റൈറ്റ് സഹോദരന്മാര്‍ക്കും മുൻപേ പറന്നോ ഈജിപ്തുകാർ? ഫറവോയുടെ കുടീരത്തില്‍ കണ്ട ‘സെക്വേറ’!

HIGHLIGHTS
  • മരംകൊണ്ടു നിർമിച്ച ഒരു പക്ഷിയുടെ പ്രതിമയായിരുന്നു അത്
  • ബിസി 200ൽ നിർമിച്ച ശവകുടീരത്തിലായിരുന്നു പക്ഷിയുടെ പ്രതിമ
saqqara-bird-did-ancient-egyptians-know-how-fly
SHARE

റൈറ്റ് സഹോദരന്മാർ 1903ലാണ് ലോകത്തിലെ ആദ്യത്തെ വിമാനം പറത്തുന്നത്. എന്നാൽ 15–ാം നൂറ്റാണ്ടില്‍ത്തന്നെ ലിയനാഡോ ഡാവിഞ്ചി വിമാനത്തിന്റെ ഡിസൈൻ തയാറാക്കിയിരുന്നതായി പ്രചാരണമുണ്ട്. ആ വിമാനം ഒരിക്കലും പറന്നില്ലെങ്കിലും പണ്ടുകാലത്തെ ഇത്തരം നിഗമനങ്ങള്‍ ഇന്നും ഒട്ടേറെ പേരുടെ മനസ്സിൽ ചിറകടിച്ചു പറക്കുന്നുണ്ട്. വിമാനവുമായി ബന്ധപ്പെടുത്തി ഇന്ത്യയിലുമുണ്ട് കഥകൾ. രാമായണത്തിലെ പുഷ്പകവിമാനമാണ് ലോകത്തിലെ ആദ്യത്തെ വിമാനമെന്നു വിശ്വസിക്കുന്നവരും ഏറെ

എന്നാൽ ഇന്നും പിടി തരാത്ത മറ്റൊരു സമസ്യയുണ്ട്. ഈജിപ്തിൽനിന്നാണത്. എണ്ണിയാലൊടുങ്ങാത്ത നിഗൂഢതകൾ ഒളിച്ചുവച്ചാണ് ഈജിപ്തിലെ ഓരോ പിരമിഡും നിലകൊള്ളുന്നത്. അത്തരത്തിലൊരു നിഗൂഢത വർഷങ്ങൾക്കു മുന്‍പ് ലോകത്തിനു മുന്നിലേക്കു ചിറകടിച്ചെത്തി. മരംകൊണ്ടു നിർമിച്ച ഒരു പക്ഷിയുടെ പ്രതിമയായിരുന്നു അത്. 1898ലാണ് ഈജിപ്തിൽനിന്ന് ഗവേഷകർ ഈ പക്ഷിയെ കണ്ടെത്തിയത്. ഒരു ഫറവോയുടെ കുടീരത്തിലായിരുന്നു ‘സെക്വേറ ഗ്ലൈഡർ’ എന്നു പിൽക്കാലത്ത് പ്രശസ്തമായ ഈ പ്രതിമ കണ്ടെത്തിയത്. ഈജിപ്തിൽ ഫറവോകളുടെ മൃതദേഹങ്ങൾ അടക്കിയിരുന്ന പ്രദേശമായിരുന്നു സെക്വേറ. അവിടെ ബിസി 200ൽ നിർമിച്ച ശവകുടീരത്തിലായിരുന്നു പക്ഷിയുടെ പ്രതിമ. 

ഒറ്റനോട്ടത്തിൽ കുട്ടികളുടെ കളിപ്പാട്ടമാണെന്നേ തോന്നൂ. പക്ഷേ ഫറവോയ്ക്ക് എന്തിനാണ് കുട്ടികളുടെ പ്രതിമ? സാധാരണ രാജാക്കന്മാർക്ക് ഇഷ്ടപ്പെട്ട വസ്തുക്കളും അവർ യാത്രയ്ക്കുപയോഗിച്ചിരുന്ന രഥങ്ങളും കപ്പലുകളുമെല്ലാമാണ് ചെറുമാതൃകകളായി നിർമിച്ച് മൃതദേഹത്തോടൊപ്പം അടക്കിയിരുന്നത്. അഥവാ ഇനി ഫറവോ യാത്ര ചെയ്യാൻ ഉപയോഗിച്ചിരുന്ന വിമാനമാണോ ഈ പക്ഷിയുടെ രൂപത്തിലുള്ളത്? ഗവേഷകർക്കും ആ സംശയം തോന്നി. അതിന്റെ ഉത്തരം അവരിന്നും തേടുകയാണ്. ആ ചർച്ചകൾ എത്തിച്ചേർന്നതാകട്ടെ ലോകത്തിലെ ഏറ്റവും ശക്തിയേറിയ വാദങ്ങളിലൊന്നിലേക്കും. റൈറ്റ് സഹോദരന്മാർക്കും മുന്‍പേതന്നെ ഈജിപ്തിലുള്ളവർക്ക് വിമാനം പറത്താനുള്ള സാങ്കേതികത അറിയാമായിരുന്നോ എന്നതായിരുന്നു ആ വാദം.

ഒരിനം അത്തിമരത്തിന്റെ തടി കൊണ്ടായിരുന്നു സെക്വേറപ്പക്ഷിയെ നിർമിച്ചിരുന്നത്. ഈജിപ്തിലെ ഹാഥോർ രാജാവിന്റെ അടയാളമാണ് ആ മരം. മരണമില്ലായ്മയുടെ അടയാളമാണത്. ഇതോടൊപ്പം ഒരു പാപ്പിറസ് ചുരുളിൽ പാ–ഡി–ഐമെൻ എന്നും എഴുതിയിരുന്നു. ഐമെൻ ദേവന്റെ സമ്മാനം എന്നായിരുന്നു അതിനർഥം. ഈജിപ്തോളജിസ്റ്റുകളുടെ നിഗമനം പ്രകാരം ആകാശത്തിന്റെ ദേവനായി കണക്കാക്കുന്നത് ഐെമനിനെയാണ്. കയ്റോയിലെ ഈജിപ്ഷ്യൻ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഈ പക്ഷി ലോകത്തിലെ ആദ്യത്തെ ഗ്ലൈഡറാണെന്നും പറയപ്പെടുന്നു. അങ്ങനെയാണ് അവയ്ക്ക് സെക്വേറ ഗ്ലൈഡർ എന്ന പേരും വീണത്. 14 സെന്റിമീറ്ററാണ് പക്ഷിയുടെ നീളം. ചിറകുകൾ വിടർത്തിയിരിക്കുന്നതിന്റെ (വിങ് സ്പാൻ( നീളമെടുത്താൽ 18 സെന്റിമീറ്റർ വരും. 40 ഗ്രാമാണ് ഭാരം. പക്ഷിയുടെ കൊക്കും കണ്ണുകളും പരുന്തിന്റെ മുഖമുള്ള ഹോറസ് ദേവന്റേതിനു സമാനമാണ്. 

പക്ഷേ ഗവേഷകരെ ആശയക്കുഴപ്പത്തിലാക്കിയത് സെക്വേറപ്പക്ഷിയുടെ വാലായിരുന്നു. പ്രത്യേക ആകൃതിയിൽ, പക്ഷിക്ക് പറക്കുന്നതിനിടെ കൃത്യമായ ബാലൻസ് നൽകുന്നതിനു സഹായിക്കുംവിധമായിരുന്നു അത്. ഒരു ഗ്ലൈഡറിന്റെ പിൻഭാഗത്തിനു സമാനം. പക്ഷിക്ക് കാലുകൾ ഇല്ലാതിരുന്നതും ഗവേഷകരുടെ സംശയം കൂട്ടി. പക്ഷിയുടെ മുഖമുള്ള ഒരു വിമാനം എന്നുതന്നെ വിളിക്കാവുന്ന അവസ്ഥ. കണ്ടെത്തിയ കാലത്ത് ഇതിനു വലിയ പ്രാധാന്യം തോന്നാതിരുന്നതിനാലും, അന്ന് വിമാനം നിർമിക്കപ്പെട്ടിട്ടില്ലാത്തതിനാലും പുരാവസ്തു ഗവേഷകരും സെക്വേറപ്പക്ഷിക്ക് കാര്യമായ ശ്രദ്ധ കൊടുത്തില്ല. ശവകുടീരത്തിൽ ഇവയെപ്പറ്റിയുണ്ടായിരുന്ന പ്രാചീന രേഖകളും അങ്ങനെ നഷ്ടപ്പെട്ടു. ഡോ.ഖലീൽ മിസിയ എന്ന ഗവേഷകനാണ് പിന്നീട് ഈ പക്ഷിയെപ്പറ്റി വിശദമായി പഠിച്ചത്. ലോകത്തിലെ ആദ്യത്തെ വിമാനമാണ് അതെന്നായിരുന്നു അദ്ദേഹം ഉറച്ചുവിശ്വസിച്ചത്. പക്ഷേ വാലിന്റെ അറ്റത്ത് വിമാനങ്ങൾക്കു ബാലൻസ് നൽകുന്നതിനു സമാനമായ ഒരു ഭാഗത്തിന്റെ കുറവുണ്ടായിട്ടുണ്ട്. അതൊരു പക്ഷേ നഷ്ടപ്പെട്ടതാകാം. അങ്ങനെയാണ് അദ്ദേഹം അതിന്റെ മരത്തിൽ തയാറാക്കിയ വലിയ മോഡൽ നിർമിച്ചത്. 

വാലിന്റെ അറ്റത്ത് ടെയിൽ വിങ് സ്റ്റെബിലൈസർ ഉൾപ്പെടെ അൽപം മാറ്റങ്ങളും വരുത്തി. ആ മാതൃക പറക്കുന്നതു കണ്ടപ്പോൾ ആത്മവിശ്വാസം കൂടുകയും ചെയ്തു. പക്ഷേ 2002ൽ മാർട്ടിൻ ഗ്രിഗറി എന്ന ഗ്ലൈഡർ ഡിസൈനർ ടെയിൽ വിങ് സ്റ്റെബിലൈസർ ഉൾപ്പെടെയും ഇല്ലാതെയും ഓരോ മാതൃക നിർമിച്ച് സെക്വേറപ്പക്ഷിയെ പറത്തി നോക്കി. അതൊരു കളിപ്പാട്ടം മാത്രമാണെന്നും പറക്കാൻ സാധിക്കില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ റിപ്പോർട്ട്. 2006ൽ സൈമൺ സാൻഡേഴ്സൻ എന്ന വ്യോമഗതാഗത വിദഗ്ദനും ഒരു കൈ നോക്കി. വിൻഡ് ടണലിൽ അദ്ദേഹം നടത്തിയ എയ്റോഡൈനാമിക് പരിശോധന പക്ഷേ വിജയകരമായിരുന്നു. സ്വന്തം ഭാരത്തേക്കാളും ഭാരം വഹിച്ച് സെക്വേറയ്ക്കു പറക്കാനാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ. 

പുരാവസ്തു ഗവേഷകരിൽ ഒട്ടേറെ പേർ കരുതുന്നത് സെക്വേറ ഒരു സാധാരണ ഒരു പക്ഷിപ്രതിമ മാത്രമാണെന്നാണ്. അല്ലെങ്കിൽ ഈജിപ്തിലെ ഏതെങ്കിലും ഒരു ശവകുടീരത്തിൽനിന്ന് ഈ പക്ഷിവിമാനത്തിന്റെ വലിയ മാതൃക ലഭിക്കേണ്ടതാണ്. വമ്പൻ കപ്പൽ വരെ ഇത്തരത്തിൽ രാജാക്കന്മാർക്കൊപ്പം ‘അടക്കിയ’ ചരിത്രം ഈജിപ്തിനുള്ള സാഹചര്യത്തിൽ പ്രത്യേകിച്ച്. ഒരുപക്ഷേ ഏതെങ്കിലും കപ്പലിന്റെ അണിയത്ത് സ്ഥാപിച്ച അടയാളം ചിഹ്നം പോലുമായേക്കാം സെക്വേറയെന്നും ഗവേഷർ പറയുന്നു. കാലത്തേക്കാളും മുൻപേ സഞ്ചരിച്ച് പല സാങ്കേതികവിദ്യകളും സ്വായത്തമാക്കിയവരാണ് ഈജിപ്തിലുള്ളവരെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. അത്തരത്തിലൊരു കണ്ടെത്തലിനുള്ള ശ്രമമായിരിക്കാം സെക്വേറയിലൂടെ നടത്തിയതെന്നും ഗവേഷകർ വിശ്വസിക്കുന്നു. ഈജിപ്തിന്റെ മണ്ണിനടിയിൽ ഇന്നും പുറംലോകം കാണാതെ കിടക്കുന്ന നിഗൂഢതകളേറെയാണ്. എന്നെങ്കിലുമൊരിക്കൽ സെക്വേറ ഗ്ലൈഡറിന്റെ സാന്നിധ്യം സംബന്ധിച്ച തെളിവ് ആ മണ്ണിൽനിന്ന് ഉയർന്നു വരുമെന്നു പ്രതീക്ഷിക്കുന്നവരും ഏറെ.

English Summary : Saqqara bird did ancient Egyptians know how fly

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA