ADVERTISEMENT

ജപ്പാനിലെ ഫുക്കുഷിമ എന്ന പേരു കേൾക്കുമ്പോൾ പലരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുക 2011ലെ സൂനാമിയും ഭൂകമ്പവുമാണ്. അന്ന് ഫുക്കുഷിമ ആണവനിലയം തകർന്ന വാർത്ത ലോകം ഏറെ ഭീതിയോടെയാണു കേട്ടത്. 1986ലെ ചെർണോബിൽ ദുരന്തത്തിനു ശേഷമുണ്ടായ ലോകത്തിലെ ഏറ്റവും മാരകമായ റേഡിയേഷൻ അപകടം കൂടിയായിരുന്നു ഫുക്കുഷിമയിലേത്. ആണവവികിരണമേറ്റ് ആരും മരിച്ചില്ലെങ്കിലും ഭൂകമ്പത്തിലും സൂനാമിയിലും പെട്ട് 15,000ത്തിലേറെ പേർ മരിച്ചു. ഇപ്പോൾ വീണ്ടുമൊരു മരണവാർത്തയാണ് ഫുക്കുഷിമയിൽനിന്നെത്തിയിരിക്കുന്നത്. അതുപക്ഷേ പേടിപ്പെടുത്തുന്നതല്ല, മറിച്ച് പുരാവസ്തു ഗവേഷകരെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നൽകുന്നതാണ്.

ഏകദേശം 3500 വർഷം പഴക്കമുള്ള, ജപ്പാനിലെ ജോമൻ കാലഘട്ടത്തിലെ, ശവക്കല്ലറകളാണ് ഗവേഷകർ ഫുക്കുഷിമയിൽനിന്നു കണ്ടെത്തിയിരിക്കുന്നത്. ഫുക്കുഷിമയിലെ മായിഡ എന്ന പ്രദേശത്ത് 2018ലാണ് ഉദ്ഖനനം ആരംഭിക്കുന്നത്. റോഡ് നിർമാണത്തിന്റെ ഭാഗമായുള്ള സർവേ നടക്കുന്നതിനു സമാന്തരമായിട്ടായിരുന്നു ഗവേഷകരുടെ പരിശോധന. പുതിയ നിർമാണ പദ്ധതികൾ വരുന്നതിനു മുൻപ് പുരാവസ്തു ഗവേഷകരുടെ നേതൃത്വത്തിൽ ഉദ്ഖനനം നടത്തുന്ന രീതി ഈജിപ്തിലും പ്രചാരത്തിലുണ്ട്. മണ്ണിലുറങ്ങുന്ന ഒട്ടേറെ ചരിത്ര വിസ്മയങ്ങൾ നഷ്ടപ്പെട്ടു പോകാതിരിക്കാനാണ് ഇത്. ഫുക്കുഷിമയുടെ പല മേഖലകളിലും നേരത്തേ ജോമൻ കാലഘട്ടത്തിലെ പുരാവസ്തുക്കളും കല്ലറകളും കണ്ടെത്തിയിരുന്നു. 

ഫുക്കുഷിമ പ്രീഫെക്ചറൽ ബോർഡ് ഓഫ് എജ്യുക്കേഷൻ ഏറ്റെടുത്ത പ്രോജക്ടിന്റെ ഭാഗമായിട്ടായിരുന്നു മായിഡയിലെ ഉദ്ഖനനം. നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ മാറി തെക്കുകിഴക്കു ഭാഗത്തായി ഒരു കുന്നിന്‍പുറത്താണ് മായിഡ ഉദ്ഖനന പ്രദേശം. ഇവിടെനിന്ന് 40 കല്ലറകളും മനുഷ്യരുടെ അസ്ഥികളുമാണു കണ്ടെത്തിയത്. ഒപ്പം 140ലേറെ മരംകൊണ്ടുള്ള തൂണുകളും. ഈ തൂണുകൾക്കായി കുഴിച്ചതെന്നു കരുതുന്ന ദ്വാരങ്ങളും ഉണ്ടായിരുന്നു. പണ്ടുകാലത്ത് വാർണിഷിനു പകരമായി ഉപയോഗിച്ചിരുന്ന വസ്തു പ്രയോഗിച്ച മരത്തടികള്‍ക്കൊപ്പം െസറാമിക് വസ്തുക്കളും കണ്ടെത്തിയവയിലുണ്ട്. ഇവിടെനിന്നു തന്നെ പ്രത്യേകതരം മൺപാത്രങ്ങളിൽ കുട്ടികളുടെ മൃതദേഹം അടക്കം ചെയ്തതും കണ്ടെത്തിയിട്ടുണ്ട്. ഉദ്ഖനനം പൂർത്തിയാക്കി ഇക്കഴിഞ്ഞ നവംബർ 14 മുതൽ ഈ പ്രദേശം സഞ്ചാരികൾക്കായി തുറന്നുകൊടുക്കുകയും ചെയ്തു. 

കുസ്സോ രീതിയിൽ അടക്കം ചെയ്ത മൃതദേഹങ്ങളായിരുന്നു എല്ലാം. ജപ്പാനിലെ ഏറ്റവും പഴക്കംചെന്ന മൃതദേഹ സംസ്കാര രീതിയാണ് കുസ്സോ. നീണ്ടു നിവർന്നു കിടക്കുന്നതിനു പകരം മൃതദേഹം മുട്ടു മടക്കി അതിന്മേൽ കൈകൾ പിണച്ചുവച്ച് കൂനിക്കൂടിയിരിക്കുന്ന രീതിയാണ് കുസ്സോ. ഏകദേശം 80 സെന്റി മീറ്റർ ആഴത്തിലായിരിക്കും മൃതദേഹം. അതിനു മുകളിലായി മരത്തടി കത്തിച്ചുള്ള ചാരവും കനത്തിൽ നിറയ്ക്കും. ചാരത്തിന്റെ ആൽക്കലി സ്വഭാവം കാരണം മൃതദേഹം കേടുകൂടാതെയിരിക്കുകയും ചെയ്യും. മണ്ണിലേക്ക് വെള്ളമിറങ്ങുന്നവിധം, ശക്തമായ മഴയുള്ള പ്രദേശങ്ങളിലും കടൽത്തീരമേഖലകളിലുമെല്ലാം വ്യാപകമായിരുന്നു ഈ രീതി. നേരത്തേ ല്യായിവാക്കഗെ പ്രദേശത്തുനിന്നും സമാനമായ കല്ലറകൾ കണ്ടെത്തിയിരുന്നു. ജപ്പാനിൽ കണ്ടെത്തിയതിൽ ഏറ്റവും പഴക്കം ചെന്നതായിരുന്നു അത്– ഏകദേശം 8300 വർഷം! പോട്ടറി കൾചർ കാലഘട്ടത്തിലേതായിരുന്നു അവ. 

എന്നാൽ മായിഡ പോലെ കടൽത്തീരത്തുനിന്ന് ഏറെ ദൂരെയുള്ള പ്രദേശത്ത് കുസ്സോ രീതിയിൽ മൃതദേഹം സംസ്കരിക്കുന്നതു പതിവില്ലെന്ന് ഗവേഷകർ പറയുന്നു. ഇതോടൊപ്പം കണ്ടെത്തിയ മരത്തൂണുകൾക്ക് ഏകദേശം 60 സെന്റിമീറ്റർ വ്യാസമുണ്ട്. ഇവയ്ക്കും 2700 വര്‍ഷത്തോളം പഴക്കമുണ്ട്. എന്നാൽ എന്തിനാണ് ഈ തൂണുകൾ ഉപയോഗപ്പെടുത്തിയിരുന്നതെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. മണ്ണിലേക്ക് വെള്ളമിറങ്ങാത്ത പ്രദേശമായിട്ടും എന്തുകൊണ്ട് മായിഡയിൽ കുസ്സോ രീതി പ്രയോഗിച്ചുവെന്നതിനും ഗവേഷകർക്ക് ഉത്തരമില്ല. മൃതദേഹങ്ങളുടെ പഴക്കവും മറ്റു വിവരങ്ങളും കണ്ടെത്താൻ ഡിഎൻഎ പരിശോധനയ്ക്കും ഒരുങ്ങുകയാണ് ഗവേഷകർ. മായിഡയിലേക്ക് എത്തുന്നവര്‍ക്ക് കണ്ടെത്തലിന്റെ ചരിത്രപ്രാധാന്യം മനസ്സിലാക്കിക്കൊടുക്കാൻ പ്രത്യേകം ഗൈഡുമാരെയും നിയോഗിച്ചു കഴിഞ്ഞു.

English Summary : Ancient tombs in Fukushima

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com