ADVERTISEMENT

രാത്രിയിലാണോ യാത്ര, എങ്കിൽ കിയോട്ടാക്കി തുരങ്കം വഴി പോകാതിരിക്കുന്നതാകും നല്ലത്. ജപ്പാനിൽ പരക്കെയുള്ള ഒരു പറച്ചിലാണിത്. മറ്റൊരു വഴിയുമില്ലെങ്കിൽ മാത്രമേ രാത്രി ഇതുവഴി പോകാവൂ എന്ന് അധികൃതർ ഉൾപ്പെടെ മുന്നറിയിപ്പ് നൽകാറുണ്ട്. അഥവാ പോയാൽത്തന്നെ വഴിയിൽക്കാണുന്ന കണ്ണാടികളിലോ സ്വന്തം വാഹനത്തിന്റെ കണ്ണാടികളിലോ പോലും നോക്കരുത്. നിങ്ങളെ കാത്തിരിക്കുന്നത് അതിദയനീയമായ മരണമായിരിക്കും. ജപ്പാനിലെ ഏറ്റവും ഭയപ്പെടുത്തുന്ന ഇടങ്ങളിലൊന്നായ കിയോട്ടാക്കി തുരങ്കത്തെപ്പറ്റി ഇത്തരം ഒട്ടേറെ കഥകളുണ്ട്. അത്രയേറെ പ്രേതാനുഭവങ്ങളാണ് ഈ തുരങ്കവുമായി ബന്ധപ്പെട്ടു പ്രചരിക്കപ്പെട്ടിട്ടുള്ളത്. 

ജപ്പാനിലെ വടക്കൻ അറഷിമ പ്രദേശത്തെ സാഗാകിയോട്ടാക്കി പട്ടണവുമായി ബന്ധിപ്പിക്കുന്നതാണ് ഈ തുരങ്കം. 1927–28ലാണ് ഇതിന്റെ നിർമാണം പൂർത്തിയാക്കിയത്. അറ്റഗോയാമ റെയിൽവേ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ആദ്യം ഈ തുരങ്കം നിർമിക്കുന്നത്. നീളം ഏകദേശം 500 മീറ്റർ വരും. 1940കൾ വരെ തുരങ്കം ഏറെ സജീവമായിരുന്നു. അതിനിടെയാണു പ്രശ്നങ്ങളുടെ തുടക്കം. തുരങ്കത്തിൽ കയറുന്ന പലർക്കും ശ്വാസംമുട്ടലും ഛർദിയും തലവേദനയുമൊക്കെ അനുഭവപ്പെടാൻ തുടങ്ങി. ആരംഭത്തിൽ കരുതിയത് അത് തുരങ്കത്തിൽ ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്തതിനാലാണെന്നാണ്. എന്നാൽ പതിയെപ്പതിയെ തുരങ്കത്തിൽ അപകടങ്ങൾ തുടർക്കഥയായി. ഒട്ടേറെ പേർ മരിച്ചു. 

ചുറ്റിലും വനപ്രദേശമായതിനാൽ ഒട്ടേറെ ആത്മഹത്യകളും തുരങ്കത്തിന്റെ പരിസരത്തു നടന്നു. വാഹനങ്ങൾക്കു മുൻപിലേക്കു ചാടി വരെ പലരും മരിച്ചു. തുരങ്കത്തിലേക്കു പ്രവേശിക്കുമ്പോൾ അപ്രതീക്ഷിതമായി ട്രാഫിക് ലൈറ്റ് മാറുന്നതും തുടർക്കഥയായി. അതിവേഗത്തിലെത്തുന്ന വാഹനങ്ങൾ പെട്ടെന്നുള്ള സിഗ്നൽ മാറ്റം കണ്ട് ബ്രേക്കിടുകയോ വണ്ടി വെട്ടിക്കുകയോ ചെയ്യുന്നതോടെ അപകടം പതിവുമായി. അതിനിടെ പലരും തുരങ്കത്തിനകത്ത് വെളുത്ത വസ്ത്രം ധരിച്ച ഒരു പെൺകുട്ടിയെ കാണാൻ തുടങ്ങി. രാത്രിയിൽ തുരങ്കം വഴി പോയാൽ ആരൊക്കെയോ കരയുന്നതും നിലവിളിക്കുന്നതും കേൾക്കാം. അങ്ങനെയാണ് തുരങ്കത്തിന്റെ ചരിത്രം ചിലർ അന്വേഷിച്ചത്. 

ജോലിക്ക് കൂലി നല്‍കാതെ അടിമകളെപ്പോലെ ഒട്ടേറെപ്പേരെക്കൊണ്ട് പണിയെടുപ്പിച്ച് നിർമിച്ചതാണത്രേ കിയോട്ടാക്കി തുരങ്കം. അക്കാലത്ത് റെയിൽവേ ടണലുകൾ നിർമിക്കുന്നത് ഏറെ അപകടം പിടിച്ച പണിയായിരുന്നു. ഒട്ടേറെ പേരാണ് നിർമാണത്തിനിടെ മറ്റും പാറയും ഇടിഞ്ഞുവീണുള്ള അപകടങ്ങളിൽ ഉൾപ്പെടെ പെട്ടു മരിച്ചത്. അവരുടെ ആത്മാക്കൾ തുരങ്കത്തിൽ ഇന്നും കഴിയുന്നുണ്ടെന്നാണ് ജപ്പാൻകാരുടെ വിശ്വാസം. തുരങ്കത്തിനു സമീപത്തു കൊല ചെയ്യപ്പെട്ടവരും ആത്മഹത്യ ചെയ്തവരുമെല്ലാം അതിനകത്ത് രാത്രിയിൽ പ്രത്യക്ഷപ്പെടുമെന്നും വൻതോതിൽ പ്രചാരമുണ്ടായി. പലരും പ്രേതങ്ങളെ കണ്ടതായി റിപ്പോർട്ട് ചെയ്തു. കാറിന്റെ ബോണറ്റിൽ തുരങ്കത്തിൽനിന്നിറങ്ങുമ്പോൾ അസാധാരണമായ കൈപ്പത്തി അടയാളങ്ങൾ പതിഞ്ഞതായും കണ്ടെത്തി. 

ചില നേരങ്ങളിൽ പ്രേതങ്ങൾ വാഹനങ്ങൾക്കൊപ്പം ഓടുന്നതു പോലെയും പലര്‍ക്കും തോന്നിത്തുടങ്ങി. ഭയത്തിൽ തുരങ്കത്തിലൂടെ വാഹനമോടിക്കുമ്പോൾ പെട്ടെന്ന് ആരോ മുന്നിലേക്കു ചാടുന്നതു പോലെത്തോന്നും. കാർ വെട്ടിക്കുന്നതോടെ അപകടത്തിൽപ്പെടുകയും ചെയ്യും. ഇത്തരം സംഭവങ്ങളും തുരങ്കത്തിൽ സാധാരണമായി. തുരങ്ക യാത്രയ്ക്കിടെ കണ്ണാടിയിൽ പ്രേതങ്ങളുടെ മുഖം പ്രത്യക്ഷപ്പെടുന്നതായിരുന്നു ഏറ്റവും പ്രശ്നം. ചിലപ്പോൾ വാഹനം ഡ്രൈവ് ചെയ്യുന്നയാളുടെ മരിച്ചു കിടക്കുന്ന ചിത്രമായിരിക്കും കണ്ണാടിയിൽ കാണുകയത്രേ! അതോടെ ഏറ്റവും വേദനാജനകമായ മരണമാണ് അയാളെ കാത്തിരിക്കുകയെന്നും ജനം വിശ്വസിക്കാൻ തുടങ്ങി. കണ്ണാടി പോലും നോക്കാതെ ഡ്രൈവിങ് കൂടിയായതോടെ കിട്ടോയാക്കിയിലെ അപകടങ്ങൾ പിന്നെയും പെരുകി. 

ദുരൂഹമായ ഇത്തരം സംഭവങ്ങൾ ഇവിടെ കൂടിയതോടെ പാരാനോർമൽ അനുഭവങ്ങൾ അന്വേഷിക്കുന്നവരുടെ പ്രധാന താവളമായും ഇവിടം മാറി. റെയിൽവേയുടെ ഭാഗമായിരുന്ന തുരങ്കം പിന്നീട് ജപ്പാനിലെ റോഡ് സംവിധാനത്തിന്റെ ഭാഗമാക്കി. അട്ടാഗോ–ജിൻജ എന്ന പ്രശസ്ത ആരാധനാ കേന്ദ്രത്തിലേക്കു പോകുന്നതിനുള്ള പ്രധാന വഴി കൂടിയാണിത്. പക്ഷേ ഇപ്പോഴും രാത്രിയിൽ കിയോട്ടാക്കി തുരങ്കത്തിലൂടെ പോകാൻ അധികൃതർ പാതിമനസ്സോടെയാണു സമ്മതം നൽകാറുള്ളത്. തുരങ്കത്തിന്റെ നീളം പകല്‍ അളക്കുമ്പോൾ ഒന്നും രാത്രിയിൽ മറ്റൊന്നുമാണെന്നാണു പറയപ്പെടുന്നത്. ആകെ നീളം 444 മീറ്ററാണത്രേ! ജാപ്പനീസ് വിശ്വാസ പ്രകാരം നാല് മോശം സംഖ്യയാണ്. ഇങ്ങനെ എല്ലാ ‘ദോഷങ്ങളും’ പ്രേതങ്ങളും ഒരുമിച്ചു ചേർന്ന കിയോട്ടാക്കി തുരങ്കം ഏറ്റവും ഭയപ്പെടുത്തുന്നതായി മാറുന്നതിലും അദ്ഭുതമൊന്നുമില്ലെന്നും ജപ്പാൻകാർ പറയുന്നു.

English Summary :  The tunnel where the ghosts appear

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com