ്ങനെയാണ് ‘ഗോസ്റ്റ് വൂൾഫു’കൾ ജപ്പാനിൽ കുപ്രസിദ്ധമാകുന്നത്. ആ കഥയിലെ താരങ്ങളായ ചെന്നായ്ക്കളെയാണ് ഇപ്പോൾ റോബട്ടുകളായി അധികൃതർ പുനരവതരിപ്പിച്ചിരിക്കുന്നതും. ‘വാട്ട് ആൻ ഐഡിയ..?’ അല്ലേ!

English Summary : Monster wolves in Japan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com