തുരങ്കനിർമാണം പാളി, എന്‍ജീനിയർ വെടിവച്ചു മരിച്ചു; ഷിംലയിലെ ടണലിൽ ഇന്നും അലഞ്ഞ് ആ ആത്മാവ്!

HIGHLIGHTS
  • പ്രതീക്ഷിച്ച സ്ഥലത്തുവച്ച് ഇരു തുരങ്കങ്ങളും കൂട്ടിമുട്ടിക്കാനായില്ല
  • ബോർഗിന്റെ പിഴയ്ക്ക് വലിയ വില നൽകേണ്ടിവന്നു.
india-s-most-haunted-barog-tunnel-in-shimla
Image Credits : Swarnabha Das / Shutterstock.com
SHARE

ഇന്ത്യയിലെ ഏറ്റവും മനോഹരമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലൊന്നാണ് ഷിംല. മഞ്ഞുപൊഴിയുന്ന ഹിമാചൽ പ്രദേശിന്റെ തലസ്ഥാനം. ബ്രിട്ടിഷ് ഭരണകാലത്ത് അവരുടെ വേനൽക്കാല തലസ്ഥാനം കൂടിയായിരുന്നു ഷിംല. പർവതനിരകളുടെ റാണി കൂടിയായ ഷിംലയിലാണു പക്ഷേ ഇന്ത്യയിലെ ഏറ്റവും പേടിപ്പെടുത്തുന്ന തുരങ്കം ഉള്ളതെന്ന കാര്യം കൂട്ടുകാർക്ക് അറിയാമോ? ‘പേടിപ്പെടുത്തുന്നത്’ എന്നു വിശേഷണങ്ങളിൽ മാത്രമേ ഉള്ളൂ കേട്ടോ. ഒട്ടേറെ യാത്രികരെ ആകർഷിക്കുന്ന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് ടണൽ നമ്പർ 33 എന്നും പേരുള്ള ബോർഗ് തുരങ്കം. എങ്ങനെയാണ് ഇത്രയും സുന്ദരമായ പ്രദേശത്ത് ഇത്തരമൊരു പ്രേതതുരങ്കമുണ്ടായത്? 

കൽക്ക–ഷിംപ ബ്രോഡ്‌ഗേജ് ട്രെയിൻ സർവീസിന്റെ ഭാഗമായാണ് ബറോഗ് തുരങ്കം നിർമിക്കുന്നത്. ബറോഗ് എന്ന പേരിലായിരുന്നു ഇതിനോടു ചേർന്ന ഹിൽ സ്റ്റേഷന്‍. കൽക്ക–ഷിംപ ട്രെയിൻ യാത്രയ്ക്കിടെ ബറോഗിൽ ഒരു മണിക്കൂറോളം നിർത്തിയിടുമായിരുന്നു. പ്രദേശത്തിന്റെ ഭംഗിയും രുചികരമായ ഭക്ഷണവുമെല്ലാം ആസ്വദിച്ചിട്ടായിരുന്നു പിന്നീടുള്ള യാത്ര. ഇക്കാരണത്താൽത്തന്നെ ഒട്ടേറെ യാത്രക്കാരുടെയും പ്രിയതാവളമായിരുന്നു ബറോഗ്. കൽക്ക–ഷിംപ റെയിൽവേ പദ്ധതി 1800കളുടെ അവസാനത്തിലാണ് നടപ്പാക്കുന്നത്. അതിന്റെ ഭാഗമായി 103 തുരങ്കങ്ങളും നിർമിച്ചിരുന്നു. അതിൽ ഏറ്റവും നീളമേറിയതായിരുന്നു ബറോഗ് തുരങ്കം. 1143.61 മീറ്ററാണ് അതിന്റെ നീളം. യുനെസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ കൽക്ക–ഷിംപ റെയിൽപാത ഉൾപ്പെട്ടിട്ടുണ്ട്. അതിനാൽത്തന്നെ കൂട്ടത്തിലെ ഏറ്റവും നീളം കൂടിയ ടണൽ എന്ന നിലയ്ക്ക് ബറോഗിനും തലയെടുപ്പ് ഏറെയാണ്. എന്നാൽ ഈ തുരങ്കം നിർമിച്ച വ്യക്തിക്ക് ഏറെ ദുരന്തങ്ങൾ സമ്മാനിച്ചാണ് ഇതിന്റെ നിർമാണം പൂർത്തിയായത്. അദ്ദേഹത്തിന്റെ ജീവൻ നഷ്ടപ്പെടാനുള്ള കാരണം തന്നെ തുരങ്കമായിരുന്നെന്നു പറയേണ്ടി വരും. അതാണിപ്പോൾ ഇന്ത്യയിലെ ‘മോസ്റ്റ് ഹോണ്ടഡ് ടണൽ’ എന്ന പേരിലേക്ക് ഈ തുരങ്കത്തെ നയിച്ചതും. 

19–ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബ്രിട്ടിഷ് റെയിൽ എൻജിനീയറായിരുന്ന കേണൽ ബോർഗിന്റെ ഓർമയ്ക്കാണ് ടണലിന് ഈ പേരു നൽകിയിരിക്കുന്നത്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 5120 അടി ഉയരത്തിലാണ് ടണൽ. സാധാരണ വേഗത്തില്‍ ഏകദേശം രണ്ടര മിനിറ്റ് സമയമെടുത്താണ് ഓരോ ട്രെയിനും ടണൽ കടന്നിരുന്നത്. ഒരു വമ്പൻ പർവതം തുരന്നായിരുന്നു ടണലിന്റെ നിർമാണം ആരംഭിച്ചത്. ഒരേസമയംതന്നെ പർവതത്തിന്റെ രണ്ടറ്റത്തു നിന്നും നിർമാണം ആരംഭിക്കുന്നതായിരുന്നു അക്കാലത്തെ തുരങ്കങ്ങളുടെ രീതി. വേഗത്തിൽ നിർമാണം പൂർത്തിയാക്കാനായിരുന്നു അത്. 1898ൽ ബോർഗിന്റെ നേതൃത്വത്തിൽ ഇരുവശത്തുനിന്നും തുരങ്ക നിർമാണം ആരംഭിച്ചു. പക്ഷേ അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ എവിടെയോ പിഴച്ചു. പ്രതീക്ഷിച്ച സ്ഥലത്തുവച്ച് ഇരു തുരങ്കങ്ങളും കൂട്ടിമുട്ടിക്കാനായില്ല. എത്രയും പെട്ടെന്ന് റെയിൽപാതയുടെ നിർമാണം പൂർത്തിയാക്കാനായിരുന്നു ബ്രിട്ടിഷ് സർക്കാരിന്റെ നീക്കം. അതിനാൽത്തന്നെ ബോർഗിന്റെ പിഴയ്ക്ക് വലിയ വില നൽകേണ്ടിവന്നു. 

ബോർഗിൽനിന്ന് പിഴയായി തുക ഈടാക്കാൻ തീരുമാനമായി. അദ്ദേഹത്തിന്റെ ജോലിയും നഷ്ടമായി. തുരങ്ക നിർമാണത്തിന്റെ പേരിൽ ഒട്ടേറെ കളിയാക്കലുകളും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. ഒട്ടേറെ പേരുടെ അധ്വാനം പാഴായിപ്പോയതിന്റെ സങ്കടവുമുണ്ടായിരുന്നു അദ്ദേഹത്തിന്. അങ്ങനെ ഒരുനാൾ, ഇന്നത്തെ ബറോഗ് സ്റ്റേഷനു സമീപം, അദ്ദേഹം സ്വയം വെടിവച്ചു മരിച്ചു. തന്റെ നായ്ക്കുട്ടിക്കൊപ്പം വൈകിട്ട് സവാരിക്കിടയിലായിരുന്നു മരണം. അദ്ദേഹം മരിച്ചു വീണ സ്ഥലത്ത് ഇന്ന് സർക്കാരിന്റെ കീഴിലുള്ള ഹോട്ടലാണ്. വെടിയേറ്റു വീണ ബറോഗിനെ കണ്ട നായ്ക്കുട്ടി കുരച്ചുകൊണ്ട് സമീപത്തേ ഗ്രാമത്തിലേക്ക് ഓടിയെന്നാണു കഥ. അതിനു പിന്നാലെ ഓടിയെത്തിയ ഗ്രാമീണർ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന ബറോഗിനെയായിരുന്നു. 

ടണലിനു സമീപംതന്നെയായിരുന്നു അദ്ദേഹത്തിന്റെ മൃതദേഹം അടക്കിയതും. 1903 സെപ്റ്റംബറിൽ തുരങ്കത്തിന്റെ നിർമാണം പൂർത്തിയായി. കേണൽ ബറോഗിന്റെ ഓർമയിൽ തുരങ്കത്തിന് അദ്ദേഹത്തിന്റെ പേരും നൽകി. ഹിമാചൽ പ്രദേശിലെ സന്യാസിമാരിലൊരാളായ ബാബ ഭാൽക്കുവിന്റെ നിർദേശ പ്രകാരം മുന്നോട്ടു പോയപ്പോഴാണത്രേ ബ്രിട്ടിഷുകാർക്ക് ടണലിന്റെ നിർമാണം പൂർത്തിയാക്കാനായത്. ചീഫ് എൻജിനീയർ എച്ച്.എസ്.ഹെർലിങ്ടനിന്റെ നേതൃത്വത്തിൽ ബാബയുടെ സഹായത്തോടെ സർവേ നടത്തിയായിരുന്നു തുരങ്കത്തിന് കൃത്യമായ അലൈൻമെന്റ് കണ്ടെത്തിയത്. നേരത്തേ നിർമാണം ആരംഭിച്ച ടണലി‍ൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ മാറിയായിരുന്നു പുതിയ ടണൽ. 

ഔദ്യോഗികമായി ടണൽ നമ്പർ 33 എന്നായിരുന്നു ബോർഗ് തുരങ്കത്തിനു നൽകിയ പേര്. ബോർഗിന്റെ മരണശേഷം പലപ്പോഴും തുരങ്കത്തിൽ പല തരത്തിലുള്ള ശബ്ദം കേൾക്കുന്നത് പതിവായിരുന്നത്രേ. പലരും അതിനകത്ത് പഴയകാല വേഷം ധരിച്ച ഒരു ബ്രിട്ടുഷുകാരനെ കണ്ടിട്ടുണ്ടെന്നും പറയപ്പെടുന്നു.എന്നാൽ ആർക്കും ഇന്നേവരെ ഒരു  ദ്രോഹവും ചെയ്യാത്ത ‘ഫ്രണ്ട്‍ലി ഗോസ്റ്റാ’ണ് ബറോഗ് തുരങ്കത്തിലേതെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. നാണക്കേടായതിനാൽത്തന്നെ പ്രദേശവാസികളോട് മിണ്ടാൻ പോലും ബറോഗിന്റെ ആത്മാവ് തയാറായിരുന്നില്ലത്രേ. ചിലർ ടണലിൽ അദ്ദേഹത്തെ കാണുന്നതിനു തൊട്ടുപിന്നാലെ അപ്രത്യക്ഷനാകും. എന്നാൽ പരിചയമില്ലാത്തവരെ കണ്ടാൽ അവരോടു സംസാരിക്കുന്നത് പതിവാണ്. ചിലർ പറയുന്നത് അവർ തുരങ്കത്തിൽ ബോർഗ് സായിപ്പിനൊപ്പമിരുന്ന് തമാശകൾ പറഞ്ഞു ചിരിക്കാറുണ്ടെന്നാണ്. ചുണ്ണാമ്പ് കല്ല് പാകി നിർമിച്ച ഈ ടണൽ പിന്നീട് ഉപേക്ഷിക്കപ്പെട്ടെങ്കിലും ഇപ്പോഴും അതിനകത്തുനിന്ന് ബോർഗിന്റെ ശബ്ദം കേൾക്കാമെന്നാണ് പ്രദേശവാസികളുടെ സാക്ഷ്യപ്പെടുത്തൽ. ടണൽ മുദ്രവയ്ക്കാൻ പല തവണ നോക്കിയിട്ടും ഓരോ തവണയും അത് പൊട്ടിപ്പോകുകയാണു പതിവ്. മരിച്ചിട്ടും തുരങ്കം വിടാൻ മടിക്കുന്ന ബോർഗ് സായിപ്പിന്റെ പ്രേതമാണ് ഇതിനെല്ലാം പിന്നിലെന്നും വിശ്വാസം. 

English Summary : India’s Most Haunted: Tunnel No 33 or Barog Tunnel in Shiml

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA