ADVERTISEMENT

ദുരൂഹത ഉണർത്തുന്ന സംഭവങ്ങൾ ഇടയ്ക്കിടെ ലോകത്ത് നടക്കാറുണ്ട്. ഈയടുത്ത് പല സ്ഥലങ്ങളിലും ഏകശിലാസ്തംഭങ്ങൾ പൊടുന്നനെ ഉയർന്നതു വാർത്തയായിരുന്നല്ലോ. ഇതു പോലെ ഒട്ടനേകം വേറെയും സംഭവങ്ങളുണ്ട്.  കൃഷിയിടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വൃത്തങ്ങൾ (ക്രോപ്പ് സർക്കിൾസ്), പറക്കും തളികകൾ കണ്ടെന്നു പറഞ്ഞു രംഗത്തു വരുന്നവർ അങ്ങനെ എത്രയോ സംഭവങ്ങൾ. 

ഇക്കൂട്ടത്തിലെ ഒരു പ്രശസ്ത സംഭവമാണ് പ്രേതറോക്കറ്റുകളെക്കുറിച്ചുള്ളത്.  രണ്ടാം ലോകമഹായുദ്ധത്തിന്റെ അലയൊലികൾ അവസാനിച്ച ശേഷം ശാന്തമായ 1946. ഫെബ്രുവരി 26നു സ്വീഡനിലും ഫി‍ൻലൻഡിലുമായാണ് ഇവ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് മേയ്– ഡിസംബർ കാലഘട്ടത്തി‍ൽ 2000 തവണ വിവിധ ആളുകൾ പ്രേതറോക്കറ്റുകളെ കണ്ടത്രേ. സ്വീഡൻ, പോർച്ചുഗൽ, ഗ്രീസ്, ബെൽജിയം, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു ഇവർ. 1946ൽ ആകാശത്ത് ഒരു വെള്ളിടി പോലെ പ്രത്യക്ഷപ്പെട്ട പ്രേത റോക്കറ്റിന്റെ ചിത്രം ഒരു സ്വീഡിഷ് ദിനപത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് ഒട്ടേറെ സിദ്ധാന്തങ്ങൾ താമസിയാതെ ഉയർന്നു തുടങ്ങി. രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തിനു ശേഷം ഹിറ്റ്ലറിന്റെ ജർമനി റഷ്യയ്ക്കു കീഴടങ്ങിയിരുന്നു. ജർമനിയുടെ കൈയിൽ വി–1, വി–2 തുടങ്ങി അക്കാലത്തു പ്രശസ്തമായ ചില മിസൈലുകളുണ്ടായിരുന്നു. ഇവ കൈവശപ്പെടുത്തിയ റഷ്യക്കാർ അവയുടെ ശേഷി പരിശോധിക്കുന്നതാണ് സംഭവമെന്നായിരുന്നു ഏറെ പ്രചരിച്ച ഒരു സിദ്ധാന്തം. 

ആ വർഷം ശക്തമായ ഉൽക്കാ പതനം ഉത്തരയൂറോപ്പിൽ സംഭവിച്ചിരുന്നു. ഇതിൽ പെട്ട ഉൽക്കകളാകും പ്രേത റോക്കറ്റുകളെന്ന് മറ്റൊരു വിശദീകരണം വന്നെങ്കിലും അതു തെറ്റാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കാരണം, ഉൽക്കകൾ പൊതുവേ യാതൊരു നിയന്ത്രണവുമില്ലാതെ ശക്തിയോടെ പതിക്കുകയാണ് ചെയ്യുന്നത്. എന്നാൽ പ്രേതറോക്കറ്റുകൾ നിയന്ത്രിക്കപ്പെട്ട രീതിയിലാണു ചലിച്ചിരുന്നത്. ഇതോടെ അന്യഗ്രഹജീവികളുമായി ബന്ധപ്പെടുത്തി സംഭവത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായി, സ്വീഡിഷ് സൈന്യം അന്വേഷണവും തുടങ്ങി. ‌

അന്വേഷണ സംഘത്തിലുൾപ്പെട്ട എയർഫോഴ്സ് ഓഫിസർ കാൾ ബാർട്ടോൾ ഒരിക്കൽ ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി. ബാർട്ടോളിലിന്റെ മുന്നിൽ വച്ച് ഒരു പ്രേത റോക്കറ്റ് സ്വീഡനിലെ കോൾമാർവ് എന്ന തടാകത്തിലേക്ക് പതിച്ചത്രേ. ഉടനടി പതിച്ച സ്ഥലത്തേക്ക് എത്തിയ അന്വേഷണ സംഘത്തിന് പക്ഷേ റോക്കറ്റിന്റെ പൊടിപോലും കണ്ടെത്താനായില്ല. വെള്ളത്തിലേക്കു പതിക്കുമ്പോൾ തന്നെ വിഘടിച്ച് അപ്രത്യക്ഷമാകുന്ന ഏതോ വസ്തു ഉപയോഗിച്ചാകാം റോക്കറ്റുകൾ നിർമിച്ചതെന്ന് ബാർട്ടോൾ പറഞ്ഞു. 

അത്തരമൊരു സാങ്കേതികവിദ്യ ഇപ്പോൾ പോലും നിലവിൽ വന്നിട്ടില്ല. ബാർട്ടോൾ പറഞ്ഞതു ശരിയാണെങ്കിൽ‌ പ്രേതറോക്കറ്റുകൾ അന്നു പലരും വിചാരിച്ചതു പോലെ ജർമൻ റോക്കറ്റുകളല്ലെന്നു തന്നെ പറയേണ്ടി വരും.  

ഏതായാലും സംഭവത്തിന്റെ കൗതുകം മനസിലാക്കിയ യുഎസ് സൈന്യവും അന്വേഷണത്തിനു തുടക്കമിട്ടു. ഒരു സൈനിക ജനറലിനെയും സാങ്കേതികവിദഗ്ധനെയും ഇതിനായി അവർ സ്വീ‍ഡനിലേക്ക് അയച്ചു. അന്വേഷണത്തിന്റെ വിവരങ്ങൾ രഹസ്യമായിരുന്നു. എന്നാൽ 1997ൽ ഇതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ വെളിപ്പെട്ടു. അന്നു വെളിച്ചം കണ്ട ഒരു യുഎസ് രേഖയിൽ ഇങ്ങനെ പറയുന്നു. ‘സ്വീഡനിലെ പ്രേത റോക്കറ്റുകൾ അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ടതാണെന്ന് ഒരു വാദമുണ്ട്, എന്നാൽ ഇതു തെറ്റാണെന്നു തെളിയിക്കാൻ ഇതുവരെ പറ്റിയിട്ടില്ല’ എന്തായിരിക്കും പ്രേത റോക്കറ്റിനു പിന്നിലെ സത്യം? ഇന്നും അത് ദുരൂഹമായി തുടരുന്നു. 

English Summary : The Ghost Rockets mystery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com