ADVERTISEMENT

ലോക്‌ഡൗൺ കാലത്ത് വീട്ടിലിരുന്നു ബോറടിച്ചതാണ് യുഎസിലെ പെൻസിൽവേനിയയിലുള്ള കോളിൻ പരിങ്ടന്. മധുരമുള്ള എന്തെങ്കിലും തിന്നാന്‍ കിട്ടിയാൽ കൊള്ളാമെന്ന തോന്നലും അതിയായുണ്ടായി. അപ്പോഴാണ് അദ്ദേഹം ഒരു കാര്യം ഓർത്തത്. ഏഴെട്ടു വർഷം മുൻപ് വാങ്ങിയ ട്വിങ്കി കേക്ക് ബേസ്മെന്റിൽ കിടപ്പുണ്ട്. ഹോസ്റ്റസ് ബ്രാൻഡ്സ് പുറത്തിറക്കിയിരുന്ന ട്വിങ്കി സ്പോഞ്ച് കേക്ക് അമേരിക്കക്കാർക്ക് ഒരു കാലത്ത് പ്രിയപ്പെട്ടതായിരുന്നു. ഗോൾഡൻ സ്പോഞ്ച് കേക്ക് എന്നും വിളിക്കപ്പെടുന്ന ഈ കേക്കിനോടുള്ള പ്രിയം ഇന്നും പലർക്കും വിട്ടുമാറിയിട്ടുമില്ല. ട്വിങ്കി കേക്കുമായി ബന്ധപ്പെട്ട് ഒരു അന്ധവിശ്വാസവുമുണ്ട്– പായ്ക്കറ്റ് പൊട്ടിക്കാതെ വച്ചാൽ എത്ര വർഷം വേണമെങ്കിലും അത് കേടുകൂടാതെയിരിക്കുമത്രേ! പക്ഷേ കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്– പരമാവധി 45 ദിവസം. അതുകഴിഞ്ഞ് ട്വിങ്കി കേക്ക് തിന്നാതിരിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. 

 

കോളിൻ വാങ്ങിയ കേക്കിന്റെ കവറിലും വ്യക്തമായി എഴുതിയിരുന്നു, 2012 നവംബർ 26 ആണ് എക്സ്പയറി ഡേറ്റ് എന്ന്. 2012 നവംബറിലാണ് ഹോസ്റ്റസ് ബ്രാൻഡ് പാപ്പരായി പൂട്ടിയത്. അതിനു മുൻപ് ഒരു പെട്ടി ട്വിങ്കി കേക്ക് വാങ്ങിവച്ചതാണ് കോളിൻ. കമ്പനി പൂട്ടിയതോടെ പിന്നീടൊരിക്കലും ഈ കേക്ക് കഴിക്കാൻ കിട്ടില്ലെന്നു കരുതിയാണ് അന്ന് ഒരു പെട്ടി നിറയെ വാങ്ങിവച്ചത്. എന്നാൽ തൊട്ടടുത്ത വർഷംതന്നെ മറ്റൊരു കമ്പനി ട്വിങ്ക് കേക്ക് നിർമാണം ആരംഭിച്ചു. വൈകാതെ ഹോസ്റ്റസ് ബ്രാൻഡും പുനഃരാരംഭിച്ചു. മഞ്ഞ നിറത്തിൽ സ്പോഞ്ച് പോലിരിക്കുന്ന കേക്കിനകത്ത് ക്രീം നിറച്ചതായിരുന്നു ട്വിങ്കി കേക്ക്. തിരക്കിനിടെ, താൻ വാങ്ങിയ കേക്ക് പെട്ടി കോളിൻ മറന്നു. അത് നിലവറയിലേക്ക് മാറ്റി. പിന്നീട് ലോക്ഡൗൺ കാലത്താണ് അതിനെക്കുറിച്ച് ഓർത്തതും തുറന്നു നോക്കിയതും. 

 

സംഗതി കേടായിട്ടുണ്ടാകില്ലെന്നു കരുതി ഒരെണ്ണമെടുത്ത് കടിച്ചു നോക്കി– പഴയൊരു സോക്സ് തിന്നുന്നതു പോലുണ്ടായിരുന്നുവെന്നാണ് അതിനെപ്പറ്റി കോളിൻ ട്വീറ്റ് ചെയ്തത്. ചിലതിന്മേൽ പൂപ്പൽ പിടിച്ചിരുന്നു. ചിലതിന്റെ മണം യുഎസിലെ ഒരിനം പഴം ചീഞ്ഞതിനു തുല്യമായിരുന്നെന്നും കോളിൻ പറയുന്നു. പക്ഷേ കൂട്ടത്തിൽ ഒരു കേക്ക് കോളിനെ അമ്പരപ്പിച്ചു കളഞ്ഞു. മമ്മിഫിക്കേഷനു വിധേയനാക്കപ്പെട്ട കേക്ക് എന്നാണ് അതിനെ അദ്ദേഹം വിശേഷിപ്പിച്ചത്. അത്രയ്ക്കേറെ ഉണങ്ങി ചുരുണ്ട നിലയിലായിരുന്നു ആ ട്വിങ്കി കേക്ക്. മമ്മികളുടെ ആന്തരാവയവയങ്ങൾ വരെ പുറത്തേക്കു വലിച്ചെടുത്ത് അവയ്ക്കു പകരം ലിനൻ തുണിയും കുന്തിരിക്കവും ഉപ്പുമൊക്കെ നിറച്ച് ഉണക്കിയാണ് മമ്മിഫിക്കേഷന് വിധേയമാക്കിയിരുന്നത്. എന്നാൽ ട്വിങ്കി കേക്കിനെ മമ്മിയാക്കിയത് ഒരു അജ്ഞാത ഫംഗസ് ആയിരുന്നു. 

 

പായ്ക്കറ്റിലേക്ക് കേക്ക് മാറ്റും മുൻപേ ഫംഗസ് അകത്തു കടന്നിരുന്നുവെന്നാണു നിഗമനം. കാരണം കേക്കിന്റെ പ്ലാസ്റ്റിക് കവർ വരെ കേക്കിനകത്തേക്ക് വലിച്ചെടുക്കപ്പെട്ട നിലയിലായിരുന്നു. സംഗതി കണ്ട് പന്തികേട് തോന്നിയ കോളിൻ ആ കേക്ക് ഫംഗസുകളെപ്പറ്റി പഠിക്കുന്ന സുഹൃത്തിനു നൽകി. വെസ്റ്റേൺ വിർജീനിയ സർവകലാശാലയിലെ മൈക്കോളജിസ്റ്റായ (ഫംഗസുകളെപ്പറ്റിയുള്ള പഠനം) മാറ്റ് കാസ്സണായിരുന്നു അതിലൊരാൾ. അദ്ദേഹം സഹപ്രവർത്തകനായ ബ്രയാനുമായി ചേര്‍ന്ന് ഓപറേഷൻ മോൾഡി ട്വിങ്കിക്ക് തുടക്കമിട്ടു. പഴകിയ ട്വിങ്കിയെപ്പറ്റിയുള്ള പഠനം എന്നു ചുരുക്കം. ഏതു വസ്തുവിനെയും വിഘടിപ്പിച്ച് നശിപ്പിക്കാൻ തക്ക രാസവസ്തുക്കളുമായി നടക്കുന്ന സൂക്ഷ്മ ജിവീകളാണ് ഫംഗസുകൾ. അവയുടെ ആക്രമണം തന്നെയാണ് ട്വിങ്കിക്ക് നേരെയുമുണ്ടായത്. പക്ഷേ ഗവേഷകർ തലകുത്തി നോക്കിയിട്ടും ഏതുതരം ഫംഗസാണ് കോളിന്റെ ട്വിങ്കി കേക്കിനെ ആക്രമിച്ചതെന്നു കണ്ടെത്താനായില്ല. 

 

പുറത്തുവിടുന്നതിനേക്കാളും കൂടുതൽ ഓക്സിജൻ വലിച്ചെടുക്കുന്നയിനം ഫംഗസാണെന്നത് ഉറപ്പ്. അതിനാലാണ് ട്വിങ്കി കേക്ക് വരണ്ടുണങ്ങി, ചുളുങ്ങിപ്പോയത്. ആ അവസ്ഥയിലായതിനാൽത്തന്നെ തുറന്നപ്പോൾ യാതൊരു മണം പോലുമുണ്ടായിരുന്നില്ല. ഫംഗസ് പ്രധാനമായും ആക്രമിച്ചത് സ്പോഞ്ച് കേക്കിനെയായിരുന്നു. അകത്തെ ക്രീമിന് കാലപ്പഴക്കം മാത്രമേയുണ്ടായിരുന്നുള്ളൂ, വൈറസ് തൊട്ടിരുന്നില്ല! ഓക്സിജൻ വലിച്ചെടുത്ത് കവറിന്റെ ഉൾവശത്ത് തികച്ചും ശൂന്യമായ ഒരവസ്ഥയായിരുന്നു. അതോടെ ഫംഗസുകളുടെ വളർച്ച നിലച്ച് അവ നശിച്ചതാകാമെന്നും ഗവേഷകർ പറയുന്നു. 

 

പെട്ടിയിലെ ബാക്കിയെല്ലാ ട്വിങ്കി കേക്കുകളും പരിശോധിച്ചെങ്കിലും മറ്റൊന്നിലും ‘ഫംഗസ് മമ്മിഫിക്കേഷൻ’ നടന്നിട്ടില്ലായിരുന്നു. മജ്ജയിലെ കാൻസറിന്റെ സാന്നിധ്യം തിരിച്ചറിയുന്നതിനു വേണ്ടി സാംപിളെടുക്കുന്ന ഒരു ഉപകരണമായിരുന്നു ട്വിങ്കി ഫംഗസിനെപ്പറ്റി പഠിക്കാൻ കേക്കിന്മേൽ ഗവേഷകർ പ്രയോഗിച്ചത്. എത്ര മുറിച്ചു പരിശോധിച്ചിട്ടും ഫംഗസുകളുടെ രഹസ്യം  പുറത്തുവന്നില്ലെന്നു മാത്രം. വെറുമൊരു തമാശയ്ക്കു തുടങ്ങിയ ഈ സംഗതി കൂടുതൽ വിശകലനത്തിനു വിധേയമാക്കാനാണു ഗവേഷകരുടെ തീരുമാനം. ഒപ്പം ഒരു മുന്നറിയിപ്പും– പഴകിയ ട്വിങ്കി കേക്കുകൾ ഒരു കാരണവശാലും തിന്നരുത്. അവയിലൂടെ ശരീരത്തിലേക്കെത്തുന്ന സൂക്ഷ്മാണുക്കൾ ഒരുപക്ഷേ ശാസ്ത്രം ഇന്നേവരെ കണ്ടിട്ടില്ലാത്തതു പോലുമാകും. കോളിന്റെ നിലവറയിൽ കണ്ടെത്തിയതു പോലുള്ളവ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com