ADVERTISEMENT

സ്രാവിനെപ്പോലെയുള്ള ശരീരം, നീളമുള്ള കഴുത്ത്, അറ്റത്ത് മൂർച്ചയേറിയ പല്ലുകളുള്ള വായ്, ദേഹത്തിന്റെ ഇരുവശത്തുനിന്നു തള്ളി നിൽക്കുന്ന കണ്ണുകൾ... കുട്ടികൾ വരച്ചു തുടങ്ങുമ്പോൾ കടലാസിൽ വിരിഞ്ഞിറങ്ങുന്ന കൗതുകജീവിയെപ്പറ്റിയാണു പറയുന്നതെന്നു കരുതിയോ? അല്ല, ഇത് കുട്ടിക്കളിയല്ല. ലോകത്ത് ഏറ്റവുമധികം ആശയക്കുഴപ്പമുണ്ടാക്കിയ, ഇന്നും പാലിയന്റോളജിസ്റ്റുകൾ തല പുകയ്ക്കുന്ന ഒരു ഫോസിലിനെപ്പറ്റിയാണ് പറഞ്ഞത്. ഇങ്ങനെയൊരു ജീവി ഏതു കാലത്ത് ജീവിച്ചിരുന്നു, ഏതു വിഭാഗത്തിൽ ഉൾപ്പെട്ടിരുന്നു എന്നൊക്കെ കണ്ടെത്തുന്നതിൽ ഗവേഷകർ ഇന്നും കൺഫ്യൂഷനിലാണ്. ടള്ളി മോൺസ്റ്റർ എന്നാണ് ഈ ജീവിയുടെ പേര്. ഫോസിൽ കലക്‌ടറായ ഫ്രാൻസിസ് ടള്ളി 1958ലാണ് ആദ്യമായി ഈ ജീവിയുടെ ഫോസിൽ കണ്ടെത്തുന്നത്. അദ്ദേഹത്തിന്റെ ഓർമയില്‍ അതിന് ‘ടള്ളി രാക്ഷസൻ’ എന്ന പേരും നൽകി.!

tully-monster-fossil-is-still-a-mystery1

ഏകദേശം 30.7 കോടി വർഷം മുൻപ് ജീവിച്ചിരുന്ന ഒരു ജലജീവിയാണ് ടള്ളി മോൺസ്റ്ററെന്നാണു കരുതുന്നത്. നീളൻ കഴുത്തും പല്ലുകളുമൊക്കെയുണ്ടെങ്കിലും ഇവയുടെ കണ്ണുകൾ മുതുകിനോടു ചേർന്നായിരുന്നു. ഒരു ചുറ്റിക പോലെ രണ്ട് വസ്തുക്കൾ ഇരുവശത്തേക്കും നീണ്ടുനിന്ന് അതിലായിരുന്നു കണ്ണുകൾ. യുഎസിലെ ഇല്ലിനോയിയിലെ മേസൺ ക്രീക്കിൽനിന്നായിരുന്നു ഇവയുടെ ഫോസിൽ ആദ്യം കണ്ടെത്തുന്നത്. ഫ്രാൻസിസ് ടള്ളി ഒരു ഗവേഷകനൊന്നുമായിരുന്നില്ല, സാധാരണ ഫോസിൽ കലക്ടർ. കണ്ടെത്തിയതിനു പിന്നാലെ അദ്ദേഹത്തിനു പക്ഷേ ഉറപ്പായിരുന്നു, ഇത് ലോകത്തിൽ ഇന്നേവരെ ആരും കാണാത്ത ഒരു ജീവിയാണെന്ന്. അങ്ങനെയാണ്, ഫോസിൽ കണ്ടെത്തിയ ഖനി പ്രദേശത്തുനിന്ന് ടള്ളി മോൺസ്റ്റർ ഫോസിൽ ഷിക്കാഗോയിലെ ഫീൽഡ് മ്യൂസിയത്തിലെത്തുന്നത്. Tullimonstrum gregarium എന്ന ശാസ്ത്രീയ നാമമുള്ള ഈ വിചിത്രജീവിയുടേതെന്നു കരുതുന്ന ഏകദേശം 1800 സ്പെസിമെനുകളുണ്ട് നിലവിൽ മ്യൂസിയത്തിൽ.

ഇതിനെ നട്ടെല്ലുള്ള കശേരുകി (vertebrate) വിഭാഗത്തിലാണോ അതോ നട്ടെല്ലില്ലാത്ത അകശേരുകി (invertebrate) വിഭാഗത്തിലാണോ ഉൾപ്പെടുത്തേണ്ടത് എന്ന സംശയമായിരുന്നു ഗവേഷകർക്ക് ആദ്യം. പണ്ടുകാലത്ത് കണ്ടിരുന്ന പുറന്തോടില്ലാത്തയിനം ഒച്ചാണോയെന്നും സംശയിച്ചു. അതല്ല, ഒരിനം പുഴുവാണെന്നും താടിയെല്ലില്ലാത്ത മീനാണെന്നും ഷഡ്പദമാണെന്നും എട്ടുകാലിയാണെന്നും ലോബ്സ്റ്ററാണെന്നുമൊക്കെ നിഗമനങ്ങളുണ്ടായി. 2020ൽ യൂണിവേഴ്സിറ്റി ഓഫ് വിസ്‌കോൻസിനിലെ ഗവേഷകരാണ് ഈ ജീവി ഒരു കശേരുകിയാണെന്ന നിഗമനത്തിലെത്തിയത്. ഇവയുടെ ഫോസിലിൽനിന്നു ലഭിച്ച രാസവസ്തുക്കളും ഇലിനോയിയിൽനിന്നു ലഭിച്ച, 30 കോടി വർഷം മുൻപത്തെ മറ്റു ഫോസിലുകളിലെ രാസവസ്തുക്കളും താരതമ്യം ചെയ്താണ് ഇത്തരമൊരു നിഗമനത്തിലേക്ക് അവരെത്തിയത്. ടള്ളി മോൺസ്റ്ററിന്റെ ശരീര കലകൾ (tissues) നിർമിക്കപ്പെട്ടത് ഏതു വസ്തുകൊണ്ടാണെന്നാണ് അവർ പ്രധാനമായും പരിശോധിച്ചത്. കശേരുകികളിൽ സാധാരണ കെരാറ്റിനും കൊളാജനും കാണപ്പെടാറുണ്ട്. അത്തരം പ്രോട്ടീനുകളുടെ സാന്നിധ്യമുണ്ടോയെന്നാണ് പരിശോധിച്ചത്. 

കശേരുകികളാണെങ്കിൽ കൈറ്റിൻ എന്നയിനം തന്മാത്രയായിരിക്കും കാണുക. ഫോസിലിന് കുഴപ്പമൊന്നും വരാത്ത വിധം ലേസർ പരിശോധനയാണ് നടത്തിയത്. 20 ഫോസിലുകളിലെ 32 ഭാഗങ്ങളിൽ പരിശോധന നടത്തി. ഒന്നിൽപ്പോലും കൈറ്റിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. 30 കോടി വർഷം മുൻപുള്ള 17 മറ്റ് ജീവികളുടെ ഫോസിലും പരിശോധിച്ചു. അതിൽനിന്നാണ് ഇവ കശേരുകിയാണെന്നു കണ്ടെത്തിയത്. 2006ൽ ഇതേ ഗവേഷക സംഘംതന്നെ ടള്ളി മോൺസ്റ്റർ താടിയെല്ലില്ലാത്ത ഒരിനം മീനാണെന്ന പഠനം നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇന്നത്തെ കാലത്തു കാണുന്ന ഒരിനം ആരൽ മത്സ്യത്തിനു സമാനമായിരുന്നു ടള്ളി മോൺസ്റ്ററെന്നും അവർ വിശദീകരിച്ചു. ഈ പഠനങ്ങളൊന്നും പക്ഷേ ഈ വിചിത്രജീവിയെ സംബന്ധിച്ച അന്തിമഫലം നൽകിയിട്ടില്ല. അതിനാൽത്തന്നെ ഇന്ന് ലോകത്ത് ഏറ്റവുമധികം പഠനം നടക്കുന്ന ഫോസിലുകളിലും മുൻപന്തിയിലാണ് ഈ ഭീമന്റെ സ്ഥാനം.

 English Summary : Bizarre Tully Monster fossil is still a mystery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com