ഇന്ത്യയിലല്ല, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നെൽപ്പാടം ചൈനയിൽ; വൻ കണ്ടെത്തൽ

HIGHLIGHTS
  • അധികം തണുപ്പോ ചൂടോ ഇല്ലാത്ത കാലാവസ്ഥയിലായിരുന്നു
  • പല കാലങ്ങളിലായാണ് അത്രയും പ്രദേശത്ത് നെൽപ്പാടം തയാറാക്കിയത്
discover-the-oldest-rice-fields-in-the-world-6000-years-old-in-china
SHARE

ചോറുണ്ണാതെ ഒരു ദിവസം കടന്നുപോകുന്നതിനെപ്പറ്റി ആലോചിക്കാൻ പോലും സാധിക്കില്ല മലയാളികൾക്ക്. ഇന്ത്യയിൽ ആദ്യമായി നെൽ കൃഷി ആരംഭിച്ചത് ബിസി 2000ത്തിലാണെന്നായിരുന്നു നേരത്തേ കരുതിയിരുന്നത്. ചൈനയിൽനിന്നാണത്രേ ഇന്ത്യയിലേക്ക് നെൽകൃഷിയുടെ പാഠങ്ങളെത്തിയത്. എന്നാൽ ബിസി 2000ത്തിനും 400 വർഷം മുൻപേതന്നെ സിന്ധൂനദീതട സംസ്കാരത്തിന്റെ ഭാഗമായി നെൽകൃഷി ചെയ്തിരുന്നതായി ബനാറസ് ഹിന്ദു സർവകലാശാലയുടെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിൽ 2016ൽ കണ്ടെത്തിയിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ലോകത്ത് ആദ്യമായി നെൽകൃഷി ചെയ്ത രാജ്യം എന്ന അംഗീകാരം ചൈനയ്ക്കു തന്നെയാണ്. അക്കാര്യം അരക്കിട്ടുറപ്പിക്കുന്ന ഒരു കാര്യം അടുത്തിടെ പുരാവസ്തു ഗവേഷകർ കണ്ടെത്തുകയും ചെയ്തു. 

6000 വർഷം മുൻപ് നെൽകൃഷി ചെയ്തിരുന്നുവെന്നു കരുതുന്ന, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നെൽപ്പാടമാണ് ചൈനയില്‍ കണ്ടെത്തിയത്. ഷെജിയാങ് പ്രവിശ്യയിലെ യുയാവോ നഗരത്തോടു ചേർന്നായിരുന്നു കണ്ടെത്തൽ. ചതുരാകൃതിയിലുള്ള കളങ്ങൾ വരച്ചതു പോലെയുള്ള ഏകദേശം 222 ഏക്കർ പ്രദേശത്താണ് ഈ നെൽപ്പാടം കണ്ടെത്തിയത്. അതിൽ ഒരു ഏക്കറിൽ മാത്രമേ ഇതുവരെ ഗവേഷണം പൂർത്തിയാക്കാനായിട്ടുള്ളൂ. പല കാലങ്ങളിലായാണ് അത്രയും പ്രദേശത്ത് നെൽപ്പാടം തയാറാക്കിയത്. അതായത് ഏകദേശം 2000 വർഷക്കാലത്തിനിടെ. അക്കാലത്തിനിടെ നെൽവയലുകളുടെ വലുപ്പത്തിലും ആകൃതിയിലും വരെ മാറ്റങ്ങളുണ്ടായെന്നും ഗവേഷകർ പറയുന്നു. 

ഇപ്പോൾ കണ്ടെത്തിയതിൽ ഏറ്റവും പഴക്കമേറിയ നെൽപ്പാടത്തിന് ബിസി 4300ഓളം പഴക്കമുണ്ട്. ചൈനയിൽ പുരാവസ്തു ഗവേഷണത്തിൽ പ്രശസ്തമായ ഹെമുഡു സൈറ്റ് എന്നറിയപ്പെടുന്ന ഭാഗത്താണ് ഇത്തവണ നെൽപ്പാടം കണ്ടെത്തിയത്. ഏകദേശം ബിസി 5500 മുതൽ 3300 വരെ ചൈനയിൽ നിലനിന്നിരുന്നതാണ് ഹെമുഡു സംസ്കാരം. ഈ വിഭാഗക്കാരുടെ കൃഷിയിടമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതെന്നും ഷെജിയാങ് പ്രൊവിൻഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾചറൽ റെലിക്സിലെ വിദഗ്ധർ പറയുന്നു. ലോകത്തിലെ ഏറ്റവും പഴക്കമുള്ള, ഏറ്റവും വലിയ നെൽപ്പാടം കൂടിയാണ് ഹെമുഡുവിനോടു ചേർന്നു കണ്ടെത്തിയത്.

വയലുകളുടെ അതിരുകളിൽ ചെളി കുന്നുകൂട്ടിയായിരുന്നു അന്നത്തെ കൃഷി രീതി.  എന്നാൽ ഹെമുഡു സംസ്കാരത്തിന്റെ അവസാന നാളുകളിൽ, ഏകദേശം ബിസി 3700നും 3300നും ഇടയ്ക്ക് അതിരുകളിലെ ചെളിക്ക് രൂപമാറ്റം സംഭവിച്ചു. കുന്നുകൂട്ടുന്നതിനു പകരം അത് നിരപ്പാക്കി ഒരു റോഡിനു സമാനമാക്കി. അതിലൂടെ കർഷകർക്ക് എളുപ്പം നടക്കാനും സാധിക്കും. നമ്മുടെ നാട്ടിലെ പാടങ്ങളിലെ വരമ്പുകളിലൂടെ നടക്കുന്നതു പോലെത്തന്നെ!  എന്നാൽ പിന്നട് വന്ന ലിയാങ്ഷു സംസ്കാരത്തിന്റെ കാലത്ത് ഇതു പിന്നെയും മാറി. ചെസ് ബോർഡ് പോലെ കൃത്യമായ ആകൃതിയിൽ വയലുകൾ തരംതിരിക്കാൻ തുടങ്ങി. വലിയ വരമ്പുകൾക്കൊപ്പം ജലസേചനത്തിലുള്ള കനാൽ സംവിധാനങ്ങളും വയലുകളോടു ചേർന്നു നിർമാണം ആരംഭിച്ചതും അക്കാലത്താണ്.

ഇതിനു മുൻപ് ഏറ്റവും പഴക്കം ചെന്ന നെൽപ്പാടത്തിന്റെ റെക്കോർഡ് 3000 വർഷമായിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാകാത്തതാണ് അരി. എന്നാൽ ചൈനയിൽ ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപേ നെൽകൃഷി ശക്തമായിരുന്നെന്നു നേരത്തേ തെളിഞ്ഞിരുന്നു. അധികം തണുപ്പോ ചൂടോ ഇല്ലാത്ത കാലാവസ്ഥയിലായിരുന്നു നെൽകൃഷി ചെയ്തിരുന്നത്. ഇന്നത്തെ കാലത്തേതിനു സമാനമായി വയലുകളുണ്ടാക്കി അതില്‍ വെള്ളം കെട്ടിനിർത്തിയായിരുന്നു കൃഷി. യന്ത്രങ്ങളില്ലാത്ത അക്കാലത്ത് ഏക്കറുകണക്കിനു വരുന്ന നെൽപ്പാടങ്ങളിൽ ആഘോഷമായിട്ടായിരുന്നു കൊയ്ത്തും മെതിയുമെല്ലാം. 

Japonica, Indica എന്നിങ്ങനെ രണ്ടിനത്തിൽപ്പെട്ട നെല്ലിന്റെ വകഭേദങ്ങളാണ് നാമിന്ന് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത്. എന്നാൽ ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് പല ഇനത്തിൽപ്പെട്ട നെൽകൃഷി നടന്നതായി ഗവേഷകർ ഡിഎൻഎ പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഹെമുഡു, ലിയാങ്ഷു സംസ്കാരങ്ങളുടെ കാലത്തെ വിത്തുകളുടെയും മറ്റും അവശിഷ്ടങ്ങളും ചൈനയിൽ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ ഗ്രാമീണജീവിതത്തിന്റെ അവശിഷ്ടങ്ങളും ലഭ്യമായിട്ടുണ്ട്. ശേഷിക്കുന്ന 221 ഏക്കറിലും ഗവേഷണത്തിനായുള്ള ബൃഹദ് ശ്രമത്തിലേക്കു കടക്കാനിരിക്കുകയാണ് ഗവേഷകർ. 

 English Summary : Discover the oldest rice fields in the world 6000 years old in China

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA