രാത്രിയിൽ അസാധാരണ ശബ്ദം, വെളിച്ചം; ഇത് രാക്ഷസന്റെ ‘വിരൽ പതിഞ്ഞ’ ജുഡാക്കുളപ്പാറ!

HIGHLIGHTS
  • ചില രാത്രികളിൽ പാറയ്ക്കു സമീപം അസാധാരണ വെളിച്ചം കാണാം
  • പാറ ഇരിക്കുന്ന സ്ഥാനത്തിന് ശാസ്ത്രീയമായും ഏറെ പ്രത്യേകതകളുണ്ട്
the-mystery-of-the-judaculla-rock
SHARE

ജുഡാക്കുള റോക്ക്– പേരുകേട്ട് ചോരകുടിയൻ ഡ്രാക്കുളയുമായി ബന്ധമുള്ള പാറയാണെന്നു കരുതരുത്. ഇത് ആരെയും പേടിപ്പിക്കാത്ത ഒരു പാവം പാറയാണ്. യുഎസിലെ നോർത്ത് കാരനൈലയിലെ ജാക്ക്സൻ കൗണ്ടിയിലെ പർവത പ്രദേശത്തു കണ്ടെത്തിയ നിഗൂഢമായ ഒരു പാറ. പലതരം അടയാളങ്ങളും എഴുത്തും ചിത്രങ്ങളുമെല്ലാം നിറഞ്ഞ ഈ പാറ പ്രാദേശിക ഗോത്രവിഭാഗക്കാരെ സംബന്ധിച്ചിടത്തോളം ദൈവത്തെപ്പോലെയാണ്. പുരാവസ്തു ഗവേഷകർക്കാകട്ടെ, ഇന്നോളം പിടി തരാത്ത ഒരു പ്രഹേളികയും. സോപ്പ്സ്റ്റോൺ എന്നറിയപ്പെടുന്ന ശിലയിലാണ് ചിത്രംവരയും മറ്റും നടത്തിയിട്ടുള്ളത്. ഇവയ്ക്ക് 2000 മുതൽ 3000  വർഷം വരെ പഴക്കമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. 

പ്രദേശത്തെ ചെറോക്കി റെഡ് ഇന്ത്യൻ വിഭാഗക്കാർ ജുഡാക്കുള പാറയിരിക്കുന്ന ഭാഗം പരിശുദ്ധമായാണു കണക്കാക്കുന്നത്. പാറയുമായി ബന്ധപ്പെട്ട് അവർക്ക് ഒരു കഥയുമുണ്ട്. വർഷങ്ങൾക്കു മുൻപ് ആ പർവത പ്രദേശം ജുഡാക്കുള എന്ന പേരിലുള്ള രാക്ഷസന്റെ കീഴിലായിരുന്നത്രേ! വേട്ടയാടിയായിരുന്നു അതിന്റെ ജീവിതം. ജുഡാക്കുളയുടെ കണ്ണിൽപ്പെട്ടാൽ പിന്നെ ഓടിയൊളിക്കുക അസാധ്യം. കാരണം, ഒരു മലയിൽനിന്ന് അടുത്തതിലേക്ക് വളരെ എളുപ്പത്തിൽ ചാടിക്കടക്കാൻ തക്ക വലുപ്പമുണ്ടായിരുന്നു ആ രാക്ഷസന്. അതിനാൽത്തന്നെ വേട്ടക്കാരുടെ ദൈവമെന്നും വിളിപ്പേരുണ്ട്. കാലാവസ്ഥയെ നിയന്ത്രിക്കാനും ജുഡാക്കുളയ്ക്കു കഴിയുമെന്ന് ചെറോക്കികൾ വിശ്വസിക്കുന്നു. തന്റെ അധികാരപരിധി അടയാളപ്പെടുത്താൻ വേണ്ടി ജുഡാക്കുള്ള വരച്ചിട്ടതാണ് പാറയിലെ ചിഹ്നങ്ങളെന്നാണ് ഗോത്രവിഭാഗക്കരുടെ വിശ്വാസം. 

മാത്രവുമല്ല ഏഴു വിരലുകളുള്ള ജുഡാക്കുളയുടെ കയ്യുടെ അടയാളവും പാറയിൽ പതിഞ്ഞിട്ടുണ്ടത്രേ! ഒരിക്കൽ അടിതെറ്റി വീഴാൻ പോയപ്പോൾ പാറയിൽ കൈതാങ്ങിയ സമയത്ത് കോറി വരഞ്ഞതാണ് ആ ഏഴു നഖത്തിന്റെ പാടുകളെന്നും അവർ പറയുന്നു. സമാനമായ അടയാളം പാറയിൽ കണ്ടെത്തിയിട്ടുമുണ്ട്. ഏറെക്കാലത്തോളം ഇവിടെ പ്രത്യേക പൂജകളും മറ്റും ചെറോക്കി വിഭാഗക്കാർ നടത്തിയിരുന്നു. അടുത്ത കാലത്തും വെസ്റ്റേൺ കാരലൈന സർവകലാശാലയിലെ വിദ്യാർഥികൾ രാത്രികളിൽ ഇവിടെ ഒത്തുകൂടിയത് വാർത്തയായിരുന്നു. പ്രദേശത്തുനിന്ന് രാത്രികളിൽ അസാധാരണമായ ശബ്ദങ്ങൾ കേൾക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പാറയിൽനിന്ന് ഏതാനും അടി അകലെ ഒരു പഴയകാല സെമിത്തേരിയുള്ളതിനാൽ ഇത് പ്രേതങ്ങളുണ്ടാക്കുന്ന ശബ്ദമാണെന്നു വരെ പ്രചാരണമുണ്ടായി. 

ചില രാത്രികളിൽ പാറയ്ക്കു സമീപം അസാധാരണ വെളിച്ചം കാണാം. പറക്കുംതളികകൾ വന്നിറങ്ങുന്നതാണെന്നാണ് ഇതു സംബന്ധിച്ച് നിഗൂഢതാ സിദ്ധാന്തക്കാരുടെ വാദം. ഇങ്ങനെ പാരാനോർമൽ സംഭവങ്ങളുടെ ഒരു ‘ഹോട്‌സ്പോട്ടാണ്’ ജുഡാക്കുള പാറ. എന്നാൽ പുരാവസ്തു ഗവേഷകർ വർഷങ്ങളായി ഈ പാറയിലെ എഴുത്തും വരകളും വായിച്ചെടുക്കാൻ ശ്രമിക്കുന്നു. പാറ ഇരിക്കുന്ന സ്ഥാനത്തിന് ശാസ്ത്രീയമായും ഏറെ പ്രത്യേകതകളുണ്ട്. ചെമ്പ് ഉൾപ്പെടെയുള്ള ഒട്ടേറെ ലോഹങ്ങളും മറ്റ് ധാതുക്കളും നിറഞ്ഞ പർവതത്തിനു മുകളിലാണ് പാറയുള്ളത്. അതിനാൽത്തന്നെ പലപ്പോഴും പർവതത്തിന്റെ കാന്തികസ്വഭാവത്തിൽ വരെ മാറ്റം വരാറുണ്ട്. ഇത് പ്രദേശവാസികൾക്ക് പ്രത്യേക ശക്തിയായി അനുഭവപ്പെടുന്നതും സ്വാഭാവികം. അങ്ങനെയാണ് പാറയ്ക്ക് അസാധാരണ ശക്തിയുണ്ടെന്നു ഗോത്രവിഭാഗക്കാർ വിശ്വസിക്കാനും തുടങ്ങിയത്.

പ്രദേശത്ത് സമാനമായ മറ്റു പാറകളുണ്ടെന്നാണ് റിപ്പോർട്ടുകളെങ്കിലും അവ കണ്ടെത്താനായി ഒരു ഉദ്ഖനനം പോലും ഇതുവരെ നടന്നിട്ടില്ല. അതിനാൽത്തന്നെ പാറ കാണുന്ന ഓരോരുത്തരും അവർക്കു തോന്നുന്നതാണ് പറയുന്നത്–ചിലർ പറയുന്നത് പാറയിലുള്ളത് ഒരു ഭൂപടമാണെന്നാണ്. മറ്റു ചിലർ പറയുന്നത് അതൊരു നക്ഷത്രക്കൂട്ടത്തെ വരച്ചിട്ടിരിക്കുന്നതാണെന്നും. യുദ്ധ സന്നാഹം, യുദ്ധം അവസാനിപ്പിച്ചതിന്റെ കരാർ, മതപരമായ ചിഹ്നങ്ങൾ എന്നിങ്ങനെയൊക്കെ വാദങ്ങളുണ്ട്. പ്രാചീന കാലത്തു ജീവിച്ചിരുന്നവരുടെയും വെറും ചിത്രംവരയാണെന്നും ഉൽക്കാശിലയാണെന്നുമൊക്കെയാണ് മറ്റു വാദങ്ങൾ. പെട്രോഗ്ലിഫുകൾ എന്നാണ് പാറയിലെ ഇത്തരം അടയാളങ്ങൾ അറിയപ്പെടുന്നത്. ഏകദേശം 1500 അടയാളങ്ങൾ ജുഡാക്കുളയിലുണ്ട്. എന്നാൽ കാലങ്ങൾ കടന്നുപോകുന്നതോടെ പാറയിലെ എഴുത്തുകളും മാഞ്ഞു തുടങ്ങി. എന്നെങ്കിലും ഇവയ്ക്കു പിന്നിലെ രഹസ്യം ഗവേഷകർ കണ്ടെത്തുമെന്നുതന്നെയാണ് ഇവിടെയെത്തുന്നവരുടെ പ്രതീക്ഷ. 

English Summary : The mystery of the judaculla rock

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WONDER WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA